2015, നവംബർ 16, തിങ്കളാഴ്‌ച

ഒരു കൊച്ചു ബോധോദയത്തിന്‍റെ അന്ത്യം

ഇതൊരുപാട് നാള്‍ മുമ്പെഴുതിയതാണ്, പബ്ലിഷണോ, വേണ്ടയോ? എന്ന്‍ ചിന്തിച്ച് ഡ്രാഫ്റ്റില്‍ കിടത്തിയതാണ്. ഇപ്പോള്‍ തോന്നുന്നു, ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, ചിലവ എഴുതിയും. നിന്ന നില്‍പ്പില്‍ തട്ടിപ്പോയാല്‍ പിന്നെ ഡ്രാഫ്റ്റ്‌ ആര് വായിക്കും? ചിന്തകള്‍ ആര് മനസ്സിലാക്കും?

(അമ്പോ എന്തൊരഹങ്കാരം, ഇതു കേട്ടാല്‍ തോന്നും ഈ പബ്ലിഷുന്ന പേജ് വായിക്കാന്‍ ആള്‍ക്കാര്‍ വരി നില്‍ക്കുകയാണെന്ന് ! സ്റ്റാറ്റിസ്റ്റിക്സില്‍ കാണിക്കുന്ന വായനാസൂചികള്‍ മുഴ്മന്‍ ഞാന്‍ തന്നെ വീണ്ടും വീണ്ടും വായിച്ചാസ്വദിച്ചതിന്‍റെയാണെന്ന് തോന്നുന്നു).

എന്നിരുന്നാലും, 2013 ആഗസ്റ്റ്‌ 22 ന്‍റെ 'ഭൂമിയുടെ സന്തതി' എന്ന പോസ്റ്റിനും 24 ന്‍റെ 'റാഗിങ്ങ്' എന്ന പോസ്റ്റിനും ഇടയില്‍ ഇതു വായിക്കാനപേക്ഷ.

പയ്യന്‍സിനു പേരിടുന്ന 'അവകാശ'ത്തര്‍ക്കത്തില്‍ അവന്‍റെ അച്ഛന് രണ്ടു അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു മതത്തിന്‍റെയോ ജാതിയുടെയോ ചുവയുള്ള ഒരു പേരായിരിക്കരുത് എന്നതാണ് ഒന്ന്. മറ്റൊന്നാകട്ടെ, അധമവര്‍ഗ്ഗങ്ങള്‍ എന്ന് ചിലര്‍ കരുതിപ്പോരുന്ന, ജാതിയില്‍ വളരെ താഴ്ന്നവര്‍ക്ക് അപ്രാപ്യങ്ങളായ elegant ആയ elite class പേര് ആവരുത് എന്നതും. ഇനി ഒരുവേള മതത്തിന്‍റെ ചുവ വേണമെന്നു തന്നെയിരിക്കട്ടെ, മാതാപിതാക്കളുടെ മതം എന്ന് 'വിവക്ഷിക്കപ്പെടുന്ന' മതത്തിന്‍റെ കുത്തകാവകാശം പേറുന്ന പേരുകള്‍ ഒഴികെ ഏതും സ്വീകാര്യമായിരുന്നു. അത്രയധികം വെറുക്കുന്നു അയാള്‍, ജാതി-മത പേക്കൂത്തുകളെ. പക്ഷെ കുടുംബക്കാരോട് ഈ പേരില്‍ തര്‍ക്കിച്ച് തന്നിലെ ഊര്‍ജ്ജം ഒഴുക്കിക്കളയാനും അയാളില്ല.ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു, ഇനിഷ്യലായി അമ്മയുടെ പേര് ആയിരിക്കും.

താളം തെറ്റി ദിശാബോധമില്ലാതെ പായുന്ന ഒരു ഘോഷയാത്രയില്‍ പങ്കാളിയാകാതെ നടക്കാന്‍ അയാള്‍ക്കുമില്ലേ ആഗ്രഹം? "താന്‍ പിടിക്കുന്ന മുയലിനു കൊമ്പ് നാല്" എന്ന വാശി അയാള്‍ക്കില്ല, മറിച്ച് താന്‍ സഞ്ചരിക്കുന്ന വഴി ശരിയാണെന്നും ഇതിലൂടെയാണ് യുക്തിബോധമുള്ള ഒരു സമൂഹം സഞ്ചരിക്കേണ്ടത് എന്നുമാണ് അയാള്‍ വിശ്വസിക്കുന്നത്.

