ആമുഖം:-
ഈ കുറിപ്പിനു പിന്നില്‍ ഒരു കഥയുണ്ട്. എഴുതി പൂര്‍ത്തിയാക്കിയത് അനിയത്തിയുടെ വിവാഹ ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ 2009 ഡിസംബറില്‍. സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമല്ല എന്ന രണ്ടു മറുപടികള്‍ എന്നെ വളരെ നിരാശനാക്കുകയുണ്ടായി. ഇത്രയും കാര്യമാത്രപ്രസക്തമായ ഒരു വിഷയം എങ്ങനെ നിരാകരിക്കപ്പെട്ടു എന്നറിയില്ല; ഒരുപക്ഷേ ഇതു 'കാര്യമാത്രപ്രസക്തം' എന്നത് എനിക്കു മാത്രമുള്ള ചിന്തയുമാവാം! ഇപ്പോള്‍ ഇത് അന്ന് എഴുതിയ അവ്വിധം തന്നെ ബ്ലോഗ് ചെയ്യുകയാണ്, അതിനാല്‍ കഥ അതുതന്നെ, കാലയളവും. ബ്ലോഗ് വഴിയുളള ആവിഷ്കാര സ്വാതന്ത്ര്യം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട് എന്ന കാര്യം സമ്മതിക്കാതെ തരമില്ല.....
എന്‍റെ ഈ എളിയ ശ്രമം കടലാസ്സില്‍ നിന്നും ഇലക്ട്രോണിക് മാധ്യമത്തിലേക്ക് പകര്‍ത്തിയ പ്രിയസുഹൃത്ത് ഷാജഹാനോടുള്ള സ്നേഹം വാക്കുകളില്‍ ഒതുങ്ങുന്നതല്ല.
തുടക്കം:-
'ത്വന്മൂലേ സര്‍വ്വതീര്‍ത്ഥാനി
ത്വന്മധ്യേ സര്‍വ്വദേവതാ
ത്വദഗ്ര സര്‍വ്വവേദേഷു
തുളസിത്വം നമാമ്യഹം'
(തുളസിച്ചെടിക്ക് വെള്ളം നനക്കുമ്പോള്‍ ചൊല്ലേണ്ടുന്നതായി വ്യവസ്ഥ ചെയ്തിരിക്കുന്നത്)
എഴുതി പൂര്‍ത്തിയാക്കിയതിനു ശേഷവും ഇതൊരു ആത്മകഥാ ഭാഗമാണോ, ലേഖനമാണോ എന്ന സംശയം തീര്‍ത്തും നീങ്ങിയിട്ടില്ല. ഈ കുറിപ്പ് (തല്‍ക്കാലം ഇങ്ങനെ വിളിക്കാം) സംസ്കാരം, പരിസ്ഥിതി എന്നിങ്ങനെയുള്ള ഏതു വിഭാഗത്തില്‍ പെടുമെന്ന് ഒരു പ്രസാധകന്/വായനക്കാര്‍ക്ക് സാമാന്യമായി വരാവുന്ന ആശയക്കുഴപ്പവും എനിക്കില്ലാതില്ല. പക്ഷേ, ഒന്നുണ്ട്. എനിക്കു നിങ്ങളോട് പറയുവാനുള്ളത് ചിലത് ഇതിലുണ്ട്, ഇതു ക്രോഡീകരിക്കാന്‍ കുറച്ചേറെ സമയമെടുത്തിട്ടുമുണ്ട്. ചെത്തിയും തുളസിയും കറുകയും നെല്ലും കാച്ചിലും കിഴങ്ങും സംരക്ഷിക്കണമെന്നു വീമ്പിളക്കി ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് 'അഹങ്കരിക്കുന്ന', എന്നിലെ ഞാന്‍ കാണാതെ പോയ, അല്ലെങ്കില്‍ കണ്ടിട്ടും കാണാതെ നടിച്ച ചില വിശ്വാസ പ്രമാണങ്ങളിലേക്ക്, കുറച്ചു ജീവിതചര്യകളിലേക്ക് ഗൗരവമായ ഒരു എത്തിനോട്ടം എന്നു മാത്രമിതിനെ ഇവിടെ കുറിക്കാം. ഒരു 'തിരിച്ചുപോക്ക്' എന്ന പദത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം, അത് ഉദ്ദേശ്യത്തിലില്ല എന്നതു തന്നെ. കേരളത്തില്‍ ബ്രാഹ്മണര്‍, വിശേഷിച്ചും മലയാള ബ്രാഹ്മണര്‍ അനുവര്‍ത്തിച്ചു വരുന്ന യാഥാസ്ഥിതിക ആചാരാനുഷ്ഠാനങ്ങളിലൂടെ (Customs & Traditions) ജൈവവൈവിധ്യ സംരക്ഷണം (Conservation of Biological Diversity) എന്ന സങ്കല്പം വിശാലമായ അര്‍ത്ഥത്തില്‍ അറിഞ്ഞോ അറിയാതെയോ സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട് എന്നതും ഇപ്പോഴും പലരും തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ് എന്നാണ് ഇവിടെ നിരീക്ഷിക്കുന്നത്. ഇപ്പോഴും തുടര്‍ന്നു വരുന്ന അനുഷ്ഠാനങ്ങളി ല്‍ പലതിനും മുന്‍കൈയെടുക്കുന്നത് നിലനില്‍ക്കുന്ന വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസരിച്ച് അന്തര്‍ജ്ജനങ്ങള്‍ ആണെന്നുള്ളത് അംഗീകരിക്കപ്പെട്ട കാര്യമാണെന്നതിനാല്‍ ഒരര്‍ഥത്തില്‍ സ്ത്രീപക്ഷമായ ഒരു വാദവും ഇതിലൂടെ സ്ഥാപിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണരല്ലാത്തവര്‍ ആരുംതന്നെ ഇത്തരം അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നില്ല എന്നു ഞാനവകാശപ്പെടുന്നില്ല; പക്ഷേ, ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്‍റെ ജീവിതമാണ്. ഈയുള്ളവന്‍റെ ജീവിതസ്പന്ദനങ്ങളുമായി ബന്ധപ്പെട്ടു നിന്നിരുന്ന തുളസിയും ചെത്തിയും കറുകയും മലരും പഴങ്ങളും ദര്‍ഭപ്പുല്ലും ചമതയും ചുണ്ടയും ഇതില്‍ കടന്നുവരുന്നു, ഒപ്പം എനിക്കേറ്റം പ്രിയപ്പെട്ടവരും. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന കഥാപാത്രങ്ങ ള്‍ വ്യാജങ്ങളല്ല; പേരുകള്‍ വായനാസുഖത്തിനായി ചേര്‍ത്തതുമല്ല; സത്യമാണ്, സദുദ്ദേശ്യപരമാണ്.
''...ന്‍റെ ഭഗോതീ ഓരോരോ പെങ്കൊട കഴിഞ്ഞ്, സദ്യേം ഉണ്ട് തിരിച്ചു വരുമ്പോള്‍ ഉള്ളിലൊരു സഞ്ചാരാണ് ...''
''.... രണ്ടീസം മുമ്പൊരു ജാതകം കൊണ്ടോയിട്ടുണ്ട്, ഇതെങ്കിലും ....''
''…ജാതകത്തില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അവള്‍ക്കും അറിവുള്ളതാണ്...''
