2018, നവംബർ 30, വെള്ളിയാഴ്‌ച

വൈക്കത്തഷ്ടമി

ഐതിഹ്യങ്ങൾ ഒരുപാട് കിട്ടി, വാസപ്പിൽ.

കഥകൾ കുറേ കേട്ടപ്പോൾ ചില ചരിത്രങ്ങളും ഓർമ്മിപ്പിക്കേണ്ടതുണ്ടെന്ന് തോന്നി.

ആമചാടി തേവനെ അറിയുമോ നിങ്ങൾക്ക്?
സമൂഹത്തിലെ ചില 'ഉന്നത'രായ അക്രമികൾ ചേർന്ന് പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കിയ തേവൻ?

ഗാന്ധിജിയെ പുറത്തിരുത്തി, അകത്തുനിന്നും സന്ധിസംഭാഷണത്തിന് മുതിർന്ന ഇണ്ടംതുരുത്തിക്കാരണവരെ അറിയുമോ?

ജാതിവെറിയുടെ, തൊട്ടുകൂടായ്മയുടെ ഇരുട്ടിലേക്ക് ഇത്തിരിച്ചൂട്ടെറിഞ്ഞ ഒരു സത്യഗ്രഹ പരീക്ഷണം വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. കേരള നവോത്ഥാന ചരിത്രത്തിലെ ശക്തമായൊരേട്. വൈക്കത്തെ പൊതുവഴികളിലൂടെ നടക്കാൻ മനുഷ്യരായ 'ചിലരെ' സമ്മതിക്കാത്ത മനുഷ്യരായ മറ്റു 'ചിലർ'ക്കെതിരെ, 600 ദിവസങ്ങളിലധികം നടത്തിയ പോരാട്ടം. Wikipedia യിൽ വിവരങ്ങളുണ്ട്.

നാരായണനും അയ്യങ്കാളിയും സഹോദരനും കേളപ്പനുമൊക്കെ കൊണ്ടുവിട്ടിടത്തു നിന്നും പിന്നോട്ട് നാമജപയാത്ര നടത്തുന്ന ഇക്കാലത്ത് ഇതൊക്കെ ഒന്നോർക്കുന്നത് നല്ലതാണ്.


#stand for spirit of inquiry, history and reform

2018, നവംബർ 27, ചൊവ്വാഴ്ച

ദൈവജീവിതം

നവംബർ 18 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ, കെ.രാജേഷ് കുമാറെഴുതിയ 'ദൈവങ്ങളുടെ ജീവിതം' എന്ന ലേഖനത്തിന് സാമാന്യബുദ്ധിയിൽത്തോന്നിയ ഒരു പ്രതികരണമാണിത്. വളരെ നിരുപദ്രവകരം എന്നു തന്നെ കണക്കാക്കി മുന്നോട്ടു വക്കുന്ന ഈ ചെറുകുറിപ്പിന്റെ പേരിലുള്ള മുഴുവൻ ഉത്തരവാദിത്തവും എനിക്കു തന്നെയായിരിക്കും എന്നു കൂടി വിനയത്തോടെ അറിയിക്കട്ടെ.

രണ്ട് തെയ്യം കലാകാരന്മാരുടെ ദൈവജീവിതങ്ങൾ ഹൃദയഹാരിയായി വരച്ച ലേഖകനോടും ലേഖനത്തിലെ ദൈവങ്ങളുടെ പ്രതിരൂപങ്ങളായ മനുഷ്യരോടും നിറഞ്ഞ സ്നേഹവും ബഹുമാനവും മാത്രം.

ഭൂമിയിലെ മഹാവ്യാധികൾ ഒഴിപ്പിക്കാനും ഭക്തരെ സങ്കടക്കടലിൽ നിന്ന് കൈപിടിച്ചു കയറ്റുവാനും കഴിവുള്ള മൂർത്തികളായി ഒരായുഷ്ക്കാലം ചങ്കുപൊട്ടി ആടിയ ഇവരുടെ അന്നത്തെയും ഇന്നത്തെയും ജീവിതസ്ഥിതി ദയനീയം തന്നെ. ഒരാൾ ഒറ്റക്കാലിലും മറ്റേയാൾ തീ നൽകിയ വടുക്കളുമായും ജീവിക്കുന്നു. ഇവർക്ക് ജീവിതം കണ്ണീരുപ്പു വീണ കിണ്ണത്തിലെ കഞ്ഞി മാത്രമെന്ന് ലേഖകന്റെ സാക്ഷ്യം. അവശകലാകാരന്മാർക്കുള്ള പെൻഷൻ, വികലാംഗ പെൻഷൻ, നാടൻ കലാഅക്കാദമിയുടെയും ചില സുമനസ്സുകളുടേയും സഹായം, ആധാരം പണയം വയ്പ് തുടങ്ങിയ പരിമിത സാഹചര്യങ്ങളുമായി 'ദൈവങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ തുടരുന്നു' എന്ന ദയനീയതയിലവസാനിക്കുന്നു ലേഖനം.

