2013, മേയ് 31, വെള്ളിയാഴ്‌ച

തേജനും നിസ്തേജനും

സ്വതവേ ഞാന്‍ രണ്ടു തരം മാനസികാവസ്ഥകള്‍ കാണിക്കുന്നുണ്ട്. ഒന്ന്, വളരെ ആത്മവിശ്വാസവും പ്രതികരണശേഷിയും പ്രകടിപ്പിക്കുന്ന തേജന്‍; രണ്ട്, ആത്മവിശ്വാസവും പ്രതികരണശേഷിയുംഇടിഞ്ഞ, നിറംകെട്ട നിസ്തേജന്‍ (മുനിഭാവം എന്ന് സുഹൃത്തുക്കളുടെ ഭാഷ്യം).

ഒരാഴ്ചയില്‍ത്തന്നെ ഇവ മാറി മാറി വരും. ആദ്യത്തെ അവസ്ഥയില്‍ എടുക്കുന്ന തീരുമാനങ്ങളും, ആരംഭിക്കുന്ന ചടുലനീക്കങ്ങളും നിസ്തേജാവസ്ഥയില്‍ എന്നെ കൊഞ്ഞണം കുത്തി കാണിക്കും, എന്നെത്തന്നെ വിശ്വാസമില്ലാതെയും, ആരംഭ ശൂരത്തങ്ങള്‍ക്ക്  തുടര്‍നടപടികള്‍ഇല്ലാതെയും ഞാനുഴലും. നിസ്തേജാവസ്ഥയിലെ എന്‍റെ എഴുത്തുകളും ഭാഷ്യങ്ങളും നിറംകെട്ടതും നെറികെട്ടതും തന്നെ.

എന്‍റെ ഈയവസ്ഥാന്തരങ്ങള്‍  മനസ്സിലാവുന്ന തുല്യ ദു:ഖിതര്‍ ഉണ്ടോ ആവോ?

അല്ലെങ്കില്‍, തളത്തില്‍ ദിനേശന്‍ ചോദിച്ചതു പോലെ, ഇതൊരു രോഗമാണോ ഡോക്ടര്‍?

"എന്‍റെ കുടുംബം തെരുവില്‍ ഇറങ്ങേണ്ടുന്ന അവസ്ഥയില്‍ മാത്രമേ എനിക്കും സാമൂഹ്യവിപത്തുകള്‍ക്കെതിരെ പ്രതികരണശേഷി ഉണ്ടാവൂ എന്നും;  നന്നായി ജീവിക്കാനോ, അതല്ലെങ്കില്‍ നന്നായി ഒടുങ്ങാനോ കെല്പില്ലാത്തവനായി സമൂഹം അല്ലെങ്കില്‍ ചരിത്രം എന്നെ നിര്‍വ്വചിക്കുന്ന അവസ്ഥ അതിവിദൂരതയിലല്ലാതെ ഞാന്‍ പ്രതീക്ഷിക്കുന്നു" എന്നും മറ്റും  ഞാന്‍ ഒരു നിസ്തേജാവസ്ഥയില്‍ കുറിച്ചതോര്‍ക്കുന്നു - വെര്‍ജിനിയ വുള്‍ഫിന്‍റെ ചില കഥകള്‍ വായിക്കുന്ന സമയം തന്നെയായിരുന്നു അത് എന്നാണെന്‍റെയോര്‍മ്മ.

സാധാരണക്കാര്‍ ചിന്തിക്കാതെയും, ചിന്തിക്കുന്നവര്‍ പുറത്തു പറയാതെയും ഇരിക്കുന്ന ഒരു സത്യം വിളിച്ചു പറഞ്ഞ ആശ്വാസമുണ്ടായിരുന്നു, അന്ന്.

പക്ഷെ ഗൗരവമായി എഴുത്തുകളെയും ഭാഷ്യങ്ങളെയും കാണുന്ന കുറച്ചാളുകള്‍ ഉണ്ടെന്നും, എന്‍റെ എഴുത്തിലെ, ചിന്തയിലെ  'നെഗറ്റീവ് ഇടങ്ങള്‍' അവര്‍ കാണുന്നുണ്ടെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലാക്കിത്തന്നിരിക്കുന്നത് എന്‍റെ ഒരു സുഹൃത്താണ്.

"നിസ്തേജാവസ്ഥയില്‍ ഇനി ഒന്നും തന്നെ പറയുവാനും എഴുതുവാനും പുറപ്പെടേണ്ട" എന്നും "തേജാവസ്ഥയില്‍  സാമൂഹ്യജീവിയാകണമെന്നും" ഹ്രസ്വ സംഭാഷണങ്ങള്‍ക്കിടയില്‍ ഓര്‍മിപ്പിച്ച  സുഹൃത്തിന് നന്ദി.

(തേജാവസ്ഥ, നിസ്തേജാവസ്ഥ എന്നീ രണ്ടു പദങ്ങള്‍ മലയാളത്തില്‍ ഉണ്ടോ എന്നും, ഉണ്ടെങ്കില്‍ത്തന്നെ അവക്ക് ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ഥങ്ങള്‍ തന്നെയാണോ എന്നും സംശയമുണ്ട്, ഇല്ലെങ്കില്‍, വായനക്കാര്‍ ക്ഷമിക്കട്ടെ, വേറെ വാക്കുകള്‍ ഒന്നും കിട്ടുന്നില്ല).