''... ന്നാലോ, അറ്റപറ്റ എത്തിക്കണ ആലോചനകളൊന്നും പിടിക്കണൂല്യ താനും...''
''... നെറവും പൊക്കവും കുറവാണ്, വിദ്യാഭ്യാസം കുറവാണ്, ശാന്തിക്കാരനാണ്...''
'' ... ആണെങ്കിലെന്താ, കുടുംബം പോറ്റാനുള്ള കഴിവില്ല്യേ?....''
''... ന്‍റെ കുടുംബത്തിലൊന്നും ആരും പെങ്കുട്ട്യോള് പറയണ കേട്ട് തുള്ളീട്ടില്ല്യ ...''
''… തലേല് വരച്ചതു വരും ...''
പല മലയാള ബ്രാഹ്മണ ഭവനങ്ങളി ല്‍ നിന്നും കേട്ടു പരിചയിച്ച മാതൃപരിവേദനങ്ങളാണിവ. കേരളത്തിലെ ഏതു കോണിലുമാവട്ടെ, സാഹചര്യം പൊതുവായിരിക്കും - അവിടെയൊരു പെണ്‍കുട്ടി സ്വജീവിതത്തെപ്പറ്റി സ്വച്ഛന്ദം സ്വപ്നങ്ങ ള്‍ നെയ്യുന്നുണ്ട്. നമ്പൂരിത്തം കൂട്ടി പറഞ്ഞാ ല്‍ 'പെങ്കൊടക്കു പ്രായായി നില്ക്കണണ്ട്’. ഗ്രാമ്യഭാഷയില്‍ പറഞ്ഞാ ല്‍ 'ഒന്നിനെപ്പോറ്റ്വോളായി' പുര നിറഞ്ഞു നില്ക്കുന്നുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ തുടങ്ങുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ, കാര്യമുണ്ട്. ഒരു മനുഷ്യജന്മം ആരംഭിക്കുന്നത് പ്രസവസമയത്ത് കുട്ടിയുടെ തല പുറത്തുവരുമ്പോഴോ, അതിനും മുന്‍പ് ബീജാണ്ഡസംയോഗസമയത്തോ അല്ല, മറിച്ച് വിവാഹം എന്ന മംഗള കര്‍മ്മത്തോടെയാണ് എന്നാണ് എന്‍റെ നിഗമനം. അതുകൊണ്ടുതന്നെ ഒരു ജന്മത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഞാന്‍ ആശ്രയിച്ചുവന്നിരുന്ന, ഇപ്പോഴും അറിഞ്ഞോ, അറിയാതെയോ തുടര്‍ന്നു വരുന്ന ചില അനുഷ്ഠാനങ്ങള്‍ ഇപ്പോള്‍ ഞാന്‍ അറിയുന്ന, പഠിക്കുന്ന ശാസ്ത്രത്തിന്‍റെ വീക്ഷണ കോണില്‍ നിന്നു നോക്കി രേഖപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇതിലും നല്ലൊരു തുടക്കമുണ്ടാവാനിടയില്ല. ഇതെന്‍റെ ജീവിതമാണ്, വിചാരങ്ങളും വികാരങ്ങളും വീക്ഷണ - നിഗമനങ്ങളും പിന്നെയാവാം; ഇപ്പോള്‍ നമുക്ക് 'ഒന്നിനെപ്പോറ്റ്വോ'ളായ എന്‍റെ അനുജത്തിയില്‍ നിന്നു തുടങ്ങാം. പ്രിയപ്പെട്ട വായനക്കാരേ, ഇതു വായിച്ചു മുന്നേറുമ്പോള്‍ കടന്നുവരുന്ന പൂക്കളും ഇലകളും മരങ്ങളും പുല്ലും നെല്ലും അരിയും ചാണകവുമെല്ലാം മനസ്സിരുത്തി ശ്രദ്ധിക്കണമെന്നപേക്ഷ, എങ്കിലേ ഒരു വിശകലനത്തിനിവിടെ പ്രാധാന്യമുള്ളൂ.
''... വരണ ആലോചനകളൊന്നും ശരിയാവ്‌ണില്യ. കെ.എസ്.പി. പറയണു ചില വഴിപാടുകളൊക്കെ വേണംന്ന്. അച്ഛനും മകളും കൂടി തിരുമാറാക്കുളത്തുപോയി, ഒരു മാസം തൊഴണംന്നാണ്...''
... പരേശരന്‍ എവിടെ എന്ന പേരശ്ശിയുടെ ചോദ്യത്തിന് അമ്മയുടെ ഉത്തരം.
തിരുമാറായിക്കുളം അടുത്തുള്ള പ്രസിദ്ധമായ ശിവക്ഷേത്രമാണ്. കൂവളത്തിലയാണ് ശിവപൂജക്ക് ഉത്തമമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അച്ഛനും അനിയത്തിയും തിരിച്ചെത്തി. അവളുടെ മുഖത്തിന് ചന്തമുണ്ട്, ചന്ദനക്കുറിയും തലയില്‍ കൂവളക്കതിരും. കൈയിലെ തൂക്കുപാത്രത്തിലോ, കൊഴുത്ത പായസം! നല്ല ഉരുണ്ട മണികളുള്ള കുത്തരി കല്ലില്ലാതെ അലിയിച്ച്, പാവുകാച്ചി ഊറ്റിയ ശര്‍ക്കര ചേര്‍ത്തുണ്ടാക്കിയത്, ശിവനു നേദിച്ചതാണ്. നേദിച്ച വഹകള്‍ തുറന്നുപോലും നോക്കാറില്ല എന്ന അപഖ്യാതി എനിക്കു പണ്ടേയുള്ളതാണ്. എന്നാലും പാത്രം തുറന്നപ്പോള്‍ കൊതി സഹിച്ചില്ല. അവമാനം ഭയന്ന് പിന്നീട് തഞ്ചത്തില്‍ തട്ടാം എന്ന് മനസ്സില്‍ കണക്കുകൂട്ടി.
''... ഒരു ഗണപതി ഹോമവും ഭഗവത്സേവയും വേണം. സതീശ ന്‍ അടുത്താഴ്ച വരാന്നും പറഞ്ഞു...''
അച്ഛന്‍ അമ്മയോട് പറയുന്നതുകേട്ട് ഞാന്‍ ഉള്ളില്‍ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു; അനിയത്തിക്കു താത്വികമായ അല്ലെങ്കില്‍, തന്ത്രപരമായ മൗനം.
അടുത്ത വെള്ളിയാഴ്ച കാലത്തു നേരത്തെ തന്നെ സതീശനും പരികര്‍മ്മിയും എത്തി. ഗണപതിഹോമവും ഭഗവത്സേവയും കഴിച്ചു.
പെങ്കൊടക്കായി വിവിധ വഴിപാടുക ള്‍ നേരുന്നതിലും പല ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലും അച്ഛനും അമ്മയും ഒരു കുറവും വരുത്തിയില്ല. പിന്നീട് ആലപ്പുഴയി ല്‍ നിന്നും ഒരു ജാതകം ഒത്തുവന്നു. കാര്യങ്ങള്‍ അങ്ങനെ ഭംഗിയായി മുന്നോട്ട്, ശിവനേ സ്തുതി!
അയനിയൂണ് ഭംഗിയായി നടന്നു. അനിയത്തി രാവിലെ നേരത്തേ കുളിച്ച് അലക്കിയ മുണ്ടുടുത്ത് തല വലത്തോട്ടു കെട്ടി തിരുകി, ചന്ദനം കുറിയിട്ട്, കണ്ണെഴുതി, കറുകമാല ചൂടി അപ്പം, അട, അവല്‍ , ശര്‍ക്കര, കദളിപ്പഴം എന്നിവ നിവേദിച്ചു. അവള്‍ ഇരിക്കുന്ന പലകയില്‍ അരിമാവുകൊണ്ട് അണിഞ്ഞിട്ടുണ്ട്. നിവേദിക്കുമ്പോള്‍ തുളസി, ചെത്തി എന്നീ പൂക്കള്‍ ധാരാളം ചാര്‍ത്തി. പിന്നെയുമുണ്ടായിരുന്നു കുളത്തില്‍ പോയി ഒരു കുളി. ഉണ്ണാനിരിക്കുമ്പോള്‍ മുന്നില്‍ തെങ്ങിന്‍ പൂക്കുല വെച്ച് നെല്ല് നിറച്ച പറ വെച്ചിട്ടുണ്ട്.
ഊണു കഴിഞ്ഞ് അവിടെമെല്ലാം വൃത്തിയാക്കി, ചാണകം തളിച്ച് ശുദ്ധമാക്കി, സ്ത്രീകള്‍ ആയിരത്തിരി തെറുക്കല്‍ തുടങ്ങി. ഒപ്പം തന്നെ കറുക-തുളസി മാലകള്‍ , പൂവുകള്‍ , മലര്, ചെറിയ കൊമ്പുമുറം എന്നിവ വേളി ക്രിയകള്‍ക്കായി ഒരുക്കി. പിന്നീട് മൈലാഞ്ചിയിടല്‍ ചടങ്ങായി. പേരിനുള്ള ചടങ്ങു കഴിഞ്ഞ്, കൂടെയുള്ള പെണ്‍കിടാങ്ങള്‍ അവളെ വേറൊരിടത്തേക്കു കൊണ്ടുപോയി. കലാവാസനയുള്ള കുട്ടികള്‍ അവളുടെ കൈകാലുകളി ല്‍ മൈലാഞ്ചിയിറ്റിക്കളിച്ചു. ഒരു തിരുവാതിരക്കളിയോടെ ആ ദിവസം കഴിഞ്ഞു. എണ്‍പതോളം കിലോമീറ്റര്‍ അകലെ വരന്‍റെ ഇല്ലത്ത് അയനിയൂണ് എങ്ങനെയാണ് നടക്കുന്നത് എന്നു ഞാന്‍ ചിന്തിക്കുകയായിരുന്നു. വരന്‍റെ അമ്മ അട, അപ്പം, പായസം എന്നിവ നിവേദിക്കുന്നുണ്ടാവും. അരിമാവുകൊണ്ട് അണിഞ്ഞ പലകയില്‍ , തെങ്ങിന്‍ പൂക്കുലവെച്ച് നിറച്ച പറയുടെ മുന്നില്‍ ഇരുന്ന് അയാള്‍ ഊണുകഴിക്കുന്നുണ്ടാവും.
പിറ്റേ ദിവസം നേരത്തെതന്നെ വേളിക്രിയക്കായി ഓയ്ക്കന്‍ തയ്യാറായി. ഗണപതി നിവേദ്യത്തിനു ഒരു ഉരുളിയില്‍ അട, കാരോലപ്പം, അവല്‍ , മലര്, ശര്‍ക്കര ഇവയെല്ലാം തയ്യാറാക്കിവെച്ചിട്ടുണ്ട്. ഹോമത്തിനായി ചെറിയ മുറത്തില്‍ മലരും, പൂക്കുലയും ഉണ്ട്. ചന്ദനം അരച്ചത്, തുളസിപ്പൂവ്, ചുണ്ടങ്ങ, ദര്‍ഭപ്പുല്ല്, ചമത എന്നിവയുടെ അകമ്പടിയോടെ പുണ്യാഹം നടന്നു . വരനും വധുവും രണ്ടിടങ്ങളി ല്‍ ഇരുന്നാണ് പ്രാരംഭഘട്ടത്തിലെ വേളിക്രിയകള്‍ . തുളസിപ്പൂവ്, ചന്ദനം, അരി എന്നിവയോടെയാണ് പുണ്യാഹദാനം. പിന്നീട് അച്ഛന്‍ വരനെ സ്വീകരിച്ച് കാല്‍ കഴുകിച്ചു. ചെമ്പുകുടത്തി ല്‍ മുന്നാഴി ഉണക്കലരി ഇട്ട് തെങ്ങിന്‍ പൂക്കുല വെച്ച് അതിന്‍റെ മുകളിലായി നാളികേരം വെച്ച് നാളികേരത്തിന്മേല്‍ തിരികൊളുത്തി, അടിയാത്തി വരനെ പാനക്കുടം ഉഴിഞ്ഞു. പിന്നീട് മന്ത്രകോടി ഉടുത്ത്, മുല്ലപ്പൂ ചൂടിയ അനിയത്തി കുടത്തില്‍ മലര് വറുത്തു.
താലികെട്ടുവാ ന്‍ മുഹൂര്‍ത്തമായപ്പോഴേക്കും മുഹൂര്‍ത്തദാനം കഴിഞ്ഞ്, അച്ഛ ന്‍ അവളെ തേവരുടെ മുന്നിലിരുത്തി. പൂവ്, കൂവളത്തില എന്നിവ കുടന്നയായി ചാര്‍ത്തിച്ച ശേഷം താലികെട്ടി. ഒന്നു പറയട്ടെ, തന്‍റെ വധുവിനെ മംഗല്യസൂത്രം അണിയിച്ച് സ്വന്തമാക്കാനുള്ള ഭാഗ്യം മലയാള ബ്രാഹ്മണയുവാള്‍ക്കള്‍ക്കില്ല, പകരം യുവതിയെ താലികെട്ടിച്ച് അച്ഛന്‍ വരനെ ഏല്‍പിക്കുകയാണ്! നിറപറയിമ്മേല്‍ വച്ച തുളസിമാലയും വാല്‍ക്കണ്ണാടിയും അമ്മയില്‍ നിന്നു വാങ്ങിയ അനിയത്തി, അച്ഛന്‍റെയൊപ്പം വരന്‍റെ അടുത്തേക്കു നീങ്ങി. അവിടെ അടിയാന്‍ ആയിരത്തിരി ഉഴിഞ്ഞു. ഓയ്ക്കന്‍റെ നിര്‍ദേശശങ്ങളനുസരിച്ച് വേളിക്രിയകള്‍ തുടര്‍ന്നു. ലാജഹോമവും വേളിയോത്തുമാണ് പിന്നീട്. ഹോമത്തിനു മലരിട്ടു കൊടുത്തത് ഞാനാണ്. വധൂ-വരന്മാര്‍ ദര്‍ഭപ്പുല്ലും ചമതയും രണ്ടു കൈകളിലും കൂട്ടിപ്പിടിച്ച് ഹോമകുണ്ഡത്തില്‍ ഉഴിഞ്ഞു. ക്രിയക ള്‍ അങ്ങനെ അമ്മാവന്‍റെയും അമ്മായിയുടെയും മേല്‍ നോട്ടത്തില്‍ പൊടിപൊടിച്ചു. പാണിഗ്രഹണം കഴിഞ്ഞു, വരണമാല്യം ചാര്‍ത്തി, അവര്‍ ഒന്നായി. പണ്ട്, പെണ്‍കുട്ടികളുടെ വസതിയി ല്‍ വച്ചാണ് വിവാഹം നടക്കാറുള്ളത്. നാലു ദിവസത്തെ ചടങ്ങുകളുണ്ടാവും. വേളിക്രിയ രാത്രിയാണെങ്കില്‍ പിറ്റേദിവസമാണ് ദീക്ഷവിരിക്ക ല്‍. നെല്ല്, അരി, പൂക്കുല, മുല്ലപ്പൂവ് എന്നിവക്കെല്ലാം അതീവ പ്രാധാന്യമുള്ള ചടങ്ങാണിത്). ഇന്നാവട്ടെ, എല്ലാത്തിനും തത്ത്വത്തി ല്‍ Compromise ആവാം എന്നു വന്നിട്ടുണ്ട്.
പിന്നെയാണ് വരന്‍റെ ഇല്ലത്ത് കുടിവെയ്പ് ഉണ്ടായത്. അനിയത്തി കൈകളില്‍ കുടന്നയായി ഉണക്കലരി നിറച്ച് വലതുകാല്‍ വച്ച് ഭര്‍തൃഗൃഹത്തില്‍ പ്രവേശിച്ചു. ആര്‍പ്പും കുരവയുമായി അവര്‍ അകത്തേക്കു കയറുമ്പോള്‍ അകത്തുനിന്നുകൊണ്ട് ഭര്‍തൃമാതാവ് അഷ്ടമംല്യം, മലര്, പൂവ്, നെല്ല്, അരി എന്നിവയും താലത്തിലെടുത്ത് ഈ ദ്രവ്യങ്ങളെല്ലാം മൂന്നു തവണകളായി വധൂവരന്മാരുടെ തലയിലുഴിഞ്ഞ് അവരെ എതിരേറ്റു. കൂടെയുള്ള സ്ത്രീകള്‍ പനിനീര് വീശി. അനിയത്തിയാകട്ടെ, പൊന്തിവന്ന സങ്കോചവും നാണവും ഉള്ളിലമര്‍ത്തി വരന്‍ പ്രവേശിച്ചപ്പോള്‍ അടച്ച വാതി ല്‍മെല്ലെ ചവിട്ടിതുറന്ന് അകത്തുകയറി. അവളുടെ വലതുകാല്‍ വെച്ച സ്ഥലത്ത് വട്ടത്തില്‍ അണിഞ്ഞ് നെല്ലും ഇടതുകാല്‍ വെച്ചിടത്ത് വട്ടത്തില്‍ അണിഞ്ഞ് അരിയും ഇട്ടു, ഒരാള്‍. നടുമിറ്റത്ത് അണിഞ്ഞ പലകകളി ല്‍ നവദമ്പതിമാര്‍ ഇരുന്നു. കൈകളില്‍ കരുതിയിരുന്ന അരി, അവള്‍ മുന്നി ല്‍ വച്ച നാക്കിലയില്‍ ചൊരിഞ്ഞു. കണ്ണാടി പൈക്കൂറയില്‍ നിന്നും മഷിയെഴുതിച്ച്, കുറിയിടീച്ച് അമ്മ അവളെ കറുകമാല ചൂടിച്ചു. അവളും മറ്റു പെണ്‍കിടാങ്ങളും ഒഴികെ എല്ലാ സുമംഗലികളും മൂന്നും കൂട്ടി. അമ്മ പിന്നീട് ഗണപതി, ശിവന്‍, പാര്‍വതി എന്നിവര്‍ക്ക് അപ്പം നിവേദിച്ചു. എല്ലാ സുമംഗലികളും കൂടി സ്വയംവര പാട്ടുകള്‍ പാടി അവളുടെ ഒപ്പം മുല്ലത്തറക്കു പ്രദക്ഷിണംവെച്ചു. മുല്ലത്തറയി ല്‍ നാക്കിലവെച്ച്, അതില്‍ അരി ചൊരിഞ്ഞ് മുല്ലക്ക് അവളെക്കൊണ്ട് മൂന്ന് തവണ വെള്ളം നനപ്പിച്ചു. പിന്നീട് അമ്മയും പിന്നാലെ അടുത്ത ബന്ധുക്കളും നവദമ്പതിമാ ര്‍ക്ക് പാലും പഴവും കൊടുത്തു.ശേഷം എല്ലാവരും തിരുവാതിര കളിച്ചു രസിച്ചു.
സാങ്കേതികമായി പറയുകയാണെങ്കില്‍ വേളിക്രിയ എന്നൊന്നില്ല എന്നുവരും. അകത്തെ ക്രിയ, പുണ്യാഹം, ഒന്നാം ഹോമം, രണ്ടാം ഹോമം, ഔപാസനം, വൈശ്വദേവം, സേകം, സ്ഥാലീപാകം, ആഗ്രയണം തുടങ്ങിയ ക്രിയകളുടെ ഒരു സമജ്ഞസമാണ് വേളി.
എന്നു പറഞ്ഞു ഞാന്‍ കാടുകയറിയോ? ഈ ചടങ്ങുകള്‍ ഇമ്മട്ടില്‍ ക്രോഡീകരിച്ചപ്പോളിങ്ങനെ, അപ്പോള്‍ പിന്നെ മുഴുവന്‍ വിശദീകരിച്ചാലോ?....
ഞാന്‍ പറഞ്ഞുവന്നതിതാണ്. ഒരു ജന്മത്തിന്‍റെ ആരംഭം ഈ വിവാഹ ചടങ്ങുകളാണ്. ഈയടുത്തു നടന്ന എന്‍റെ പ്രിയ അനിയത്തിയുടെ 'പെണ്‍കൊട'യിലൂടെ ചടങ്ങുകള്‍ നോക്കി കണ്ടു എന്നേയുള്ളൂ. വാക്കില്‍, എഴുത്തില്‍, പ്രവൃത്തിയില്‍ (?) ഈയുള്ളവന്‍ അവള്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യവും സ്നേഹവും ഈ വിവരണങ്ങളില്‍ നിഴലിച്ചുവെന്നുവേണം കരുതാന്‍.
ഇനി നമുക്ക് വിവാഹ പൂര്‍വ്വ ജീവിതത്തിലെ ചില ചടങ്ങുകള്‍ നോക്കാം. ഒരു ജന്മം സ്ത്രീയുടെ/അമ്മയുടെ അണ്ഡാശയത്തില്‍ ബീജാവാപം നടന്നു കഴിഞ്ഞതിനുശേഷമുള്ള ചടങ്ങുകളിലേക്ക്... സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ തൊണ്ണൂറു ദിവസത്തിനുള്ളില്‍ ഔഷധം സേവിക്കുക എന്നൊരു ചടങ്ങുണ്ട്. പേരാലിന്‍റെ മൊട്ട് പാലില്‍ അരച്ച് മൂന്നുദിവസമെങ്കിലും സേവിക്കണം, ഇടക്കു നെയ്യും. ഇത് ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചക്ക് ഉത്തമമെന്നു കരുതപ്പെടുന്നു. ഗര്‍ഭമുണ്ടായി മൂന്നുമാസത്തിനുള്ളില്‍ത്തന്നെ പുംസവനം എന്നൊരു ചടങ്ങ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുംസവനത്തിന്‍റെ ചടങ്ങുകള്‍ ഇപ്രകാരം കുറിക്കാം. പതി പവിത്രം ഇട്ട്ഗണപതിക്ക് നിവേദിച്ച് പത്നിയെ പുണ്യാഹം ചെയ്ത്, വലതുകൈ കഴുകിച്ച് അതില് തൈരു വീഴ്ത്തി, അതില് ഒരു യവം വെച്ച് രണ്ട് ഉഴുന്നു മണികള്‍ യവത്തില്‍ തട്ടുമാറ് വച്ച്, മീതെയും തൈരു വീഴ്ത്തി, പത്നിയുടെ കൈയുപൊത്തി 'പുംസവനം' എന്നു ചൊല്ലിക്കുന്നു. പിന്നീടെഴുന്നേറ്റ് അവളുടെ പിന്നില്‍ നിന്ന് കറുക കുത്തിപ്പിടിച്ച് ഒരു ശംഖില്‍ അരിച്ച് എടുത്ത് കിഴക്കുനോക്കി ശംഖുകൊണ്ട് അവളുടെ വലത്തേ മൂക്കില്‍ നസ്യം ചെയ്യുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.
പ്രസവശേഷം കുഞ്ഞിനെ അമ്മയുടെ മാറത്തുനിന്നെടുത്ത്, നാക്കിലയില്‍ കിഴക്കോട്ട് തലവെച്ചു കിടത്തി ഇളനീര്‍ വെള്ളം ശംഖിലാക്കി മൂന്നുപ്രാവശ്യം കുഞ്ഞിന്‍റെ മുഖത്തു തളിക്കണം എന്നാണ്. പ്രസവിച്ച് പതിനൊന്നാം ദിവസം, താമരയിലയില്‍ കുഞ്ഞിനെ പൊതിഞ്ഞ് ഗര്‍ഭസ്ഥശിശുവായി സങ്കല്പിച്ച് സീമന്തം എന്നൊരു ചടങ്ങുകൂടി നടത്താറുണ്ട്. പ്രസവിച്ച് തൊണ്ണൂറ് നാഴികക്കുള്ളിലോ, പതിനൊന്നാം ദിവസമോ ജാതകര്‍മം നടത്താം . നവജാത ശിശുവിന് കയ്പയില, മഞ്ഞള്‍, ബ്രഹ്മി എന്നിവ ചതച്ച് നീരെടുത്ത് കല്ക്കണ്ടപ്പൊടി ചേര്‍ത്ത് കൊടുക്കാറുണ്ട്. കുട്ടികളുടെ ബുദ്ധിവികാസത്തിനും ശബ്ദശുദ്ധിക്കും കൃമിദോഷത്തിനും ഇത് നല്ലതാണെന്നാണ് വിശ്വാസം.
ഉണ്ണിയാണെങ്കില്‍ പന്ത്രണ്ടാം ദിവസം മുതല്‍ ജപം തുടങ്ങാറുണ്ട്. ഉണ്ണിയെ ഒരു അലക്കിയ മുണ്ടില്‍ കിടത്തി ദര്‍ഭപ്പുല്ലിന്‍റെ തുമ്പ് കൂട്ടിക്കെട്ടി നമ്പൂതിരിമാര്‍ ഓരോരുത്തരും ഓരോ പുല്ലിന്‍റെ കട പിടിച്ച് സൂക്തങ്ങള്‍ ഉരുവിടും. അന്നുമുതല്‍ തന്നെ കറുക ഹോമവും തുടങ്ങും. കണ്ണെഴുതിക്കാനും വയമ്പ് അല്പം സ്വര്‍ണം കൂട്ടി അരച്ച് നെയ്യും ചേര്‍ത്ത് കൊടുക്കാനും പഞ്ചാംഗം പ്രകാരം നല്ല സമയം നോക്കാറുണ്ട്.
കണ്ണെഴുതുവാനുള്ള മഷിയും ഇല്ലങ്ങളില്‍ തന്നെ തയ്യാറാക്കുകയാണ് പതിവ്. പൂവാംകുരുന്നിലയും തണ്ടുമെടുത്ത് അമ്മിയില്‍ വച്ച് ചതച്ച് പിഴിഞ്ഞ് നീരെടുക്കുന്നു ആദ്യം. പിന്നീട് അലക്കിയ തുണിക്കഷ്ണം രണ്ടോ മൂന്നോ തവണ അതില്‍ മുക്കി തണലത്തുണക്കുന്നു. ഈ തുണികൊണ്ട് തിരികളുണ്ടാക്കി, നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് ഈ തിരികള്‍ കൊളുത്തിവെച്ച് മീതെ ചെമ്പുകൊണ്ടുള്ള പൂവട്ട അല്ലെങ്കില്‍ മണ്‍ചട്ടി മഷി പിടിക്കാന്‍ പാകത്തില്‍ കമഴ്ത്തി വെച്ച്, മഷി പിടിച്ചാല്‍ പാളക്കഷണം കൊണ്ട് തട്ടിയെടുത്ത് സൂക്ഷിക്കുന്നു. പിന്നീട് ഇത് കുറുക്കിയ എള്ളെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തരച്ച് ചാലിച്ച് മഷിയാക്കുന്നു.
പ്രസവിച്ച് പന്ത്രണ്ടാം ദിവസം മുതല്‍ അന്തിയുഴിയല്‍ ചടങ്ങുണ്ട്. അമ്മ രണ്ട് ചെറിയ ഓടങ്ങള്‍ എടുത്ത് ഒന്നില്‍ ചുവന്ന ഗുരുതിയും മറ്റൊന്നില് കറുത്ത ഗുരുതിയും കലക്കുന്നു. പിന്നീട് മുമ്മൂന്ന് ഇലഞ്ഞിയില എടുത്ത്, തിരി കത്തിച്ച്, വിളിക്കിനും ശിശുവിനും ഉഴിഞ്ഞ് ചുവന്ന ഗുരുതിയില്‍ ഇടുന്നു. ഇതുതന്നെ കറുത്ത ഗുരുതിയിലും വെള്ളത്തിലും ആവര്‍ത്തിച്ച്, തിരി കത്തിച്ച് ഗുരുതിപാത്രങ്ങള്‍ ഒന്നൊന്നായി വിളക്കിനെയും ശിശുവിനെയും ഉഴിയുന്നു. പിന്നീട് ഒരു ഇലഞ്ഞി ഇലയില്‍ നാലുഭാഗത്തേക്കും തിരി കൊളുത്തി, ശിശുവിനെ കൈ പിടിച്ച് തൊഴീക്കുന്നു. ഇല കരിച്ച കരിയെടുത്ത് കുറി തൊടീക്കുന്നു. പിന്നീട് ചുവപ്പ്, കറുപ്പ്, വെള്ളം എന്നീ ക്രമത്തില്‍ വിരല്‍ കൊണ്ട് വെള്ളത്തില്‍ മുക്കി മൂന്നുപ്രാവശ്യം ശിശുവിനെ തൊട്ടുഴിഞ്ഞ്, ചുവന്ന ഗുരുതിയില്‍ മുലപ്പാല്‍ ഒഴിച്ച് വടക്കേമുറ്റത്ത് ഒഴിച്ച്, ഇല അടുപ്പിലിടുന്നു. അന്തി ഉഴിയുന്നേരം നാടന്‍ മന്ത്രങ്ങളുമുണ്ട്. കുട്ടികള്‍ പേടിച്ച് നിലിവിളിച്ചാല്‍ കടുകും മുളകും ഉപ്പും ഉഴിഞ്ഞ് അടുപ്പില്‍ ഇടണം.
