എല്ലാ വീടുകളിലും നെയിംബോര്‍ഡ്
വക്കണമെന്ന് റെസിഡന്‍സ് അസോസിയേഷന്‍ മീറ്റിംഗില്‍ തീരുമാനമായി. അപ്പോള്‍ത്തന്നെ സംശയം ഉന്നയിച്ചു, ‘വീട്ടുപേരിനൊപ്പം
ആരുടെ പേരായിരിക്കും?’ എന്ന്. ഉത്തരം ഉടന്‍ കിട്ടി, 'ഗൃഹനാഥന്‍റെ' തന്നെയെന്ന്. റേഷന്‍
കാര്‍ഡ് ആരുടെ പേരിലാണെന്നും, അതെങ്ങനെ അങ്ങനെയായി എന്നതിന് കുറച്ച്
സാമൂഹ്യശാസ്ത്രപരമായ ചരിത്രമുണ്ടെന്നും ചെറുതായി വിശദീകരിക്കേണ്ടി വന്നു. വീടുകളില്‍ 'വീട്ടമ്മമാര്‍' ചെയ്യുന്ന ശമ്പളമില്ലാത്ത, ‘കാണാപ്പണി’കളെക്കുറിച്ചും സൂചിപ്പിച്ചു (invisible domestic works ആണേ കവി ഉദ്ദേശിച്ചത്, ഇനി അതിന്മേല്‍ പൊങ്കാല വേണ്ട). Gender എന്നും Equality
എന്നൊന്നും പറഞ്ഞു ബോറടിപ്പിക്കാന്‍ പോയില്ല. കുറച്ച്
സമയം പോയത് മെച്ചം!
എന്തായാലും മൂന്നു മാസങ്ങള്‍ക്ക്
ശേഷം അസോസിയേഷന്‍ ഭാരവാഹികള്‍ നെയിംബോര്‍ഡ് എത്തിച്ച്, ഭിത്തിയില്‍ തൂക്കി.
ഗൃഹനാഥനായ അച്ഛന്‍റെ പേരും, വീട്ടുപേരും, വീട്ടുനമ്പരും, അസോസിയേഷന്‍റെ പേരും, ലോഗോയും മാത്രം!
മീറ്റിംഗില്‍ ഉന്നയിച്ച വിഷയം
പൊക!
(ഗൃഹനാഥന്‍ മരണപ്പെട്ട
വീട്ടിലെ നെയിംബോര്‍ഡില്‍ എന്തായാലും ഗൃഹനാഥയുടെ പേരുണ്ടാവും, തീര്‍ച്ച! റേഷന്‍ കാര്‍ഡ് ഗൃഹനാഥയുടെ പേരിലാക്കിയതിന്‍റെ ഗുട്ടന്‍സ് ആര്‍ക്കും തിരിഞ്ഞിക്കില്ല താനും).
‘അമ്മയുടെ പേരെന്തു കൊണ്ട്
ബോര്‍ഡിലില്ല?’ എന്ന സംശയം വീട്ടില്‍ ഉറക്കെ ഉന്നയിച്ചു. ‘എന്നാല്‍പ്പിന്നെ
എല്ലാരുടേയും പേരുകള്‍ ആകാമായിരുന്നു’ എന്നു തുടങ്ങിയ ചര്‍ച്ചകള്‍ മാത്രം! അമ്മയുടെ പേര് കൂടി ചേര്‍ക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. ‘എനിക്ക് തീരെ താല്‍പ്പര്യമില്ല’
എന്ന് അമ്മ വിനീതവിധേയയായി. എന്ത് വേണമെങ്കിലും ചെയ്തോളാന്‍ അച്ഛനും.
വീട്ടില്‍ തൂക്കിയ ബോര്‍ഡും
പൊക്കി, ടൌണില്‍ നെയിംബോര്‍ഡ് തയ്യാറാക്കിയ കട കണ്ടെത്തി, മാറ്റര്‍
തിരുത്തി പുതിയ പ്രിന്‍റുമെടുത്ത് പോന്നു.
ഇപ്പോള്‍ അതില്‍
അച്ഛന്‍റെയും അമ്മയുടെയും പേരുകള്‍ ഉണ്ട്.
എനിക്കൊരു
മനസ്സുഖം, അദ്ദന്നെ!
എന്നും രണ്ടാം സ്ഥാനത്ത് നില്‍ക്കുകയും അച്ഛന്‍ മരിച്ചു കളമൊഴിയുമ്പോള്‍ മാത്രം ഒന്നാം സ്ഥാനത്ത് വരികയും ചെയ്യേണ്ടുന്ന ഒരാളല്ല അമ്മ. അവരിലൊരാള്‍ താഴേയും മറ്റൊരാള്‍ മുകളിലുമല്ല.
ആരോട് പറയേണ്ടൂ? പറഞ്ഞിട്ടെന്തു കാര്യം?
മീശക്കാര്യത്തില്‍ എസ്.
ഹരീഷ് പറഞ്ഞപോലെ, ‘സമൂഹം പാകപ്പെടുന്ന', പരുവപ്പെടുന്ന, പക്വപ്പെടുന്ന
അവസ്ഥയിങ്കല്‍ ഈ വാക്കുകള്‍ തിരിച്ചറിയപ്പെട്ടേക്കാം. ഇല്ലെങ്കിലും ഒരു
പുല്ലുമില്ല.
Good.
മറുപടിഇല്ലാതാക്കൂ