2012, ഫെബ്രുവരി 26, ഞായറാഴ്‌ച

എന്‍റെ ഹൃദയ മലര്‍വാടിയിലെ വസന്തപുഷ്പമേ...

2012 ഫെബ്രുവരി 14, വാലന്‍റെയിന്‍സ് ഡേ.

പത്രം തുറന്നു നോക്കിയ എന്‍റെ നോട്ടം പതിഞ്ഞത് പ്രണയദിന പ്രത്യേകപേജിലാണ്. ഭൂമിയിലങ്ങോളം ഒളിഞ്ഞും തെളിഞ്ഞുമിരുന്നു കൊണ്ട് കമിതാക്കള്‍ കവിതകളും സന്ദേശങ്ങളും കൊണ്ട് അതിവിദഗ്ദ്ധമായി മെനഞ്ഞെടുത്ത പൈങ്കിളി പേജ്.

പിറന്നാള്‍, വിദ്യാരംഭം, വിവാഹം, മരണം, ഓണം വിഷു ക്രിസ്തുമസ്, പുതുവര്‍ഷം, മദേര്‍സ് ഡേ, ഫാദേര്‍സ് ഡേ എന്നിങ്ങനെ എല്ലാ ദിവസങ്ങളും കച്ചവട കണ്ണോടെ മാധ്യമങ്ങള്‍ ആഘോഷിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇപ്പറഞ്ഞ എല്ലാ ദിനങ്ങളിലും നമുക്ക്‌ പത്രങ്ങളിലൂടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.

അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന കിങ്ങിണിക്ക് കുഞ്ഞേച്ചിയുടെ ഉമ്മകളും ആശംസകളും” എന്ന് ഇതേ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു ഞാന്‍. കുഞ്ഞേച്ചിക്ക് ഇതങ്ങു നേരിട്ട് പറഞ്ഞാല്‍ പോരേ? പോര, ചിലപ്പോള്‍ കുഞ്ഞേച്ചി ഗള്‍ഫില്‍ ആയിരിക്കും, കിങ്ങിണി നാട്ടിലും. എന്നാല്‍ ഫോണ്‍ ചെയ്താല്‍ മതിയല്ലോ, പക്ഷെ അങ്ങനെ ചെയ്താല്‍ നാലു പേര്‍ അറിയില്ലല്ലോ!

“ദേ തള്ളേ, എന്‍റെ കൈക്ക് പണി ഉണ്ടാക്കല്ലേ, പറഞ്ഞില്ലെന്നു വേണ്ട” എന്ന് പറയുന്നവന്‍ വരെ മദേര്‍സ് ഡേയില്‍ അമ്മയെ പത്രത്താളുകളിലൂടെ ആശംസിച്ച്, സ്നേഹിച്ചു കൊല്ലും.

“അക്ഷയജട്ടീയ” എന്ന പേരില്‍ ഒരു ബ്ലോഗ്‌ വായിച്ചത് ഓര്‍ക്കുന്നു. അക്ഷയതൃതീയ എന്ന പേരില്‍ സ്വര്‍ണാഭരണ വിപണിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയ്ക്കു നല്ലൊരു തല്ലാണ് ബ്ലോഗ്ഗര്‍ ‘അക്ഷയജട്ടീയ’യിലൂടെ നല്കുന്നത് (കേരളത്തില്‍ ഇന്ന് തേങ്ങയെക്കാളും കൂടുതല്‍ ഉള്ളത് സ്വര്‍ണ്ണക്കടകള്‍ അല്ലേ എന്നൊരു സംശയം ഇല്ലാതില്ല, ഭൂവിനിയോഗത്തെ (land use) പറ്റി പഠിക്കുമ്പോള്‍ land fragmentation എന്നൊരു സംഭവമുണ്ട്. കുടുംബസ്വത്തായുള്ള സ്ഥലം തലമുറകളിലേക്ക് കൈമാറി വരുമ്പോള്‍, ഭാഗം കൂടിക്കൂടി മുറിഞ്ഞു മുറിഞ്ഞു പോകുന്ന സ്ഥിതിവിശേഷമാണിത്. ഇങ്ങനെ തന്നെയാണ് സ്വര്‍ണ്ണക്കടകളുടെ സ്ഥിതിയും. ഏട്ടനും അനിയനും മോനും മോള്‍ക്കും പ്രത്യേകം കടകള്‍, ഓരോരുത്തര്‍ക്കും 100 വര്‍ഷങ്ങളുടെ ‘പ്രവര്‍ത്തനപാരമ്പര്യവും’!)

ഇപ്പോള്‍ പട്ടും സാരിയും വാങ്ങാനുമുണ്ട് പ്രത്യേക ദിവസങ്ങള്‍.
പറഞ്ഞു വന്നതിതാണ്, വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസങ്ങളും ഓരോരുത്തരും കൂടി പങ്കിട്ടെടുത്ത് എല്ലാവരും കൂടി അങ്ങ് അര്‍മാദിക്കുകയാണ്.

നമ്മുക്ക് നമ്മുടെ പൈങ്കിളി പേജിലേക്ക് തിരിച്ചു വരാം..

കുവലയ മൃദുദല മിഴിയിണയും ഉദയദിവാകര വര്‍ണകപോലവും
പേജ് അടക്കി വാഴുകയാണ്.

വേറൊരു കമിതാവ്‌ കരയുന്നത് കേള്‍ക്കൂ....

സ്വാര്‍ത്ഥ സം ‘ഗു’ ചിത മനോഭാവമേ, നിന്നെ പതിവ്രതയെന്നെ ഞാന്‍ വിളിക്കൂ, മരിക്കാന്‍ ഒരുക്കം നിനക്ക് വേണ്ടി ഞാന്‍ എന്‍ പ്രേമം തെറ്റെന്ന് ചൊല്ലല്ലേ കണ്മണീ.........

ഇതിനിടയില്‍ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു,

“നില്‍ക്കൂ ശ്രദ്ധിക്കൂ, പിന്നെ പ്രണയിക്കാം” എന്നാണ് തലക്കെട്ട്

പ്രണയിക്കുന്നതിനു മുന്‍പേ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി വണ്ണം, ആകര്‍ഷണത്വം, മെലിച്ചില്‍, അസ്ഥിസ്രാവം എന്നിവയെ ചൂണ്ടിക്കാട്ടി ശരീരം കൊഴുക്കാനും ആഹ്ലാദപൂര്‍വ്വം ജീവിക്കാനുമായി ഉള്ള strength plus എന്ന മരുന്നിന്‍റെ (?) പരസ്യമാണ്. ഇതിനു സ്ഥാനം പൈങ്കിളി പേജില്‍ അല്ലാതെ വേറെയെവിടെ?

ഇതിനിടയില്‍ പ്രായഭേദമെന്യേ എല്ലാ മലയാളി മങ്കമാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്ന വിരുതന്മാരുമുണ്ട് (what an idea setji)!

ദോഷം പറയരുതല്ലോ, മനസ്സിനെ പിടിച്ചുലക്കുന്ന ചില കുറിപ്പുകളും കൂട്ടത്തിലുണ്ട്, ഈ നിര്‍വ്വചനം തന്നെ നോക്കൂ...

ആകര്‍ഷണത്തിന്‍റെ പുതുമ കഴിഞ്ഞ് പരസ്പരം കുറ്റപ്പെടുത്താന്‍ ആരംഭിക്കുമ്പോഴും സ്വന്തമെന്ന് തോന്നുന്നുവെങ്കില്‍ അതാണ് പ്രണയം

ബോധവും വെളിവും ഇല്ലാത്ത കാലത്ത് (ഇപ്പോള്‍ ഈ വഹകള്‍ ഉണ്ടെന്ന് ഭാവിക്കുന്നു) സ്കൂള്‍- കോളേജ് ഓട്ടോഗ്രാഫുകളില്‍ എഴുതി പിടിപ്പിച്ച പൊട്ടത്തരങ്ങള്‍ ഓര്‍മ്മ വരുന്നു, ഇതാ ഒരു സാമ്പിള്‍:

കയ്യിലൊരു കുട്ടിയുമായി കെട്ടിയോന്‍റെ കൂടെ കൊട്ടിയത്ത് വച്ച് കാണുമ്പോള്‍, കെട്ടിപ്പിടിച്ചില്ലെങ്കിലും കൊട്ടത്തേങ്ങയാക്കി പൊട്ടിക്കരയിക്കല്ലേ കെട്ടുപ്രായമായ കുട്ടീ.... നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് നിന്‍റെ മാത്രമായ കുട്ടപ്പായി

(ഇപ്പോഴും ലോകവാര്‍ത്തകള്‍ എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത് ദിനപ്പത്രമാണ്, അതിടുന്നാതാവട്ടെ, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയും).

ഫെബ്രുവരി 26, ഞായര്‍, 2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