2019, ജൂൺ 12, ബുധനാഴ്‌ച

സംഗതി സിമ്പിള്‍ ആന്‍ഡ്‌ ഹംബിള്‍


സംഗതി സിമ്പിള്‍ ആന്‍ഡ്‌ ഹംബിള്‍ ആണ് ട്ടാ, പാച്ചു എളേടത്ത് ഉസ്ക്കൂളീച്ചേര്‍ന്ന്.

ഗവര്‍മേണ്ട് ജൂനിയര്‍ ബേസിക് സ്ക്കൂള്‍, ആമ്പല്ലൂര്‍.

ഉസ്ക്കൂള്‍ അവന് പെരുത്തിഷ്ടമായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

PP feeling proud with SA

ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, ചിലത് ചെയ്തും   


രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ എന്നത്തെയും പോലെ നിറമുള്ള കൊടികള്‍ക്ക് കീഴെ അണി നിരക്കുന്നതോ, പഞ്ചായത്ത് മെമ്പറോ, എം. എല്‍. എ. യോ, എം. പി. യോ ആവുന്നതോ, കുടുംബശ്രീയില്‍ അംഗമാകുന്നതോ, സമുദായോദ്ധാരണ പ്രവൃത്തികളില്‍ വ്യാപൃതരാകുന്നതോ ആണെന്ന് ധരിച്ചു വച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സുഹൃത്തുക്കളെ, വര്‍ത്തമാന കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കുട്ടികളെ വളര്‍ത്തുകയാണ്, ക്ഷമിക്കണം, അവരെ വളരാനനുവദിക്കുകയാണ്, ആവുന്നിടത്തോളം കാലം അവരുടെ ചങ്ങാതിമാരാവുകയാണ്. സമൂഹം വരച്ചിരിക്കുന്ന തരാതരം കള്ളികളില്‍  മതത്തിന്‍റെ, ജാതിയുടെ, സ്റ്റാറ്റസുകളുടെ അങ്ങനെയങ്ങനെ നിരവധി വലകളിലാവാന്‍ അവരെ വിടാതിരിക്കുന്നതാണ് മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം. വിശ്വാസപ്രമാണങ്ങളും മാമൂലുകളും അടിച്ചേല്‍പ്പിക്കപ്പെടാത്ത, സ്വതന്ത്രമായി ചിന്തിക്കുന്ന, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള യുവതയെ വാര്‍ത്തെടുക്കുന്നവര്‍ തന്നെയാണ് മികച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇതിലെ എന്‍റെ പരാജയം എന്‍റെ രാഷ്ട്രീയപരാജയമായും  എന്നാല്‍ വാര്‍ത്തെടുക്കപ്പെടുന്നവരുടെ അതിദയനീയ സാമൂഹ്യപരാജയവുമായി കാലം ഒരു പക്ഷെ വിലയിരുത്തിയേക്കാം. സൂക്ഷിക്കുക, ഞാനും, ഒപ്പം നീയും. വാര്‍പ്പുപണിക്കാരേ (കക്കട്ടില്‍ മാഷിനോട് കടപ്പാട്), സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.


2016ല്‍ കേരള സംസ്ഥാനത്തിന്‍റെ ഷഷ്ഠിപൂര്‍ത്തി നിറവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. ആര്‍. വി. ജി. മേനോനുമായുള്ള ഒരു സംഭാഷണം മാതൃഭൂമി വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു (ഒക്ടോബര്‍ 9, 2016). കുട്ടികളുടെ അഭിരുചികള്‍ക്ക് ഒട്ടുമേ വിലയില്ലെന്നും എഞ്ചിനീയറിംഗ് മെഡിസിന്‍ കാര്യങ്ങളില്‍ കേവല ഭ്രമം വിട്ട് ഒരു തരം മാനസിക അടിമത്തത്തിലാണ് കേരള ജനതയെന്നും അദ്ദേഹം വീക്ഷിക്കുന്നു. വിദ്യാഭ്യാസ കച്ചവടം, സ്വാശ്രയ സ്ഥാപനങ്ങളുടെ പെരുപ്പം, അവരെല്ലാവരും കൂടി വര്‍ഷാവര്‍ഷം പെരുവഴിയിലറക്കി വിടുന്ന തൊഴിലില്ലാപ്പടയുടെ വലിപ്പം, പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച, അധ്യാപകവിദ്യാര്‍ഥി ബന്ധത്തിന്‍റെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ സംഭാഷണം എഞ്ചിനീയര്‍മാരേയും ഡോക്ടര്‍മാരേയും മാത്രം പ്രസവിക്കാന്‍ കൊതിക്കുന്ന ഒരമ്മയായി ഒരു ദേശം മാറുന്നതിലുള്ള അപകടം പറഞ്ഞു തരുന്നുണ്ട്.


പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച നമ്മളേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിക്കുകയും അത് എത്രയും സൗജന്യമാക്കാമോ അത്രയും സൗജന്യമായി കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ എന്താണ്? കുട്ടികളില്ലാതെ പലതും പൂട്ടുന്നു. ഒരുപാട് ചര്‍ച്ചകള്‍ ചെയ്ത കാര്യം തന്നെ, വഞ്ചി തിരുനക്കരെ തന്നെയും. നവകേരള മിഷന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പ്രതീക്ഷ ഇല്ലാതില്ല, പക്ഷെ സര്‍ക്കാര്‍ ശ്രമിച്ചതു കൊണ്ടാവുമോ? ഞാനും ശ്രമിക്കേണ്ടേ?


ഗര്‍ഭകാലത്ത് തന്നെ കുട്ടി ആണെന്നോ പെണ്ണെന്നോ ഉറപ്പിച്ച് കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വക്കുന്ന അതേ മനോഭാവത്തോടെ തന്നെ കുട്ടിക്ക് രണ്ട് വയസ്സാവുന്നതിനും മുന്‍പേ എല്‍. കെ. ജി., യു. കെ. ജി. സ്കൂളുകള്‍ (അതും സി. ബി. എസ്. സി. ഇംഗ്ലീഷ് മീഡിയം) കണ്ടു വക്കുകയും അവിടത്തേക്കുള്ള ഡെപ്പോസിറ്റും ഡോണേഷനും സ്വരുക്കൂട്ടുകയും ചെയ്യുന്നു മാതാപിതാക്കള്‍. എല്‍. കെ. ജി. യില്‍ കുട്ടി എത്തിപ്പെട്ടാലോ? രാവിലെ ആറര മുതല്‍, ക്ലാസ് തുടങ്ങുന്ന എട്ടു മണി വരെ സ്കൂള്‍ ബസ്സിലെ ആന്‍റിക്കും, എട്ടു മുതല്‍ പതിനൊന്നു, പന്ത്രണ്ടു വരെയോ മൂന്ന്, നാല്  മണി വരെയോ ക്ലാസ് ടീച്ചര്‍ക്കും അതിനു ശേഷം വീണ്ടും സ്കൂള്‍ ബസ്സിലെ ആന്‍റിക്കും, വീട്ടിലെത്തിയാല്‍ വൈകിട്ട് വരെ അപ്പൂപ്പനും അമ്മൂമ്മക്കും കുട്ടിയുടെ ചാര്‍ജ്ജ് ഏല്‍പ്പിച്ച് താന്താങ്ങളുടെ ഔദ്യോഗിക തിരക്കിലേക്ക് തിരക്കിട്ട് പോകുന്ന രക്ഷാകര്‍ത്തൃത്വം. 


