വീണ്ടുവിചാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വീണ്ടുവിചാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 നവംബർ 30, വെള്ളിയാഴ്‌ച

വൈക്കത്തഷ്ടമി

ഐതിഹ്യങ്ങൾ ഒരുപാട് കിട്ടി, വാസപ്പിൽ.

കഥകൾ കുറേ കേട്ടപ്പോൾ ചില ചരിത്രങ്ങളും ഓർമ്മിപ്പിക്കേണ്ടതുണ്ടെന്ന് തോന്നി.

ആമചാടി തേവനെ അറിയുമോ നിങ്ങൾക്ക്?
സമൂഹത്തിലെ ചില 'ഉന്നത'രായ അക്രമികൾ ചേർന്ന് പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കിയ തേവൻ?

ഗാന്ധിജിയെ പുറത്തിരുത്തി, അകത്തുനിന്നും സന്ധിസംഭാഷണത്തിന് മുതിർന്ന ഇണ്ടംതുരുത്തിക്കാരണവരെ അറിയുമോ?

ജാതിവെറിയുടെ, തൊട്ടുകൂടായ്മയുടെ ഇരുട്ടിലേക്ക് ഇത്തിരിച്ചൂട്ടെറിഞ്ഞ ഒരു സത്യഗ്രഹ പരീക്ഷണം വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. കേരള നവോത്ഥാന ചരിത്രത്തിലെ ശക്തമായൊരേട്. വൈക്കത്തെ പൊതുവഴികളിലൂടെ നടക്കാൻ മനുഷ്യരായ 'ചിലരെ' സമ്മതിക്കാത്ത മനുഷ്യരായ മറ്റു 'ചിലർ'ക്കെതിരെ, 600 ദിവസങ്ങളിലധികം നടത്തിയ പോരാട്ടം. Wikipedia യിൽ വിവരങ്ങളുണ്ട്.

നാരായണനും അയ്യങ്കാളിയും സഹോദരനും കേളപ്പനുമൊക്കെ കൊണ്ടുവിട്ടിടത്തു നിന്നും പിന്നോട്ട് നാമജപയാത്ര നടത്തുന്ന ഇക്കാലത്ത് ഇതൊക്കെ ഒന്നോർക്കുന്നത് നല്ലതാണ്.


#stand for spirit of inquiry, history and reform

2018 നവംബർ 27, ചൊവ്വാഴ്ച

ദൈവജീവിതം

നവംബർ 18 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ, കെ.രാജേഷ് കുമാറെഴുതിയ 'ദൈവങ്ങളുടെ ജീവിതം' എന്ന ലേഖനത്തിന് സാമാന്യബുദ്ധിയിൽത്തോന്നിയ ഒരു പ്രതികരണമാണിത്. വളരെ നിരുപദ്രവകരം എന്നു തന്നെ കണക്കാക്കി മുന്നോട്ടു വക്കുന്ന ഈ ചെറുകുറിപ്പിന്റെ പേരിലുള്ള മുഴുവൻ ഉത്തരവാദിത്തവും എനിക്കു തന്നെയായിരിക്കും എന്നു കൂടി വിനയത്തോടെ അറിയിക്കട്ടെ.

രണ്ട് തെയ്യം കലാകാരന്മാരുടെ ദൈവജീവിതങ്ങൾ ഹൃദയഹാരിയായി വരച്ച ലേഖകനോടും ലേഖനത്തിലെ ദൈവങ്ങളുടെ പ്രതിരൂപങ്ങളായ മനുഷ്യരോടും നിറഞ്ഞ സ്നേഹവും ബഹുമാനവും മാത്രം.

ഭൂമിയിലെ മഹാവ്യാധികൾ ഒഴിപ്പിക്കാനും ഭക്തരെ സങ്കടക്കടലിൽ നിന്ന് കൈപിടിച്ചു കയറ്റുവാനും കഴിവുള്ള മൂർത്തികളായി ഒരായുഷ്ക്കാലം ചങ്കുപൊട്ടി ആടിയ ഇവരുടെ അന്നത്തെയും ഇന്നത്തെയും ജീവിതസ്ഥിതി ദയനീയം തന്നെ. ഒരാൾ ഒറ്റക്കാലിലും മറ്റേയാൾ തീ നൽകിയ വടുക്കളുമായും ജീവിക്കുന്നു. ഇവർക്ക് ജീവിതം കണ്ണീരുപ്പു വീണ കിണ്ണത്തിലെ കഞ്ഞി മാത്രമെന്ന് ലേഖകന്റെ സാക്ഷ്യം. അവശകലാകാരന്മാർക്കുള്ള പെൻഷൻ, വികലാംഗ പെൻഷൻ, നാടൻ കലാഅക്കാദമിയുടെയും ചില സുമനസ്സുകളുടേയും സഹായം, ആധാരം പണയം വയ്പ് തുടങ്ങിയ പരിമിത സാഹചര്യങ്ങളുമായി 'ദൈവങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ തുടരുന്നു' എന്ന ദയനീയതയിലവസാനിക്കുന്നു ലേഖനം.

(എന്റെ മാത്രം?) കണ്ണിൽക്കുത്തിയ ചോദ്യങ്ങളിതാണ്. ഇവരുടെ സങ്കടം ലേഖനത്തിൽ സൂചിപ്പിക്കപ്പെട്ട ഇവരുടെ തന്നെ ദൈവങ്ങൾ കേൾക്കാത്തതെന്തേ? ഇവർ 'വേദനയകറ്റിയ' ഭൂരിപക്ഷം പേരും ഇപ്പോളിവരെ തിരിഞ്ഞു നോക്കാത്തതെന്തേ? വേറെയേതെങ്കിലും മെച്ചപ്പെട്ട ഉപജീവനമാർഗ്ഗങ്ങൾ ഇവർക്കുണ്ടായിരുന്നെങ്കിൽ ഇവരുടെ ജീവിതം ഈയവസ്ഥയിൽ നമുക്ക് വായിക്കേണ്ടി വരുമായിരുന്നോ? അതിതീവ്രമായ ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്നും ഇവരെ കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത് ദൈവസങ്കൽപ്പങ്ങളല്ലല്ലോ, മറിച്ച് വൈദ്യശാസ്ത്രമല്ലേ?

