2011, ജൂൺ 25, ശനിയാഴ്‌ച

എത്രയും ബഹുമാനപ്പെട്ട അന്നാ ഹസാരെ അവര്‍കള്‍ക്ക്

ഞാന്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനാണ്‌. രാഷ്ട്രത്തിന്‍റെ തെക്കേയറ്റത്ത് പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന; പാവക്കാ -ഫിനിഷിങ്ങില്‍ റോഡുകള്‍ ഓടുന്ന; തേങ്ങാ മരങ്ങള്‍ കുലച്ചു നില്‍ക്കുന്ന; (പയറു) മണി മണി പോലെ മലയാളം പറയുന്ന, കടുക് പോലെ പൊട്ടുന്ന, അടുപ്പത്തെ സാമ്പാര്‍ പോലെ തിളച്ചു മറിയുന്ന യൗവനങ്ങളും വാര്‍ത്തു വച്ച കഞ്ഞി വെള്ളം പോലെ പാട കെട്ടിയ മറ്റൊരുപാടു പേരും സസുഖം വാഴുന്ന; സര്‍വ്വോപരി അവിയല്‍ കണക്കെയുള്ള ഒരു മന്ത്രിക്കൂട്ടം ഭരിക്കുന്നതുമായ കേരളം എന്ന സംസ്ഥാനത്തു നിന്നും എഴുതുന്നു.

സര്‍,

ഞാന്‍ ഒരു വലിയ പ്രതിസന്ധിയിലാണ്.
ഇന്ന്‍ ഞാന്‍ ആഗ്രഹിക്കാത്ത രീതിയില്‍ എന്‍റെ ഒരു ദിവസം ആരംഭിച്ചു ('നാം ഇരുവര്‍' എന്നാ ചെറുകഥ ഏതാണ്ട് ഇതിന്‍റെ വിപരീതാര്‍ഥത്തില്‍ തുടങ്ങിയ കഥാകൃത്തായ ഭിഷഗ്വരന്‍ ‍ - അതോ ഭിഷഗ്വരനായ കഥാകൃത്തോ ? - എന്നോടു ക്ഷമിക്കട്ടെ).

എന്‍റെ വീട്ടില്‍ ടിവിയോ, റേഡിയോയോ ഇല്ല എന്നുള്ള കാര്യം ആദ്യമേ തന്നെ ബോധിപ്പിക്കട്ടെ. അതുകൊണ്ട് തന്നെ, ലോകവാര്‍ത്തകള്‍ എന്നെ കാലാകാലമായി അറിയിച്ചു കൊണ്ടിരിക്കുന്നത് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയ് ആണ്.

ഇന്നു രാവിലെ താഴെ നിന്നും അദ്ദേഹം ചുരുട്ടിയെറിഞ്ഞ ദിനപ്പത്രം ചായ നുണഞ്ഞിറക്കിക്കൊണ്ട് വേഗത്തില്‍ ഒരാവര്‍ത്തി ഓടിച്ചു നോക്കിയപ്പോഴാണ് കൊടുംചതിയുടെ ഭീകരത അറിയുന്നത്.

സര്‍,

ഞാന്‍ തോല്പിക്കപ്പെട്ടിരിക്കുന്നു. എന്‍റെ കൈകള്‍ വിറക്കുന്നു, കാലുകള്‍ തളരുന്നു, നാവ് വരളുന്നു....


ഇന്ന്‍ ഒരൊറ്റ അഴിമതി റിപ്പോര്‍ട്ടുകളുമില്ല പത്രത്തില്‍, ഇന്നലതെപ്പോലെ തന്നെ!
മിനിഞ്ഞാന്നു വരെ 'രണ്ടു ജി' സ്പെക്ട്രം കേസും, അതിനു മുന്‍പ്‌ കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ്‌ സൊസൈറ്റി, ഐ. പി. എല്‍. തുടരന്‍ എന്നിവയുമുണ്ടായിരുന്നു, അതിനും മുന്‍പ്‌ ചരിത്രാതീത കാലം മുതല്‍ക്കേ മറ്റു പല വഹകളും.

ഇന്നലെയെന്തു പറ്റി? ഇന്നെന്തു പറ്റി?

സര്‍,

ഞാന്‍ തോല്പിക്കപ്പെട്ടിരിക്കുന്നു.

നാടിന്‍റെ പോക്ക് ഇതെങ്ങോട്ടാണ്? എത്രയും പ്രിയപ്പെട്ട ഭരണ കാര്യ നിര്‍വ്വാഹകര്‍ എല്ലാവരും തന്നെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു, കുളിച്ച്, ഈറനുടുത്ത്, ധ്യാനിച്ചു സൂര്യനമസ്കാരവും മറ്റും ചെയ്തു ജീവിത സരണിയെ ധന്യവും പാവനവുമാക്കി തുടങ്ങിയോ?

