2018, ഏപ്രിൽ 12, വ്യാഴാഴ്‌ച

എന്‍റച്ഛന്‍ കൊണ്ട വെയിലും ഞാന്‍ കൊള്ളുന്ന തണലും

കൂട് മാസികയുടെ (https://www.facebook.com/groups/114693612034720/) ജൂലൈ 2018 ലക്കത്തില്‍, ഈ ലേഖനത്തിന്‍റെ കുറച്ച് കൂടി വിപുലമായ വേര്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നന്ദി മുരളിയേട്ടന്‍.


ഭാഗം 1 എര്‍ത്ത് ഓവര്‍ ഷൂട്ട് ഡേ


നമ്മുടെ ഇപ്പോഴത്തെ ജീവിത രീതികളും, നിര്‍മ്മാണഉപയോഗശീലങ്ങളും, 2050ഓടെ പ്രതീക്ഷിക്കുന്ന 960 കോടി ജനങ്ങളെയും വച്ചു നോക്കിയാല്‍ ജീവിക്കാന്‍ 3 ഭൂമികളെങ്കിലും വേണ്ടി വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്! ജീവിതം ഒഴുകി ഒഴുകിയങ്ങനെ പോവുകയാണ്. നാമറിഞ്ഞും അറിയാതെയും നമ്മുടെ ജീവിത രീതികളില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നാടിനെ എങ്ങനെ വാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്ന് ചിന്തിച്ച് നോക്കുകയാണിവിടെ. പല ശീലങ്ങളും തിരിഞ്ഞു കൊത്തിത്തുടങ്ങിയിട്ടുണ്ട്. 'ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരവും, നാളത്തെ ശാസ്ത്രവും' ആവാമല്ലോ.


'എന്‍റച്ഛന്‍ കൊണ്ട വെയിലാണ് ഞാനിന്നു കൊള്ളുന്ന തണല്‍' എന്ന് വികാരാധീനരാകുന്നവരെ ഫേസ്ബുക്കില്‍ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. പാടത്തെയും പറമ്പിലെയും മരുഭൂമിയിലെയും പൊള്ളുന്ന ചൂടിനെ, കുടുംബത്തിനു തണലേകുന്ന കൊച്ചു കൂരയായും ചോറായും കറിയായും കുട്ടികളുടെ യൂണിഫോമും പുസ്തകങ്ങളായും മാറ്റിയിരുന്ന അച്ഛന്മാര്‍ക്ക് (അമ്മമാര്‍ക്കും) രസിക്കും ഈ nostalgic വരികള്‍, അവരതര്‍ഹിക്കുന്നുമുണ്ട്.

എന്നാല്‍ അവരൊരുക്കിയ തണലിലിരുന്ന് നമ്മളെന്തൊക്കെയാണ് ചെയ്തു കൂട്ടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?


കൃഷിഭൂമിയടക്കം മുറിച്ചും തുരന്നും വെള്ളമൂറ്റുന്നു, ശീതീകരിച്ച ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കുന്നു. ആഡംബര കാറുകളില്‍ പറ പറന്ന് ഇന്ധനം കത്തിച്ചു തീര്‍ക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും മാമാങ്കങ്ങള്‍ സംഘടിപ്പിച്ച് നാടിനെ എന്നും മാലിന്യക്കൂമ്പാരമാക്കുന്നു. എങ്ങു നിന്നോ വരുന്ന ചോറുമുണ്ട്, 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?' എന്ന് പരിസ്ഥിതി കലോല്‍സവ വേളകളില്‍ മാത്രം സങ്കടപ്പെടുന്നു.


അങ്ങനെയങ്ങനെ ചുമ്മാ ജീവിച്ച് മരിച്ച്, നമ്മുടെ മക്കളേയും, വരുന്ന ഓരോ തലമുറയേയും വെള്ളമില്ലാത്ത, മലിനപ്പെട്ട, കൊടുംചൂടുള്ള മണ്ണിലേക്കിറക്കി വിടാനാണ് ഭാവമെങ്കില്‍; സൂക്ഷിക്കണം..... അവര്‍ ഒരിക്കലെഴുതും, 'എന്‍റച്ഛന്‍ (അമ്മയും) കൊണ്ട തണലാണ് ഞാനിന്നു കൊള്ളുന്ന കൊടുംവെയിലെന്ന്,.



ജൂണ്‍ 5 ന് മാത്രം പരിസ്ഥിതിയെപ്പറ്റിയും മാര്‍ച്ച്  21 ന് മാത്രം വനത്തെപ്പറ്റിയും മാര്‍ച്ച്  22 ന് മാത്രം വെള്ളത്തെപ്പറ്റിയും ചിന്തിക്കുന്നവരാണ് നമ്മിലേറെയും. പരിസ്ഥിതി ദിനവും വനദിനവും മാതൃദിനവും വാലന്‍റൈന്‍സ് ദിനവും കര്‍ക്കടകവാവും അക്ഷയതൃതീയയും ഹര്‍ത്താലും ഒരേ മനസ്സോടെ ആഘോഷിച്ചര്‍മ്മാദിക്കുന്ന നമുക്ക് ഇക്കഴിഞ്ഞ ആഗസ്ത് 2 എന്ന ദിവസത്തിന് എന്തങ്കിലും പ്രത്യേകത കാണാന്‍ കഴിഞ്ഞിരുന്നോ? പ്രത്യേകത ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. ആഗസ്ത് 2 നായിരുന്നത്രെ 2017 ലെ Earth Overshoot Day (EOD)! 2017 ലെ 365 ദിവസങ്ങള്‍ കൊണ്ട് പുനരുജ്ജീവനം നടക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുള്ള എല്ലാ ഭൗമവിഭവങ്ങളും സേവനങ്ങളും നാം വര്‍ഷാദ്യത്തിലെ 214 ദിവസങ്ങള്‍ കൊണ്ട് ഉപയോഗിച്ച് തീര്‍ത്തത്രെ (
By August 2, 2017, we will have used more from nature than our planet can renew in the whole year). മാത്രവുമല്ല, ഇപ്പോഴത്തെ ഭൂവിഭവ ഉപയോഗം വച്ച് നോക്കിയാല്‍ നമുക്ക് സുഖമായി ജീവിക്കാന്‍ ഇപ്പോള്‍ത്തന്നെ 1.7 ഭൂമിയോളം വേണം താനും. ഓരോ രാജ്യത്തിനും തങ്ങളുടെ പൗരന്മാരെ തീറ്റിപ്പോറ്റാന്‍ എത്രമാത്രം വിഭവങ്ങള്‍ ആവശ്യമുണ്ടെന്നും അവര്‍ കണക്ക് കൂട്ടി. ഉദാഹരണത്തിന് 8.8 ദക്ഷിണ കൊറിയകള്‍ വേണം അവിടത്തെ ജനങ്ങളുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍! ജപ്പാന്‍ 7.1, സ്വിറ്റ്സര്‍ലന്‍ഡ് 4.3 അങ്ങനെയങ്ങനെ. 2.4 ഇന്ത്യകളുമായി നമ്മുടെ രാജ്യം എട്ടാമതുണ്ട്. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Global Footprint Network-GFN എന്ന സംഘടനയാണ് ഈ കണക്കുകള്‍ നിരത്തുന്നത്. ഭൂമിയില്‍ ഒരു വര്‍ഷം കൊണ്ട് പുനരുജ്ജീവനം നടത്തപ്പെടുന്ന ഭൗമവിഭവങ്ങളുടെ അളവ് എന്ന ഭൂമിയുടെ ജൈവത്രാണി/ശേഷി (Biocapacity)യെ ഒരു വര്‍ഷത്തേക്ക്  മനുഷ്യര്‍ക്കു വേണ്ട വിഭവങ്ങളുടെ ആവശ്യകത എന്ന മനുഷ്യവംശത്തിന്‍റെ പാരിസ്ഥിതിക പാദമുദ്ര (Ecological Footprint) കൊണ്ടു ഹരിച്ച് 365 കൊണ്ടു ഗുണിച്ചാണ് EOD കണക്ക് കൂട്ടുക. 1971ല്‍ ഡിസംബര്‍ 21 ന് അടയാളപ്പെടുത്തപ്പെട്ട EOD ഇന്നെത്തി നില്‍ക്കുന്നത് ആഗസ്ത് 2 ലാണ്. പാരിസ്ഥിതിക ഋണദിനം (Ecological Debt Day) എന്ന് കൂടി EOD അറിയപ്പെട്ടിരുന്നു.EOD കഴിഞ്ഞാല്‍ നമ്മള്‍ കടത്തിലാണ് ഓടുന്നത് എന്നു സാരം!






ഇനിയുള്ള എല്ലാ വര്‍ഷവും നാലര ദിവസം വച്ച് EOD പിറകോട്ട് നീക്കാന്‍ പറ്റിയാല്‍ (കലണ്ടറില്‍ മുന്നോട്ട്) 2050 എത്തുമ്പോഴേക്കും 1.7 ഭൂമിക്കു പകരം'ഒരു ഭൂമിയിലെ' വിഭവങ്ങള്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് തിരിച്ചു വരാമെന്നും അവര്‍ കണക്ക് കൂട്ടുന്നു. അതിനു നമ്മുടെ ജീവിതരീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് ലോകത്താകമാനം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നത് 50% കുറച്ചാല്‍ EOD  11 ദിവസങ്ങള്‍ പിന്നോട്ട് മാറുമത്രെ, കാര്‍ബണ്‍ ഉല്‍സ്സര്‍ജ്ജനം 50% കുറച്ചാല്‍ അത് 89 ദിവസങ്ങള്‍ പിറകോട്ടും. വനനശീകരണം കുറക്കുക, കാര്‍ബണിക ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുക, പ്രകൃതിദത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കുക, മലിനീകരണം കുറക്കുക (പ്രത്യേകിച്ച് പ്ലാസ്റ്റിക്), ഭൂവിനിയോഗം ക്രമീകരിക്കുക എന്നിങ്ങനെ ഒരു പിടി നിര്‍ദ്ദേശങ്ങളുണ്ട്, ഓരോന്നും ചെയ്താല്‍ ലാഭിക്കാവുന്ന ദിവസങ്ങളുടെ എണ്ണം അടക്കം കണക്കും. അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം ലോകവ്യാപകമായി  50% കുറച്ചാല്‍ 10 ദിവസം പിന്നോട്ട് മാറ്റാമത്രെ! GFN ന്‍റെ കണക്കനുസരിച്ച് ഭൂമിയിലെ ജനങ്ങള്‍ മുഴുവന്‍ ആസ്ത്രേലിയക്കാരെപ്പോലെ ജീവിച്ചാല്‍ 5.2 ഭൂമി വേണം പോലും, അമേരിക്കക്കാരെപ്പോലെയെങ്കില്‍ അഞ്ചും. അങ്ങനെ നോക്കിയാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ വളരെ ലളിതജീവിതം നയിക്കുന്നവരാണ്. എല്ലാവരും നമ്മളെപ്പോലെ ജീവിച്ചാല്‍ 0.6 ഭൂമി മതി. ഇവിടെയാണ് നമ്മള്‍ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനെപ്പറ്റി കാര്യമായി പുനര്‍വിചിന്തനം നടത്തേണ്ടത്, വികസനത്തിന്‍റെ നിര്‍വ്വചനങ്ങള്‍ മാറ്റിപ്പണിയേണ്ടത്. രാജ്യത്തെ പൗരന്മാരുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസം, പ്രതിശീര്‍ഷവരുമാനം എന്നിവ കണക്ക് കൂട്ടുന്ന Human Development Index ഉണ്ടെങ്കിലും നമ്മുടെ വികസനത്തിന്‍റെയും സമ്പദ്ഘടന യുടെയും പ്രധാന സൂചകം ഇപ്പോഴും

Gross Domestic Products - GDP എന്ന സമ്പത്തിലധിഷ്ഠിതമായ മൊത്തം ആഭ്യന്തര ഉല്‍പ്പാദനമാണ്. നമ്മുടെ തൊട്ടയല്‍പക്കത്തുള്ള ഭൂട്ടാന്‍റെ സൂചകമാകട്ടെ 'മൊത്തം ആഭ്യന്തര സന്തോഷ'മാണ് (Gross National Happiness - GNH)! ദേശീയ സൗഖ്യം (National wellness), മെച്ചപ്പെട്ട ഭരണ നിര്‍വ്വഹണം (Good governance), സുസ്ഥിരമായ സാമൂഹ്യസാമ്പത്തിക വികസനം (Sustainable socio-economic development), സാംസ്കാരികപാരിസ്ഥിതിക പരിപാലനം (Cultural and Environmental preservation) എന്നീ നാലു നെടുംതൂണുകളാണ് GNH നുള്ളത്. പൗരന്മാര്‍ക്ക്  ഭേദപ്പെട്ട ജോലികള്‍ (Good jobs), സൗഖ്യം (Wellbeing), പാരിസ്ഥിതിക സ്വാസ്ഥ്യം (Environment), തുല്യനീതി (Fairness), മെച്ചപ്പെട്ട ആരോഗ്യം (Health) എന്നിങ്ങനെ അഞ്ച് അളവു കോലുകളാണ് GDP യേക്കാള്‍ രാജ്യത്തിന്‍റെ വികസനത്തിനെ സൂചിപ്പിക്കേണ്ടത് എന്ന് വാദിക്കുന്നവരുണ്ട്


രണ്ട് കാര്യങ്ങള്‍ക്കിവിടെ സാധ്യതയുണ്ട് . സാധ്യത ഒന്ന്: Earth Overshoot Day എന്നൊക്കെ കണക്ക് കൂട്ടുന്നതില്‍ ഒരു കാര്യവുമില്ലെന്നോ, അല്ലെങ്കില്‍ കണക്ക് ഐക്യരാഷ്ട്രസഭയുടേതൊന്നും അല്ലല്ലോ എന്നോ പറഞ്ഞ് ചുമ്മാ വായിച്ചു തള്ളിക്കളയാം, EOD കണ്ടു പിടിക്കാനുള്ള GFN ന്‍റെ മത്സരത്തില്‍ വര്‍ഷാവര്‍ഷം പങ്കെടുക്കുകയുമാവാം; സാധ്യത രണ്ട്: ഇവര്‍ നല്‍കുന്ന മുന്നറിയിപ്പുകളെപ്പറ്റി ചിന്തിച്ചു തുടങ്ങുകയെങ്കിലും ചെയ്യാം.








ഭാഗം 2 ശരാശരി മലയാളി  അഭിലാഷങ്ങളും എക്സിബിഷനിസവും


നേഴ്സറി പുസ്തകത്തിലെ കാറിന്‍റെ പടം കാണുമ്പോള്‍ തന്നെ അവന്‍ പറയും, ഞാന്‍ വലുതാവുമ്പോള്‍ വാങ്ങുന്നത് ഇത് തന്നെയെന്ന്. ചിലര്‍ 'വാങ്ങുന്നതാ'വട്ടെ, ജെസിബിയും ലോറിയും ട്രെയിനും വിമാനവും കപ്പലും. പരസ്യങ്ങളില്‍ കാണുന്ന വലിയ വീടുകളാണ് ഇനി ചിലര്‍ 'പണിയുന്നത്'. പഠിക്കണം, ഒരു ജോലി നേടണം, പുതിയൊരു വീട് പണിയണം, ഒരു വണ്ടി വാങ്ങണം, കല്യാണം കഴിക്കണം, ഒരു കുട്ടിയെങ്കിലുമുണ്ടാവണം. അങ്ങനെ ജീവിതമെന്നാല്‍ ചുരുങ്ങിയത് ഇത്രയൊക്കെയാണ് എന്ന ധാരണ കുഞ്ഞുമനസ്സിലേ ഉറച്ചു തുടങ്ങുന്നുണ്ട്, അഥവാ ചുറ്റുമുള്ളവര്‍ ഉറപ്പിച്ചു തുടങ്ങുന്നുണ്ട്.

സ്വപ്നങ്ങളുണ്ടാവുന്നതും വലിയ ലക്ഷ്യങ്ങളുണ്ടാവുന്നതും മുന്നോട്ട് പോകുന്നതുമെല്ലാം അവശ്യം തന്നെ. പക്ഷെ 2015 ലെ  പരിസ്ഥിതി ദിനത്തിന്‍റെ തലക്കെട്ട് ഇടക്കിടക്ക് ഒന്ന് അയവിറക്കുന്നത് നല്ലതാണ്, 'ഏഴ് ബില്ല്യന്‍ സ്വപ്നങ്ങള്‍, ഒരു ഭൂമി, കരുതി ഉപയോഗിക്കുക (Seven Billion Dreams, One Planet, Consume with Care)'.  7 ബില്ല്യണ്‍ എന്നാല്‍ 700 കോടി, ഇത് ഇപ്പോഴത്തെ ലോകജനസംഖ്യയാണ്, കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ 750 കോടി. അത്രയും ജനങ്ങള്‍ക്കും  കൂടിയുള്ളത് ആകെ ഒരു ഭൂമിയാണ്, വളരെ സൂക്ഷിച്ചുപയോഗിക്കണം, സുസ്ഥിരതയോടെ ഉപയോഗിക്കണം എന്നര്‍ത്ഥം. സുസ്ഥിരതയോടെ ജീവിക്കുക എന്നാല്‍, പ്രകൃതിവിഭവങ്ങള്‍ വളരെ കുറച്ച് മാത്രം ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും (living sustainably is about doing more and better with less); ഉത്തരവാദിത്തത്തോടെ പരിപാലിക്കുകയും (manage responsibly) ചെയ്യുക. നമ്മുടെ ഓരോരുത്തരുടേയും ആവശ്യങ്ങളും ആശകളും അഭിലാഷങ്ങളും മറ്റുള്ളവരുടേയും ഇനി വരുന്ന തലമുറകളുടേയും ആവശ്യങ്ങളേയും ആശകളേയും ഹനിക്കാതെയാവാന്‍ ശ്രമിക്കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ടി ചിലതെല്ലാം കരുതി വക്കേണ്ടതുണ്ട്. സുസ്ഥിര വികസന (Sustainable Development) സങ്കല്‍പ്പത്തില്‍ Inter-Generational Equity എന്നിതിനെ നിര്‍വ്വചിക്കും (We, the human species, hold the natural and cultural environment of our planet in common with all members of our species: past generations, the present generation, and future generations). വിഭിന്ന ചിന്താധാരകള്‍ ഇതിനെ സംബന്ധിച്ചുണ്ട്. ഇപ്പോഴത്തെ തലമുറ പ്രകൃതി വിഭവങ്ങള്‍ പരമാവധി  കരുതി ഉപയോഗിച്ച് പരിസ്ഥിതി ഇതേ ഗുണഗണങ്ങളോടെ അടുത്ത തലമുറക്ക് കൈമാറണമെന്ന Preservationist model ആശയമാണൊന്ന്. നല്ല ഒരു നാളെക്കു വേണ്ടി ഇന്നിനെ ബലി കൊടുക്കുന്ന ഒരു സോഷ്യലിസ്റ്റ് വികസന രീതിയായ ഇത് പക്ഷെ വ്യാവസായിക രാജ്യങ്ങള്‍ക്ക്  പറ്റുന്നതല്ല. ഇന്നത്തെ ആവശ്യങ്ങള്‍ക്കായി വിഭവങ്ങള്‍ പരമാവധി ചൂഷണം ചെയ്തു കൊണ്ട് അടുത്ത തലമുറകള്‍ക്ക്  കൂടി വേണ്ടിയും ധാരാളം സമ്പത്തുണ്ടാക്കുക എന്ന, ആദ്യത്തേതിനു കടകവിരുദ്ധമായ Opulence model രണ്ടാമത്തേത്.  ഈ രീതി പക്ഷെ, പ്രകൃതിക്ക് തിരിച്ചു പോകാന്‍ പറ്റാത്ത തരത്തിലുള്ള നാശങ്ങള്‍ക്ക്  (Irreversible changes) വഴിവക്കും. നമ്മള്‍ അടുത്ത തലമുറകള്‍ക്ക് വേണ്ടി ഒന്നും തന്നെ കരുതി വക്കേെണ്ടന്നും, ശാസ്ത്രവും സാങ്കേതിക വിദ്യകളും വികസിച്ച് വിഭവ സമാഹരണവും പുനരുജ്ജീവനവും നടത്തിക്കോളുമെന്ന Technology model ആണ് മൂന്നാമത്തേത്. നാലാമത്തെ ആശയമായEnvironmental economics model പറയുന്നത് എന്തെന്നാല്‍ നമ്മള്‍ ശരിയായ രീതിയിലുള്ള പ്രകൃതി വിഭവ അക്കൗണ്ടിംഗ് നടത്തിയാലേ ഇനി വരുന്ന തലമുറയോടുള്ള ഉത്തരവാദിത്തം പൂര്‍ത്തിയാവൂ എന്നാണ്. ഇതിനു ചുവടുപിടിച്ചാണ്, പ്രകൃതിവിഭവങ്ങളും ആവാസവ്യവസ്ഥകളും നല്‍കുന്ന സേവനങ്ങള്‍ക്ക് വിലയിട്ടു കൊണ്ടുള്ള കണക്കുകള്‍ കൂട്ടി കിഴിക്കപ്പെട്ടതും സഹസ്രാബ്ദ ആവാസവ്യവസ്ഥാ പരിശോധന (Millennium Ecosystem Assessment)  നടന്നതും സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളും (Millennium Development Goals)  സുസ്ഥിര വികസന ലക്ഷ്യങ്ങളും (Sustainable Development Goals) പിറവിയെടുത്തതും. 


വ്യക്തിയുടെയോ ദേശത്തിന്‍റെയോ വളര്‍ച്ച, വികസനം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്ക്  നമ്മള്‍ നല്‍കിയിരിക്കുന്ന നിര്‍വ്വചനങ്ങള്‍ വളരെ സങ്കുചിതമാണ്, കാലഹരണപ്പെട്ടതും. അവ കാലോചിതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്, പുനര്‍നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്. ഈ പദങ്ങള്‍ക്കു  മുന്നില്‍ 'സുസ്ഥിരം' (Sustainable) എന്നോ, 'നീതിപൂര്‍വ്വകം' (Equitable) എന്നോ ചേര്‍ത്തെഴുതിയതു കൊണ്ടു മാത്രമായില്ല. ഈ പുനര്‍നിര്‍വ്വചനം എങ്ങനെ വന്നുവെന്നും എന്തര്‍ത്ഥമാക്കുന്നുവെന്നും നാമോരോരുത്തരും അറിയണം. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരവും നീതിപൂര്‍വ്വകവുമായ ഉപയോഗവും അവയുടെ സംരക്ഷണവും നമ്മളോരോരുത്തരുടെയും ചുമതലയാണ്, ശീലത്തില്‍ വരുത്തേണ്ട ഒരു സപര്യയുമാണ്. എന്നാല്‍ അതിലുമുപരി അത് ഒരു ഫാഷന്‍ തരംഗമായി മാറിയിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി മരം നടുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും ഉദ്ഘോഷിക്കുന്ന അതേ ലാഘവത്തോടെ തന്നെ സ്വന്തം പുരയിടത്തില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ മതിലിനപ്പുറത്തേക്ക് വലിച്ചെറിയുവാനും വീട് കെട്ടുവാനോ, മോടി പിടിപ്പിക്കുവാനോ ആയി അടുത്തുള്ള പുഴയില്‍ നിന്നും മണല്‍ ഊറ്റുവാനും കുന്നുകള്‍ ഇടിച്ചു നിരത്താനും വയലേലകള്‍ മണ്ണിട്ടു നികത്താനും തയ്യാറാവുന്ന നമ്മെ ഭരിക്കുന്ന വികാരം എന്താണ് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങളെ അറിയുവാനും, പരമ്പരാഗതമായി നമുക്കു പകര്‍ന്നുകിട്ടിയ അറിവുകള്‍ സംരക്ഷിച്ചുകൊണ്ട് പ്രകൃതിയോടിണങ്ങി ജീവിക്കുവാനും, ഉയര്‍ന്ന് ചിന്തിച്ചുകൊണ്ട് പ്രാദേശികമായ പരിസ്ഥിതി വിഷയങ്ങളില്‍ വേണ്ടവിധം ഇടപെടാനും (Thinking globally & acting locally) ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്.

നമ്മുടെ ഇപ്പോഴത്തെ ജീവിത രീതികളും, നിര്‍മ്മാണഉപയോഗശീലങ്ങളും, 2050ഓടെ പ്രതീക്ഷിക്കുന്ന 960 കോടി ജനങ്ങളെയും വച്ചു നോക്കിയാല്‍ ജീവിക്കാന്‍ 3 ഭൂമികളെങ്കിലും വേണ്ടി വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്! ജീവിതം ഒഴുകി ഒഴുകിയങ്ങനെ പോവുകയാണ്. നാമറിഞ്ഞും അറിയാതെയും നമ്മുടെ ജീവിത രീതികളില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നാടിനെ എങ്ങനെ വാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്ന് ഗൗരവമായി ഒന്ന് ചിന്തിച്ച് നോക്കുകയാണ് ഈ ലേഖനത്തിന്‍റെ ഇനിയുള്ള ഭാഗങ്ങളില്‍.  പല ശീലങ്ങളും തിരിഞ്ഞു കൊത്തിത്തുടങ്ങിയിട്ടുണ്ട്. 'ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകും, നാളത്തെ ശാസ്ത്രമതാകും'  എന്ന് പണ്ട് കവിയും പറഞ്ഞിട്ടുണ്ടല്ലോ.


വരുന്നത് വെള്ളത്തിന് വേണ്ടിയുള്ള യുദ്ധം?


നദികളും കായലുകളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞതും വര്‍ഷത്തില്‍ ശരാശരി 2500 മില്ലിമീറ്ററിലധികം മഴ ലഭിക്കുന്നതുമായ കേരളത്തിന്‍റെ ജലവിഭവ സമൃദ്ധി അന്താരാഷ്ട്ര തലത്തില്‍ പോലും പ്രസിദ്ധമാണെങ്കിലും, മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ ഭേദമില്ലാതെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാം. ഒരുകാലത്ത് കുടിവെള്ളത്തിനായും കാര്‍ഷികാവശ്യങ്ങള്‍ക്കായും ആശ്രയിച്ചിരുന്ന പുഴകളും ആറുകളും തോടുകളുമെല്ലാം വിവിധ രീതിയില്‍ മലിനപ്പെട്ടു. അവയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു; കിണറുകളിലാവട്ടെ ജലവിതാനം കുറഞ്ഞു വരുന്നു; ഭൂഗര്‍ഭജലവും അമിതമായി ചൂഷണം ചെയ്ത് വരുന്നു, കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതവും. മികച്ച നീര്‍ത്തട പ്രദേശങ്ങളില്‍ പോലും മുമ്പെങ്ങും ഇല്ലാത്ത വിധം വരള്‍ച്ച രൂക്ഷമായിരിക്കുന്നു. ജലകമ്പോളങ്ങള്‍ വര്‍ഷം  തോറും വികസിച്ചു വരികയാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ കൃഷിക്കുവേ???ണ്ടി പണം കൊടുത്ത് ലോറിയില്‍ വരുന്ന വെള്ളം ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബിന്ധിതരായിരിക്കുന്നു. പൈപ്പ് ലൈനിലൂടെവരുന്ന വെള്ളത്തെയും കുപ്പിയിലും ബാരലിലുമായി വില കൊടുത്തു വാങ്ങുന്ന വെള്ളത്തെയും കടുത്ത വേനല്‍ക്കാലത്ത് ലോറിയില്‍ വിതരണം ചെയ്യപ്പെടുന്ന വെള്ളത്തെയും നാം കൂടുതലായി ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. സംയോജിത നീര്‍ത്തട സംരക്ഷണ പദ്ധതികളും, കിണര്‍ റീചാര്‍ജ്ജ്, മഴവെള്ള സംഭരണം തുടങ്ങിയവയും ധാരാളം നടക്കുന്നുെണ്ടെങ്കിലും അവയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനവും പരിപാലനവും ഉറപ്പാക്കുന്നതിന് നാം തയ്യാറാവുന്നുണ്ടോ? നമ്മുടെ ദൈനംദിനാവശ്യങ്ങളുടെ ഭാഗമായും മറ്റു വിവിധ സ്രോതസ്സുകളിലൂടെയും പുറംതള്ളപ്പെടുന്ന മലിനജലത്തിന്‍റെ 80 ശതമാനത്തിലധികവും സംസ്കരിക്കപ്പെടാതെ, ശുദ്ധീകരിക്കപ്പെടാതെ, നമ്മുടെ ചുറ്റും തന്നെ കെട്ടിക്കിടക്കുകയാണ്, ആളുകള്‍ വിസര്‍ജ്ജ്യവസ്തുക്കള്‍ കലര്‍ന്ന കുടിവെള്ളം ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. 2050 തോടുകൂടി ലോക ജനസംഖ്യയുടെ 70 ശതമാനവും നഗരത്തില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍, മലിനജലസംസ്കരണവും ശുദ്ധജലലഭ്യതയും വലിയ പ്രശ്നങ്ങളാവും. മറു വശത്താകട്ടെ, മലിനജലം സംസ്കരിച്ച്, മെച്ചപ്പെടുത്തി ഉപയോഗിക്കാനുള്ള സാധ്യതളേറെയാണ്. മനുഷ്യാരോഗ്യം, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവ കൊണ്ടുള്ള മെച്ചങ്ങള്‍ കണക്കിലെടുത്താല്‍ മലിനജല സംസ്കരണത്തിനു വേണ്ടുന്ന പണച്ചെലവ് തുലോം കുറവാണ്, തൊഴിലടക്കമുള്ള ധാരാളം പുതിയ സാധ്യതകള്‍ ഇത് തുറന്നു തരികയും ചെയ്യും. ഇക്കാരണങ്ങളാലാണ് 2017 ലെ അന്താരാഷ്ട്ര ജലദിനത്തില്‍ എന്ത് കൊണ്ട് മലിനജലം (Why Waste Water)? എന്ന ചോദ്യം ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചത്. നിങ്ങള്‍ ഒരു ദിവസം ശരാശരി എത്ര വെള്ളം ഉപയോഗിക്കും എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കുളിക്കാന്‍ ഏകദേശം 47.95 ലിറ്റര്‍, കക്കൂസ് ഉപയോഗത്തിന് 41.1 ലിറ്റര്‍, വസ്ത്രം കഴുകാന്‍ 27.4 ലിറ്റര്‍, കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും 13.7 ലിറ്റര്‍, മറ്റ് ശുചീകരണ പ്രവൃത്തികള്‍ക്ക് 6.85, അങ്ങനെ മൊത്തം ഏതാണ്ട് 137 ലിറ്റര്‍. ഇത് ദൃശ്യമായ വെള്ളത്തിന്‍റെ കണക്കാണ്, അദൃശ്യമായത് വേറെയുമുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ് മാത്രമേ പറഞ്ഞുള്ളൂ, ഭക്ഷണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ടിവന്ന വെള്ളമോ? അതും കണക്കിലെടുക്കേണ്ടേ? ഉദാഹരണത്തിന് ഒരു ദിവസം നിങ്ങളുടെ കുടുംബം ഒരു കിലോ അരി ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. ഏകദേശം 1500 ലിറ്റര്‍ വെള്ളം അതിനായി ചെലവായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്! മറ്റുള്ളവയുടെ കണക്ക് കൂടി കാണാന്‍ ചാര്‍ട്ട് നോക്കൂ....          



   

ഒരു കിലോ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ  ജലത്തിന്‍റെ അളവ് (ലിറ്റര്‍):

കാപ്പി-18900; ഇറച്ചി-15400; പന്നിയിറച്ചി-6000; ആട്ടിറച്ചി-5500; കോഴി-4300; വെണ്ണ-3180; അരി-2500; ഗോതമ്പ്-1830; പഞ്ചസാര-1780; ഒരു ഗ്ലാസ് പാല്‍- 200 (Source: http://thewaterweeat.com/).


അങ്ങനെ നോക്കുമ്പോള്‍ ശരാശരി 3496 ലിറ്റര്‍ ജലം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിനായി ഒരുദിവസം ഉപയോഗിക്കുന്നുണ്ട്. അതുപോലെ നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ ഉണ്ടാക്കുവാനും വെള്ളം വേണ്ടി വന്നിട്ടുണ്ട്. ഒരു ജോഡി ലെതര്‍ ഷൂസ്  8000 ലിറ്റര്‍,  ഒരു പരുത്തി ടീ ഷര്‍ട്ട്  2000 ലിറ്റര്‍, ഒരു പ്രിന്‍റിംഗ് പേപ്പര്‍ ഷീറ്റ്  10 ലിറ്റര്‍ എന്നിങ്ങനെ. 167 ലിറ്റര്‍ അറിയാതെ, കാണാതെ നാം വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ രൂപത്തില്‍ മാത്രം ഒരുദിവസം ഉപയോഗിക്കുന്നുണ്ടത്രെ. ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്ത്, സംസ്കരിച്ചെടുക്കുമ്പോഴും മറ്റു നിത്യോപയോഗവ്യാവസായിക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കപ്പെടുന്ന വെള്ളത്തിന്‍റെ അളവിനെ Virtual Water എന്ന് വിളിച്ചത് ബ്രിട്ടീഷ്  ഭൗമ ശാസ്ത്രജ്ഞനായ ഡോ: ജോണ്‍ ആന്‍റണി  അലന്‍  ആണ്.

വയലും കൃഷിഭൂമിയും മുറിച്ചു വിറ്റും അതില്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയും മണ്‍സൂണുകള്‍ കൊണ്ടു വരുന്ന വെള്ളം മുഴുവന്‍ ഒഴുക്കിക്കളഞ്ഞും ഇവിടെ നമ്മള്‍ ആന്ധ്രയില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ അരിയും പച്ചക്കറികളും വരുന്ന വണ്ടിയും നോക്കിയിരിപ്പാണ്. ഒരു കിലോ അരി അവിടങ്ങളില്‍ നിന്നും ഇവിടേയ്ക്കെത്തുമ്പോള്‍ 2500 ലിറ്ററിനടുത്ത് 'അദൃശ്യ വെള്ള'വും കൂടി വണ്ടി കയറി എത്തുന്നുണ്ട്. പൊതുവേ രൂക്ഷമായ ജലദൗര്‍ലഭ്യം നേരിടുന്ന അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നാം എത്രമാത്രം വെള്ളം ഓരോരോ രൂപത്തില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് മനസ്സിലായില്ലേ? ഇതത്രെ Virtual Water Transport/Trade. ഇതൊന്നുമറിയാതെയാണ് മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് ഊറ്റുന്ന (?) വെള്ളത്തിന്‍റെ കണക്കും പറഞ്ഞ് നമ്മള്‍ കുത്തിയിരിക്കുന്നതും, വണ്ടിയും വിളിച്ച് ഡല്‍ഹിയില്‍ വരെപ്പോയി സത്യഗ്രഹം ഇരിക്കുന്നതും. വയലുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം ഭൂഗര്‍ഭജല വിതാനത്തില്‍ ഉണ്ടാക്കുന്ന വര്‍ധനയെപ്പറ്റിയും ധാരാളം പഠനങ്ങളുണ്ട്.  നമുക്കനുയോജ്യമായ സുസ്ഥിര ജലവിഭവ വികസന പരിപാലന പദ്ധതിയെന്ത്? എന്നതാണ് പ്രസക്തമായ ചോദ്യം. സുസ്ഥിരവും നീതിപൂര്‍വകവുമായ ജല ഉപഭോഗം ഉറപ്പാക്കുന്നതിനായി ഗാര്‍ഹിക, കാര്‍ഷിക ജല ഉപഭോഗം നമ്മുടെ ജലസ്രോതസ്സുകളെ അറിഞ്ഞുകൊണ്ട്  പരിമിതപ്പെടുത്തേണ്ടതുണ്ട്. ജല ഉപഭോഗത്തില്‍ മിതത്വവും കാര്യക്ഷമതയും ഉറപ്പു വരുത്തേണ്ടതുണ്ട്, നമ്മള്‍ ജലസാക്ഷരരാകേണ്ടതുണ്ട്.


കൂടുതല്‍ വായനക്ക്:


·        Edith Brown Weiss (1992), Intergenerational equity: a legal framework for global environmental change, Chapter 12 in Environmental change and international law: New challenges and dimensions, Edited by Edith Brown Weiss. Tokyo: United Nations University Press 
.
·         In Fairness to Future Generations, supra unnumbered note on p. 385.

·         Food and Agricultural Organization (1997), UN World Water Development Report



ഭാഗം 3 (വാസ്തു) വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം




താമസിക്കാനൊരു വീട് ഐക്യരാഷ്ട്രസഭ കൂടി അംഗീകരിച്ച മനുഷ്യാവകാശമാണ്.  കേറിക്കിടക്കാന്‍ നനഞ്ഞൊലിക്കുന്ന കൂര പോലും ഇല്ലാത്തവര്‍ ഒരുപാടുള്ള ഇന്നാട്ടില്‍ വലിയ വീടും യമണ്ടന്‍ ചുറ്റുമതിലും ഫാഷന്‍ ആയിട്ട് കാലമേറെയായി. 'വലിയോരു' പുതിയ വീട് ഏവരുടേയും സ്വപ്നമാണ്, അതും വാസ്തുവിധി പ്രകാരം തിളങ്ങുന്നത്. അതിനു വേണ്ടി ജീവിതത്തിലെ നല്ലൊരു പങ്ക് സമ്പാദ്യവും മാറ്റി വക്കപ്പെടുന്നുണ്ടിവിടെ. ഒരു ജീവിതകാലത്ത് തന്നെ രണ്ടും മൂന്നും വീടുകള്‍ പണിയുന്നവരുമുണ്ട്. വിദേശമലയാളികളുടെ പണം എത്തിതുടങ്ങിയപ്പോള്‍ സാധാരണക്കാര്‍ക്ക്  അപ്രാപ്യമായ വിധത്തില്‍ ഭൂമിക്ക് വില കുതിച്ചുയര്‍ന്നു,  അത് ശരിക്കും 'വസ്തുവായി'. റിയല്‍ എസ്റ്റേറ്റ്കാരുടെ സഹായത്തോടെ കരഭൂമി കഷണം കഷണമായി തീറെഴുതിക്കഴിഞ്ഞ് നമ്മള്‍ വയലിലും കുളത്തിലും പുഴയിലും കായലിലും കൈവച്ചു. ഹെക്ടറും ഏക്കറും സെന്‍റും വിട്ട് സ്ക്വയര്‍ഫീറ്റ് കണക്കിലായി പലയിടത്തും കച്ചവടം.

നമുക്കിപ്പോഴും പ്രകൃതി വിഭവങ്ങള്‍ ശരിയായി, സുസ്ഥിരമായി ഉപയോഗിക്കാനറിയില്ല. ഇവിടെ ആര്‍ക്കു വേണമെങ്കിലും ഭൂമി കഷണം കഷണമായി വെട്ടി മുറിക്കാം, മതില്‍ കെട്ടി വേര്‍തിരിക്കാം, കിണറുകള്‍ കുഴിക്കാം, വെള്ളമില്ലെങ്കില്‍ കുഴല്‍ കിണറുകള്‍ തുരന്നു വെള്ളമൂറ്റാം. കാശുണ്ടെങ്കില്‍ ഇരുപത്തയ്യായിരമോ അതിനും മുകളിലോ സ്ക്വയര്‍ഫീറ്റ് വീട് പണിയാം, അതിനനുസരിച്ച് നികുതി കെട്ടിയാല്‍ മാത്രം മതി. 10 വീടുകള്‍ പണിയാനാവശ്യമായ കല്ലും മണലും സാമഗ്രികളും ഒറ്റക്ക് തീര്‍ക്കാം, ഒരു നിയന്ത്രണവുമില്ല. വീടായാല്‍ ചുരുങ്ങിയത് master bedroom ലെങ്കിലും AC വേണമെന്നതാണ് പുതുചിന്ത. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഗ്രീന്‍ ബില്‍ഡിംഗ് കോഡ് നടപ്പിലാക്കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം വായിച്ച്,  'വീടുകള്‍ക്കെല്ലാം പച്ച പെയിന്‍റ് അടിക്കേണ്ടി വരും' എന്നു വരെ വ്യാഖ്യാനിച്ച മിടുക്കന്മാരും നമ്മുടെ കൂട്ടത്തിലുണ്ട്.  തെറ്റായ ഭൂവിനിയോഗ രീതികളും നമ്മുടെ ചുറ്റുമതിലുകളും പലയിടത്തും വെള്ളക്കെട്ട് വര്‍ദ്ധിച്ചു വരുന്നതില്‍ വഹിക്കുന്ന പങ്ക് പഠിക്കേണ്ടതാണ്. 2011 ലെ സെന്‍സസ് പ്രകാരം 1,12,20,000 വീടുകള്‍ ഉണ്ട് കേരളത്തില്‍. അതില്‍ 11,90,000 എണ്ണം ഒഴിഞ്ഞു കിടക്കുകയായിരുന്നു (10.6%), ഇപ്പോള്‍ കണക്കുകള്‍ പരിധി വിട്ട് പറന്നിട്ടുണ്ടാവും. ചില അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്താകമാനം നഗരങ്ങളില്‍ 1.2 കോടിയോളം വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നാണ്. നഗരത്തിലെ 1.88 കോടി കുടുംബങ്ങള്‍ക്ക് വീട് ഇപ്പോഴും ഒരു സ്വപ്നമായിരിക്കുമ്പോഴാണിത്. പത്തനംതിട്ട ജില്ലയിലെ NRI ക്കാരുടെ അടഞ്ഞു കിടക്കുന്ന വീടുകളെപ്പറ്റി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു പത്രപ്രവര്‍ത്തക നടത്തിയ  അന്വേഷണത്തെക്കുറിച്ച് വായിച്ചതോര്‍മ്മ  വരുന്നു. ഒരു വീട്ടിലെ കാരണവര്‍ പറഞ്ഞത്രെ, 3 ആണ്‍മക്കളും അമേരിക്കയിലാണ്, അവര്‍ നാട്ടില്‍ പണിതിട്ട 3 ബംഗ്ലാവുകളും താനും ഭാര്യയും താമസിക്കുന്ന കുടുംബവീടും അടിച്ചു വൃത്തിയാക്കി ഇടുക എന്നതാണത്രെ സ്ഥിരം പണി. 'അങ്ങേയറ്റം വമ്പും പ്രദര്‍ശനപരതയും പ്രകടിപ്പിക്കാനുള്ള മലയാളികളുടെ ത്വര കേരളത്തെ ആഡംബര സൗധങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു' എന്ന് ഈയിടക്ക് അഭിപ്രായപ്പെട്ടത് നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കറാണ്. മലയാളിയെ പരിസ്ഥിതിസൗഹൃദ വീടുകളുണ്ടാക്കാന്‍ പഠിപ്പിച്ച ഹാബിറ്റാറ്റ് എന്ന സംഘടനയുടെ മുപ്പതാം വാര്‍ഷികാഘോഷ വേളയിലായിരുന്നു ഈ പരാമര്‍ശം. നഗരങ്ങളിലെ അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം കേരള സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടായിരുന്നത് എന്തായോ എന്തോ? റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നു. ഓര്‍ക്കുക, നമ്മുടെ ഓരോരുത്തരുടേയും ആവശ്യങ്ങളും ആശകളും മറ്റുള്ളവരുടേയും ഇനി വരുന്ന തലമുറകളുടേയും ആവശ്യങ്ങളേയും ആശകളേയും ഹനിക്കാതെയാവാന്‍ ശ്രമിക്കുക.




റേഞ്ച് റോവറുകള്‍ മുരളുന്ന പടുറോഡുകള്‍


കേരളത്തിലെ റോഡുകളിലോടുന്ന മോട്ടോര്‍ വാഹനങ്ങളുടേതായി ആസൂത്രണ ബോര്‍ഡ് നല്‍കുന്ന കണക്ക് അതികേമമാണ്. 1960ല്‍ 24,000 സ്വകാര്യ വാഹനങ്ങള്‍ ഉണ്ടായിരുന്നത് 2015 എത്തിയപ്പോള്‍ 96 ലക്ഷമായി (400 മടങ്ങ്!) കേരളത്തില്‍ മൂന്നു പേര്‍ക്ക്  ഒരു മോട്ടോര്‍ വാഹനമുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ദേശീയ ശരാശരിയാവട്ടെ 25 പേര്‍ക്ക്  ഒന്നും. ഒന്നിലധികം വാഹനങ്ങളുള്ള വീടുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രാജ്യത്ത് ആയിരം പേര്‍ക്ക്  18 മോട്ടോര്‍ വാഹനങ്ങളുള്ളപ്പോള്‍ കേരളത്തില്‍ ഇത് 305 ആണ്. ചൈനയില്‍ ഇത് 47 ഉം അമേരിക്കയില്‍ 507 മാണ് എന്ന് കൂടി അറിഞ്ഞോളൂ. വിദേശ നിര്‍മ്മിത ആഡംബര/അത്യാഡംബര കാറുകള്‍ക്കും  വന്‍ ഡിമാന്‍ഡാണിവിടെ. ആയിരത്തിലധികം അത്യാഡംബര കാറുകള്‍ ഇവിടെ വര്‍ഷംതോറും വിറ്റു പോകുന്നുണ്ടത്രെ. എല്ലാത്തരം മോഡല്‍ വാഹനങ്ങളുടെ വില്‍പനയിലും കേരളം മുന്നിലാണ്. ഓരോ വര്‍ഷവും എട്ടു ലക്ഷത്തിലേറെ വാഹനങ്ങള്‍ വിപണിയിലെത്തുന്നു. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു പുറമേ 25% വാഹനങ്ങള്‍ പുറത്തുനിന്നു വരുന്നുമുണ്ട്. ഇവിടെ റജിസ്റ്റര്‍ ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം ഒരു കോടി 10 ലക്ഷം കവിയുകയും ചെയ്തു, ഈ വര്‍ഷാദ്യം. ഏകദേശം 2360 വാഹനങ്ങള്‍ ഓരോ ദിവസവും ഇവിടെ കൂടുന്നുണ്ടത്രെ. 2005-06 സാമ്പത്തിക വര്‍ഷത്തിനും 2012-13 നും ഇടയില്‍ കേരളത്തില്‍ റോഡ് നീളം 68% വര്‍ധിച്ചപ്പോള്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 157.8% വര്‍ധനവുണ്ടായി എന്നാണു കണക്ക്. ഒന്ന് മഴ ചാറിയാല്‍ പലയിടത്തും റോഡുകള്‍ തന്നെയില്ല. നാലു ലെയിന്‍ ഗതാഗതം തന്നെ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയില്‍ ആറു ലെയിന്‍ നമുക്ക് സാധ്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മാറിയ ജീവിതരീതികള്‍, വളരെ മെച്ചപ്പെട്ട സാമ്പത്തികാന്തരീക്ഷം, പൊതുഗതാഗത സംവിധാനങ്ങളിലുള്ള അതൃപ്തി, കുടുംബ സ്വകാര്യത തുടങ്ങിയ കാര്യങ്ങളാണ് ഇത്രയും വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ കാരണമായി പല പഠനങ്ങളും രേഖപ്പെടുത്തുന്നത്. ഇന്ധനോപയോഗവും അതിനനുസരിച്ച് കുത്തനെ കയറി. കാര്‍ബണ്‍ ഉല്‍സ്സര്‍ജ്ജനം, പരിസ്ഥിതി മലിനീകരണം, ഗതാഗത പ്രശ്നങ്ങള്‍, അപകടങ്ങള്‍ എന്നിവ ക്രമാതീതമായി വര്‍ധിച്ചു. പലയിടത്തും നിയന്ത്രണങ്ങള്‍ക്ക് സമയമായിട്ടുണ്ട്. സി. എന്‍. ജി. ഉപയോഗം വ്യാപിപ്പിക്കണമെന്നും ഒറ്റ അക്ക നമ്പറും ഇരട്ട അക്ക നമ്പറും ഉള്ള വാഹനങ്ങള്‍ വ്യത്യസ്ഥ ദിവസങ്ങളില്‍ നിരത്തിലിറക്കണമെന്നും ഡീസല്‍ വണ്ടികള്‍ നിരോധിക്കണമെന്നുമുള്ള ഡല്‍ഹിയിലെ തീരുമാനങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ? ശ്വാസം മുട്ടുന്ന ഡല്‍ഹിയെയും ബംഗളുരുവിനെപ്പറ്റിയും ഈയടുത്തയിടക്ക് പത്രങ്ങളില്‍ വായിച്ചില്ലേ? ബാംഗ്ലൂരില്‍ എല്ലാ മാസത്തെയും രണ്ടാമത്തെ ഞായറാഴ്ച സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തി 'ലെസ്സ് ട്രാഫിക് ഡേ' ആയി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ റോഡുകളില്‍ ഒരു cycle path വരാന്‍ എത്ര കാലം കാത്തിരിക്കണമാവോ?




Source: Motor Vehicles Dept., Kerala




ഭാഗം 4 കുന്നോളം വിവാഹസ്വപ്നങ്ങള്‍ നെയ്യുന്ന ന്യൂ ജെന്‍


രാജ്യത്തങ്ങോളമിങ്ങോളം വ്യവസായവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ് ആയിരങ്ങള്‍ പങ്കെടുത്തര്‍മ്മാദിക്കുന്ന വിവാഹമാമാങ്കങ്ങള്‍. വിവാഹത്തിന് വന്നു ചേരുന്ന അതിഥികളുടെ ബാഹുല്യവും സദ്യ വിഭവങ്ങളുടെ എണ്ണവും കണ്ട് സമൂഹം തങ്ങളെ ബഹുമാനിക്കണം എന്നാണ് പൊതുവേയുള്ള ധാരണ. ജ്വല്ലറികള്‍ക്കും തുണിക്കടകള്‍ക്കും കാറ്ററിംഗ്കാര്‍ക്കും വീടും പറമ്പും, കൂടെ വധൂവരന്മാരെയും തീറെഴുതികൊടുക്കുന്ന വിവാഹാഭാസങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ബന്ധുമിത്രാദികളെല്ലാവരും യൂണിഫോമണിഞ്ഞ് നില്‍ക്കണമെന്നതടക്കമുള്ള (ദു:)ശാഠ്യങ്ങള്‍ തുടങ്ങിയിട്ടേറെ ആയിട്ടില്ല. പലപ്പോഴും ഒരു കണക്കുമില്ലാതെ ഭക്ഷണം ഉണ്ടാക്കും, ബാക്കി വരുന്നത് കുഴി കുത്തി മൂടും. അല്ലെങ്കില്‍ പൊതിഞ്ഞു കെട്ടി, അടുത്തുള്ള വൃദ്ധസദനത്തിലെയോ ബാലമന്ദിരത്തിലെയോ അന്തേവാസികള്‍ക്കെത്തിച്ച്, ചുളുവിന് പുണ്യം സമ്പാദിക്കാം (എന്നാല്‍ അവരെക്കൂടെ പങ്കെടുപ്പിക്കണമെന്ന  താല്‍പ്പര്യം ആര്‍ക്കുമില്ല). പ്ലാസ്റ്റിക് - പ്ലാസ്റ്റിക്കിതര ചവറുകളുടെ ശവപ്പറമ്പാണ് കല്യാണപ്പുരകള്‍. ചടങ്ങുകളോ? ഒന്നിനും ഒരു കുറവുമുണ്ടാകാന്‍ പാടില്ല. അവന്‍ കല്യാണപ്പന്തലില്‍ ബെന്‍സില്‍ വന്നിറങ്ങിയാല്‍ ഞാന്‍ ഹെലികോപ്റ്ററിലെങ്കിലും വരേണ്ടേ? എന്നാണ് ചോദ്യം! ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വധൂവരന്മാരെ നാടു ചുറ്റിക്കുന്നവര്‍ ഏറെയുണ്ടിന്ന്. ഇവിടെയാണ് ആളുകള്‍ അത്യുഗ്രന്‍ innovations ആലോചിച്ചു കൊണ്ടു വരുന്നത്. എന്ത് തുടങ്ങി വച്ചാലും അതൊരാചാരമായി മാറിക്കൊള്ളും. ഉത്തരേന്ത്യയിലെ ചില വമ്പന്മാരുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് arranged International tour package കള്‍ വരെയുണ്ടത്രെ! പണമുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥ. പണമില്ലാത്തവരും അത് കണ്ട് ഒപ്പം കാട്ടാന്‍ നിര്‍ബന്ധിതരായി ആധാരവും കൊണ്ട് ബാങ്കിലേക്കോടും. 'അതവരുടെ കഴിവുകേട്' എന്നഭിപ്രായമുള്ളവരുണ്ട്. അവരോട് മുമ്പ് സൂചിപ്പിച്ച intergenerational equity മനസ്സിരുത്തി വായിക്കാനപേക്ഷ. Need ഉം Greed ഉം തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരികയും ഉയര്‍ന്നുയര്‍ന്ന് പോകുമ്പോള്‍ താഴേക്കുകൂടി നോക്കണം എന്നു സൂചിപ്പിക്കുകയും ചെയ്ത ആ മനുഷ്യനെ പച്ചനോട്ടിലെ പടം കാണാതെയും സ്മരിക്കാം കേട്ടോ. മാറ്റുവാന്‍ പറ്റാത്ത പല ആഘോഷ ചട്ടങ്ങളും മായ്ക്കുവാന്‍ പറ്റാത്ത പല ചിത്രങ്ങളും മലയാളക്കരക്ക് സ്വന്തമായുണ്ട്. ഓര്‍ക്കുക, നിങ്ങള്‍ ചെലവാക്കുന്നവ മാത്രമല്ല വിവാഹത്തിന്‍റെ  കണക്കില്‍ വരുന്നത്, മറിച്ച് ആ ദിനം നിങ്ങളോടൊപ്പം ചെലവഴിക്കാനെത്തുന്നവരുടെ സമയവും ഊര്‍ജ്ജവും പണവും കൂടിയാണ്.

ആഡംബര വിവാഹങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തുന്നതിന് നിയമം വരുന്നു എന്നൊരു വാര്‍ത്ത 2013 ജൂലൈയില്‍ വായിച്ചിരുന്നു, വിവാഹാഘോഷങ്ങള്‍ നടക്കുന്ന ഓഡിറ്റോറിയങ്ങള്‍ കെട്ടേണ്ട നികുതിയെപ്പറ്റിയും. പിന്നീടെന്തുണ്ടായി എന്നറിയില്ല, ബില്ലിപ്പോഴും പരിഗണനയിലാണെന്ന് തോന്നുന്നു.

വിവാഹം എന്നത് കേവലം ഒരു ഇവന്‍റ് അല്ല, അത് രണ്ട് വ്യക്തികളെ, രണ്ട് കുടുംബങ്ങളെ ചേരുംപടി ചേര്‍ക്കുന്ന സ്നേഹ'ബന്ധന'മാണ്. വിവാഹം വ്യക്തിജീവിതത്തിലെ ഒരു പ്രധാന സംഭവമാണ്, അത് അവിസ്മരണീയമാക്കേണ്ടതും തന്നെ. ധാരാളം പണം ചെലവാക്കിയുള്ള ആഘോഷങ്ങള്‍ സമ്പത്ത് ഒരു സ്ഥലത്ത് കുന്നുകൂടുന്നത് ഒഴിവാക്കുമെന്നും, സമൂഹത്തിലെ പല തുറകളിലെ ജീവിതങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ സഹായിക്കുമെന്നുമുള്ള സമത്വവാദങ്ങളെ ബഹുമാനിക്കുന്നു.  പക്ഷെ പ്രകൃതിവിഭവങ്ങള്‍ പരിമിതമായുപയോഗിച്ചും പാരിസ്ഥിതിക കേടുപാടുകളില്ലാതെയും മിതവ്യയമായും ആഘോഷങ്ങള്‍ നടത്തേണ്ടതല്ലേ? ഇതുവരെയുള്ള സമ്പാദ്യം മുഴുവനും എടുത്തും കടം വാങ്ങിയും വിവാഹ മാമാങ്കം നടത്തിയശേഷം, ഒന്നിച്ച് ജീവിക്കാന്‍ വീണ്ടും കടം വാങ്ങേണ്ട അവസ്ഥയില്‍ നിന്നും യുവതീയുവാക്കള്‍ രക്ഷപ്പെടണം എന്നും കൂടി ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതോര്‍മ്മ വരുന്നു. വര്‍ഷങ്ങളിലൂടെ നമ്മളാര്‍ജ്ജിച്ച പല യുക്തികളും വിശ്വാസങ്ങളും ശീലങ്ങളും പരീക്ഷിക്കപ്പെടുന്ന ഒരു റാഗിംഗ് വേളയാണ് വിവാഹം എന്നത്. വിവാഹ സംബന്ധിയായ പല തീരുമാനങ്ങളും സംഗതികളും പലപ്പോഴും നമ്മുടെ കയ്യില്‍ നിന്നും വഴുതിപ്പോവും. കുട്ടികളെ വളര്‍ത്തി വലുതാക്കി തങ്ങളുടെയും കുടുംബത്തിന്‍റെയും നിലക്കും വിലക്കും അനുയോജ്യമായ വിവാഹം നടത്തിക്കൊടുക്കലാണ് തങ്ങളുടെ ജീവിത ലക്ഷ്യം എന്ന മാതാപിതാക്കളുടെ (അനാവശ്യ) ചിന്തയാണിതിന്‍റെ കാരണം.