പിന്നീട് ഒന്നാം ക്ലാസിന്‍റെ കാര്യത്തിലും കുട്ടി പത്താം ക്ലാസിലെത്തുമ്പോഴും ഇതേ വേവലാതി, ശരാശരി മലയാളിക്ക്! പ്ലസ്റ്റുവിലെത്തുമ്പോള്‍ അവിടെ മേമ്പൊടിയായി ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ്ങുമുണ്ട്. ഫലമോ? ജീവിക്കാന്‍ 'കാശ്, ദുട്ട്, പണം, മണി, മണി' എന്ന് മാത്രം വിശ്വസിക്കുന്നരാഷ്ട്രീയസാമൂഹ്യ ബോധം കുറഞ്ഞു വരുന്ന ഒരു യുവത. എല്ലാ അകംപുറം പണികള്‍ക്കും പണിക്കാരെ തേടുന്ന എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും അടങ്ങുന്ന ഒരു തലമുറ. അധ്വാനം വേണ്ട പണികള്‍ക്കെല്ലാം തമിഴനോ ബംഗാളിയോ വേണം, എന്നാലോ? അത്യധ്വാനം കൈമുതലാക്കിയിട്ടും കേറിക്കിടക്കാന്‍ കൂര പോലുമില്ലാത്ത അവരെ പരമപുച്ഛമാണ് താനും. തന്‍റെ കിണ്ണത്തിലേക്ക് ആവശ്യമുള്ളതൊക്കെ 'മറുനാട്ടില്‍ നിന്നും വണ്ടി കേറി ഇങ്ങെത്തിക്കൊള്ളും' എന്നുറച്ചു വിശ്വസിച്ച്, തന്‍റെ പേരിലുള്ള മണ്ണ് മുഴുവന്‍ കഷണം കഷണമാക്കി വിറ്റ് കാശാക്കുകയോ, അവിടെ കടം വാങ്ങി, മതിലുകളും കോടികളുടെ രമ്യ ഹര്‍മ്മങ്ങളും പണിഞ്ഞ് അതിനുള്ളില്‍ അടയിരിക്കുകയോ ചെയ്യുന്ന ശരാശരി മലയാളി ധാര്‍ഷ്ട്യം അലങ്കാരമായുണ്ട്. ചരക്ക് ലോറി സമരം പ്രഖ്യാപിച്ചാല്‍, കടകള്‍ അടഞ്ഞു കിടന്നാല്‍, എ. ടി. എമ്മുകള്‍ കാലിയായാല്‍, ജീവിതം വഴിമുട്ടുന്ന; തങ്ങളെത്തന്നെ കമ്പോളവ്യവസ്ഥക്ക് തീറെഴുതിക്കൊടുത്ത ജീവിതങ്ങള്‍. മതത്തിന്‍റെയും ജാതിയുടെയും രാഷ്ട്രീയവിശ്വാസങ്ങളുടെയും പേരില്‍ തമ്മില്‍ത്തമ്മില്‍ കൊന്നു തീര്‍ക്കുന്ന ഒരു ജനത. എല്ലാ ജൂണ്‍ അഞ്ചാം തീയതിയും ഒരേ കുഴിയില്‍ത്തന്നെ വൃക്ഷത്തൈകള്‍ വീണ്ടും വീണ്ടും നട്ട് സെല്‍ഫിയെടുക്കുന്ന  പരിസ്ഥിതി സ്നേഹികളായ, ട്രാഫിക് നിയമങ്ങള്‍ അടക്കം ജുഡീഷ്യറിക്ക് പുല്ലു വില കല്‍പ്പിക്കുന്ന യൗവ്വനങ്ങള്‍; ചുംബന സമരമുണ്ടെന്ന വാര്‍ത്ത കേട്ടാല്‍, "ചുംബിക്കാനുള്ളവരെ നമ്മള്‍ കൊണ്ടു പോകണോ അതോ അവിടെ കിട്ടുമോ?" എന്നു വരെ ചോദിക്കാന്‍ മടിയില്ലാത്ത, ടീച്ചര്‍മാരുടെ അരക്കെട്ട് നോക്കി കണ്ണ് മിഴിക്കുന്ന "ചങ്ക്സുകള്‍". 


സാമാന്യവല്‍ക്കരിക്കുകയല്ല, വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അറിവും വിവേകവും മനുഷ്യത്വവും രാഷ്ട്രീയസാമൂഹ്യ ബോധവും ഉള്ളവര്‍; വിദ്യാഭ്യാസത്തെ ഉയര്‍ന്ന തലങ്ങളിലേക്കുയര്‍ത്തിയ, അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനത്തിലേക്കെത്തിച്ച ഒരുപാട് പേര്‍, പൊതു പ്രവര്‍ത്തകര്‍; അവര്‍ക്ക് വെളിച്ചമായി, തണലായി അവരുടെ മാതാപിതാക്കളും. സ്വതന്ത്രമായി ചിന്തിക്കുന്ന, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള, 'മതമില്ലാത്ത ജീവന്മാരായി' കുട്ടികളെ വളര്‍ത്തുന്നവരും ഇപ്പോളും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നവരും വളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ധാരാളമുണ്ടിവിടെ.


പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍. കെ. ജി. യിലും യു. കെ. ജി. യിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയും 'പാവപ്പെട്ടവന്‍റെ' സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ത്തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിട്ടവും മാറ്റിയെടുക്കേണ്ടവ തന്നെയല്ലേ? ഇനി അങ്ങനെയല്ല എങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരവും അവിടത്തെ ടീച്ചര്‍മാരുടെ യോഗ്യതകളും, മറ്റ് പ്രൈവറ്റ് സ്കൂളുകളുടേതിനെ അപേക്ഷിച്ച് തുലോം കുറവാണെന്ന് അവരും കൂടെ സര്‍ക്കാരും സമ്മതിക്കട്ടെ. 


പറയുമ്പോള്‍ എല്ലാം പറയണമല്ലോ. 2017 മേയ് മാസം രണ്ടാം വാരത്തിലെ ഒരു ദിവസം, മാതൃഭൂമി ദിനപ്പത്രം അതിന്‍റെ നല്ലപാഠം വിദ്യാഭ്യാസ  പദ്ധതിയുടെ സചിത്ര പരസ്യം പിറകിലെ പകുതി പേജില്‍  കൊടുത്തപ്പോള്‍, ഒരു സര്‍ക്കാര്‍ എല്‍. പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് അതിലൂടെ തന്‍റെ വിദ്യാര്‍ഥികളുടെ  അവസ്ഥ വിവരിച്ചിരിക്കുന്നത് വായിച്ചിരുന്നോ? വന്‍ തമാശയാണ്. "പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അതിനു വേണ്ട യാതൊന്നും ഇല്ലാത്തവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. നല്ലപാഠം പദ്ധതിയിലൂടെ അവര്‍ക്കും  ഇപ്പോള്‍ നന്നായി പഠിക്കാന്‍ കഴിയുന്നു, നല്ലൊരു ഭാവി സ്വപ്നം കാണാന്‍ കഴിയുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഈ വര്‍ഷവും അവര്‍ക്കു  വേണ്ട സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു". 'ഇവിടെ യാതൊന്നും ഇല്ലാ, ഇല്ലാ' എന്ന് സര്‍ക്കാരിനോട് പറഞ്ഞു മടുത്തിട്ടായിരിക്കുമല്ലെ അവസാനം ദിനപ്പത്രം കനിഞ്ഞപ്പോള്‍ അവരിത്ര സന്തോഷിക്കുന്നത്? ഇത് വായിക്കുന്ന, കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള ആരെങ്കിലും തന്‍റെ മക്കളെ  സര്‍ക്കാര്‍ സ്കൂളില്‍ വിടുമോ? ഒരുപക്ഷെ, പരസ്യമായത് കൊണ്ട് പത്രം തന്നെ കുറച്ച് ഓവറാക്കിയതായിരിക്കുമോ? പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ പുറത്തു നിന്നും സംഭാവന വാങ്ങുന്നത് ശരിയെങ്കില്‍ അത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യുന്നതല്ലേ ഉചിതം? ഓരോരോ സ്കൂളുകളുടെ പേരില്‍ എന്തിന് പരസ്യങ്ങള്‍ വരണം?


കുട്ടികളുടെ മാര്‍ക്കറ്റിംങ്ങ് എക്സിക്യുട്ടീവുകളാണ് മാതാപിതാക്കള്‍ പലപ്പോഴും. Helicopter parenting എന്നൊരു സംഗതി ഈയിടെ വായിച്ചു. തങ്ങളുടെ മക്കളുടെ പിറകെ ക്യാമറ കണ്ണുകളുമായി ഒരുHelicopter പോലെ ചുറ്റിയടിച്ച് അവരെ സദാ surveillance ല്‍ ആക്കുന്ന വിദ്യയാണത്. പെണ്‍കുട്ടിയെങ്കില്‍ പറയേണ്ടല്ലോ പുകില്‍! മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കിജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെയാണ് ഇവിടെ ചികില്‍സിക്കേണ്ടത്.