നാലാം മാസത്തില്‍ വാതില്‍ പുറപ്പാട് എന്നൊരു പതിവുണ്ട്. അതുകഴിഞ്ഞേ കുട്ടിയെ പുറത്തേക്ക് ഇറക്കാവൂ എന്നാണ്. അഷ്ടമംഗല്യവും വിളക്കും എടുത്ത്, ഒരാള്‍ മുന്നിലും ശിശുവിനെ എടുത്ത് അച്ഛന്‍ പിന്നിലുമായി മംഗളസൂക്തം ചൊല്ലി കിഴക്കോട്ടോ, പടിഞ്ഞാട്ടോ ഇറങ്ങി, ഉത്തമവൃക്ഷത്തെ മൂന്നുതവണ പ്രദക്ഷിണം വെക്കുന്ന ചടങ്ങാണിത്.ചിലപ്പോള്‍ ഈ ചടങ്ങ് ചോറൂണിന് ഒപ്പമാവും നടത്തുക.
ആറാംമാസത്തില്‍ ശിശുവിന് ചോറൂണിനും ചടങ്ങുകള്‍ ധാരാളമുണ്ട്. എണ്ണ തേച്ച്, ഇഞ്ചയോ വാകയോ കൊണ്ട് മേല്തേപ്പിച്ച് കുളിപ്പിച്ച കുഞ്ഞിനെ കണ്ണെഴുതിച്ച്, കറുകമാല ചൂടിച്ച് ചന്ദനം കുറിയിടീച്ച് അമ്മ വിളമ്പിയ ചോറ് ആദ്യം അച്ഛനും പിന്നീട് മറ്റുള്ളവരും അവസാനം അമ്മയും ഊട്ടുന്നു.
ആണ്ടു പിറന്നാള്‍ ദിവസം, കുളിച്ച്, കുറിതൊട്ട്, കറുകമാല ചൂടിയ അമ്മ കറുകയും ചെറൂളയും കൂട്ടി കുഞ്ഞിനെ ഉഴിയുന്ന ചടങ്ങും ഉണ്ട്. 'വയറ ഉഴിയുക' എന്ന ചടങ്ങിലും കറുക, വയറ, അരി, നെല്ല് എന്നിവ ഉപയോഗിക്കും. ഇതിനിടയില്‍ വിജയദശമി ദിവസം അരിയില്‍ എഴുതിച്ച് കുഞ്ഞിനു വിദ്യാരംഭവും നടത്തും.
മൂന്നു വയസ്സു കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കൊല്ലത്തില്‍ മൂന്നുതവണ ഗണപതി ഇടീക്കണമെന്നുണ്ട്. നാല്പാമരത്തിന്‍റെ ചുവന്ന പൊട്ടും ദശപുഷ്പത്തിന്‍റെ കറുത്തപൊട്ടും അരച്ചു തൊടീച്ച് കണ്ണെഴുതി, കറുകമാല ചൂടിച്ചാണ് ചെത്തിപ്പൂവും ചെമ്പരത്തിപ്പൂവും ഉപയോഗിച്ച് ഗണപതിയിടീക്കുന്നത്.
പെണ്‍കുട്ടികള്‍ ആദ്യം ഋതുവായാല്‍ അനുഷ്ഠിക്കേണ്ടുന്ന ചടങ്ങുകളിലും ധാരാളം സസ്യങ്ങളുടെ പങ്കുണ്ട്. നെല്ല്, അരി, മുല്ലയില, ഇഞ്ചി, പച്ച മഞ്ഞള്‍, ദശപുഷ്പം എന്നിങ്ങനെ പോകുന്നു ആ നീണ്ട പട്ടിക. വാഴപ്പോള കൊണ്ടുള്ള 'പോണ്ട' ഒഴുക്കല്‍, തണ്ടാഴി ഇടല്‍ എന്നിങ്ങനെയും ചടങ്ങുകള്‍ നിരവധി വ്യവസ്ഥയിലുണ്ട്. ഒരു പെണ്‍കുട്ടി ഋതുവായാല്‍ അവളുടെ ജ്യേഷ്ഠന്‍ പുരുഷനായി എന്ന സങ്കല്പവുമുണ്ട്. അങ്ങനെ പൂണുനൂല്‍ അണിയുന്നതിനു മുന്‍പു തന്നെ ഞാന്‍ 'മുതിര്‍ന്നവനായി'ട്ടുണ്ട് എന്നാണെന്‍റെ ഓര്‍മ. സാധാരണ ഉണ്ണികള്‍ മുതിര്‍ന്നവരായി പരിഗണിക്കപ്പെടുന്നത് ഉപനയനത്തിനുശേഷമാണ്.
സത്യം പറഞ്ഞാല്‍ എല്ലാ ഉണ്ണികള്‍ക്കുമെന്നതുപോലെ എനിക്കും ഓന്യം ഒരു വലിയ സ്വപ്നമായിരുന്നു. അമ്മയുടെ മടിയിലിരുത്തി അച്ഛനും ഓയ്ക്കനും ചേര്‍ന്ന് ബ്രാഹ്മണ്യത്തിന്‍റെ ചവിട്ടുപടിയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയപ്പോള്‍ 'ഞാനെന്തൊക്കെയോ ആയി' എന്നു തോന്നിയിരുന്നു. അഹങ്കാരം നിറഞ്ഞിരുന്നു. അഫന്മാരുടെ ഉണ്ണികള്‍, എന്‍റെ അനിയന്മാര്‍ മൂന്നുപേരുടെയും എന്‍റെയും ഉള്‍പ്പടെ നാല് ഉപനയനങ്ങളാണ് എന്‍റെ പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് നടന്നത്. അത് ചിലവ് ചുരുക്കാനുള്ള ഒരു സൂത്രപ്പണി കൂടിയായിരുന്നു. ഉണ്ണികളെ ഏഴു വയസ്സിനുള്ളില്‍ ഓനിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും അതു നടക്കാറില്ല. അതുപോലെ ഉപനയനം, സമാവര്‍ത്തനം എന്നിവ വര്‍ഷങ്ങളുടെ ഇടവേളകളിലാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉപനയനശേഷം, 'ഓനിച്ചുണ്ണി'യായി, ഭിക്ഷാംദേഹിയായി കാശിയില്‍ലും മറ്റുമലഞ്ഞ് തിരിച്ചെത്തി വേണം സമാവര്‍ത്തനം. അങ്ങനെയേ ബ്രാഹ്മണനാകൂ. ഇപ്പോ ഇവിടെയും ചില്ലറ സൂത്രപ്പണികള്‍ തന്നെ. ഉപനയനം കഴിഞ്ഞ് പ്രതീകാത്മമായി അമ്മയുടെ കൈയില്‍ നിന്നും ഭിക്ഷ സ്വീകരിച്ച്, വടിയും കുത്തി, കുടയും ചൂടി ഒരു സങ്കല്‍പ കാശി യാത്ര; പിന്നീടപ്പോള്‍ത്തന്നെ സമാവര്‍ത്തനവും, തീര്‍ന്നു ചടങ്ങുകള്‍.
