താന്‍ ജനിച്ച് മൂന്നാംപക്കം നാടുവിട്ട് രണ്ടാഴ്ച
കഴിഞ്ഞു തിരിച്ചു വന്ന അച്ഛനെ കാത്ത് അവന്‍ കിടക്കുന്നുണ്ടാകും എന്ന
പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും കാണാന്‍ തിടുക്കമുണ്ടായിരുന്നു.
വന്ന് കുളിയും കഴിഞ്ഞ് ചെന്നു ശങ്കരനെ കണ്ടു,
അവന്‍ തെങ്ങില്‍ തന്നെ, അതേ വികാരം, അതേ ഭാവം, മുദ്രാവാക്യം വിളി ലേശം
അയഞ്ഞിട്ടുണ്ടെന്നു മാത്രം. മുഖകമലം വിടര്‍ന്നിട്ടില്ല, പക്ഷെ വൈക്കോല്‍ത്തുറുവില്‍
ഓന്തിരിക്കുന്നത് മാതിരിയുള്ള അച്ഛന്‍റെ മൂക്ക് മാത്രം ഏന്തി കാണുന്നുണ്ട്.
മുപ്പത്തിയാറു ഡിഗ്രിയില്‍ കോട്ടയം ജില്ല
വെന്തുരുകുമ്പോള്‍, ചെക്കന്‍ തണുത്തു വിറക്കുന്നു! അച്ഛന്‍റെ നെഞ്ചത്ത്
ചവിട്ടുവാനുള്ള പ്രാക്ടീസ് നടത്തുന്നുണ്ട്, ആരും പറഞ്ഞു കൊടുത്തിട്ടൊന്നും
ആവില്ലന്നേ, ജന്മവാസന തന്നെ. പാല്‍കുപ്പി കയ്യിലില്ലാത്ത ഒരു ജന്തുവിനെയും അവനു
കണ്ണില്‍ പിടിക്കുന്നില്ല എന്നു തോന്നുന്നു.
എന്തുട്ടാ ചെക്കന്‍ നോക്കുന്നത് എന്നു
മനസിലാകുന്നില്ല, അവന്‍ നേരത്തെ ലില്ലിപുട്ട് വായിച്ചിട്ടുണ്ടെങ്കില്‍,
‘ഇതെന്തുപറ്റി, കഥയെല്ലാം തല കീഴേ?’ എന്നു ചിന്തിച്ചിട്ടുണ്ടാകും.
എടാ ‘കൊച്ചു’കഴുവേറീ... എന്ന് നീട്ടി മുഖത്ത്
നോക്കി വിളിക്കാന്‍ ആരുടേയും സമ്മതം വേണ്ടല്ലോ, അവന്‍റെ അമ്മയാണെങ്കില്‍ അതു
കേട്ട് എപ്പോള്‍ കൈയടിച്ചു എന്നു ചോദിച്ചാല്‍ മതി!
എല്ലാ ദിവസവും രാവിലെ അടുത്തുള്ള ഒരു സ്ത്രീ
വന്ന് കുളിപ്പിച്ചിട്ടു പോകും. പിന്നീട് അമ്മയുടെ വക കോസ്റ്റ്യൂം സെഷനാണ്. പട്ടണം
റഷീദ്‌ക്കാ സുല്ലിടും, അമ്മാതിരി പയറ്റാണ്. കണ്മഷിയെഴുതിക്കല്‍, ഐബ്രോ പെന്‍സില്‍
സ്കെച്ചിംഗ്, പിന്നെ വയനാട്ടിലെ വീട്ടില്‍ പുളിയുറുമ്പിനെ ഓടിക്കാനിടുന്ന പൌഡര്‍ ദേഹം
മുഴുവന്‍ വാരി പൊത്തല്‍ (......മ്മടെ ജോണ്‍സന്‍റെ സംഭവം തന്നെ), എന്നു വേണ്ട മേളം
തന്നെ. വെള്ള നിറമുള്ള, നേരിയ തുണിക്കുപ്പായങ്ങള്‍ കുറേയുണ്ട്, മുകളിലേക്ക് പിടിച്ചു
നോക്കിയാല്‍ അതിലൂടെ മാങ്ങയും തേങ്ങയും, മാനവും, സൂര്യനും ചന്ദ്രനും അനേകായിരം
നസ്രത്തങ്ങളും പുല്ലു പോലെ കാണാം. അതും അണിയിച്ചു കൂടെ ഒരു ലങ്കോട്ടിയും
കെട്ടിക്കും. ഇതെല്ലാം കഴിയാന്‍ അവന്‍ വെയിറ്റ് ചെയ്യാറില്ല കേട്ടോ, അവന്‍
ഉറങ്ങിത്തുടങ്ങിയിട്ട് അപ്പോഴേക്കും മണിക്കൂറുകള്‍ ആയിട്ടുണ്ടാവും. യുഗ
യുഗാന്തരങ്ങളായി ഇതു തന്നെയായിരുന്നു തൊഴില്‍ എന്നു തോന്നും ചിലപ്പോള്‍ ഭാവം
കണ്ടാല്‍. എത്ര ചെറിയ യാത്രയും ആയിക്കോട്ടെ, ബസ്സില്‍ സീറ്റ് കിട്ടിയാല്‍ പിന്നെ
ടിക്കറ്റ് എടുക്കാനും, ഇറങ്ങിപ്പോകാനും മാത്രം കണ്ണുകള്‍ തുറക്കുന്ന അച്ഛന്‍റെ
അനുഗ്രഹം അവനുണ്ടാകും, എപ്പോഴും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