ഇതിനു തൊട്ടുമുന്‍പുള്ള ഒരു പോസ്റ്റില്‍ ശ്രീമാന്‍ അന്നാ ഹസാരേക്ക് ഞാന്‍ എഴുതിയ എഴുത്ത് വായിച്ച, എന്നെ പ്രൈമറി സ്കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ (അതോ എന്നെ 'പഠിക്കാന്‍ അയച്ചിരുന്ന' കാലത്ത് അവിടെ ജോലി ചെയ്തിരുന്നവരോ?) വിളിച്ച് 'ശ്ശി' ശകാരിച്ചു. താടിമീശ നരച്ചു തുടങ്ങുമ്പോഴെങ്കിലും എനിക്ക് ബുദ്ധി വയ്ക്കുമെന്ന്, ഞാന്‍ നന്നാവുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു പോലും!
അത് മനസ്സില്‍ തറച്ചു കേട്ടോ.....
സത്യമായും ഇന്ന് മുതല്‍ ഞാന്‍ നല്ലവനാവാന്‍ ശ്രമിക്കുകയാണ്, വിശ്വാസം വരുന്നില്ലെങ്കില്‍ ഈ പോസ്റ്റു തുടര്‍ന്ന് വായിച്ചു നോക്കൂ......
ലോക്പാല്‍, M. Sc. (ലോക്പാല്‍, March September completed)
..........................................................................................................
M. Sc. (March September completed) എന്നത് ബിരുദാനന്തര ബിരുദ ഡിഗ്രി അല്ല. പണ്ട്, SSLC മാര്‍ച്ചിലും സെപ്റ്റംബറിലും തുടര്‍ച്ചയായി എഴുതി പേരെടുക്കുന്നവര്‍ക്ക് നാട്ടുകാര്‍ കൊടുത്തിരുന്ന ബിരുദമാണ്. അതുപോലെ തന്നെയാണ് ലോക്പാല്‍ ബില്ലിന്‍റെയും കാര്യം, 1968മുതല്‍ ഇങ്ങോട്ട് ഇത് പത്താം തവണയാണ് പാസാവാന്‍ കഴിയാതെ ഉഴലുന്നത്. അതിദുര്‍ഘടാവസ്ഥയിലുള്ള ആ ബില്ലിന്‍റെ കഥയാണിത്.
മുന്‍കൂര്‍ ജാമ്യം:
വിവിധ ഇംഗ്ലീഷ് വെബ്പേജുകളില്‍ നിന്നും ന്യൂസ് ആര്‍ട്ടിക്കിളുകളില്‍ നിന്നും ലോക്പാല്‍ ബില്ലിനെപ്പറ്റിയും ജനലോക്പാല്‍ ബില്ലിനെപ്പറ്റിയും വായിച്ച് ഇതെന്തു സംഗതികളാണെന്ന് എന്നെ മനസിലാക്കുവാനായി ഞാന്‍ തന്നെ തയ്യാറാക്കിയ കുറിപ്പാണിത്. കുറെയേറെ കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ടാവാം (ചിലപ്പോള്‍ ചില്ലറ തെറ്റുകളുമുണ്ടാവാം) . ഇതൊരിക്കലും ഈ വിഷയത്തിനെ സംബന്ധിച്ച ഒരു ആധികാരിക റഫറന്‍സ് അല്ലേയല്ല ! എന്നിരുന്നാലും സംഗതികളുടെ കിടപ്പുവശം അറിയാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഒരു ചെറിയ തുടക്കം ആയിക്കോട്ടെ എന്ന് ഞാനും കരുതി.
ലോക്പാലിന്‍റെ ഉറവിടം സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നും ലോകമൊട്ടുക്കും വ്യാപിച്ച ഓംബുട്സ്മാന്‍ എന്ന ആശയമാണ്. 'ലോക' (ജനങ്ങള്‍), 'പാല' (സംരക്ഷകര്‍) എന്നീ സംസ്കൃത വാക്കുകളില്‍ നിന്നുമാണ് ലോക്പാല്‍ എന്ന വാക്കിന്‍റെ ജനനം.
എന്താണ് ലോക്പാല്‍ ബില്‍?
ഉന്നതതലങ്ങളിലെ അഴിമതികള്‍ തടയുവാനുള്ള നിയമനിര്‍മാണമാണ് ലോക്പാല്‍ ബില്‍ മുന്നോട്ടു വക്കുന്നത്. മന്ത്രിമാര്‍, മറ്റുദ്യോഗസ്ഥര്‍ തുടങ്ങി പ്രധാനമന്ത്രി വരെ എത്തും ഇതിന്‍റെ ഉപയോക്താകള്‍, ക്ഷമിക്കണം, ഇതിന്‍റെ പരിധിയില്‍ വരുന്നവര്‍.
ബില്ലിന്‍റെ ചരിത്രം:
1968 മുതല്‍ ഇന്നോളം 42 വര്‍ഷങ്ങള്‍ക്കിടയില്‍ 10 തവണകള്‍ പാര്‍ലമെന്‍റില്‍ വിജയത്തിനായി പൊരുതിയ ചരിത്രമാണ് ലോക്പാല്‍ ബില്ലിന്‍റെത്. അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള നയങ്ങള്‍ ആവിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1966-ല്‍ നിയോഗിച്ച സന്താനം കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ് ലോക്പാല്‍ എന്ന ബില്ലിലേക്ക് നയിച്ചത്. അന്നു തൊട്ടിന്നു വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ബില്‍ പാസ്സാക്കപ്പെട്ടിട്ടില്ല.
1968, 71 വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി; 77- ല്‍ മൊറാര്‍ജി ദേശായി; 85- ല്‍ രാജീവ് ഗാന്ധി; 89- ല്‍ വി. പി. സിങ് ; 96- ല്‍ ദേവഗൌഡ; 98, 2001 വര്‍ഷങ്ങളില്‍ വാജ്‌പേയി; 2005, 2008 വര്‍ഷങ്ങളില്‍ മന്‍മോഹന്‍സിങ് എന്നീ പ്രധാനമന്ത്രിമാര്‍ ഇതിനു വേണ്ടി ശ്രമിച്ചിരുന്നു, പക്ഷെ അപ്പോളൊന്നും ഇത് രാജ്യസഭയില്‍ പാസ്സായി നിയമമായി വന്നിട്ടില്ല.
എന്താണ് ജനലോക്പാല്‍ ബില്‍?
സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റികള്‍ തയ്യാറാക്കി പാസ്സാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോക്പാല്‍ ബില്ലിന്‍റെ എല്ലാ പ്രായോഗിക പഴുതുകളും അടച്ചു കൊണ്ട് ജനസമ്മതിയോടെയാണ് ജനലോക്പാല്‍ ബില്ലിന്‍റെ കരട് തയ്യാറാക്കപ്പെട്ടത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥരായ ശാന്തിഭൂഷണ്‍, കിരണ്‍ ബേദി; സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ; സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍; മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ. എം. ലിംഗ്ദോ എന്നിവര്‍ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (IAC) എന്ന സൊസൈറ്റിയുമായി ചേര്‍ന്നാണ് ജനലോക്പാല്‍ ബില്ലിന്‍റെ കരടുരൂപം തയ്യാറാക്കിയത്. പിന്നീടത് National Campaign for People's Right to Information (NCPRI) അതിന്‍റെ കമ്മറ്റിയില്‍ അവതരിപ്പിച്ചു.
ജനലോക്പാല്‍ ബില്ലിലെ പ്രധാന ആശയങ്ങള്‍:
1. ദേശീയാടിസ്ഥാനത്തില്‍ ലോക്പാല്‍ എന്ന പേരിലും സംസ്ഥാനാടിസ്ഥാനത്തില്‍ ലോകായുക്ത എന്ന പേരിലും അഴിമതി വിരുദ്ധ സമ്പ്രദായത്തിനു (ഓംബുഡ്സ്മാന്‍) വേണ്ട നിയമനിര്‍മ്മാണം നടത്തുക.
2. സുപ്രീംകോടതിയുടെയും ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്‍റെയും കാര്യത്തിലെന്ന പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മിഷനുമായിരിക്കും ഇതിന്‍റെ മുഖ്യ കാര്യാധിപര്‍, അതുകൊണ്ടു തന്നെ സര്‍ക്കാരിന് അതീതവുമായിരിക്കും.
3. ജഡ്ജിമാര്‍, ഐ. എ. എസ്. ഉദ്യോഗസ്ഥര്‍, പൌരപ്രമുഖര്‍, തുടങ്ങിയവര്‍ ചേര്‍ന്നുള്ള കമ്മറ്റിയായിരിക്കും, തികച്ചും സുതാര്യമായി ലോക്പാലിനെയും ലോകായുക്തയെയും തെരഞ്ഞെടുക്കുക. വീഡിയോ റെക്കോര്‍ഡ് ചെയ്ത ഈ നടപടികള്‍ പിന്നീട് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും.
4. എല്ലാ മാസവും ലോകായുക്തയുടെ വെബ്‌സൈറ്റില്‍ കിട്ടിയ പരാതികള്‍, എടുത്ത നടപടികള്‍, എടുക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കും.
5. കേസുകളില്‍ നടപടി എടുക്കുവാനുള്ള സമയം രണ്ടു കൊല്ലത്തില്‍ അധികമാവില്ല.
6. അഴിമതി നടന്നുവെന്നു തെളിയിക്കപ്പെട്ടാല്‍ പ്രതിയില്‍ നിന്നും സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം ഈടാക്കും.
7. ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളും.
ലോക്പാല്‍ ബില്ലും (ഡ്രാഫ്റ്റ്, 2010) ജനലോക്പാല്‍ ബില്ലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍:
1. അഴിമതിക്കെതിരെ സ്വമേധയാ കേസ് എടുക്കാനോ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുവാനോ ലോക്പാലിനു അധികാരമില്ല. ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ അധ്യക്ഷന്‍/അധ്യക്ഷ എന്നിവരിലൂടെയുള്ള പരാതികള്‍ മാത്രം സ്വീകരിക്കും. എന്നാല്‍ ജനലോക്പാലിനാവട്ടെ, സ്വമേധയാ കേസ് എടുക്കുവാനും മറ്റും അധികാരമുണ്ട്.
2. മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുവാന്‍ ചുമതലപ്പെട്ട ഒരു ഉപദേശക സമിതി മാത്രമാണ് ലോക്പാല്‍. ജനലോക്പാലിനാവട്ടെ, വിചാരണയില്‍ കുറ്റം തെളിയിക്കപ്പെട്ട ഏതൊരാള്‍ക്കും ശിക്ഷ വിധിക്കുവാനുള്ള അധികാരമുണ്ട്.
3. ലോക്പാലിനു ക്രിമിനല്‍ കേസുകളില്‍ FIR തയ്യാറാക്കുവാനുള്ള പോലീസ് അധികാരം ഇല്ല, ജനലോക്പാലിനു ഇതുണ്ട്.
4. ലോക്പാലും CBI-യും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ജഡ്ജിക്കും രാഷ്ട്രീയപ്രവര്‍ത്തകനും എതിരെയുള്ള കേസുകള്‍ പഠിച്ച് വിചാരണ ചെയ്യാന്‍ തക്ക അധികാരം നല്‍കുന്നതിനായി മുഖ്യവിജിലന്‍സ് കമ്മിഷന്‍ (CVC), വിജിലന്‍സ് വിഭാഗം, CBI-യുടെ അഴിമതി വിരുദ്ധ വിഭാഗം എന്നിവ ജനലോക്പാലില്‍ ലയിപ്പിക്കും.
5. കുറ്റം തെളിയിക്കപ്പെട്ടാല്‍ 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാനെ ലോക്പാലിനു അധികാരമുള്ളൂ. എന്നാല്‍ ജനലോക്പാലിനാവട്ടെ, 5 വര്‍ഷം മുതല്‍ ആജീവനാന്ത തടവ് വരെ വിധിക്കാനുള്ള അധികാരമുണ്ട്.
6. ലോക്പാലിന്‍റെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ലോക്പാലിനതീതനായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്പാലില്‍ തെറ്റായി പരാതി നല്കുന്നയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മുന്‍പ് പറഞ്ഞിട്ടുള്ളതു പോലെ, രാഷ്ട്രീയ ഇടപെടലുകളില്ലാതെ തികച്ചും സുതാര്യമായിരിക്കും ജനലോക്പാലിന്‍റെ തെരഞ്ഞെടുപ്പ്.
എന്തു കൊണ്ട് ഈ ബില്ലിങ്ങനെ പാസ്സവാതെ കയില് കുത്തുന്നു എന്ന് മനസ്സിലായിക്കാണുമല്ലോ!
ഇപ്പറഞ്ഞ ജനലോക്പാല്‍ ബില്‍ പ്രകാരം രാജ്യത്ത് നിയമനിര്‍മ്മാണം സാധ്യമാക്കുന്നതിനുള്ള ഭഗീരഥ പ്രയത്നത്തിലാണ് പ്രമുഖ ഗാന്ധിയനായ ശ്രീ അന്നാ ഹസാരെ (ഡോ. കിസന്‍ ബാബുറാവു ഹസാരെ), അത്രയൊന്നും പ്രയത്നം ചെയ്യാതെ, ചെയ്യാന്‍ ഉദ്ദേശവുമില്ലാതെ പ്രശസ്തിക്കു വേണ്ടി ശ്രമിച്ച, സ്കോട്ട്‌ലന്‍ഡില്‍ ദ്വീപുള്ള സ്വാമിയാകട്ടെ, ചുരിദാറിട്ടുഎല്ലാവരെയും പറ്റിച്ചു കടന്നും കളഞ്ഞു!
.............................
അടിക്കുറിപ്പ് : ചൂടുള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്നും - ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പൂര്‍ണപിന്തുണ. ഈ വിഷയത്തില്‍ ആര്‍ക്കു മുന്നിലും മുട്ടുമടക്കില്ലെന്നും ഉദ്ദേശിച്ച രീതിയില്‍ ബില്ലുമായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം വ്യക്തമാക്കി. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികള്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു!!
...............................
ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തിയാല്‍, ഹസാരെജി, രാഷ്ട്രം അങ്ങേക്ക് മാപ്പ് നല്‍കില്ല.....
ജൂലൈ 2, ശനി, 2011
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