ഇതിനെപ്പറ്റി മാത്രമല്ല, ഏതു ചടങ്ങുകളെപ്പറ്റി ഓര്‍ക്കുമ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു രൂപമുണ്ട്, യശഃശരീരനായ കുടുംബ ഓയ്ക്കന്‍ പുല്ല്യാടിന്‍റെ. അദ്ദേഹത്തോടുള്ള സര്‍വ്വവിധ നീതിയും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ട, അദ്ദേഹം ഓനിച്ചിട്ടുള്ളവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ 'തലതിരിഞ്ഞു' പോയിട്ടുള്ളൂ. നാല്‍വര്‍ സംഘത്തിലെ രണ്ടാമനും അനിയത്തിയുടെ തൊട്ടു താഴെ പ്രായമുള്ളവനുമായ വിദ്വാന്‍ പറയുന്നതു ശരിവെച്ചാല്‍, ഞങ്ങളുടെ രണ്ടാളുടെയും ബ്രഹ്മസൂത്രം ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നു, വിലയം പ്രാപിച്ചു!
ഓനിച്ചുണ്ണികള്‍ എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്, 'പകല്‍ ഉറക്കം ഉപേക്ഷിച്ചു' എന്നാണത്. തന്ത്രമന്ത്ര പ്രധാനമായ പൂണുനൂല് അറിയാതെ ഊര്‍ന്നു പോകാനിടയുള്ളത് കൊണ്ടാണിത് എന്നാണെന്‍റെ ഊഹം. രാത്രിയില്‍ ഉറക്കം അനിവാര്യമായതിനാല്‍ നിഷിധമല്ല. പ്രതിജ്ഞയുടെ 'നിറവില്‍' തന്നെ എന്നാണ് ഓര്‍മ, ഉപനയനം കഴിഞ്ഞ അന്നുതന്നെ ഞാന്‍ പകല്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങിയിരുന്നു, അവധിക്കാലത്തെ ഒരു ദിനചര്യ ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍!
ഉപനയന- സമാവര്‍ത്തന ചടങ്ങുകള്‍ സങ്കീര്‍ണ്ണങ്ങളാണ്. ചമത, ചന്ദനം, പൂവുകള്‍, കൃഷ്ണാജിനം എന്നിവ ഉപയോഗിക്കുന്നുണ്ട് എന്നുമാത്രമിവിടെ പറയാനുദ്ദേശിക്കുന്നു.
വളരെ യാദൃശ്ചികമാവാം, ഇതെഴുതാനിരിക്കുന്ന ദിവസങ്ങളിലൊന്നില്‍ അമ്മ അമ്മാത്തേക്കു പോയി. അമ്മയുടെ അച്ഛന്‍റെ, എന്‍റെ 'അമ്മാത്തു മുത്തശ്ശന്‍റെ ചാത്തം ആണ്. ആചാരമനുസരിച്ച് മരണാനന്തര കര്‍മ്മങ്ങളിലും ആണ്ടുശ്രാദ്ധങ്ങളിലും പരേതന്‍റെ മകനോടും മകളോടുമൊപ്പം പങ്കെടുക്കേണ്ടത് മകള്‍ വഴിയുള്ള പേരക്കുട്ടികള്‍ ആണ്. അപ്പോഴാണോര്‍ത്തത്, നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുത്തശ്ശന്‍റെ ശേഷക്രിയകള്‍ ചെയ്യാനായിരുന്നല്ലോ ഞാന്‍ പൂണൂനൂല്‍ അവസാനമായി ധരിച്ചത് എന്ന്, അതും അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി!
പിന്നീടങ്ങോട്ട് പൂണൂനൂല്‍ ഞാന്‍ ധരിച്ചിട്ടില്ല, മുത്തശ്ശന്‍റെ ഒരു ആണ്ടുശ്രാദ്ധവും ഇട്ടിട്ടുമില്ല; ഇടണമെന്നു തോന്നിയിട്ടില്ല, അത്രമാത്രം.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് പ്രേതദഹനത്തെയും ശേഷക്രിയകളെയും ആണ്ടു ചാത്തങ്ങളെയും കുറിച്ച് പറയാതെ തരമില്ലാതായിരിക്കുന്നു. ഒരാളുടെ മരണസമയമെടുത്താല്‍ ചെയ്യേണ്ടതായി ചില കാര്യങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മരണാസന്നനായിക്കിടക്കുന്നയാളെക്കൊണ്ട് മക്കള്‍ ആരെങ്കിലും കൂവളത്തില, തുളസി, വെളുത്തപൂവ് എന്നിവയാല്‍ പുഷ്പാഞ്ജലി ചെയ്യിക്കണമെന്നാണ്. പിന്നീട് രോഗിയെ കറുകമാല ചൂടിക്കണം. മരിക്കുന്നതിനു തൊട്ടു മുന്‍പായി നെല്ലിക്കൊമ്പും വേരോടെ പിഴുത തുളസിയും രോഗിയുടെ തലക്കല്‍ ചിരട്ടയില് കുഴിച്ചിടാറുണ്ട്. ഇവയുടെ അടിയില്‍ കിടന്നു മരിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. മരിച്ചു കഴിഞ്ഞാല്‍ ദര്‍ഭപ്പുല്ലും മണലും വിരിച്ച് മൃതദേഹം നിലത്തിറക്കി തലക്കല്‍ നിലവിളക്കു വെക്കും. നാളികേരം ഉടച്ച്, മുറിച്ച് എണ്ണയൊഴിച്ച് ചെറിയ അരിക്കിഴിയിട്ട് നാലു പുറവും കത്തിക്കും. ഭര്‍ത്താവ് മരിച്ചാല്‍ അന്തര്‍ജ്ജനങ്ങള്‍ പച്ച ഓലത്തട്ടുണ്ടാക്കി അതില്‍ ഇരിക്കണം എന്നാണ്. നെയ്യ്, ചമത, അരി, തുളസിപ്പൂവ്, ദര്‍ഭപ്പുല്ല്, എള്ള്, ചിരട്ട, ചിരട്ടമടല്‍ എന്നിവ ധാരാളമായി ഉപയോഗിക്കുന്ന ചടങ്ങുകളാണ് പ്രേതദഹനം. പ്രേതദഹനം കഴിഞ്ഞ് പന്ത്രണ്ടുദിവസം സപിണ്ഡി ഊട്ടല്‍ ചടങ്ങുണ്ട്. പിന്നീടത് മാസ/വാര്‍ഷിക പിണ്ഡങ്ങളായി ഊട്ടും.
