ഈയിടെ ഒരു പ്രമുഖ ദിനപ്പത്രത്തിന്‍റെ ഒരു പേജ് (ഒക്ടോബര്‍ 11)വായിച്ചു കഴിഞ്ഞതിനു ശേഷം ഞാന്‍ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു. നാല് സചിത്ര വാര്‍ത്തകളടക്കം താഴെ കൊടുത്തിരിക്കുന്ന എട്ട് പ്രധാന വാര്‍ത്തകളാണ് ആ പേജില്‍ ഉണ്ടായിരുന്നത്.
1. യുവതി കുത്തേറ്റ് മരിച്ചു: യുവാവ് തൂങ്ങിമരിച്ച നിലയില്‍
2. യുവതിയെ കഴുത്തറുത്തു കൊന്ന കേസ്: യുവാവ് അറസ്റ്റില്‍
3. പറവൂര്‍ കേസില്‍ ഡോ. ഹാരി അറസ്റ്റില്‍
4. വരാപ്പുഴ പെണ്‍വാണിഭം- റിട്ട. ബാങ്ക് മാനേജരും ഭാര്യയും പിടിയിലായേക്കും
5. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍
6. പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍
7. സംന്യാസാര്‍ഥിനി മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍
8. മിനി മുത്തൂറ്റിലെ കവര്‍ച്ച: മുഖ്യപ്രതി ഉള്‍പ്പടെ മൂന്ന് പേര്‍ കീഴടങ്ങി
വാര്‍ത്തകളില്‍, അറിഞ്ഞോ അറിയാതെയോ പത്രാധിപര്‍ നടത്തിയ ഒരു തരംതിരിക്കല്‍ ആയിരുന്നു എന്നെ അലട്ടിയ ചിന്ത. ലോകവാര്‍ത്തകള്‍, നഗരവാര്‍ത്തകള്‍, നാട്ടുവര്‍ത്തമാനം, സ്പോര്‍ട്സ്, ചരമം എന്നിവ പോലെ കൊലപാതക/പീഡന/വാണിഭ വാര്‍ത്തകള്‍ക്ക് പ്രത്യേക ഒരു പേജ്!
പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭ സംഭവങ്ങള്‍, വടക്കാഞ്ചേരിയില്‍ പത്തു വയസ്സുകാരിക്കേറ്റ അപമാനം എന്നിവ വാര്‍ത്താപ്രാധാന്യമേറെയുള്ളത് തന്നെ. മിക്ക കൊലപാതക വാര്‍ത്തകളിലാവട്ടെ, പ്രണയകലഹം തന്നെ പ്രാഥമിക നിഗമനം. മിനി മുത്തൂറ്റിലെ കവര്‍ച്ച മാത്രമാണ് കൂട്ടത്തില്‍ ചേരാത്തത്.
ആദ്യമായി ഇങ്ങനെയൊരു തരംതിരിക്കല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മനസമാധാനം നഷ്ടപ്പെട്ടു. പക്ഷെ ഏതു രീതിയില്‍ അതിനെ വ്യാഖ്യാനിച്ച് സമനില വീണ്ടെടുക്കണമെന്ന് ഒരു എത്തും പിടിയും കിട്ടിയിരുന്നുമില്ല.
പിന്നീടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ട്രൂ കോപ്പി' യില്‍ കെ. സി. സുബി എഴുതിയ 'രഘുവിനു മുന്നില്‍ തല കുനിക്കാത്തതെന്താ?' എന്ന കുറിപ്പ് വായിച്ചത്. 'സമാധാനമായി', എനിക്കുണ്ടായ അതേ മനസമാധാനക്കേട് തന്നെ, പക്ഷെ, കൃത്യമായ വ്യാഖ്യാനവുമുണ്ട്.
പൊതുമനസ്സിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള ദിനപ്പത്രങ്ങള്‍ രഘുവിനെ പോക്കറ്റടിക്കാരനായി വിധിയെഴുതി എന്നാണ് അതിലെ നിഗമനം.
വീണ്ടും വീണ്ടും ആലോചിക്കുമ്പോള്‍ ദിനപ്പത്രങ്ങളുടെ/മാധ്യമങ്ങളുടെ ഈ അമിത സ്വാധീനത്തെപ്പറ്റി ഭയമാകുന്നുണ്ട്.
മലയാളികള്‍ ഏറ്റം ആവേശത്തോടെ കൊണ്ടാടുന്ന 'ആഘോഷ ചേരുവകള്‍' (കൊലപാതകം/പ്രണയകലഹം/സ്ത്രീ ശരീരം/ലൈംഗികത) ഉള്ള വാര്‍ത്തകള്‍ക്ക് പ്രത്യേക പേജിലുപരി പ്രത്യേക പതിപ്പ് തന്നെ വന്നേക്കുമോ?
24.10.2011
(ഇപ്പോഴും ലോകവാര്‍ത്തകള്‍ എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത് ദിനപ്പത്രമാണ്, അതിടുന്നാതാവട്ടെ, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയും).