2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

അമ്മ തീണ്ടാതിടങ്ങള്‍

"ഇതുവരെ അമ്പലത്തിൽ  കയറണമെങ്കിൽ കുളിക്കണമായിരുന്നു.  ഇനിമുതൽ അമ്പലത്തിൽ പോയാൽ വീട്ടിൽ കയറണമെങ്കിൽ കുളിക്കണം"

വാസപ്പിൽ നിന്നും കിട്ടീതാണ്. വരികളുടെ ഉദ്ദേശ്യം ശബരിമലയിൽ സ്ത്രീകൾ കൂട്ടിത്തൊട്ടശുദ്ധമാക്കുന്ന കാര്യം തന്നെ. സുപ്രീം കോടതി വിധിയിൽ ഹതാശരായ ഭക്തക്കൂട്ടത്തിലാരോ പടച്ച ഈ പുളിച്ച തമാശ ഇകഴ്ത്തുന്നത് ഞങ്ങൾ പുരുഷന്മാരിൽ ചിലരെങ്കിലും ബഹുമാനിക്കുന്ന സ്ത്രീത്വത്തെയാണ്, മാതൃത്വത്തെയാണ്, പച്ചക്ക് പറഞ്ഞാൽ ആർത്തവ രക്തത്തെയാണ്. പുരുഷന്മാരാൽ വിരചിതമായതെന്ന് ഊഹിക്കാവുന്ന ഈ തമാശ ഷെയർ ചെയ്യപ്പെടുന്നത് സ്ത്രീകളിലൂടെത്തന്നെയെന്ന അവസ്ഥ പരമദയനീയം തന്നെ.  



ചിലതോര്‍ത്തു പോകുന്നു......
 

തറവാട്‌ നാലുകെട്ടായിരുന്നു. വിശാലമായ നടുമുറ്റം. സമചതുരത്തില്‍ കരിങ്കല്ലു പാകിയ തിണ്ണ ചുറ്റും, അതിനും മേലെ തടി കൊണ്ടുള്ള പടിയും അട്ടം താങ്ങുന്ന പത്തിലധികം തൂണുകളും. നടുമുറ്റത്തിനു തെക്കുവശത്ത് അല്‍പം ഉയര്‍ന്ന് തെക്കിനി. അതിനു കിഴക്കായി ഒരു ചായ്പ്‌. പടിഞ്ഞാറു വശത്ത് അറയും അതിനുള്ളില്‍ ഒന്നര ആള്‍ പൊക്കത്തില്‍ പത്തായങ്ങളും. അറക്ക് പിന്നിലുമൊരു ചായ്പ്. വടക്ക് പടിഞ്ഞാറു വശത്ത് ഒരു കിടപ്പുമുറിയും വടക്ക്‌ കിഴക്ക് വശത്ത് ഒരു ഉരല്‍ മുറിയും, രണ്ടിനും നടുക്ക് മുത്തശ്ശി കിടക്കുന്ന വടക്കിനിയും. ഉരലു മുറിക്കപ്പുറം വടക്ക്  കിഴക്കേ കോണിലായി തീന്മുറിയും അതിനും കീഴെ അടുക്കളയും. പിന്നെയും തെക്കോട്ടു നീങ്ങിയാല്‍ ഒരു ചെറിയ മുറിയും അടുത്ത് കെഴുക്കിനിയും, തൊട്ടടുത്ത് പരദേവതയുടെ ശ്രീകോവിലും. അത് തെക്കിനിക്കടുത്തുള്ള ചായ്പുമായി ഭിത്തി പങ്കിടുന്നു. ഇതിനു നേരെയാണ് പടിഞ്ഞാറ് വശത്തേക്ക് തുറക്കുന്ന വാതില്‍. പൂജാമുറിയുടെ മുന്നിലൂടെയല്ലാതെ ഈ വാതിലിലൂടെ കടക്കാന്‍ പറ്റില്ല. ഈ വാതില്‍ ഒരു ഹൈലൈറ്റ്‌ ആണ്, തുറക്കുമ്പോളും അടക്കുമ്പോളും വലിയ ശബ്ദം കേള്‍ക്കും, തെക്കോട്ടു തുറക്കുന്ന പൂമുഖവാതിലിനെക്കാളും ഉപയോഗം ഇതിനായിരുന്നു. ഇപ്പോള്‍ നടുമുറ്റത്തിന് നമ്മള്‍ ഒരു ചുറ്റു വച്ചു. മുറികള്‍ക്കെല്ലാം പുറത്ത്‌ വീതിയിലുള്ള വരാന്തയുമുണ്ട്. നടുമുറ്റത്തിന് ചുറ്റും ഇപ്പറഞ്ഞ മുറികളിലെല്ലാമായി മുത്തശ്ശിയും 'അച്ഛനും അനിയന്മാരും തങ്ങളുടെ കുഞ്ഞുകുടുംബങ്ങളുമായി' അങ്ങനെയങ്ങനെ ജീവിച്ചു പോകുന്നു, ഒരു മൂലക്ക് കുടുംബപരദേവതയും.



എല്ലാ മാസത്തിലും ഒരു ദിവസം അമ്മ  ‘പൊറത്തായി’ എന്നറിയിപ്പ് കിട്ടും. അമ്മയെ ചുറ്റി കറങ്ങുന്ന അടുക്കള അതോടെ നാല് ദിവസത്തേക്ക് മുത്തശ്ശിയുടെയോ ചെറിയമ്മമാരുടെയോ ഭരണത്തിലാവും. ‘പൊറത്താവുന്ന’ അല്ലെങ്കില്‍ ‘തീണ്ടാരി’യാവുന്ന സ്ത്രീകള്‍ ഒന്നും എങ്ങും  തൊട്ടുതീണ്ടിക്കൂടാ, നടുമിറ്റത്തേക്കോ മറ്റു പ്രധാന മുറികളിലേക്കോ അടുക്കളയിലേക്കോ കേറിക്കൂടാ, ആഹാരം പുറംപണിക്കാര്‍ക്ക് കൊടുക്കുന്ന പോലെ വരാന്തയില്‍ നിലത്തിരുത്തി ‘എറിഞ്ഞു’ കൊടുക്കും. രാത്രിയാകട്ടെ, കിടപ്പുമുറിയില്‍ താഴെ ഒരു മൂലക്ക് പായ വിരിച്ചുള്ള കിടപ്പും. ഇതെന്ത് സംഭവമാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാളേറെ കൗതുകം മാസത്തില്‍ ഒരു ദിവസം കൃത്യമായി എങ്ങനെ ‘ഇത്’ വരുന്നുവെന്നതും അമ്മ 'ഇതെ'ങ്ങനെ മനസ്സിലാക്കുന്നു എന്നുള്ളതുമായിരുന്നു. 



ശ്രീകോവിലിനു നേരെ മുന്നില്‍, തുറക്കുമ്പോളും അടക്കുമ്പോളും വലിയ ശബ്ദം കേള്‍ക്കുന്ന പടിഞ്ഞാറ് വശത്തേക്കുള്ള വാതിലിനെപ്പറ്റി പറഞ്ഞതോര്‍മ്മയില്ലേ? അമ്മ പറയാറുള്ള ഒരു സംഭവമുണ്ട്, ഇതിനെപ്പറ്റി. അടുത്തുള്ള എവിടെയോ ഒരു കല്യാണമോ മറ്റോ നടക്കുന്ന ഒരു ദിവസത്തലേന്ന് രാത്രി എല്ലാവരും പോയി. പുറത്തായിരുന്ന അമ്മ മാത്രം വടക്ക് പടിഞ്ഞാറു വശത്ത് കിടപ്പുമുറിയുടെ മൂലക്ക് പായ വിരിച്ചു കിടക്കുന്നു. നേരത്തെ വരാമെന്നു പറഞ്ഞു പോയവരെ ഒന്നും കാണുന്നില്ല. പുറത്തേക്കുള്ള വാതിലുകള്‍ എല്ലാം അടച്ചിട്ടുണ്ടോ എന്നറിയാതെ, ഹൈലൈറ്റ്‌ വാതിലിന്‍റെ ശബ്ദം വരുന്നുണ്ടോ എന്ന് ചെവി കൂര്‍പ്പിച്ച്, പേടിച്ച് ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടേണ്ടി വന്നത്രെ അമ്മക്ക്. സംഗതി എത്ര ഗൌരവമുള്ളതാണെങ്കിലും, തീണ്ടാതിടങ്ങള്‍ തീണ്ടിക്കൂടാ. വേറെ ആരും കാണുന്നില്ലെങ്കിലും പരദേവതയെ കളിപ്പിക്കാന്‍ പറ്റുമോ?




പിന്നീട് ജീവശാസ്ത്ര വിദ്യാര്‍ഥിയായപ്പോഴാണ് ‘പൊറത്താവുന്ന’തെന്തു സംഭവമാണെന്ന് മനസ്സിലാക്കുന്നത്. അന്ന് ഇത്തരം ആചാരങ്ങളെ വിശകലനം നടത്താനുള്ള ശ്രമം തുടങ്ങി. തീണ്ടാരിപ്പെണ്ണിനെ കിടപ്പുമുറിയില്‍ നിന്നും അടുക്കളയില്‍ നിന്നും പണ്ടുള്ളവര്‍ അകറ്റി നിര്‍ത്താൻ തുടങ്ങിയത് അവള്‍ക്ക് മാസത്തില്‍ നാല് ദിവസത്തേക്കെങ്കിലും പൂര്‍ണവിശ്രമം കൊടുക്കാനായിരുന്നിരിക്കുമോ? എപ്പോഴാണത് അശുദ്ധിയും നിഷിധവുമായിത്തീർന്നിട്ടുണ്ടാവുക?




വീട്ടുപണിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പറ്റാതെ അമ്മ വേവുന്നത് കണ്ട് അകമേ വെന്ത ഞാന്‍ ആ നാലു ദിവസമെങ്കിലും സമാധാനം കണ്ടെത്താന്‍ ശ്രമിച്ചു, പക്ഷെ അമ്മ അവിടെയും എന്നെ തോല്‍പിച്ചു കളഞ്ഞു. കിടപ്പുമുറിയില്‍, താഴെ ഒരു മൂലക്ക് വിരിക്കാറുള്ള പായയില്‍ നിന്നും എഴുന്നേറ്റ് അമ്മ നേരെ മുറ്റത്ത്‌ വിറക്‌ കീറുവാനും പറമ്പിലെ മറ്റു പണിക്കും പോകും. കൂടാതെ ആഹാരം പുറംപണിക്കാര്‍ക്ക് കൊടുക്കുന്ന പോലെ വരാന്തയില്‍ നിലത്തിരുത്തിയും, അത്രക്ക് വെറുക്കപ്പെട്ടവളാണ് തീണ്ടാരിപ്പണ്ടാരം. ചുരുക്കത്തില്‍ മാസത്തില്‍ നാല് ദിവസം വിശ്രമം വേണ്ടവൾക്ക് കിട്ടുന്നത് ഇരട്ടിപ്പണിയും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണവും മുറിയുടെ മൂലക്ക് പായില്‍ ചുരുണ്ട് കിടത്തവും! ഫെമിനിസ്റ്റ്‌ ലൈനില്‍ ഇതൊന്നും ഇപ്പോള്‍ വിശകലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നില്ല, ഇതെല്ലാം അന്നത്തെ കുഞ്ഞുമനസ്സിനെ നോവിച്ച കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ മാത്രം.



ഇപ്പോള്‍ സംഭവങ്ങള്‍ മാറിയിട്ടുണ്ട്, ‘പൊറത്താവുന്നതിന്‍റെ ജൈവശാസ്ത്ര നീതി എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ജൈവചക്രത്തിന്‍റെ ഒരു ഭാഗം എന്ന നിലയില്‍ അതിനെ അംഗീകരിച്ചും കഴിഞ്ഞിരിക്കുന്നു, നല്ലത് തന്നെ.        


സംഗതി അതല്ല, ചിലര്‍ക്കിപ്പോഴും നേരം വെളുത്തിട്ടില്ല.  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