(എന്റെ മാത്രം?) കണ്ണിൽക്കുത്തിയ ചോദ്യങ്ങളിതാണ്. ഇവരുടെ സങ്കടം ലേഖനത്തിൽ സൂചിപ്പിക്കപ്പെട്ട ഇവരുടെ തന്നെ ദൈവങ്ങൾ കേൾക്കാത്തതെന്തേ? ഇവർ 'വേദനയകറ്റിയ' ഭൂരിപക്ഷം പേരും ഇപ്പോളിവരെ തിരിഞ്ഞു നോക്കാത്തതെന്തേ? വേറെയേതെങ്കിലും മെച്ചപ്പെട്ട ഉപജീവനമാർഗ്ഗങ്ങൾ ഇവർക്കുണ്ടായിരുന്നെങ്കിൽ ഇവരുടെ ജീവിതം ഈയവസ്ഥയിൽ നമുക്ക് വായിക്കേണ്ടി വരുമായിരുന്നോ? അതിതീവ്രമായ ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്നും ഇവരെ കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത് ദൈവസങ്കൽപ്പങ്ങളല്ലല്ലോ, മറിച്ച് വൈദ്യശാസ്ത്രമല്ലേ?

ദൈവങ്ങളെ മനസ്സിലും വീട്ടിലും കുടിയിരുത്തുകയും, ആഴ്ചയിലൊന്നോ മാസത്തിലൊന്നോ ആരാധനാലയങ്ങളിൽച്ചെന്ന് കാണിക്കയിടുകയും ചെയ്തുപോരുന്ന, സാധാരണക്കാരല്ല ഇവരെന്നു കൂടി ഓർക്കണം. നാടൻ കലാഅക്കാദമിയുടെ വേദികളിൽ തെയ്യം എന്ന കല അവതരിപ്പിച്ചു പോന്ന വെറും കലാകാരന്മാരുമല്ല. പകരം, പലരുടേയും മഹാസങ്കടങ്ങൾ കാലങ്ങളോളം കോലംകെട്ടിയും കനലിൽച്ചവിട്ടിയും 'നീക്കിയ' മൂർത്തീ- പ്രതിപുരുഷന്മാരാണിവർ.

പരിഹസിക്കുവാനോ, വ്രണപ്പെടുത്താനോ അല്ല; പെട്ടെന്ന് ചില അനുമാനങ്ങളിലെത്താനും ഉദ്ദേശ്യമില്ല, നിശബ്ദമായ ചിന്തകൾക്ക് വിടുന്നു.

ആയിരക്കണക്കിനു വരുന്ന തെയ്യം കലാകാരന്മാരുടെ ഇടയിൽ നിന്നും രണ്ടു പേരുടെ കഥ മാത്രം അടർത്തിയെടുത്ത്, statistically significant അല്ലാത്ത ന്യായ വൈകല്യം ഉന്നയിക്കുകയല്ല, സാമാന്യയുക്തിയോടെ ചിന്തിക്കുകയാണ്.

ലേഖനത്തിലെത്തന്നെ ചില വാചകങ്ങൾ കടമെടുത്തു പറയട്ടെ, ഇങ്ങനെ, ഒരുകാലത്ത് ദൈവമായി കെട്ടിയാടിയും കനൽ തെറുപ്പിച്ചും തൂക്കച്ചാടിൽ ദേഹം കോർത്തും ദേഹം മുഴുവൻ ശൂലത്തിൽക്കോർത്തും ആരാധ്യരായ ചില (പല) മനുഷ്യർ ജീവിതത്തിന്റെ ചിറകറ്റ് നമുക്കിടയിലുണ്ട്. പലപ്പോഴും നമുക്ക് സൗകര്യമുള്ളപ്പോളേ ഈ വേദനകൾക്ക് നാം ചെവിയോർക്കൂ.