2013, മേയ് 7, ചൊവ്വാഴ്ച

മൂന്നാംപക്കം


താന്‍ ജനിച്ച് മൂന്നാംപക്കം നാടുവിട്ട് രണ്ടാഴ്ച കഴിഞ്ഞു തിരിച്ചു വന്ന അച്ഛനെ കാത്ത് അവന്‍ കിടക്കുന്നുണ്ടാകും എന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും കാണാന്‍ തിടുക്കമുണ്ടായിരുന്നു.
വന്ന് കുളിയും കഴിഞ്ഞ് ചെന്നു ശങ്കരനെ കണ്ടു, അവന്‍ തെങ്ങില്‍ തന്നെ, അതേ വികാരം, അതേ ഭാവം, മുദ്രാവാക്യം വിളി ലേശം അയഞ്ഞിട്ടുണ്ടെന്നു മാത്രം. മുഖകമലം വിടര്‍ന്നിട്ടില്ല, പക്ഷെ വൈക്കോല്‍ത്തുറുവില്‍ ഓന്തിരിക്കുന്നത് മാതിരിയുള്ള അച്ഛന്‍റെ മൂക്ക് മാത്രം ഏന്തി കാണുന്നുണ്ട്.

മുപ്പത്തിയാറു ഡിഗ്രിയില്‍ കോട്ടയം ജില്ല വെന്തുരുകുമ്പോള്‍, ചെക്കന്‍ തണുത്തു വിറക്കുന്നു! അച്ഛന്‍റെ നെഞ്ചത്ത് ചവിട്ടുവാനുള്ള പ്രാക്ടീസ്‌ നടത്തുന്നുണ്ട്, ആരും പറഞ്ഞു കൊടുത്തിട്ടൊന്നും ആവില്ലന്നേ, ജന്മവാസന തന്നെ. പാല്‍കുപ്പി കയ്യിലില്ലാത്ത ഒരു ജന്തുവിനെയും അവനു കണ്ണില്‍ പിടിക്കുന്നില്ല എന്നു തോന്നുന്നു.
എന്തുട്ടാ ചെക്കന്‍ നോക്കുന്നത് എന്നു മനസിലാകുന്നില്ല, അവന്‍ നേരത്തെ ലില്ലിപുട്ട് വായിച്ചിട്ടുണ്ടെങ്കില്‍, ‘ഇതെന്തുപറ്റി, കഥയെല്ലാം തല കീഴേ?’ എന്നു ചിന്തിച്ചിട്ടുണ്ടാകും. 

എടാ ‘കൊച്ചു’കഴുവേറീ... എന്ന് നീട്ടി മുഖത്ത് നോക്കി വിളിക്കാന്‍ ആരുടേയും സമ്മതം വേണ്ടല്ലോ, അവന്‍റെ അമ്മയാണെങ്കില്‍ അതു കേട്ട് എപ്പോള്‍ കൈയടിച്ചു എന്നു ചോദിച്ചാല്‍ മതി!    


എല്ലാ ദിവസവും രാവിലെ അടുത്തുള്ള ഒരു സ്ത്രീ വന്ന് കുളിപ്പിച്ചിട്ടു പോകും. പിന്നീട് അമ്മയുടെ വക കോസ്റ്റ്യൂം സെഷനാണ്. പട്ടണം റഷീദ്‌ക്കാ സുല്ലിടും, അമ്മാതിരി പയറ്റാണ്. കണ്മഷിയെഴുതിക്കല്‍, ഐബ്രോ പെന്‍സില്‍ സ്കെച്ചിംഗ്, പിന്നെ വയനാട്ടിലെ വീട്ടില്‍ പുളിയുറുമ്പിനെ ഓടിക്കാനിടുന്ന പൌഡര്‍ ദേഹം മുഴുവന്‍ വാരി പൊത്തല്‍ (......മ്മടെ ജോണ്‍സന്‍റെ സംഭവം തന്നെ), എന്നു വേണ്ട മേളം തന്നെ. വെള്ള നിറമുള്ള, നേരിയ തുണിക്കുപ്പായങ്ങള്‍ കുറേയുണ്ട്, മുകളിലേക്ക് പിടിച്ചു നോക്കിയാല്‍ അതിലൂടെ മാങ്ങയും തേങ്ങയും, മാനവും, സൂര്യനും ചന്ദ്രനും അനേകായിരം നസ്രത്തങ്ങളും പുല്ലു പോലെ കാണാം. അതും അണിയിച്ചു കൂടെ ഒരു ലങ്കോട്ടിയും കെട്ടിക്കും. ഇതെല്ലാം കഴിയാന്‍ അവന്‍ വെയിറ്റ്‌ ചെയ്യാറില്ല കേട്ടോ, അവന്‍ ഉറങ്ങിത്തുടങ്ങിയിട്ട് അപ്പോഴേക്കും മണിക്കൂറുകള്‍ ആയിട്ടുണ്ടാവും. യുഗ യുഗാന്തരങ്ങളായി ഇതു തന്നെയായിരുന്നു തൊഴില്‍ എന്നു തോന്നും ചിലപ്പോള്‍ ഭാവം കണ്ടാല്‍. എത്ര ചെറിയ യാത്രയും ആയിക്കോട്ടെ, ബസ്സില്‍ സീറ്റ്‌ കിട്ടിയാല്‍ പിന്നെ ടിക്കറ്റ്‌ എടുക്കാനും, ഇറങ്ങിപ്പോകാനും മാത്രം കണ്ണുകള്‍ തുറക്കുന്ന അച്ഛന്‍റെ അനുഗ്രഹം അവനുണ്ടാകും, എപ്പോഴും.

കൊതുകുവല പിടിപ്പിച്ച ഒരു കിടക്കയിലാണ് അവനെപ്പോഴും, ഡൈനിങ്ങ്‌ ടേബിളിലെ പഴക്കൂട ഓര്‍മ വരും, കാണുമ്പോള്‍.