2011, ജൂലൈ 2, ശനിയാഴ്‌ച

കള്ളക്കര്‍ക്കടകം

ഇതാ അടുത്തെത്തി കര്‍ക്കടകം, കള്ളക്കര്‍ക്കടകം.

പെയ്തൊലിക്കുന്ന മഴയും കരുതല്‍ ഭക്ഷ്യധാന്യങ്ങളൊന്നുമേയില്ലാതെ പട്ടിണിയും പരിവട്ടവുമായി കടന്നു പോകാറുണ്ടായിരുന്ന അതേ പഞ്ഞക്കര്‍ക്കടകം. ഇപ്പോള്‍ മഴ കുറവ്, Global Warming, അല്ലാതെന്തു പറയാന്‍? കിലോക്ക് രണ്ടു രൂപ നിരക്കില്‍ അരി കിട്ടുന്നതു കൊണ്ട് പട്ടിണിയും കാര്യമായിട്ടില്ല.

കേരളത്തില്‍ കര്‍ക്കടകത്തിന്‍റെ മുഖംമാറ്റം എന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. പക്ഷെ ആരോഗ്യഭ്രാന്തും (Health Consciousness എന്ന് പരിഭാഷ) ഉപഭോക്തൃഭ്രാന്തും (Consumerism എന്ന്‍ പരിഭാഷ) കലശലായ ഒരു മധ്യനിര സമൂഹത്തിന്‍റെ 'കര്‍ക്കടകപ്പാച്ചില്‍' (ഉത്രാടപ്പാച്ചില്‍ പോലെ ഒന്ന്‍) എന്നെ എന്നല്ല, വീണ്ടുവിചാരങ്ങളുള്ള ഏതൊരാളെയും അലട്ടും എന്ന കാര്യത്തില്‍ സംശയമേതുമില്ല.

പുതിയ തലമുറക്ക്‌ കര്‍ക്കടകം പഞ്ഞമാസമല്ല, 'ചികിത്സാമാസ'മാണ്. പൊതുവെ കര്‍ക്കടകത്തില്‍ മാത്രം ദേഹരക്ഷയില്‍ ശ്രദ്ധ ചെലുത്തുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. ശാരീരിക, മാനസിക സ്വാസ്ഥ്യത്തിന് നമ്മുക്ക് പകര്‍ന്നു കിട്ടിയ പാരമ്പര്യ സൂക്തങ്ങള്‍ പലതും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്നു. നാട്ടുവൈദ്യത്തിന്‍റെയും ആയുര്‍വേദത്തിന്‍റെയും കളിത്തൊട്ടിലായ കേരളം ഇന്ന് വിവിധ തരത്തിലുള്ള സുഖ-വാജീകരണ ചികിത്സകളുടെ അന്താരാഷ്‌ട്ര കമ്പോളമാണ്. അതിന്‍റെ ചുവടുപിടിച്ച് മലയാളിയുടെ കര്‍ക്കടകവും വഴി മാറുന്നു. കനത്ത മുഖത്തോടെ കുലം കുത്തി അവതരിച്ചിരുന്ന കര്‍ക്കടകത്തിന്‍റെ വരവ് ഇന്ന് മലയാളി അറിയുന്നത് മരുന്നു പീടികകളില്‍ വിവിധ കെട്ടിലും മട്ടിലും ആടുന്ന ഔഷധക്കൂട്ടുകളും മരുന്നുകഞ്ഞികളുടെ കിറ്റുകളും കണ്ടിട്ടാണ് (കൂടെ ആരോഗ്യമാസികകളിലെ ലേഖനങ്ങളും!). ഈ കിറ്റുകളിലുള്ള 'മരുന്നു' കളുടെ ആധികാരികതയെപ്പറ്റി ആലോചിച്ച് നാം തല പുണ്ണാക്കാറില്ല. നാടൊട്ടുക്കും മുളച്ചു പൊന്തുന്ന ആയുര്‍വേദ മസ്സാജ് പാര്‍ലറുകളും നമ്മെ വേറൊരു വഴിക്കല്ല ചിന്തിപ്പിക്കുന്നത്.

ദേഹബലവും പ്രസരിപ്പും ഏറ്റം കുറയുന്ന കാലമാണ് ഗ്രീഷ്മ-വര്‍ഷ ഋതുക്കള്‍ എന്നും; വിവിധ രോഗകാരികളുടെ കടന്നാക്രമണം തടയുന്നതിനുള്ള ആര്‍ജ്ജിത ശേഷിയും രോഗക്ലേശം താങ്ങാനുള്ള സഹനശക്തിയും ഇക്കാലത്ത്‌ വളരെ കുറയുമെന്നും വിദഗ്ധര്‍ പറയുമ്പോള്‍ നമ്മുക്കെന്ത്‌ നോക്കാന്‍ അല്ലേ? ഔഷധക്കഞ്ഞിയും ഔഷധക്കിറ്റും വാങ്ങി സേവിക്കാന്‍ മരുന്നു പീടികകളുടെ മുന്നില്‍ നീളത്തില്‍ നില്‍ക്കാം, അല്ലെങ്കില്‍ പതിനായിരങ്ങള്‍ മുടക്കി, സുഖചികിത്സകരുടെ എണ്ണത്തോണിയില്‍ മലര്‍ന്നു കിടക്കാം.

ചേരുവകളുടെ ഗുണഗണങ്ങള്‍ അളന്നു തിട്ടപ്പെടുത്തി മാത്രം മരുന്നു കൂട്ടുകള്‍ ഉണ്ടാക്കുകയും ദീനം കലശലായവര്‍ക്ക് ഡോക്ടറുടെ വിദഗ്ധോപദേശത്തോടെ മാത്രം കിടത്തി-തിരുമ്മു ചികിത്സകള്‍ വിധിക്കുകയും ചെയ്യുന്ന വിശിഷ്ടായുര്‍വേദത്തിന്‍റെ അപൂര്‍വ്വം ഉപാസകര്‍ ഇവിടെയുള്ളത്‌ പ്രത്യാശക്ക് വക നല്‍കുന്നുണ്ട് എന്ന കാര്യം സമ്മതിക്കാതെ തരമില്ല.

എങ്കിലും കാലം മാറിക്കൊണ്ടേയിരിക്കുന്നു,ഒപ്പം രോഗങ്ങളും, 'രോഗി'കളും.
2020 കര്‍ക്കടകത്തിലേക്കു സുഖചികിത്സക്കായി ഇന്നേ അഡ്വാന്‍സ്‌ ബുക്കിംഗ് ആരംഭിക്കുന്നു എന്ന് കേട്ടാല്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല, എല്ലാം ഗുരുവായൂരപ്പന്‍റെ കൃപ പോലെ (അന്തരിച്ച മുന്‍മുഖ്യന്‍ ശ്രീമാന്‍ കെ. കരുണാകരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ശീട്ടാക്കിയിരുന്ന ഉദയാസ്തമനപൂജ ഗുരുവായൂരമ്പലത്തില്‍ നടന്നത് ഈയടുത്തിടെയാണത്രെ!).

പിന്‍കുറിപ്പ്‌:
ഇന്ത്യയിലെ ചില പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളുടെ ഉന്നതതല മീറ്റിങ്ങുകള്‍ നടക്കുന്നത് മിക്കവാറും കര്‍ക്കടകമാസത്തില്‍ (ക്ഷമിക്കണം, July-August എന്ന്‍ ഔദ്യോഗിക ഭാഷ്യം) ആയുര്‍വേദചികിത്സാ കേന്ദ്രങ്ങളുടെ ചുറ്റുവട്ടത്താണത്രെ ('ബോസു'മാര്‍ ചികിത്സയിലാണ്!)

Air Conditioned റൂമുകളോട് കൂടിയ ഒരു കോട്ടേജിനു പലയിടത്തും പഴുത് കാണുന്നുണ്ട്, ഞാന്‍. കാശുണ്ടെങ്കില്‍ അത് കുറച്ചു വലുതായി തന്നെ പണിയാം, ഒരുവേള, കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും കര്‍ക്കടക-സുഖചികിത്സ താങ്ങാവുന്ന രീതിയില്‍ സാമ്പത്തിക ഐശ്വര്യം വന്നു ചേരുന്ന അവസ്ഥയിങ്കല്‍, വാര്‍ഷിക പൊതുയോഗം (Annual General Body Meeting) തന്നെ ചാര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയാലോ?
...........................
ജൂലൈ 3, ഞായര്‍, 2011