ദൈവങ്ങളെ മനസ്സിലും വീട്ടിലും കുടിയിരുത്തുകയും, ആഴ്ചയിലൊന്നോ മാസത്തിലൊന്നോ ആരാധനാലയങ്ങളിൽച്ചെന്ന് കാണിക്കയിടുകയും ചെയ്തുപോരുന്ന, സാധാരണക്കാരല്ല ഇവരെന്നു കൂടി ഓർക്കണം. നാടൻ കലാഅക്കാദമിയുടെ വേദികളിൽ തെയ്യം എന്ന കല അവതരിപ്പിച്ചു പോന്ന വെറും കലാകാരന്മാരുമല്ല. പകരം, പലരുടേയും മഹാസങ്കടങ്ങൾ കാലങ്ങളോളം കോലംകെട്ടിയും കനലിൽച്ചവിട്ടിയും 'നീക്കിയ' മൂർത്തീ- പ്രതിപുരുഷന്മാരാണിവർ.

പരിഹസിക്കുവാനോ, വ്രണപ്പെടുത്താനോ അല്ല; പെട്ടെന്ന് ചില അനുമാനങ്ങളിലെത്താനും ഉദ്ദേശ്യമില്ല, നിശബ്ദമായ ചിന്തകൾക്ക് വിടുന്നു.

ആയിരക്കണക്കിനു വരുന്ന തെയ്യം കലാകാരന്മാരുടെ ഇടയിൽ നിന്നും രണ്ടു പേരുടെ കഥ മാത്രം അടർത്തിയെടുത്ത്, statistically significant അല്ലാത്ത ന്യായ വൈകല്യം ഉന്നയിക്കുകയല്ല, സാമാന്യയുക്തിയോടെ ചിന്തിക്കുകയാണ്.

ലേഖനത്തിലെത്തന്നെ ചില വാചകങ്ങൾ കടമെടുത്തു പറയട്ടെ, ഇങ്ങനെ, ഒരുകാലത്ത് ദൈവമായി കെട്ടിയാടിയും കനൽ തെറുപ്പിച്ചും തൂക്കച്ചാടിൽ ദേഹം കോർത്തും ദേഹം മുഴുവൻ ശൂലത്തിൽക്കോർത്തും ആരാധ്യരായ ചില (പല) മനുഷ്യർ ജീവിതത്തിന്റെ ചിറകറ്റ് നമുക്കിടയിലുണ്ട്. പലപ്പോഴും നമുക്ക് സൗകര്യമുള്ളപ്പോളേ ഈ വേദനകൾക്ക് നാം ചെവിയോർക്കൂ.

രണ്ട് വെളിച്ചപ്പാടന്മാരേയും ഇവിടെ ഓർക്കുന്നു. ഒന്ന്, ആയുഷ്കാലം സേവിച്ചിട്ടും തന്നെയും തന്റെ കുടുംബത്തെയും മറന്ന ദേവിയെ നീട്ടിത്തുപ്പിയ ആൾ (എം.ടി.യുടെ നിർമ്മാല്യം എന്ന സിനിമ); രണ്ട്, "കണ്ണു മിഴിച്ചീലെന്നുടെ നേരേ ..... ച്ചി" എന്നു പാടിയ ആൾ (അക്കിത്തത്തിന്റെ കവിത 'കുട്ടപ്പനെന്ന കോമരം').

https://www.mathrubhumi.com/amp/spirituality/feature/life-of-teyyam-perfomer-1.3323373




2018 നവംബർ 17, ശനിയാഴ്‌ച

Bold and Beautiful

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ഒക്ടോബര്‍ 28-നവംബര്‍ 3 (96:33) ലക്കത്തില്‍, ദിനു റിമ കല്ലിങ്കലുമായി നടത്തിയ ദീര്‍ഘസംഭാഷണം വായിച്ചപ്പോള്‍ ഒരാസ്വാദനക്കുറിപ്പ്‌ വേണമെന്ന് തോന്നി. നന്നായ് ഗുണം ചെയ്തു, ഈ വായന, ചില (പല) കാര്യങ്ങള്‍ ഒന്നുകൂടി മനസ്സിലുറപ്പിക്കാൻ. 

'വളരെപ്പെട്ടെന്ന് replace ചെയ്യാവുന്ന മലയാള സിനിമാനായികമാരെ'പ്പറ്റിയും, സിനിമ എന്ന power field ലെ സ്വാതന്ത്ര്യസമരപ്രഖ്യാപനത്തെപ്പറ്റിയും ഈ സംഭാഷണത്തില്‍ വളരെ കാര്യമാത്രപ്രസക്തമായി വിശദീകരിക്കുന്നു, റിമ.

നമ്മള്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഒരു minimum level of sensibility വേണമെന്ന് ആഗ്രഹിക്കുന്ന റിമയോട് ചേര്‍ന്ന് നിന്ന് പറയട്ടെ, ഈ കുറിപ്പ് വായിക്കുന്നവരിലും അത് തന്നെ പ്രതീക്ഷിക്കുന്നു (ആരെങ്കിലും വായിക്കുമോ എന്നുള്ളത് രണ്ടാമത്തെ കാര്യം!).

സിനിമയിലെ പുരുഷാധിപത്യത്തെപ്പറ്റി സ്ത്രീകള്‍ സംസാരിച്ചാല്‍, സൂപ്പര്‍താരങ്ങളുടെ ഫാന്‍സുകാര്‍ ആക്രമണം അഴിച്ചു വിടുന്നതിനെപ്പറ്റിയുള്ള അവരുടെ അഭിപ്രായം വളരെ പ്രസക്തമായിത്തോന്നി. "സ്ത്രീകള്‍ നീതിയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, അത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സ്ത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം വരും. അവരുടെ തുല്യനീതി, സ്വാതന്ത്ര്യം ഇവയെല്ലാം സമ്മതിച്ചു കൊടുക്കേണ്ടിയും വരും!"

Slut walk എന്ന ഗ്രൂപ്പിനെ സൂചിപ്പിച്ചുകൊണ്ടവര്‍ പറയുന്നു, 'it is ok to be called as a feminichi' എന്ന്. 

കേരള സമൂഹത്തിന്‍റെ ഒരു മൈക്രോകോസമായ ആയ സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു പെണ്ണിടം വേണമെന്ന ആശയത്തില്‍ നിന്നുമുയര്‍ന്ന Women in Cinema Collective -WCCക്ക് എതിരെ, FEFKA വേറൊരു സംഘടനയുമായി വന്നാലും അതിനെ സ്വീകരിക്കണമെന്ന നിലപാടാണവര്‍ എടുക്കുന്നത്. WCC യില്‍ ആളെക്കൂട്ടി ഒരു power game ആക്കി മാറ്റാനാഗ്രഹമില്ല എന്നത് കൂടി പറയുമ്പോള്‍ കാര്യം, വ്യക്തം, മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം. 