അയാളുടെ അഭിപ്രായങ്ങളെ പാടെ നിരാകരിച്ച് പയ്യന്‍സിന് ഒരു elite class പേര് തെരെഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയ സ്ഥിതിക്ക് താന്‍ കണ്ടു വച്ച പേര് തന്‍റെ ബ്ലോഗിന് കൊടുത്ത് സായൂജ്യം നേടാന്‍ അയാള്‍ തീരുമാനിച്ചു. ബ്ലോഗിന്‍റെ പേര് മാറ്റുന്ന കാര്യം നേരത്തെ തന്നെ ഒരു 'കൊച്ചു ബോധോദയത്തില്‍'  തീരുമാനിക്കപ്പെട്ടിരുന്നുവല്ലോ. കുട്ടി ഇപ്പോഴുള്ള വിളിപ്പേരില്‍ തുടരട്ടെ, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു?

(ആഗസ്റ്റ്‌, 2013)


2015, നവംബർ 15, ഞായറാഴ്‌ച

ക്ഷമയുടെ നെല്ലിപ്പലക

‘സംവരണക്കാര്‍’ ഉദ്യോഗക്കയറ്റം കിട്ടി തന്‍റെ മുകളില്‍ ആവുന്നതിന്‍റെ നീരസം പലപ്പോഴും പങ്കിടുന്ന ചില 'ഉന്നതകുലജാതര്‍' (രണ്ടാം വര്‍ഗ്ഗം ഒന്നാം വര്‍ഗ്ഗത്തെ അവജ്ഞയോടെ വിളിക്കുന്ന പേര് ഇവിടെ എഴുതാന്‍ വയ്യ);

നാട്ടില്‍ ചില വിശേഷ ദിവസങ്ങളുടെ തലേന്ന് നടത്തേണ്ട വിനോദ പരിപാടികള്‍ക്ക് പദ്ധതിയിടുമ്പോള്‍, 'വയനാട്ടില്‍ താമസിക്കുന്നവന്‍റെ  ആദിവാസി നൃത്തം വേണം' എന്ന്‍ തമാശിക്കുന്നവര്‍;

കോഴിക്കോടെത്തി ഫോണ്‍ ചെയ്‌താല്‍ 'വയനാട്ടിലേക്ക് വരാന്‍ വള്ളി എറിഞ്ഞു തരുമോ?' എന്നു ചോദിക്കുന്നവര്‍;

മുത്തങ്ങക്കാട്ടിലൂടെ മൈസൂര്‍ക്ക് പോകുമ്പോള്‍ "വഴിയില്‍ ആദിവാസികളെ കാണാന്‍ പറ്റുമോ?" എന്നു ചോദിക്കുന്നവര്‍;

തെരഞ്ഞെടുപ്പ് സമയത്ത് സംവരണ മണ്ഡലങ്ങളിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത രാഷ്ട്രീയനേതാക്കള്‍;

കൂടാതെ,

ഇവര്‍ക്കിക്കിളിയിടാനായി 'ബാംബൂ ബോയ്സ്' പടച്ചെടുത്ത മലയാള പടംപിടിത്തക്കാര്‍;

ഇക്കൂട്ടര്‍ക്കെല്ലാം ഒരുപോലെ കിട്ടാനര്‍ഹതയുള്ള സകല അവജ്ഞയും വെറുപ്പും ഇതോടൊപ്പം അയക്കുന്നു.

 കിട്ടി ബോധിച്ചതിന്‍റെ  ഒരു രശീതിയും ആവശ്യമില്ല.

"ക്ഷമയുടെ നെല്ലിപ്പലക കണ്ടു, കണ്ടു" എന്ന്‍ പറഞ്ഞു കേള്‍ക്കാറുള്ളത് ഇതാണാവോ എന്തോ?

2015, നവംബർ 9, തിങ്കളാഴ്‌ച

സസ്യം


വായിലേക്ക് വീഴുന്നത് സസ്യവും സഭ്യവുമാവണമെന്നു നിര്‍ബന്ധം, എന്നാല്‍ വായില്‍ നിന്നുംവീഴുന്നതോ? അസസ്യവും അസഭ്യവും.
പോയി പണി നോക്ക്!

(വിദൂര) കടപ്പാട് മത്തായി 15:11