ആയിരം കോടി രൂപ പോയിട്ട്, പത്തു രൂപയുടെ പോലും ഒരു അഴിമതിക്കഥ വായിക്കാന്‍ പറ്റാതെ മണിക്കൂറുകള്‍ തള്ളി നീക്കേണ്ടി വന്ന എനിക്ക്, ഇന്ന്‍ സത്യം പറഞ്ഞാല്‍ ചായ കുടിച്ചതിനു ശേഷം ചെയ്യേണ്ട പ്രഭാത കര്‍മങ്ങള്‍ക്കു പോലും ആത്മവിശ്വാസം തോന്നുന്നില്ല (അതിനും ഒരു പൊടി ആത്മവിശ്വാസം വേണമെന്നാണ് എന്‍റെ മതം).

ഞാന്‍ തോല്പിക്കപ്പെട്ടിരിക്കുന്നു.

വന്നത് വന്നു, മാതൃഭൂമി തോല്‍പ്പിച്ചെങ്കില്‍ മനോരമയോ ഹിന്ദുവോ എക്സ്പ്രസൊ തുണച്ചേക്കാം എന്ന് നിനച്ചു കിട്ടാവുന്നിടത്ത് നിന്നെല്ലാം പേപ്പറുകള്‍ സംഘടിപ്പിച്ചു കുത്തിയിരുന്നു പരതി നോക്കി, സര്‍.
ചര്‍വ്വിത ചര്‍വ്വണവും പോസ്റ്റു മാര്‍ട്ടവും നടന്നു കൊണ്ടിരിക്കുന്ന കഥകള്‍ തന്നെ, പുതിയതൊന്നുമില്ല.

ഹതഭാഗ്യനും വഞ്ചിക്കപ്പെട്ടവനും ഹതാശനും സര്‍വ്വോപരി ആത്മവിശ്വാസം നഷ്ടപ്പെട്ടവനുമായ എനിക്ക് പിന്നീടൊന്നേ ചെയ്യുവാനുണ്ടായിരുന്നുള്ളൂ, ആപ്പീസില്‍ പോവുക (ബോസ് ക്ഷമിക്കട്ടെ) .

സര്‍,

നാളെയിലാണെന്‍റെ പ്രതീക്ഷ. വൈകിട്ട് കോഴിക്കോട്ടെ പത്രമാപ്പീസില്‍ വിളിച്ച് ഒന്ന്‍ അന്വേഷിച്ചാലോ എന്നുണ്ട്, അടുത്ത ചൂടുള്ള അഴിമതി റിപ്പോര്‍ട്ടിനായി കുറച്ചു പോലും കാത്തിരിക്കാന്‍ വയ്യാതായിരിക്കുന്നു.

നാളെയും ഞാന്‍ ഇതു പോലെ വഞ്ചിക്കപ്പെട്ടാല്‍?

സര്‍വ്വ ചരാചരങ്ങളെയും പരിപാലിച്ചു പോരുന്ന ഓടേ തമ്പുരാനേ (ബഷീര്‍ സാഹിബിനു നന്ദി), ജനലോക്പാല്‍ ബില്ലും മറ്റും പാസ്സായി വരുന്നതിനു മുന്‍പേ തന്നെ എനിക്ക് ആ ചുരിദാറണിഞ്ഞു കടന്നു കളഞ്ഞ സ്വാമിയുടെ സ്കോട്ട്ലണ്ടിലെ നക്ഷത്ര ദ്വീപിലേക്കൊരു ട്രാന്‍സ്ഫര്‍ ശരിയാക്കിത്തന്ന്‍ അനുഗ്രഹിക്കേണമേ എന്നു മാത്രമാണ് ഈയുള്ളവന്‍റെ പ്രാര്‍ത്ഥന.

സര്‍,

ജനലോക്പാല്‍ ബില്ലിനു വേണ്ടി താങ്കള്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ഞാന്‍ കാണുന്നു, പിന്താങ്ങുന്നുമുണ്ട്. പക്ഷെ അത് മറ്റു പലരുടെയെന്ന പോലെ എന്‍റെയും ഉറക്കം കളയുന്നു എന്ന വസ്തുത ഞാന്‍ മറച്ചു വക്കുന്നില്ല.

ഞാന്‍ തോല്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു, എന്‍റെ കൈകള്‍ വിറക്കുന്നു, കാലുകള്‍ തളരുന്നു, നാവ് വരളുന്നു, ബോധം പോകുന്നു.......

എന്ന്
വിശ്വസ്തതയോടെ,
തിളയ്ക്കുന്ന യൗവനങ്ങളുടെ ഒരു എളിയ പ്രതിനിധി

ജൂണ്‍ 29, ശനിയാഴ്ച, 2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