വിശ്വാസ മാമാങ്കങ്ങളുടെ പാരിസ്ഥിതിക പാദമുദ്ര


വിവാഹം ഒരുദാഹരണമായി പറഞ്ഞുവെന്നേ ഉള്ളൂ. ആഘോഷങ്ങളെല്ലാം ഇങ്ങനെ തന്നെയല്ലേ? ഓണം, വിഷു അങ്ങനെ പല ആഘോഷങ്ങളുടെയും ചരിത്രവും ഐതിഹ്യവുമെല്ലാം വിട്ട് നമ്മള്‍ ഡിസ്കൗണ്ട് വില്‍പ്പന സീസണ്‍ വരുന്നത് മാത്രം നോക്കിയിരിപ്പല്ലേ? വിവാഹാഘോഷങ്ങളില്‍ മാത്രമല്ല innovations നടന്നു കൊണ്ടിരിക്കുന്നത്. ജാതി, മത, ദൈവആള്‍ ദൈവ വിശ്വാസികളും രാഷ്ട്രീയപ്പാര്‍ട്ടി അണികളും സിനിമാതാര അനുഭാവികളുമെല്ലാം എന്നുമെന്നും സ്വയം നവീകരിച്ചു കൊണ്ടിരിക്കുകയാണ്, ഒന്നിച്ചു 'കൂടി', ആഘോഷിച്ചര്‍മ്മാദിക്കാനുള്ള ഓരോ അവസരവും തേടിക്കൊണ്ടിരിക്കുകയാണ്. ഉള്‍ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളും പള്ളികളും വരെ പഞ്ചനക്ഷത്രപദവിയിലാക്കുന്ന തിരക്കിലാണെല്ലാവരും. ഉത്സവാഘോഷ നോട്ടീസുകള്‍ multi coulor ആണോ, വികസനത്തിന്‍റെ ആദ്യ പടിയാണത്. അടുത്ത ഊഴം കിലോമീറ്ററുകളോളം സ്ഥാപിക്കപ്പെടുന്ന ഫ്ളക്സ് ബോര്‍ഡുകളുടേതാണ്. പിന്നെപ്പിന്നെ ക്ലച്ച് പിടിച്ചോളും. അരലക്ഷം പേര്‍ പങ്കെടുത്തു എന്നവകാശപ്പെടുന്ന പൊങ്കാല മുതല്‍ കേട്ടുകേള്‍വി  പോലുമില്ലാത്ത ഔഷധപ്പൊങ്കാല, ദൈവങ്ങളുടെയും (ആള്‍ ദൈവങ്ങളുടെയും) പുണ്യാളന്മാരുടേയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടേയും ജയന്തികള്‍, ശോഭായാത്രകള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഉത്സവങ്ങള്‍ അങ്ങനെ ആഘോഷപ്പട്ടിക നീണ്ടു നീണ്ടു വരുന്നു. സമുദായശക്തിയും ഐക്യവും വിളിച്ചോതുന്ന പ്രകടനങ്ങളാണ് മറ്റൊരു തകര്‍പ്പന്‍ ആഘോഷം. ഒന്ന് കഴിയുമ്പോള്‍ അടുത്തത്, അത് കഴിഞ്ഞാല്‍ വേറൊന്ന്, ചുരുക്കത്തില്‍ നാട് എന്നും മാലിന്യക്കൂമ്പാരം! (ആഘോഷശേഷം റോഡും നാടും വൃത്തിയാക്കുന്നവരും ഫ്ളക്സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റുന്നവരും ക്ഷമിക്കുക). ആര്‍ക്കും പൊതുസ്ഥലത്തെവിടെയും എന്ത് ബോര്‍ഡുകളും വക്കാം, പൈല്‍സ് ഫിസ്റ്റുല ചികില്‍സ  മുതല്‍ സിനിമാ പോസ്റ്റര്‍ വരെ. കടകളോ വീടുകളോ മറച്ചു കൊണ്ടായാലേ ജനരോഷമുണ്ടാവൂ. പല വിദേശ രാജ്യങ്ങളിലെയും റോഡുകളെയും റോഡരികുകളെയും പോലെ അത്ര aesthetic sense വേണമെന്നില്ല; കാഴ്ച മറക്കാതെ, ഗതാഗതം തടസ്സപ്പെടുത്താതെ common sense കാണിച്ചു കൂടെ? ഒരു തമാശ പറയട്ടേ? നിങ്ങളുടെ തൊട്ടടുത്ത ജങ്ക്ഷനില്‍ ഒരരിക് ചേര്‍ന്ന് രണ്ട് ദിവസം അനങ്ങാതെ നിന്ന് നോക്കൂ, നിങ്ങളുടെ പുറത്തും വരും ഒന്നെങ്കില്‍ ഒരു പോസ്റ്റര്‍ അല്ലെങ്കില്‍ ഒരു നോട്ടീസ്!


തെരഞ്ഞെടുപ്പങ്കങ്ങളെപ്പറ്റി പറയേണ്ടല്ലോ. കാസറഗോഡ് തുടങ്ങി കന്യാകുമാരിയിലവസാനിക്കുന്ന രക്ഷാവിമോചന-നവകേരള-ഉണര്‍ത്തു-ജാഗ്രതാ ജാഥകളുടെ കളിയാണാദ്യം. പൊതുജനങ്ങള്‍ എല്ലാവരും ഉറങ്ങുകയാണെന്നും, അവരെ ഉണര്‍ത്താന്‍ തങ്ങള്‍ക്കു മാത്രമേ  കഴിയൂ എന്നും ഓരോരുത്തര്‍ക്കും ഭയങ്കര ആത്മവിശ്വാസമാണ്. നേരത്തെ സൂചിപ്പിച്ച അത്യുഗ്രന്‍ innovation ന്‍റെ ഒരുദാഹരണം ഈയിടെ കണ്ടു. കൊടിമര ജാഥയെപ്പറ്റി കേട്ടിട്ടുണ്ട്, പക്ഷെ പാര്‍ട്ടി നാട്ടിലങ്ങോളമിങ്ങോളം വച്ച ഏറ്റവും പുതിയ ബോര്‍ഡുകളില്‍ ഇത് 'കപ്പി, കയര്‍, കൊടിമര' ജാഥയാണ്!


തെരഞ്ഞെടുപ്പങ്കങ്ങള്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്കും  അവരുടെ കുട്ടികള്‍ക്കും 5 വയസ്സ് കൂടുന്നതു വരെ ഭരണം കയ്യാളും, പക്ഷെ തെരഞ്ഞെടുക്കപ്പെടാനായി അവരും അവരുടെ പാര്‍ട്ടികളും മത്സരിച്ച് നാട്ടിലങ്ങോളമിങ്ങോളം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളിലെ പി.വി.സി. യാകട്ടെ അവരുടെ മരുമക്കളുടെ മക്കളുടെ കാലത്തോളം ഭരണം കയ്യാളും. മണ്ണില്‍ അലിഞ്ഞു ചേരാതെ, ഏറ്റവും ചുരുങ്ങിയത് നൂറു വര്‍ഷത്തോളം അവ നമുക്ക് പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ട്  നില നില്‍ക്കും, ഒരു പക്ഷെ അതിലേറെയും. കൃത്രിമ പോളിമര്‍ ആയ വിനൈല്‍/പി.വി.സി. ഫ്ളക്സ് കത്തിച്ച് നശിപ്പിച്ചാല്‍ അതിലേറെ ദോഷവുമാണ്. അവ ഉണ്ടാക്കുന്ന മലിനീകരണത്തെപ്പറ്റി ഇവിടെ എഴുതേടണ്ടണ്ടതില്ലല്ലോ. തെരഞ്ഞെടുപ്പ് കാലത്ത് കേരളം ഉപയോഗിക്കുന്നത് എത്ര സ്ക്വയര്‍ മീറ്റര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ എന്ന് കണക്കു കൂട്ടാന്‍ വകുപ്പുണ്ടോ ആവോ? പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത വിശദാംശങ്ങളില്‍ നിന്നും ഊഹിച്ചെടുക്കാന്‍ ചിലപ്പോള്‍ പറ്റിയേക്കും, വിവരാവകാശരേഖകളുടെ സഹായത്തോടെ. നൂറെണ്ണം അടിച്ചാല്‍ പത്തെണ്ണം എന്ന് രേഖപ്പെടുത്തുന്നത് കാരണം കൃത്യത ഉണ്ടാവില്ല എന്നുറപ്പ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആകെ  75,549 സ്ഥാനാര്‍ഥികള്‍ ശരാശരി ഒരു സ്ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള 10 ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചു എന്ന് കണക്കു കൂട്ടിയാല്‍ത്തന്നെ ആകെ എണ്ണം 7 ലക്ഷം സ്ക്വയര്‍ മീറ്റര്‍ കവിയും (ആരെങ്കിലും ഫ്ളക്സ് ഒഴിവാക്കി  കടലാസ് പ്രിന്‍റ് എടുത്തിരുന്നുവെങ്കില്‍ അത്രയും നന്ന്). പരത്തി വിരിച്ചാല്‍, തുലാവര്‍ഷങ്ങളും കാലവര്‍ഷങ്ങളും കൊണ്ടുവരുന്ന വെള്ളം ഒരു തുള്ളി പോലും മണ്ണിലേക്കിറക്കാതിരിക്കാന്‍ ഇവക്ക് കഴിയും.


ഇനി താമസിയാതെ ലോക്സഭാ തെരഞ്ഞെടുപ്പ് വരും, ഇടയില്‍ ഉപതെരഞ്ഞെടുപ്പുകളും സഹകരണ മേഖലയിലെ മറ്റു വഹകളുമായി നൂറായിരം എണ്ണവും. കലുങ്ക് മുതല്‍ വിമാനത്താവളം വരെയുള്ളവയുടെ കല്ലിടലും ഉല്‍ഘാടനവും ഒഴിവാക്കാന്‍ പറ്റുമോ? ഫ്ളക്സ് ബോര്‍ഡുകളും മറ്റു പ്ലാസ്റ്റിക് തോരണങ്ങളും നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഉല്‍പ്പന്നങ്ങളുടേയും കടകളുടേയും പരസ്യ ബോര്‍ഡുകളെ തല്‍ക്കാലം വിടാം, അതവരുടെ ജീവനകല. മറ്റുള്ളവയോ? ഉത്സവങ്ങളും പെരുന്നാളുകളും; എല്ലാ വിഷയങ്ങള്‍ക്കും  എ+ നേടിയവര്‍ക്ക്  സ്കൂളിന്‍റെ വക അഭിനന്ദനം, പൗരസമിതിയുടെയും റസിഡന്‍റ്സ്  അസോസിയേഷന്‍റെയും വക പ്രത്യേകം പ്രത്യേകം; റിയാലിറ്റി ഷോക്ക് പോകുന്ന കുട്ടന് അഭിനന്ദനം, കുട്ടിക്ക് ഓള്‍ ദി ബെസ്റ്റ്, ഫ്ളാറ്റ് നേടിയാല്‍ പിന്നെ പറയേടണ്ട, ഉല്‍സവം തന്നെ; വിവാഹത്തിന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും വക അഭിനന്ദനങ്ങള്‍. ദേശവാസികളുടെ ചിരകാലാഭിലാഷവും ആവശ്യവുമായ പാലം നിര്‍മ്മാണത്തിന് 5 ലക്ഷം രൂപ അനുവദിച്ച മെമ്പര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന പോസ്റ്ററുകളും ധാരാളം കണ്ടു തുടങ്ങി. ശ്രദ്ധിക്കുക, ജനാധിപത്യ മാര്‍ഗ്ഗത്തില്‍ തെരഞ്ഞെടുത്ത ജനങ്ങളിലൊരാളായ പഞ്ചായത്ത് മെമ്പറാണ് ഈ തുക പണ്ട് രാജാവ് ചെയ്തത് പോലെ 'കല്‍പ്പിച്ചനുവദിക്കുന്നത്' കേട്ടോ! ''ന്‍റെ വിവാഹോല്‍സവംچ എന്നും 'എനിക്ക് പിറന്നാളാശംസകള്‍' എന്നും മറ്റുമുള്ള ബോര്‍ഡുകള്‍ കാണാന്‍ അധികം കാത്തിരിക്കേടണ്ടി വരില്ല എന്നാണ് തോന്നുന്നത്. എഴുത്തുകാരന്‍ ശ്രീ. സക്കറിയ പണ്ട് പറഞ്ഞത് പോലെ 'ആത്മരതി'യില്‍ അഭിരമിക്കുന്ന സമൂഹം തന്നെ.


ഫ്ളക്സുകള്‍ ഉണ്ടാക്കുന്ന മലിനീകരണത്തെപ്പറ്റി എത്ര ബോധ്യം വന്നാലും എന്ത് ചെയ്യാന്‍ പറ്റും? കേരളത്തില്‍ ഏകദേശം പതിനായിരം കോടിയുടെ മുതല്‍മുടക്കോടു കൂടി രണ്ടായിരത്തോളം ഫ്ളക്സ് പ്രിന്‍റിംഗ് വ്യവസായ സംരംഭകരുണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതില്‍ത്തന്നെ അറുപത് ശതമാനത്തോളം ബാങ്ക് വായ്പയാണത്രെ. രണ്ട് ലക്ഷത്തോളം മനുഷ്യര്‍ക്ക്  നേരിട്ടും, പത്തു ലക്ഷത്തോളം വരുന്നവര്‍ക്ക്  അല്ലാതെയും ജീവനോപാധിയായ ഈ സംരംഭം നിരോധിക്കണം എന്ന മുറവിളിയും തുടര്‍നടപടികളും വിഡ്ഢിത്തമായിരിക്കും, അതവരോടെ ചെയ്യുന്ന വലിയ നീതികേടും. ചുവരെഴുത്തിലേക്കും, തുണി ബോര്‍ഡുകളിലേക്കുമുള്ള തിരിച്ചുപോക്ക് എത്രമാത്രം പ്രായോഗികമായിരിക്കും? കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു, ചില നിബന്ധനകള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. പൊതുസ്ഥലത്ത് മൈക്ക് ഉപയോഗിക്കുമ്പോള്‍ എന്നത് പോലെ ഫ്ളക്സ് ബോര്‍ഡുകള്‍ വക്കാനും തോരണങ്ങള്‍ കെട്ടാനും കര്‍ശനോപാധികളോടെ അനുമതി നല്‍കേണ്ടിയിരിക്കുന്നു.  പരസ്യനികുതി പിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. തുണിയില്‍ പ്രിന്‍റ് ചെയ്യുന്ന വിദ്യ ആളുകള്‍ അറിഞ്ഞു വരുന്നുണ്ട്, തെരഞ്ഞെടുപ്പിന്‍റെയും മറ്റാഘോഷങ്ങളുടേയും പരിസ്ഥിതി പാദമുദ്ര, Ecological Footprint അതിഭീകരം തന്നെ. കാര്‍ബണ്‍ ന്യൂട്രല്‍ ആയുള്ള ആഘോഷങ്ങളിലേക്ക് ദൂരം ഇനിയുമുണ്ട്, കാര്‍ബണ്‍ നെഗറ്റീവ് ആയതിലേക്ക് വളരെയേറെയും. ഹരിതകേരള മിഷന്‍ എന്താവുമോ എന്തോ? കമ്പോളത്തിന് പൂര്‍ണ്ണമായും അടിമപ്പെട്ട നമ്മള്‍ വീട്ടിലേക്ക് പല രൂപത്തില്‍, ഭാവത്തില്‍ വിളിച്ചു കയറ്റിക്കൊണ്ടു വരുന്ന, പലപ്പോഴും കത്തിച്ചു കളയുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റിക്കിനെക്കുറിച്ച് പറയാന്‍ ഭാവിക്കുന്നില്ലിവിടെ. തുടങ്ങിയാല്‍ എങ്ങുമെത്തില്ല, അതു തന്നെ കാര്യം. ഒരു പക്ഷെ മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ വച്ചേറ്റവും ഉപകാരപ്രദമായ ഉപദ്രവകാരി പ്ലാസ്റ്റിക് തന്നെയായിരിക്കുമോ?



ഭാഗം 5 കാല്‍ച്ചുവട്ടില്‍ നിന്നുമൊലിച്ചു പോകുന്ന മണ്ണ്


ഭൂമി, ജലം, ഇന്ധനം, മറ്റ് പ്രകൃതിവിഭവങ്ങള്‍ എന്നിവ യാതൊരു വീണ്ടു വിചാരവുമില്ലാതെ ഉപയോഗിച്ച് ധൂര്‍ത്തടിക്കുന്നതിലും മലിനപ്പെടുത്തുന്നതിലും നമ്മില്‍ പലരേയും വെല്ലാനാളില്ല. കുന്നുകള്‍ ഇടിച്ച്, പാറകള്‍ പൊട്ടിച്ച്, വയലുകള്‍ നികത്തി ആവശ്യത്തിലേറെ കെട്ടിലും മട്ടിലും കെട്ടിടങ്ങളും റോഡുകളും വിമാനത്താവളങ്ങളും പണിഞ്ഞ് കൂട്ടുമ്പോഴും ധാരാളം പ്രകൃതിദത്ത ഇന്ധനങ്ങള്‍ കത്തിച്ചു തീര്‍ക്കുമ്പോഴുമൊന്നും തീര്‍ന്നു പോകുന്ന പ്രകൃതി വിഭവങ്ങളെപ്പറ്റിയോ, മലിനമാക്കപ്പെടുന്ന ആവാസവ്യവസ്ഥകളെപ്പറ്റിയോ, കാല്‍ച്ചുവട്ടില്‍ നിന്നുമൊലിച്ചു പോകുന്ന മണ്ണിനെപ്പറ്റിയോ ഒട്ടും തന്നെ വേവലാതിയില്ലാത്തവരാണ് നാം. അതേസമയം പ്രകൃതി സൗഹൃദ ഊര്‍ജ്ജഇന്ധന സ്രോതസ്സുകള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്നവരും. രണ്ടു ദിവസം പെട്രോള്‍ ഇല്ലെങ്കില്‍ ശൂന്യമാകുന്ന റോഡുകളും, പറ്റെ അടഞ്ഞു പോകുന്ന കമ്പോളവും, ഗ്യാസ് ഇല്ലെങ്കില്‍ കൂമ്പുന്ന അടുക്കളകളും കറന്‍റ് ഇല്ലെങ്കില്‍ വേവുന്ന അകത്തളങ്ങളുമായി മുമ്പോട്ടെത്ര നാള്‍? മുമ്പ് സൂചിപ്പിച്ച Technology Model നമ്മളെ രക്ഷിക്കുമോ? നമ്മുടെ ജീവിത രീതികള്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയര്‍ത്താന്‍ പാടുപെടുകയാണ് നാം. എന്നാല്‍ അവരോ? നേരത്തെ ചെയ്തു പോയ (നമ്മള്‍ ഇപ്പോള്‍ ചെയ്യുന്ന) പല വികസന പരീക്ഷണങ്ങളും സുസ്ഥിര പാതയിലല്ലെന്ന് മനസ്സിലാക്കി പുതിയ പുതിയ പദ്ധതികളുമായി വരുന്നു. കാര്‍ബണ്‍ ഉല്‍സ്സര്‍ജ്ജനം കുറച്ച്  ആഗോളതാപനത്തെ നേരിടാന്‍ ശ്രമിക്കുന്നു, മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ട്രംപിന്‍റെ തീരുമാനം ഉണ്ടാക്കിയ കോലാഹലം മറക്കുന്നില്ല. എങ്കിലും ലോകരാജ്യങ്ങള്‍ പലതും പരിസ്ഥിതിഊര്‍ജ്ജ സംരക്ഷണക്കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വന്നുകൊണ്ടിരിക്കുകയാണ്.

ആഗോളതാപനം, മരം മാത്രമല്ല മറുപടി



മനുഷ്യനിവിടെ നട്ടപ്പ്ര വെയിലത്ത് കഷ്ടപ്പെടുമ്പോള്‍, വഴിയോരത്ത് തണുത്തുറഞ്ഞ മുറികളില്‍ സുഖമായുറങ്ങുന്ന ATM കള്‍ കണ്ടു കണ്ടങ്ങിരിക്കെ തോന്നിയ ചില തോന്നലുകള്‍ കൂടി കുറിക്കട്ടെ.. ആഗോളതാപനം (Global Warming), കാലാവസ്ഥാ വ്യതിയാനം (Climate Change), ഹരിതഗൃഹവാതക പ്രഭാവം (Greenhouse Gas Effect) എന്നിവയെപ്പറ്റിയൊന്നും വിശദീകരിക്കുന്നില്ല. ഇവിടെ വിഷയം കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം അഥവാ കാര്‍ബണ്‍ പുറംതള്ളല്‍ (Carbon Emission) ആണ്. നാം ചെയ്യുന്ന പല പ്രവൃത്തികളിലൂടെയും അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്സയ്ഡ് അടക്കമുള്ള കാര്‍ബണ്‍ സംയുക്തങ്ങള്‍ പുറത്ത് വിടുന്നതാണ് കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം. പ്രകൃതിദത്തമായും ഇത് നടക്കുന്നുണ്ട്. പക്ഷെ ഇതിന്റെ തുലനാവസ്ഥ തെറ്റിക്കുന്നത് നമ്മുടെ ഇടപെടലുകളാണ്. കൃഷി ചെയ്യുമ്പോഴും വിവിധ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും അങ്ങനെയങ്ങനെ സകല മേഖലകളിലും, എന്തിനേറെ പറയുന്നു? ചുമ്മാതങ്ങനെ ജീവിക്കുമ്പോഴും നമ്മള്‍ കാര്‍ബണ്‍ പുറത്ത് വിടും. ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് താപനില വര്‍ധിപ്പിക്കും. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളില്‍ 72 ശതമാനവും കാര്‍ബണ്‍ ഡയോക്സയ്ഡ് ആണത്രെ.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്ത് വിടുന്ന ഉപകരണങ്ങളിലൊന്നാണ് നമ്മുടെ എയര്‍ കണ്ടീഷണര്‍ (AC). വെറുതെ ഒരു കണക്ക് നോക്കിയാലോ?    6.7 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമുള്ള ഒരു മുറി 22 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നില നിര്‍ത്താന്‍ 1.5 ടണ്‍ കൂളിംഗ് ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നു എന്ന് കരുതുക. ഈ ACഎത്ര കാര്‍ബണ്‍ പുറത്ത് വിടും?ആ മുറിയിലെ താപവാഹനം (Heat Conduction), വായുസഞ്ചാരം (Ventilation), സൂര്യപ്രകാശം കൊണ്ടുള്ള താപനില (Solar Heat Gain), മുറിയിലെ മറ്റ് വസ്തുക്കളും ഘടകങ്ങളും കൊണ്ടുള്ള താപവര്‍ധനവ് (Internal Heat Gain) എന്നീ മാനകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, ACയുടെ Carbon Emissionകണക്കാക്കാം. ശരാശരി 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത ACയുടെ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം പ്രതിദിനം 5.7 കിലോഗ്രാം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധിക്കുക, 1.5 ടണ്‍ ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ മുമ്പ് പറഞ്ഞ അളവിലുള്ള മുറിയില്‍ എട്ടു മണിക്കൂര്‍ നേരം പ്രവര്‍ത്തിപ്പിച്ചാല്‍ അത് 5.7 കിലോഗ്രാം കാര്‍ബണ്‍ പുറത്ത് വിടും. അപ്പോള്‍ രണ്ട് ലക്ഷം ACകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാലോ?5.7 കി.ഗ്രാം X 2,00,000 X 3 = 34,20,000 കി.ഗ്രാം!

പറഞ്ഞു വരുന്നത് ഇതാണ്, റിസര്‍വ്വ് ബാങ്ക് മാര്‍ച്ച് 2017ല്‍ പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്തൊട്ടാകെ 2,08,354 ATMകള്‍ ഉണ്ട്. എല്ലാം തന്നെ ശീതീകരിച്ചവയാണല്ലോ (അല്ലെങ്കില്‍ ക്ഷമിച്ചേക്കുക). ഇത് വല്ല്യേട്ടന്മാരുടെ മാത്രം കണക്കാണ് കേട്ടോ, കുഞ്ഞന്മാരുടേതിന്റെ കണക്ക് ഉണ്ടോ ആവോ? അവയെല്ലാം കൂടി ഒരു ദിവസം പുറത്ത് വിടുന്ന കാര്‍ബണ്‍ നോക്കിയാല്‍ അത് 34,20,000 കി.ഗ്രാം വരും. ഏകദേശം 13 ലക്ഷം ലിറ്റര്‍ ഡീസല്‍ കത്തുമ്പോഴുണ്ടാവുന്നത്ര കാര്‍ബണ്‍. ഇത്രയും ACകള്‍പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ഉണ്ടാക്കുമ്പോഴുള്ള കാര്‍ബണ്‍ ഉത്സര്‍ജ്ജനം കണക്കു കൂട്ടിയിട്ടില്ല കേട്ടോ, അത് പിന്നെയും പുകിലാകും.അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് 450 ppm എത്തുക എന്നത് 2 ഡിഗ്രി സെല്‍ഷ്യസ് താപനില  ഉയരുന്നതിന് തുല്യമാണ് എന്നാണ് കണക്ക്. (ക്ഷമിക്കുക, ppm, കി.ഗ്രാം എന്നിവയെ ബന്ധിപ്പിക്കാന്‍ ഒരു വഴിയും തല്‍ക്കാലം കാണുന്നില്ല, അറിയാവുന്നവര്‍ ചെയ്‌തെടുത്തോളൂ...).1.5 ടണ്‍ എന്ന ACയുടെ ശേഷി, മുറിയുടെ അളവുകള്‍ എന്നിവ മാറുന്നതിനനുസരിച്ച് കണക്ക് വ്യത്യാസപ്പെട്ടേക്കാം.ഈ പ്രശ്‌നത്തില്‍ കാര്‍ബണ്‍ഡയോക്സയിഡിനേക്കാള്‍ മാരകമായ hydrofluorocarbons (HFCs) നെപ്പറ്റിയും തല്‍ക്കാലം ഒന്നുംപറയുന്നില്ല.

ചോദ്യം ഇതാണ്, ATMല്‍ ACഅത്യാവശ്യമാണോ? മെഷീന്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുന്ന ചൂട്, അത് പ്രവര്‍ത്തിപ്പിക്കുന്ന മനുഷ്യശരീരത്തിന്റെ താപനില, മുറിയിലെ മറ്റ് ഘടകങ്ങള്‍ (മുമ്പ് സൂചിപ്പിച്ച Internal Heat Gain) എല്ലാം കൂടി നോക്കുമ്പോള്‍ വേണമായിരിക്കും അല്ലേ? ഇനി, അടച്ചുറപ്പുള്ള ഒരു മുറിയില്‍ത്തന്നെ ATMവയ്ക്കണമെന്നുണ്ടോ? വായുസഞ്ചാരം കൂടുതലുള്ള തുറന്ന സ്ഥലങ്ങളില്‍ ATMകള്‍ സ്ഥാപിക്കുന്നത് മെഷീനും അതുപയോഗിയ്ക്കുന്നവര്‍ക്കും സുരക്ഷിതമാണോ? ഉറക്കെ ചിന്തിക്കേണ്ടിയിരിയ്ക്കുന്നുകാര്‍ബണ്‍ ഉല്‍സര്‍ജ്ജനം, ആഗോളതാപനം, മരം മാത്രമല്ല മറുപടി! മറ്റു സ്ഥലങ്ങളിലേയും വാഹനങ്ങളിലേയും ACഉപയോഗത്തെക്കുറിച്ച് തല്‍ക്കാലം മൗനം. പ്രത്യേക ശ്രദ്ധയ്ക്ക്: കണക്കു കൂട്ടലുകള്‍ ശരിയാവണമെന്നില്ല കേട്ടോ, ചിന്തിച്ചു തുടങ്ങാനെങ്കിലും ഉപകാരപ്പെടട്ടെ എന്ന് വിചാരിച്ചു, അത്രെയുള്ളൂ.

അമേരിക്കയിലെ വീടുകളില്‍ മാത്രം AC പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജ്ജം, ആഫ്രിക്കയുടെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന് തുല്യമാണത്രെ! ഭൂമിയില്‍ ചിലയിടങ്ങളില്‍ സമീപ ഭാവിയില്‍ത്തന്നെ AC കൊണ്ട് വലിയ പ്രയോജനമില്ലാതെയാവുന്ന രീതിയില്‍ ചൂട് വര്‍ധിക്കുമെന്നും പഠനമുണ്ട്.കന്‍സാസിലെ The Land Institute ലെ Stan Cox ന്റെ 'Losing Our Cool: Uncomfortable Truths About Our Air-Conditioned World (and Finding New Ways to Get Through the Summer)' എന്ന ബുക്ക് Air conditioning ന്റെയും Global warming ന്റെയും ഉള്ളറകളിലേക്ക് എത്തി നോക്കുന്ന ഒന്നാണ്.  National Academy of Sciences, USA 2016ല്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, ഇന്ത്യ Air conditioning Potential ഏറ്റവും കൂടിയ രാജ്യമാണെന്നാണ്. എന്നു വച്ചാല്‍, ജനസംഖ്യ, ആളുകളുടെ വര്‍ധിച്ച വരുമാനം, അസഹനീയമാം വിധം വര്‍ധിച്ചു വരുന്ന ചൂട്, എന്നിവ കണക്കിലെടുത്താല്‍, നമ്മുടെ രാജ്യം Air conditioner കമ്പനികള്‍ക്ക് ഏറ്റം പ്രിയപ്പെട്ടതായി മാറുന്നു എന്നര്‍ത്ഥം (Based on Cooling Degree Day-CDD, which is a measurement designed to quantify the demand for energy needed to cool a building).അവശ്യമായി ഏര്‍പ്പെടുത്തേണ്ട ഒരു Carbon Tax ആണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്.   

ജോലി സംബന്ധിയായി കഴിഞ്ഞ വര്‍ഷം ഒരു പരിശീലനത്തിനു പോയ കഥ കൂടി പറഞ്ഞവസാനിപ്പിക്കാം. ആഗോളതാപനത്തെ ചെറുക്കാനും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുമായി നിലവില്‍ വന്ന ഒരു അന്താരാഷ്ട്ര ഫണ്ടിനു വേണ്ടി പദ്ധതികള്‍ തയ്യാറാക്കേണ്ടതെങ്ങനെ? എന്ന് വിശദമാക്കുന്ന പരിശീലനമാണ്. പരിശീലനം സംഘടിപ്പിച്ചത് ഇന്ത്യയില്‍ ഈ ഫണ്ടിന്‍റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം. പരിശീലനത്തിന് ചുക്കാന്‍ പിടിച്ചത് അവരുടെ കീഴിലുള്ള ഒരു പരിശീലന സ്ഥാപനവും. അഞ്ചു ദിവസത്തെ പരിപാടിയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ശാസ്ത്രവും സാമൂഹ്യാഘാതങ്ങളും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമെല്ലാം പരാമര്‍ശിക്കപ്പെട്ടു, കൂടെ വര്‍ധിച്ചു വരുന്ന കാര്‍ബണ്‍ ഉല്‍സ്സര്‍ജ്ജനവും (Carbon emission). ഇതൊക്കെ കൈകാര്യം ചെയ്യുന്ന പദ്ധതികളാണ് നമ്മള്‍ വിഭാവനം ചെയ്യേണ്ടത്. കൊള്ളാം, നല്ല ആശയങ്ങള്‍. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഒരു പൊതുധാരണ ഉണ്ടാവുന്നത് നല്ലത് തന്നെ. ഈ അഞ്ചു ദിവസത്തെ പരിപാടിയുടെ സംഘാടനത്തിലായിരുന്നു വന്‍ തമാശ. സ്ഥലം ഒരു സ്റ്റാര്‍ ഹോട്ടല്‍. പരിശീലനാര്‍ഥികളും പരിശീലകരും അടക്കമുള്ള മുപ്പതോളം പേര്‍ 4 ദിവസവും താമസിച്ചത് പതിനഞ്ചോളം ശീതീകരിച്ച മുറികളില്‍. ചര്‍ച്ചകള്‍ നടന്നത് ശീതീകരിച്ച വലിയൊരു ഹാളില്‍. എല്ലാ നേരവും ഭക്ഷണം വേണ്ടതിലധികം, ദോഷം പറയരുതല്ലോ, നമുക്കാവശ്യമുള്ളത് വിളമ്പിയെടുക്കാം. കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു ഫണ്ടില്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സംബന്ധിയായ ചില പദ്ധതികള്‍ കണ്ടുപഠിക്കാനായി ഒരു ദിവസം ഏകദേശം 200 കിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു, അതും 2 AC ട്രാവലറുകളില്‍! പഠനയാത്ര നടത്തിയ സ്ഥലത്തിനടുത്താകട്ടെ, ഒരു ഗ്രാമീണ സര്‍വ്വകലാശാലയുണ്ട്. അവിടത്തെ തുറന്ന, ശുദ്ധമായ അന്തരീക്ഷത്തിലാകാമായിരുന്നു പരിശീലനം എന്ന് ന്യായമായും തോന്നുകയും ചെയ്തു. ഈ ഫണ്ടിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളും അതിനായുള്ള പരിശീലന പരിപാടിയുടെ സംഘാടനവും തമ്മിലുള്ള വൈരുധ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വന്ന അഭിപ്രായങ്ങള്‍ കേട്ടെന്‍റെ കിളി പോയി! നാലഞ്ചു ദിവസം ശീതീകരിച്ച മുറികളില്‍ ഇരുന്നും കിടന്നും, ആവശ്യത്തിലേറെ ഭക്ഷണവും കഴിച്ച്, ശ്രദ്ധയോടെ, സ്വസ്ഥമായിരുന്ന് ചിന്തിക്കാനും ആഗോളതാപനത്തെ ചെറുക്കാനുള്ളچ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പറ്റിയത്രെ, പലര്‍ക്കും! ഇതുപോലുള്ള പരിശീലനങ്ങള്‍ എത്രയെണ്ണം നടന്നുകാണും രാജ്യത്ത്, പാവം ഈ ഫണ്ടിന്‍റെ പേരില്‍? അല്ലെങ്കില്‍ മറ്റു പല ഫണ്ടുകളുടേയും പേരില്‍?

എന്‍റച്ഛന്‍ കൊണ്ട വെയിലാണ് ഞാനിന്നു കൊള്ളുന്ന തണല്‍ എന്ന് വികാരാധീനരാകുന്നവരെ ഫേസ്ബുക്കില്‍ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. പാടത്തെയും പറമ്പിലെയും മരുഭൂമിയിലെയും പൊള്ളുന്ന ചൂടിനെ, കുടുംബത്തിനു തണലേകുന്ന കൊച്ചു കൂരയായും ചോറായും കറിയായും കുട്ടികളുടെ യൂണിഫോമും പുസ്തകങ്ങളായും മാറ്റിയിരുന്ന അച്ഛന്മാര്‍ക്ക് (അമ്മമാര്‍ക്കും) രസിക്കും ഈ nostalgic വരികള്‍, അവരതര്‍ഹിക്കുന്നുമുണ്ട്.

എന്നാല്‍ അവരൊരുക്കിയ തണലിലിരുന്ന്;


ഭൂമി മുറിച്ചും, തുരന്നും, ശീതീകരിച്ച ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കിയും, ആഡംബര കാറുകളില്‍ പറന്നും, മാമാങ്കങ്ങള്‍ സംഘടിപ്പിച്ചും;


എങ്ങു നിന്നോ വരുന്ന ചോറുമുണ്ട്,

'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന് പരിസ്ഥിതി കലോല്‍സവ വേളകളില്‍ മാത്രം സങ്കടപ്പെട്ടു കൊണ്ട്;


അങ്ങനെയങ്ങനെ ജീവിച്ച് മരിക്കാനാണ് ഭാവമെങ്കില്‍;


നമ്മുടെ മക്കളേയും, വരുന്ന ഓരോ തലമുറയേയും വെള്ളമില്ലാത്ത, മലിനപ്പെട്ട, കൊടുംചൂടുള്ള മണ്ണിലേക്കിറക്കി വിടാനാണ് ഭാവമെങ്കില്‍;


സൂക്ഷിക്കണം.....


അവര്‍ ഒരിക്കലെഴുതും, 'എന്‍റച്ഛന്‍ (അമ്മയും) കൊണ്ട തണലാണ് ഞാനിന്നു കൊള്ളുന്ന കൊടുംവെയിലെന്ന് '.


വാല്‍ക്കഷണം: 'അടുത്ത അറുനൂറ് കൊല്ലങ്ങള്‍ക്കുള്ളില്‍ ഭൂമി തീഗോളമായി മാറി (അതോ തീഗോളം ഭൂമിയെ വിഴുങ്ങുകയോ?) വാസയോഗ്യമല്ലാതാവുക തന്നെ ചെയ്യും' എന്ന ഹോക്കിംഗ് മുന്നറിയിപ്പില്‍ വിശ്വസിച്ചാല്‍, മേരേ പ്യാരേ ദേശവാസിയോം, നമുക്കിങ്ങനെയൊക്കെത്തന്നെ അങ്ങ് പോകാം.

കൂടുതല്‍ വായനക്ക് :


7.     http://www.cambridge-news.co.uk\news\cambridge-news\stephen-hawking-end-of-world-13878526


             








 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