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ നടന്മാര്‍ക്ക് അവരുടെ പ്രായത്തിന്‍റെ പകുതിയോ, അതില്‍ കുറവോ പ്രായമുള്ള നായികമാരെ cast ചെയ്യുകയാണ് പൊതുരീതി. അതേ സമയം മുപ്പതുകാരിയായ നടിക്ക് ഇരുപതുകാരന്‍ നായകനെന്ന് ചിന്തിക്കുന്നത് തന്നെ ഇന്‍ഡസ്ട്രിയില്‍ വലിയ പാതകമത്രെ. 

സ്റ്റീല്‍ ഗ്ലാസ്, ചില്ലു ഗ്ലാസ്, കൊണ്ടു പൊതിഞ്ഞ ചില്ലു ഗ്ലാസ് എന്നീ വിവേചനങ്ങളെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌, റിമ പറഞ്ഞപ്പോളാണ്. 

Bold and beautiful ഇന്നയാള്‍; മറ്റേ ചന്ദനക്കുറി, പട്ടുപാവാട നാടന്‍ ഇന്നയാള്‍; വേലക്കാരി ഇന്നയാള്‍ എന്ന രീതിയില്‍ നടിമാര്‍ നായകന്മാര്‍ക്ക് വേണ്ടി cast ചെയ്യപ്പെടുന്ന ദുരന്തവും അവര്‍ വിവരിക്കുന്നു.

കല്ല്യാണം കഴിയുന്നതോടെ അതുവരെ’പൊതുസ്വത്തായ’ ഒന്ന് ‘സ്വകാര്യസ്വത്തായി’ മാറുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍, ഒരു പ്രമുഖ നടിയെപ്പറ്റി പണ്ട് വായിച്ചൊരു അശ്ലീല തമാശ ഓര്‍മ്മ വന്നു.

Bold and beautiful ആയ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കരാട്ടെ പഠിപ്പിച്ചാല്‍ മതിയെന്ന ശാക്തീകരണവാദികളുടെ തീരുമാനത്തിന്‍റെ നിരര്‍ത്ഥകതയും അവര്‍ സൂചിപ്പിക്കുന്നു.

Constitutional morality യില്‍ ഊന്നിയ കോടതിവിധികള്‍ പുറത്തുവരുന്ന കാലഘട്ടത്തില്‍; 377, 497എന്നീ വകുപ്പുകള്‍ റദ്ദ് ചെയ്ത കാലഘട്ടത്തില്‍; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ റിമയോടൊപ്പം ഞാനും അഭിമാനിക്കുന്നു.


അഭിവാദ്യങ്ങള്‍ റിമ, ലിംഗനീതിക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിന്, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതിന്. 


നന്ദി റിമ, സിനിമ എന്ന മൈക്രോകോസത്തില്‍ നിന്നു കൊണ്ട് സമൂഹം എന്ന മാക്രോകോസത്തിലേക്ക് തൊടുത്തു വിടുന്ന മൂര്‍ച്ചയേറിയ ശരങ്ങള്‍ക്ക്.

എല്ലാവരും വായിക്കണം, ഈ സംഭാഷണം.



2018 നവംബർ 9, വെള്ളിയാഴ്‌ച

ഇരുട്ട്, വെളിച്ചവും


















മുറിയിൽ ഇരുട്ട് നിറച്ചിരിക്കുകയാണ്, ആരൊക്കെയോ ചേർന്ന്.

വെളിച്ചം കടന്നു വരാനുള്ള നേർവിടവുകൾ എണ്ണത്തിലും വണ്ണത്തിലും കൂടുന്നുണ്ട് എന്നത് പ്രതീക്ഷക്ക് വക നൽകുന്നു.

ഇരുട്ടിന്റെ സന്തതികളെ പെറ്റു പോറ്റിക്കൊണ്ടിരിക്കുന്നവർ കാണട്ടെ, അരിച്ചരിച്ചെത്തുന്ന വെളിച്ചം.
#we d people

2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ചാമ്പ്യന്‍ ഓഫ് എര്‍ത്ത്

 സുസ്ഥിര വികസന സങ്കല്പത്തിലേക്ക് പടവുകള്‍ ഒന്നൊന്നായി......

കേരളത്തിലെ ഫ്ലക്സ് പുനരുത്പാദനത്തിന് മൈസൂരിനടുത്ത് പ്ലാന്‍റ് ഒരുങ്ങി

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം,' ചാമ്പ്യന്‍ ഓഫ് എര്‍ത്ത് ' സിയാലിന്

2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പാഠമാകട്ടെ ഓരോ ദുരന്തവും





കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയം തോര്‍ന്നു. മലവെള്ളം പോലെ കുത്തിയൊലിച്ച ദുരന്തവാര്‍ത്തകളും ഫ്‌ളാഷുകളും ബാക്കിയായി, കൂടെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കിടപ്പാടവും കൃഷിയും ഉറ്റവരെയും വരെ നഷ്ടപ്പെട്ടവരുടെ വേദനകളും. വലിയ വീഴ്ചകളൊന്നുമില്ലാതെ തന്നെ സംസ്ഥാനം ഈ അടിയന്തരാവസ്ഥ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു. ദുരിതങ്ങളൊഴിഞ്ഞിട്ടില്ല, കോടികളുടെ നാശമാണ് റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്. സ്വന്തം വീട്ടിലിരുന്നുള്ള ഒരു ഊണ് ഇപ്പോഴും ഒരു സ്വപ്നമാണ്, പലര്‍ക്കും. വെള്ളക്കെട്ടിനു ശേഷമുള്ള മാലിന്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൈകോര്‍ത്ത് തല്‍ക്കാലം പ്രളയം നീന്തിക്കയറി, ഇനിയുള്ളത് ആവാസവ്യവസ്ഥയുടെ പുനര്‍നിര്‍മ്മാണമാണ്. നവകേരളമാണ് ലക്ഷ്യം, കേരളത്തിന് തീര്‍ച്ചയായും കൈത്താങ്ങ് ആവശ്യമുണ്ട്. അണക്കെട്ട് തുറന്നതിലെ അപാകതകളും, മുന്നറിയിപ്പുകള്‍ നല്‍കിയതിലെ വീഴ്ചകളും രക്ഷാപ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും മറ്റും ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ പലയിടത്തും ചൂട് പിടിച്ചിരുന്നു, കൂടെ മറ്റു പല വിഷയങ്ങളും. സമൂഹ മാധ്യമങ്ങളില്‍ കറങ്ങിത്തിരിഞ്ഞ ഈ ഒറ്റ പോസ്റ്റ് കൊണ്ട് തന്നെ ഇവയില്‍ പലതിനേയും ന്യായീകരിക്കാം: ''വെള്ളം താഴ്ന്നു, ഇനിയുള്ളത് ചെളിയാണ്, നമുക്കത് പരസ്പരം വാരിയെറിയാം''.