രണ്ട് വെളിച്ചപ്പാടന്മാരേയും ഇവിടെ ഓർക്കുന്നു. ഒന്ന്, ആയുഷ്കാലം സേവിച്ചിട്ടും തന്നെയും തന്റെ കുടുംബത്തെയും മറന്ന ദേവിയെ നീട്ടിത്തുപ്പിയ ആൾ (എം.ടി.യുടെ നിർമ്മാല്യം എന്ന സിനിമ); രണ്ട്, "കണ്ണു മിഴിച്ചീലെന്നുടെ നേരേ ..... ച്ചി" എന്നു പാടിയ ആൾ (അക്കിത്തത്തിന്റെ കവിത 'കുട്ടപ്പനെന്ന കോമരം').

https://www.mathrubhumi.com/amp/spirituality/feature/life-of-teyyam-perfomer-1.3323373




2018, നവംബർ 17, ശനിയാഴ്‌ച

Bold and Beautiful

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ഒക്ടോബര്‍ 28-നവംബര്‍ 3 (96:33) ലക്കത്തില്‍, ദിനു റിമ കല്ലിങ്കലുമായി നടത്തിയ ദീര്‍ഘസംഭാഷണം വായിച്ചപ്പോള്‍ ഒരാസ്വാദനക്കുറിപ്പ്‌ വേണമെന്ന് തോന്നി. നന്നായ് ഗുണം ചെയ്തു, ഈ വായന, ചില (പല) കാര്യങ്ങള്‍ ഒന്നുകൂടി മനസ്സിലുറപ്പിക്കാൻ. 

'വളരെപ്പെട്ടെന്ന് replace ചെയ്യാവുന്ന മലയാള സിനിമാനായികമാരെ'പ്പറ്റിയും, സിനിമ എന്ന power field ലെ സ്വാതന്ത്ര്യസമരപ്രഖ്യാപനത്തെപ്പറ്റിയും ഈ സംഭാഷണത്തില്‍ വളരെ കാര്യമാത്രപ്രസക്തമായി വിശദീകരിക്കുന്നു, റിമ.

നമ്മള്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഒരു minimum level of sensibility വേണമെന്ന് ആഗ്രഹിക്കുന്ന റിമയോട് ചേര്‍ന്ന് നിന്ന് പറയട്ടെ, ഈ കുറിപ്പ് വായിക്കുന്നവരിലും അത് തന്നെ പ്രതീക്ഷിക്കുന്നു (ആരെങ്കിലും വായിക്കുമോ എന്നുള്ളത് രണ്ടാമത്തെ കാര്യം!).

സിനിമയിലെ പുരുഷാധിപത്യത്തെപ്പറ്റി സ്ത്രീകള്‍ സംസാരിച്ചാല്‍, സൂപ്പര്‍താരങ്ങളുടെ ഫാന്‍സുകാര്‍ ആക്രമണം അഴിച്ചു വിടുന്നതിനെപ്പറ്റിയുള്ള അവരുടെ അഭിപ്രായം വളരെ പ്രസക്തമായിത്തോന്നി. "സ്ത്രീകള്‍ നീതിയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, അത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സ്ത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം വരും. അവരുടെ തുല്യനീതി, സ്വാതന്ത്ര്യം ഇവയെല്ലാം സമ്മതിച്ചു കൊടുക്കേണ്ടിയും വരും!"

Slut walk എന്ന ഗ്രൂപ്പിനെ സൂചിപ്പിച്ചുകൊണ്ടവര്‍ പറയുന്നു, 'it is ok to be called as a feminichi' എന്ന്. 

കേരള സമൂഹത്തിന്‍റെ ഒരു മൈക്രോകോസമായ ആയ സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു പെണ്ണിടം വേണമെന്ന ആശയത്തില്‍ നിന്നുമുയര്‍ന്ന Women in Cinema Collective -WCCക്ക് എതിരെ, FEFKA വേറൊരു സംഘടനയുമായി വന്നാലും അതിനെ സ്വീകരിക്കണമെന്ന നിലപാടാണവര്‍ എടുക്കുന്നത്. WCC യില്‍ ആളെക്കൂട്ടി ഒരു power game ആക്കി മാറ്റാനാഗ്രഹമില്ല എന്നത് കൂടി പറയുമ്പോള്‍ കാര്യം, വ്യക്തം, മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം. 

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ നടന്മാര്‍ക്ക് അവരുടെ പ്രായത്തിന്‍റെ പകുതിയോ, അതില്‍ കുറവോ പ്രായമുള്ള നായികമാരെ cast ചെയ്യുകയാണ് പൊതുരീതി. അതേ സമയം മുപ്പതുകാരിയായ നടിക്ക് ഇരുപതുകാരന്‍ നായകനെന്ന് ചിന്തിക്കുന്നത് തന്നെ ഇന്‍ഡസ്ട്രിയില്‍ വലിയ പാതകമത്രെ. 

സ്റ്റീല്‍ ഗ്ലാസ്, ചില്ലു ഗ്ലാസ്, കൊണ്ടു പൊതിഞ്ഞ ചില്ലു ഗ്ലാസ് എന്നീ വിവേചനങ്ങളെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌, റിമ പറഞ്ഞപ്പോളാണ്. 

Bold and beautiful ഇന്നയാള്‍; മറ്റേ ചന്ദനക്കുറി, പട്ടുപാവാട നാടന്‍ ഇന്നയാള്‍; വേലക്കാരി ഇന്നയാള്‍ എന്ന രീതിയില്‍ നടിമാര്‍ നായകന്മാര്‍ക്ക് വേണ്ടി cast ചെയ്യപ്പെടുന്ന ദുരന്തവും അവര്‍ വിവരിക്കുന്നു.

കല്ല്യാണം കഴിയുന്നതോടെ അതുവരെ’പൊതുസ്വത്തായ’ ഒന്ന് ‘സ്വകാര്യസ്വത്തായി’ മാറുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍, ഒരു പ്രമുഖ നടിയെപ്പറ്റി പണ്ട് വായിച്ചൊരു അശ്ലീല തമാശ ഓര്‍മ്മ വന്നു.

Bold and beautiful ആയ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കരാട്ടെ പഠിപ്പിച്ചാല്‍ മതിയെന്ന ശാക്തീകരണവാദികളുടെ തീരുമാനത്തിന്‍റെ നിരര്‍ത്ഥകതയും അവര്‍ സൂചിപ്പിക്കുന്നു.

Constitutional morality യില്‍ ഊന്നിയ കോടതിവിധികള്‍ പുറത്തുവരുന്ന കാലഘട്ടത്തില്‍; 377, 497എന്നീ വകുപ്പുകള്‍ റദ്ദ് ചെയ്ത കാലഘട്ടത്തില്‍; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ റിമയോടൊപ്പം ഞാനും അഭിമാനിക്കുന്നു.


അഭിവാദ്യങ്ങള്‍ റിമ, ലിംഗനീതിക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിന്, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതിന്. 


നന്ദി റിമ, സിനിമ എന്ന മൈക്രോകോസത്തില്‍ നിന്നു കൊണ്ട് സമൂഹം എന്ന മാക്രോകോസത്തിലേക്ക് തൊടുത്തു വിടുന്ന മൂര്‍ച്ചയേറിയ ശരങ്ങള്‍ക്ക്.

എല്ലാവരും വായിക്കണം, ഈ സംഭാഷണം.



2018, നവംബർ 9, വെള്ളിയാഴ്‌ച

ഇരുട്ട്, വെളിച്ചവും


















മുറിയിൽ ഇരുട്ട് നിറച്ചിരിക്കുകയാണ്, ആരൊക്കെയോ ചേർന്ന്.

വെളിച്ചം കടന്നു വരാനുള്ള നേർവിടവുകൾ എണ്ണത്തിലും വണ്ണത്തിലും കൂടുന്നുണ്ട് എന്നത് പ്രതീക്ഷക്ക് വക നൽകുന്നു.

ഇരുട്ടിന്റെ സന്തതികളെ പെറ്റു പോറ്റിക്കൊണ്ടിരിക്കുന്നവർ കാണട്ടെ, അരിച്ചരിച്ചെത്തുന്ന വെളിച്ചം.
#we d people

2018, നവംബർ 2, വെള്ളിയാഴ്‌ച

ഇതിഹാസ ഭൂമിയിൽ


"കൂമന്‍കാവില്‍ ബസ്‌ വന്നു നിന്നപ്പോള്‍ 
ആ സ്ഥലം രവിക്ക്‌ അപരിചിതമായിതോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച്‌ ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന്‌ പണ്ടേകരുതിക്കാണണം. വരുംവരായകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്‌. കനിവു നിറഞ്ഞ വാര്‍ദ്ധക്യം. കുഷ്ഠം പറ്റിയ വേരുകള്‍, എല്ലാം അതു തന്നെ....."


"വടിയും കുത്തി അള്ളാപ്പിച്ചാ മൊല്ലാക്ക പള്ളിമുറ്റത്തിറങ്ങി നിന്നു. പുക ചേർന്ന പാനീസുവെളിച്ചം താമരയില വട്ടം തെളിച്ചു. വീട്ടിലേക്കുള്ള നീണ്ട ചവിട്ടടിപ്പാത ഞാറ്റുപുരയും താണ്ടിയാണ് കടന്നത്...."


"ചെതലിയുടെ കൊടുമുടിയില്‍ നൈസാമലി നടന്നു..."




















Quotes from 'Khasakkinte Ithihasangal'
Pics from OV Vijayan memorial, Tasraq
2nd November with Gireesan and Ananthan