വേറൊരു സംഭാഷണത്തിലേക്ക് വരാം. മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, ഒക്ടോബര്‍ 9, 2016. അവിടെ ഡോ. എം. ജി. എസ്. നാരായണനാണ്. ജാതിയുടെയും മതത്തിന്‍റെയും മറ്റ് ജീര്‍ണിച്ച സാമൂഹ്യാവസ്ഥകളുടേയും തടങ്കലില്‍, കാപട്യവും ആത്മവഞ്ചനയും വര്‍ധിച്ച അവസ്ഥയില്‍ ഒരു ഹിപ്പോക്രാറ്റായിട്ടാണ് ഓരോ മലയാളിയും തന്‍റെ ജീവിതം ജീവിച്ച് തീര്‍ക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കേരളം ഒരു Secular ദേശമല്ല എന്നും രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും വിഭിന്നമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സ്ത്രീകളുടെയും ആദിവാസികളുടേയുമൊക്കെ ഏറെ പരിതാപകരമായ ജീവിതങ്ങള്‍, കേരളം ഒരു ആധുനിക സമൂഹമാവാത്തതിന്‍റെ തെളിവുകള്‍ തന്നെയത്രെ. നമ്മുടെ പൊതുമനോഭാവം സ്ത്രീവിരുദ്ധവുമാണ്. സംസ്കാര നവീകരണത്തിനാവശ്യമായ വിദ്യാഭ്യാസത്തിന്‍റെ കുറവും നമ്മുക്കുണ്ടെന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് പക്ഷെ, പുതു തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്.


തന്‍റെ മാത്രം ജീവിതം 'സെറ്റില്‍ ആന്‍ഡ് സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നമാണ് ഇവിടെ ചികില്‍സിക്കപ്പെടേണ്ടത്. അഥവ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ (അല്ലെങ്കില്‍ ഇതിനൊക്കെ താല്‍പ്പര്യമില്ലാത്തവരെ) ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ. ഒരു മതത്തിലും ജാതിയിലും പെടാതെയും കക്ഷിരാഷ്ട്രീയത്തിന്‍റെ തണലിലല്ലാതെയും ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും മതത്തിലില്ലാത്ത ജീവന്മാരായി വളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങളും നിഷ്കരുണം തള്ളിക്കളയപ്പെടേണ്ടത് തന്നെ. സംസ്കാരത്തെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും അലറിക്കൊണ്ട്; ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ഒറ്റ നൂലില്‍ കെട്ടി, വാക്കുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ഒരു പുതിയ തലമുറയുടെ മുഴുവന്‍ തലച്ചോറിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടേണ്ടത് തന്നെ.

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ഈ ഉത്തരവാദിത്തങ്ങള്‍ മനസ്സിരുത്തി ഒന്നു കൂടി വായിച്ചോളൂ:

It shall be the (fundamental) duty of every citizen of India


1) to promote harmony and the spirit of common brotherhoodamongst all the people of India transcending religious, linguisticand regional or sectional diversities; to renounce practicesderogatory to the dignity of women;

2) to develop the scientific temper, humanism and the spirit ofinquiry and reform;

3) to safeguard public property and to abjure violence

വാര്‍പ്പുപണിക്കാരേ, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. 

പറഞ്ഞു വന്നത് ഇതാണ്,

സിമ്പിള്‍ ആന്‍ഡ്‌ ഹംബിള്‍ ആണ് ട്ടാ, പാച്ചു എളേടത്ത് ഉസ്ക്കൂളീച്ചേര്‍ന്ന്.

ഗവര്‍മേണ്ട് ജൂനിയര്‍ ബേസിക് സ്ക്കൂള്‍, ആമ്പല്ലൂര്‍.

ഉസ്ക്കൂള്‍ അവന് പെരുത്തിഷ്ടമായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.