സ്വന്തം സുരക്ഷ നോക്കാതെ പലയിടത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ നാട്ടുകാരുടെ നല്ല മനസ്സ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ('സുരക്ഷാ ക്രമീകരണങ്ങളൊന്നുമേയില്ലാതെ പലതിനും മുന്നിട്ടിറങ്ങുന്നത് കൂടുതല്‍ അപകടമല്ലേ?' എന്ന ചോദ്യം, ഈ പ്രത്യേക സാഹചര്യത്തില്‍ തല്‍ക്കാലം മാറ്റി വയ്ക്കുന്നു; ദുരന്തമുഖത്തേക്ക് സെല്‍ഫിയെടുക്കാന്‍ മാത്രം പോയവരേയും സഹിക്കുന്നു). ദുരിതാശ്വാസ ക്യാമ്പുകളിലേക്കും കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളിലേക്കും അരിയും പലചരക്കുകളും വെള്ളക്കുപ്പിയും തുണിയും മറ്റു സഹായങ്ങളും പ്രവഹിച്ചു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവ വറ്റിയിട്ടില്ല, നന്ന്. അനുകമ്പയും സഹതാപവും മാത്രം മതിയോ എന്നുചിന്തിക്കുന്നത് ഈയവസരത്തില്‍ നന്നായിരിക്കും.




എന്തുകൊണ്ട് മഴക്കാലത്ത് ഇത്രമാത്രം ദുരിതങ്ങള്‍? കിഴക്കന്‍മലകളില്‍ നിന്നും 41 നദികള്‍ അത്ര വീതിയില്ലാത്ത ഒരു ഭൂപ്രദേശത്തു കൂടി കടലിലേക്ക് പെരുമഴയത്ത് ഒഴുകിയിറങ്ങുമ്പോഴും അണക്കെട്ടുകള്‍ തുറക്കുമ്പോഴും ഇത്തിരി വെള്ളപ്പൊക്കമൊക്കെ ഉണ്ടാവില്ലേ? എന്ന ചോദ്യം സ്വാഭാവികം. എങ്കില്‍ ഇനി ചില 'അസ്വാഭാവിക' ചോദ്യങ്ങളാവട്ടെ. ഈ വെള്ളമൊക്കെ (വലിയോരളവു വരെ) ഒഴുകിപ്പോകാന്‍ അതിന്റേതായ വഴികള്‍ ഉണ്ടായിരുന്നില്ലേ? അവ പലതും നമ്മള്‍ അടച്ചുകെട്ടിയില്ലേ? ചതുപ്പെന്നോ വയലെന്നോ വകതിരിവില്ലാതെ, അതില്‍ വമ്പന്‍ കെട്ടിടങ്ങളും അതിനുചുറ്റും ആളുയരത്തില്‍ മതിലുകളും നിവര്‍ത്തിയില്ലേ? ആറുകളും തോടുകളും തൂര്‍ത്തില്ലേ? പാടങ്ങള്‍ക്ക് കുറുകേ റോഡുകള്‍ വിരിച്ചില്ലേ? വെള്ളം അങ്ങോടും ഇങ്ങോടും പോകാതാക്കിയില്ലേ? മലകള്‍ തുരന്ന് മണ്ണിടിച്ചിലിന് വഴിവച്ചില്ലേ? ചോദിച്ചുകൊണ്ടേയിരിക്കണം, അവനവനോടു തന്നെ, അവളവളോടും.




ജലലഭ്യത വേണ്ടതിലുമധികം എന്ന് കണക്ക് കൂട്ടി (അതോ മാലിന്യം പോക്കാനെളുപ്പം എന്ന് കരുതിയോ?) ആറുകളുടേയും പുഴകളുടേയും  തീരത്ത് നിര്‍മ്മിച്ച് കൂട്ടിയ വ്യവസായ സാമ്രാജ്യങ്ങള്‍ എല്ലാം തന്നെ പ്രളയജലം  നക്കിയെടുത്തില്ലേ? ചതുപ്പിലും വയലിലും പുഴയോരങ്ങളിലും കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളുടെ മുകളില്‍ നിന്നും ഒരു കുപ്പി വെള്ളത്തിനും സ്വയരക്ഷക്കുമായി നിലവിളിച്ച മുഖങ്ങളില്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടോ? കൂട്ടത്തില്‍ ഇതു കൂടി പറയട്ടെ, പ്രകൃതിദുരന്തങ്ങള്‍ പുതിയവയല്ല, നാം മനപ്പൂര്‍വ്വം ഉണ്ടാക്കുന്നവയല്ല; പലതും നമുക്ക് തടയാനുമാവില്ല. പക്ഷെ, അവ മൂലമുള്ള നാശനഷ്ടങ്ങളുടെ ആക്കം കൂട്ടുന്നതില്‍ നമ്മുടെ പങ്ക് അത്ര ചെറുതല്ല. 




വെള്ളം ഒഴുകിപ്പോകാന്‍ വശങ്ങളില്‍ സൗകര്യമുള്ള എത്ര റോഡുകള്‍ നമുക്കുണ്ട്? ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് തൂണുകളില്‍ പണിയുന്ന കാര്യം ചിന്തിച്ചു തുടങ്ങിയെന്ന വാര്‍ത്തയാണ് പുതുതായി കേള്‍ക്കുന്നത്. കുട്ടനാട്ടിലെ വെള്ളത്തിലായ വീടുകളൊന്നില്‍ നിന്നും വിളിച്ച്, അവിടങ്ങളിലൊക്കെ മലമൊഴുകിനടക്കുന്നുവെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍, ഓര്‍ത്തുപോയി കുട്ടനാട് പാക്കേജിനെപ്പറ്റി, വെള്ളപ്പൊക്കത്തെ വരുതിയില്‍ നിര്‍ത്താന്‍ അതില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെപ്പറ്റി. നമ്മുക്കെവിടെയൊക്കെയാണ് പിഴക്കുന്നത്?




മഴ കനത്തപ്പോള്‍, ജില്ലാ കളക്ടര്‍മാരെ മനസ്സില്‍ ധ്യാനിച്ച്, ടിവി-പത്ര വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്ക് പതിവിലേറെ ഉല്‍സാഹമായിരുന്നു എന്നാണ് പത്രറിപ്പോര്‍ട്ട്, കളക്ടര്‍ ചങ്കല്ല, ചങ്കിടിപ്പാണത്രെ!  നിനച്ചിരിക്കാതെ കിട്ടിയ ഈ അവധിദിനങ്ങള്‍ അവര്‍ എങ്ങനെയൊക്കെ ചിലവഴിച്ചിട്ടുണ്ടാകാം? രാത്രി വേള്‍ഡ്കപ്പും, പകലുറക്കവും, ചിലപ്പോള്‍ ട്യൂഷനും, വീട്ടിനകത്തെ കളികളുമൊക്കെയായി തകര്‍ത്തു കാണണം. പുറത്തിറങ്ങാന്‍ വിടില്ലല്ലോ. അമ്മൂമ്മമാര്‍ പറഞ്ഞ രാമായണക്കഥകള്‍ കേട്ടുറങ്ങിക്കാണും ചിലര്‍. ക്രിയാത്മകമായി എന്തെങ്കിലും ചെയ്തിട്ടുള്ളവര്‍ ക്ഷമിക്കുക. അവധികള്‍ കൂടിയപ്പോള്‍, പോര്‍ഷന്‍ എടുത്തുതീരുമോ? എന്ന വിചാരമാണ് അധ്യാപകര്‍ പങ്കുവച്ചത് എന്നറിയുന്നു.




അവധി ദിനങ്ങളില്‍ കുട്ടികളെ കാലവര്‍ഷക്കെടുതികള്‍ നേരിട്ടുകണ്ട് പഠിക്കാനനുവദിക്കുന്നതിനോടെത്ര പേര്‍ യോജിക്കും? വെള്ളം കെട്ടിയ റോഡുകളും പുരയിടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും അവര്‍ കാണണം. അവിടങ്ങളിലെ നിസ്സഹായമുഖങ്ങള്‍ കണ്ട് അവരില്‍ അനുകമ്പയുണ്ടാവണം, അവര്‍ക്ക് കൈത്താങ്ങ് ആവശ്യമുണ്ടെന്ന് മനസ്സിലാക്കണം. പിന്നീടാണ് പ്രധാന കാര്യം. വികാരങ്ങള്‍ വിചാരങ്ങള്‍ക്ക് വഴിമാറണം. തങ്ങളുള്‍പ്പടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കേവലം കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ (Climate Refugees) മാത്രമല്ല എന്നും, നമ്മുടെ തന്നെ വികലമായ, അശാസ്ത്രീയമായ ഭൂവിനിയോഗ-വികസന രീതികളാല്‍ക്കൂടി ആട്ടിത്തെളിച്ചെത്തിപ്പെട്ടവര്‍ തന്നെയെന്നും മനസ്സിലാക്കണം. പിന്നീടൊരിക്കലവര്‍ വീടും ചുറ്റുമതിലും റോഡും പാലവും ഡാമും പണിയുമ്പോള്‍ ഓര്‍ക്കണം, ക്യാമ്പുകളിലെ ആ മുഖങ്ങള്‍, ക്യാമ്പുകളിലെ കുറച്ചുകാലത്തെ ആ ജീവിതം. ഭൂമി കഷണം കഷണമായി വെട്ടിക്കീറാനും മലകള്‍ തുരക്കാനും ചതുപ്പും പാടവും തോടും നികത്താനും പിന്നീടവര്‍ ഒന്നു മടിക്കും. ഇനി ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍, അതിവര്‍ഷമുണ്ടായാല്‍, വെള്ളം ഒഴുക്കി വിടാനുള്ള ശാസ്ത്രീയമായ ഉപായങ്ങളെപ്പറ്റിയും സാങ്കേതിക വിദ്യകളെപ്പറ്റിയും ചിന്തിച്ചു തുടങ്ങിയേക്കും. ഇത് മുതിര്‍ന്നവരെ ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ നാളത്തെ പൗരന്മാരെ ഈ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്, പരിശീലിപ്പിക്കുന്നത്? പ്രത്യേകിച്ചൊരു പ്രയോജനവുമില്ലാത്ത മത-ജാതി ചിഹ്നങ്ങളും ആചാരങ്ങളുമൊക്കെ (Tattoos and Taboos) indoctrinate ചെയ്യാന്‍ മാത്രം മതിയോ മിടുക്ക്?  

അംഗന്‍വാടി-എല്‍.പി. സ്‌കൂളുകളിലെ പൊടിക്കുഞ്ഞുങ്ങളേയും കൊണ്ട് ദുരന്തമുഖത്തേക്ക് ടൂര്‍ പോകുന്ന കാര്യമല്ല പറയുന്നത്, അതപകടമാണ്. സംഗതി ഇത്തിരി ഗൗരവമുളളതാണ്. ഇതെങ്ങനെ ചെയ്യും? കോളേജ് വിദ്യാര്‍ത്ഥികള്‍ കൂടാതെ ഏതുപ്രായത്തിലുള്ള കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്താം എന്നൊക്കെ വിദഗ്ധര്‍ തീരുമാനിക്കട്ടെ. അണക്കെട്ടുകള്‍ തുറന്നു വിടുന്നതിനു മുന്‍പുള്ള സമയത്ത് ഇത് നടക്കുമായിരുന്നിരിക്കണം,  അത് കഴിഞ്ഞപ്പോള്‍ കാര്യം അതിഗൗരവമായല്ലോ. തങ്ങള്‍ കണ്ട ദുരന്തത്തിന്റെ ആഘാതം മാറ്റുവാന്‍ പല ഏജന്‍സികളും നടത്തുന്ന കൗണ്‍സലിംഗ് പരിപാടികളിലാണ് കുട്ടികള്‍ പലരുമിപ്പോള്‍, നന്ന്, അവരും സാധാരണ നിലയിലേക്ക് വരട്ടെ.

 


സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ, ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലപ്പത്ത് നമ്മുടെ ഒരാളുണ്ട്. ഇത്തരം വിഷയങ്ങളില്‍ അദ്ദേഹം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നത് എത്ര പേരിലേക്കെത്തുന്നുണ്ട്? ഈയിടുത്തയിടക്ക് അദ്ദേഹം ഉന്നയിച്ച ഒരു ചോദ്യം പ്രസക്തമാണ്. 'ഇടുക്കി അണക്കെട്ട് തുറന്നേക്കാം, ജനങ്ങള്‍ ജാഗ്രത പാലിക്കണം' എന്നു മാത്രം വാര്‍ത്ത കൊടുത്താല്‍ മതിയോ? ജാഗ്രത എങ്ങനെയൊക്കെ? മുന്‍കരുതലുകള്‍ എന്തൊക്കെ? എന്നു കൂടി വിശദീകരിക്കേണ്ടേ? ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഇപ്പറഞ്ഞ 'ജാഗ്രത'യുടെ അര്‍ത്ഥം അദ്ദേഹം നിഘണ്ടുവില്‍ പരതുക വരെ ചെയ്തത്രെ! അതെന്തായാലും പിന്നീടദ്ദേഹം മുന്‍കരുതലുകള്‍ എണ്ണമിട്ട് നിരത്തുന്നുണ്ട്, നന്ദി ഡോ. മുരളി തുമ്മാരുകുടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജിലും മുഖ്യമന്ത്രിയുടെ പേജിലും പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പിന്നീട് ലഭ്യമായി.




'മണ്‍സൂണ്‍ മഴ കൊണ്ടുള്ള പ്രയോജനങ്ങളെന്ത്?' എന്ന ചോദ്യത്തിന്, 'ഒന്നുരണ്ടാഴ്ചത്തെ അവധി തരപ്പെടും' എന്ന് ഭാവിയില്‍ കുട്ടികള്‍ ഉത്തരം പറഞ്ഞാലും അത്ഭുതപ്പെടാനില്ല. 'ഗാന്ധിജി നമുക്കെന്തു നേടിത്തന്നു?' എന്ന ചോദ്യത്തിന് 'മൂന്നു നാലവധികള്‍' എന്ന് തമാശിച്ചവരല്ലേ? ശാസ്ത്രവിഷയത്തില്‍ ഒരു എം.എസ്.സി പാസ്സായിട്ടും, 'കേരളത്തിലെ ശരാശരി മഴയെത്ര?' എന്ന വനഗവേഷണകേന്ദ്രത്തിലെ ഇന്റര്‍വ്യൂ ചോദ്യത്തിന് മുന്നില്‍ ചെറുതായൊന്ന് കുഴങ്ങിയതിന്റെ ജാള്യത ഇപ്പോഴും മാറിയിട്ടില്ലെനിക്ക്.




നമ്മുടെ കാലാവസ്ഥയെയും മഴയെയും മറ്റും കുട്ടികള്‍ നന്നെ ചെറുപ്പത്തിലേ മനസ്സിലാക്കട്ടെ. മഴയും അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവുമെല്ലാം  അളന്ന് രേഖപ്പെടുത്തി വക്കാന്‍ അവര്‍ പഠിക്കട്ടെ. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ജനുവരി-ഡിസംബര്‍ കലണ്ടര്‍ വിട്ട്, ഒരു കാലാവസ്ഥാ കലണ്ടറിനെയും അവരാശ്രയിച്ച് തുടങ്ങട്ടെ. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച്, വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ഇത്തരത്തിലുള്ള ഒരു പ്രോജക്ടും, പ്രാദേശിക Climate Risk Managers നെ പരിശീലിപ്പിച്ചെടുക്കുവാനുള്ള പദ്ധതിയും ഇവിടെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

മാതൃഭൂമിയുടെ സീഡ് പദ്ധതിയടക്കം മറ്റുപല മാതൃകകളുമുണ്ടാവാം, ഇവ സംസ്ഥാനമൊട്ടാകെ പടരട്ടെ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കാലാവസ്ഥയെഴുത്ത് പുതിയൊരധ്യായം തന്നെ. 'മണ്‍സൂണ്‍ മഴപ്പാത്തി, ന്യൂനമര്‍ദ്ദം, ന്യൂനമര്‍ദപാത്തി, ഓഖി, ഫൈലിന്‍, ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ട്' തുടങ്ങി എത്ര വാക്കുകളാണ് നമ്മുടെ നിത്യജീവിത നിഘണ്ടുവില്‍ ഇക്കാലത്ത് കയറിപ്പറ്റിയത്? 'മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍' തുടങ്ങി പിടിതരാത്ത ഒട്ടേറെ വാക്കുകള്‍ ഇനിയുമുണ്ട്.




ദുരന്തമുഖത്ത് സെല്‍ഫിയെടുക്കാന്‍ പോകുന്ന കൂട്ടരെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചല്ലോ. പിന്നെയൊരു ടീമുണ്ട്. വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലുമാണ് ഈ ദുരന്താവതാരങ്ങളുടെ അഴിഞ്ഞാട്ടം. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വത്തിനോടിടഞ്ഞു നിന്ന സര്‍ക്കാരിനും നാട്ടുകാര്‍ക്കും, 'പതിനെട്ടു മലയുടെ അധിപനായ' അയ്യപ്പന്‍ കൊടുത്ത ശിക്ഷയാണിതെന്ന് തള്ളി വിട്ടവര്‍; മനുഷ്യരിവിടെ പെരുവെള്ളത്തില്‍ നിന്നപ്പോള്‍, അലറിയൊഴുകുന്ന പുഴയും നീന്തി, കാടും മേടും താണ്ടി, അയ്യപ്പന് നെല്‍ക്കതിര്‍ എത്തിച്ച ചുണക്കുട്ടികള്‍ക്ക് കയ്യടിച്ചവര്‍; ഗോപസ്ത്രീകള്‍ പെരുമഴയത്ത് കൃഷ്ണനോട് പ്രാര്‍ത്ഥിച്ചതെന്ന് വ്യാഖ്യാനിക്കുന്ന ഭാഗവതകഥയിലെ ശ്ലോകവും ചൊല്ലി വീട്ടിലിരിയ്ക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടവര്‍; രക്ഷാപ്രവര്‍ത്തകരടക്കം ജാതി-മത ഭേദമന്യേ എല്ലാ ജനങ്ങളും വരുണഭഗവാനോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തവര്‍; ക്യാമ്പിലെ ദുരിതബാധിതര്‍ക്ക്  കൊടുത്ത ഭക്ഷണപ്പൊതികളില്‍ 'Jesus Loves You' എന്ന് സീലു വച്ചവര്‍; മഴയെയും ഇടിയെയും കാറ്റിനെയും കവച്ചു വയ്ക്കുന്ന സത്യവിശ്വാസികളുടെ പ്രാര്‍ത്ഥയനയെപ്പറ്റി വീമ്പു പറഞ്ഞവര്‍; പ്രകൃതി ആയ നാരായണനും പുരുഷന്‍ ആയ ശങ്കരനും ചേര്‍ന്ന 'താരകബ്രഹ്മം'(?) കലി തുള്ളിയതായി സ്വപ്നത്തില്‍ ദര്‍ശിച്ച് ഞെട്ടിയുണര്‍ന്നവര്‍ - അങ്ങനെയങ്ങനെ ചില തീരാദുരന്തങ്ങളും ഈ സാക്ഷരകേരളത്തിലുണ്ട്. സംസ്ഥാനം 'നമ്മുടെ സേന'യെന്ന് പ്രഖ്യാപിച്ച മത്സ്യത്തൊഴിലാളികള്‍ വള്ളത്തില്‍ രക്ഷക്കെത്തിയപ്പോള്‍ അയിത്തം കല്‍പ്പിച്ച്, വള്ളത്തില്‍ കയറാന്‍ വിസമ്മതിച്ച ചില 'ഉന്നത കുലജാതരും' ഉണ്ടായിരുന്നത്രെ, പുരപ്പൊറത്ത്!





ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ശാസ്ത്രത്തെയും ഒറ്റച്ചരടില്‍ കോര്‍ത്തുള്ള ഈ പട്ടം പറത്തിക്കളിക്ക് കടിഞ്ഞാണിടേണ്ടിയിരിക്കുന്നു. 'അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കുന്നതിനാല്‍ ചതയം നാളുകാര്‍ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം' എന്ന മട്ടിലുള്ള അപകട സൂചനകളും, നാട്ടില്‍ പുലിയിറങ്ങിയെന്നറിയിക്കുന്ന പള്ളി മണിയുമൊന്നുമല്ല നമുക്ക് വേണ്ടത് മറിച്ച്, വിരല്‍ത്തുമ്പില്‍ കിട്ടുന്ന ശാസ്ത്രബോധ്യങ്ങളാണ്. കൊടുങ്കാറ്റിനെയും ആര്‍ത്തലച്ചു വരുന്ന തിരമാലകളേയും ഊതിയും ഓതിയും ആട്ടിപ്പായിക്കുന്ന പുരോഹിതന്മാരുടെ ചിത്രം ഇനിയൊരിക്കലും സാക്ഷര, ശാസ്ത്രകേരളത്തെ നാണം കെടുത്തരുത്. 'Science, experience and planning is the collective strength of our State' എന്ന കേരള ദുരന്തനിവാരണ അതോറിറ്റിയുടെ അഭിപ്രായത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഇക്കാലത്ത്. 'ഇടുക്കി അണക്കെട്ട് വിഷയത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു' എന്ന അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ വന്ന 'God be our strength' എന്ന കമന്റിനു മറുപടിയായിട്ടായിരുന്നു ഇത്.





2018 ജൂലൈ 18, ബുധനാഴ്‌ച

ആണ്‍കുട്ടികളെ വളര്‍ത്തുന്ന അമ്മമാരേ......


വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്ന ചില നിര്‍ദ്ദോഷങ്ങളായ തമാശകളെപ്പറ്റി ചില ചിന്തകള്‍.


ഒരു സാമ്പിള്‍ തമാശയിതാ:
പത്രോസ് ചേട്ടൻ പുതിയ കാറു വാങ്ങി; ഹൈവേയിൽ പത്രാസിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുകയായിരുന്നു. സൈറൻ മുഴക്കി പോലീസ് ജീപ്പ് പിറകെയെത്തി. സ്പീഡു കൂട്ടിയിട്ടും ജീപ്പ് പിറകെ വന്നുകൊണ്ടിരുന്നു. പിന്നെ അയാളോർത്തു. എത്ര നേരം ഇങ്ങനെ ഓടും. വരുന്നത് വരട്ടെ പാതയുടെ അരികു ചേർത്ത് കാറ് നിർത്തി. പോലീസ് ഇൻസ്പെക്ടർ അരികിലെത്തി. ചോദ്യം ചെയ്യാൻ തുടങ്ങി.
അല്പം സരസനായിരുന്ന ഇൻസ്പെക്ടർ  പറഞ്ഞു  'ഓഫീസിൽ പോകാൻ ലേറ്റ് ആയി എന്ന് പറയരുത്... അമ്മായി അച്ഛൻ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്നും പറയരുത്......സാധാരണ കേൾക്കാത്ത ഏതെങ്കിലും കാരണം ഉണ്ടെങ്കിൽ പറഞ്ഞോളൂ. ചാർജ് ചെയ്യാതെ വിടാം".

പത്രോസ് ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് പറഞ്ഞു "സാർ എന്റെ ഭാര്യ ഒരു വർഷം മുമ്പ് ഒരു പോലീസ് ഇൻസ്പെക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി. ജീപ്പ് പിന്തുടർന്നു വരുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഭാര്യയെ തിരികെ ഏൽപ്പിക്കാനാണെന്ന് " ഇൻസ്പെക്റ്റർ  പൊട്ടിച്ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.
******************

ഇനി ചിന്തകള്‍ വരട്ടെ:
തമാശ ആസ്വദിച്ചോ? എന്നു ചോദിച്ചാൽ, ഇല്ല എന്നു ഖേദത്തോടെ തന്നെ പറയേണ്ടി വരും. ഇതിൽ ഒളിച്ചിരിക്കുന്ന സ്ത്രീവിരുദ്ധത തന്നെ കാരണം. ഒളിച്ചോടിപ്പോകുന്ന, പിന്നീട് 'തിരിച്ചേല്‍പ്പിക്ക'പ്പെടുന്ന (!)  ഭർത്താക്കന്മാരെപ്പറ്റി അധികം കേൾക്കാറില്ല കേട്ടോ.ഭാര്യ എന്നാൽ തന്റെ കീഴിൽ ജീവിക്കേണ്ടവളാണെന്നും, യൂസ്‌ ലസ് ആണെന്നും,  ചുമ്മാ അങ്ങ് ഒളിച്ചോടിപ്പോയേക്കുമെന്നും, തിരിച്ചുവരുന്നതിനെ പേടിക്കണമെന്നും ധ്വനിയുള്ള, വളരെ നിർദ്ദോഷമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്നതുമായ ഇത്തരം തമാശകൾ ഇതു വായിക്കുന്ന ആൺകുട്ടികളെ എങ്ങനെ സ്വാധീനിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

2018 ജൂലൈ 17, ചൊവ്വാഴ്ച

മഴ, മഴയോടു മഴ, ചില ചിന്താശകലങ്ങള്‍





മഴ ദുരിതം അനുഭവിക്കുന്നവരോടൊപ്പം തന്നെ ഞാനും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ടും. ഭീതി വേഗമൊഴിയട്ടെ, ജനജീവിതം സാധാരണ നിലയിലേക്ക് വേഗം വരട്ടെ.



പക്ഷെ ചിലത് കൂടി ചിന്തിക്കാനുണ്ട് ഇപ്പോള്‍. വീടുകളുടേയും തെരുവുകളുടേയും നഗരങ്ങളുടേയും ആസൂത്രണത്തിന്‍റെ കാര്യത്തില്‍. 
ചതുപ്പെന്നോ വയലെന്നോ വകതിരിവില്ലാതെ ഭൂമി വാങ്ങിക്കൂട്ടി, അതില്‍ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങി വല്യക്കാട്ടം ബംഗ്ലാവുകളും കെട്ടിടങ്ങളും പണിഞ്ഞ്, ചുറ്റും ആളുയരത്തില്‍ യമണ്ടന്‍ മതിലും നിവര്‍ത്തി, ഇത്തിരിപ്പോന്ന റോഡുകളുമുണ്ടാക്കി വെള്ളം അങ്ങുമിങ്ങും പോക്കാതെ ആക്കി വച്ചാല്‍, ഇതുപോലത്തെ മഴ വരുമ്പോള്‍ പൊരപ്പുറത്ത് കയറി കുത്തിരിയ്ക്കാം. പരിസ്ഥിതി ബോധവും വകതിരിവും ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ജന്തു ഭൂമുഖത്തുണ്ടെങ്കില്‍ അതിന്‍റെ പേരാണോ മനുഷ്യന്‍? 

2018 ജൂലൈ 5, വ്യാഴാഴ്‌ച

2018 മേയ് 22, ചൊവ്വാഴ്ച

ശാസ്ത്രത്തിന്‍റെ കാര്യം കട്ടപ്പൊക

മാതൃഭൂമി കൊച്ചി പ്രിന്‍റ് എഡിഷന്‍ വാര്‍ത്തകള്‍

മെയ്‌ 21, 2018

ഒന്നാം പേജ്, ഒറ്റക്കോളം വാര്‍ത്ത:
ഉപരാഷ്ട്രപതി ഇന്ന് കാലടിയിലും ഗുരുവായൂരിലും: അദ്ദേഹം ആദ്യം പങ്കെടുക്കുന്നത് ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ യെങ് സയന്റിസ്റ്റ് അവാര്‍ഡ്‌ ദാന ചടങ്ങിലാണ്. പിന്നീട് ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അതും കഴിഞ്ഞ് ഹെലികോപ്റ്റര്‍ വഴി ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനം. 

മെയ്‌ 22, 2018

ഉപരാഷ്ട്രപതി സ്പെഷ്യല്‍ സചിത്ര വാര്‍ത്തകള്‍, അഞ്ചാം പേജ് :

ഊഷ്മള സ്വീകരണം, യാത്രയയപ്പും

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം
അഷ്ടപതിയാട്ടത്തിന്‍റെ ഉല്‍ഘാടനം
ആദിശങ്കര ജന്മഭൂമി ക്ഷേത്രദര്‍ശനം

ഇതിനിടയില്‍ യെങ് സയന്റിസ്റ്റ് അവാര്‍ഡ്‌ ദാന ചടങ്ങിലെ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങളും:


"
വീട്ടില്‍ നിറയേണ്ടത് മാതൃഭാഷയും പരമ്പരാഗത സംസ്കാരവും"

"മാതൃഭാഷക്കു പുറമേ മാതാപിതാക്കള്‍, ജന്മദേശം, മാതൃരാജ്യം, ഗുരു എന്നിവരെ പരിഗണിക്കാന്‍ കുട്ടികള്‍ മറക്കരുത്"
"ഐടിയും ഗൂഗിളും അനിവാര്യമാണെങ്കിലും ഗൂഗിള്‍ ഗുരുവിനു തുല്യമാവില്ല"
"ലോകത്തിനു പോലും മാതൃകയായ വ്യക്തിത്വമാണ് ശങ്കാരാചാര്യരുടെത് "
"ജീവാത്മാവും പരമാത്മാവും ഒന്നാണ്"


വാര്‍ത്തകള്‍ വായിച്ച ഉടനെയുള്ള ചിന്ത: യെങ് സയന്റിസ്റ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു കൊണ്ട് ശാസ്ത്രത്തെപ്പറ്റിയോ ശാസ്ത്ര വിദ്യാഭ്യാസത്തെപ്പറ്റിയോ അദ്ദേഹം ഒന്നും പറഞ്ഞില്ലേ? ചിലപ്പോള്‍ പറഞ്ഞു കാണും, പത്രം കേള്‍ക്കാത്തതായിരിക്കാം. അതോ കേട്ടിട്ടും എഴുതാത്തതോ?



(
പരസ്യപ്പേജിലാകട്ടെ, പതിവു തെറ്റിക്കാതെ 'എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം' തരുന്ന ജ്യോതിഷ കേസരികളുടെ കസര്‍ത്തുണ്ട് കേട്ടോ).  


ഇന്നാട്ടില്‍ ശാസ്ത്രത്തിന്‍റെ കാര്യം കട്ടപ്പൊക തന്നെ!


നല്ലതും പറയണമല്ലോ, ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പുരസ്കാര വിതരണത്തിന്റെയും പ്രസംഗത്തിന്‍റെയും ഫോട്ടോകള്‍ ഉണ്ട്. മലയാള മനോരമയാകട്ടെ 'ആദിശങ്കരന്‍റെ ജന്മഭൂമിയില്‍ ഉപരാഷ്ട്രപതിക്ക് വരവേല്‍പ്പ് ', എന്ന സചിത്ര വാര്‍ത്തയോടൊപ്പം "ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ജീവിതമൂല്യം വര്‍ധിപ്പിക്കണം" എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  

 

ഞാന്‍ സ്ഥിരമായി വായിക്കുന്നത് കൊണ്ട് മാത്രം 'മാതൃഭൂമി' യെ വിശദമായി ഉദ്ധരിക്കുന്നു, മനോരമയിലേക്കും ഒന്ന് ചരിഞ്ഞു നോക്കി എന്ന് മാത്രം. മറ്റുള്ള പല പത്രങ്ങളും നോക്കിയിട്ടില്ല.