സപിണ്ഡി, ശ്രാദ്ധം ഇതിനെല്ലാം നമ്പൂതിരിമാരെ കാല്‍ കഴുകിച്ച് ഊട്ടണം. ഇതിനായി പ്രത്യേക വിഭവങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉണക്കലരി കൊണ്ടുള്ള കവ്യം ആണ് പ്രധാനം. എള്ള്, ചെറൂളപ്പൂവ് എന്നിവയിട്ട് ഉപസ്തരിച്ചാണ് കവ്യം തയ്യാറാക്കുക. ദര്‍ഭപ്പുല്ല്, ചന്ദനം, ചമത, വാഴയില, എള്ള്, തുളസി, ചെറൂള എന്നിവയാണ് ബലിയിടല്‍ കര്‍മത്തിന് ആവശ്യമായ സാമഗ്രികള്‍ ഒരു നമസ്കാരത്തോടെയാണ് ചടങ്ങുകള്‍ അവസാനിക്കുക.
ഇത്രയുമാണ് ഒരു ജന്മാരംഭം മുതല്‍ അവസാനം വരെ കൊണ്ടാടുന്ന ചടങ്ങുകള്‍. ഇനി ആചാരാനുഷ്ഠാന പ്രധാനമായ രണ്ടു കാലങ്ങള്‍ ഒന്നു കുറിക്കാം. വൈശാഖവും കര്‍ക്കടകവുമാണവ. വൈശാഖമാസത്തില്‍ ഇഞ്ചി, ശര്‍ക്കര, കദളിപ്പഴം, പാല്‍, വെണ്ണ, അവല്‍, മലര്, പഴുത്ത ചക്ക, മാങ്ങ എന്നിവ ദിവസവും വിഷ്ണുവിന് നേദിക്കുന്ന പതിവുണ്ട്. കൂടാതെ ചമതയുടെ നടു ഇലയില്‍ നിവേദ്യച്ചോറ് വച്ച് അതില്‍ തൈരൊഴിച്ച് നിവേദിക്കാറുണ്ട്. മുരിങ്ങയില, മുരിങ്ങക്കായ, ഉള്ളി ഇതെല്ലാം ഈ മാസത്തില്‍ വര്‍ജ്ജ്യമാണ്. കര്‍ക്കിടക സംക്രാന്തിനാള്‍ ചേട്ടാ ഭഗവതിയെ അടിച്ചു പുറത്താക്കുന്ന രസകരമായ ചടങ്ങുണ്ട്. കീറിയ മുറത്തിലോ ഉടഞ്ഞ കലത്തിലോ, കരികൂട്ടി ഉരുട്ടിയ ചോറുരുള; ചുണ്ണാമ്പും മഞ്ഞളും കൂട്ടി ഉരുട്ടിയ ചുവന്ന ചോറുരുള എന്നിവയും കൂവ, പച്ചമഞ്ഞള്‍, പൂവാംകുറുന്നില, മുക്കുറ്റി മുയല്‍ചെവിയന്‍ എന്നിവ ഇട്ടുവെച്ച പ്ലാവില കുത്തിയതില് തിരികൊളുത്തിയാണ് ചേട്ടാ ഭഗവതിയെ ഉഴിഞ്ഞു പുറത്താക്കി ശ്രീ ഭഗവതിയെ സ്വീകരിക്കുന്നത്.
മുപ്പട്ട വെള്ളിയാഴ്ച പത്തുതരം ഇലകള്‍ (പച്ചച്ചീര, ചുവന്നചീര, മുള്ളന്‍ചീര, സാമ്പാര്‍ ചീര , പ്രമേഹച്ചീര, ചെറുചീര, ചേനയില, വെള്ളിലം, തകര, ചേമ്പില) കൂട്ടി അരിഞ്ഞ് കറിയുണ്ടാക്കി കഴിക്കാറുമുണ്ട്.
ഓണം, വിഷു എന്നീ സമയങ്ങളിലെ നിവേദ്യങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിഷുക്കണി ഒരുക്കുന്നതിനായി സ്വര്‍ണ നിറമുള്ള വെള്ളരി, ചക്ക, മാങ്ങ, കറുകമാല, കൊന്നപ്പൂവ്, ഉണക്കലരി ഇങ്ങനെ ഒരുപിടി ദ്രവ്യങ്ങളുണ്ട്. ഉരുളിയില്‍ ഈ ദ്രവ്യങ്ങളടുക്കി അക്ഷതമിട്ട അലക്കിയ മുണ്ടിലാണ് കണി വെക്കുക.
ഓണത്തിനാവട്ടെ ചാണകമെഴുതിയ തറയില്‍ തൃക്കാക്കരപ്പനെ വച്ച് തുമ്പ-അലരി-തെച്ചിപ്പൂക്കുലകള്‍ കൊണ്ടലങ്കരിച്ച് അവല്‍, മലര്, നേന്ത്രപ്പഴം, കദളിപ്പഴം എന്നിവ നേദിക്കുന്നു. ഇവക്കെല്ലാം പുറമേ ഏകാദശി, ദ്വാദശി തുടങ്ങിയ ദിവസങ്ങളിലും വിവിധ ജൈവസാമഗ്രികള്‍ക്ക് പ്രാധാന്യമുണ്ട്. ഗണപതിഹോമം, ഭഗവത്സേവ, ത്രികാലപൂജ, നിത്യപൂജകള്‍ തുടങ്ങിയവയും സസ്യജാലങ്ങളുടെ ഉപയോഗം കൊണ്ട് സമ്പന്നം തന്നെ. ഇല്ലത്ത് ശ്രീകോവിലില്‍ മുത്തശ്ശി നടത്തിയിരുന്ന പൊടി നിവേദ്യങ്ങളില്‍ പലതും ഈയുള്ളവന്‍ ശ്രദ്ധിക്കാറില്ലായിരുന്നു പലപ്പോഴും. എന്നാല്‍ ഒരു ചിത്രം മായാതെ ഇന്നും മനസ്സിലുണ്ട്. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, സ്കൂളില്‍ ലഹളകൂടി, കൂട്ടുകാരന്‍റെ നാഭിക്കു തൊഴിക്കാനിടവന്നു. 'അവന്‍റെ കിഡ്നി കലങ്ങിപ്പോയി' എന്നു മറ്റുള്ളവര്‍ പേടിപ്പിച്ചപ്പോള്‍ നാലഞ്ചുദിവസത്തേക്ക് ബ്രാഹ്മമുഹൂര്‍ത്തിലുണര്‍ന്ന് കുളിച്ച് ഈറനുടുത്ത് മുത്തശ്ശിക്ക് പൂജാ പരികര്‍മ്മിയായി നിന്ന വികൃതിയുടെ മുഖം.
ഇക്കാലങ്ങളുടെയും സാമഗ്രികളുടെയും സവിസ്തര പ്രതിപാദനം സാധ്യമാകണമെങ്കില്‍ ചുരുങ്ങിയത് രണ്ട്, മൂന്ന് ബ്ലോഗുകള്‍ വേണമെന്ന് തോന്നുന്നു. അതിലേക്കൊന്നും കടക്കാതെ, ഇന്നും കേരളത്തില്‍ ഭയഭക്തി ബഹുമാനത്തോടെ നടത്തിവരുന്ന സര്‍പ്പാരാധനയും സുമംഗലികള്‍ ഏറ്റവും പ്രാധാന്യം കരുതി ആചരിക്കുന്ന തിരുവാതിരയും കൂടി കുറിച്ചശേഷം ഞാന്‍ ചുരുക്കാം.
കേരളത്തിലെ പ്രധാന ആരാധനാമൂര്‍ത്തികളാണ് സര്‍പ്പങ്ങള്‍. നാഗാരാധനയുടെ പ്രതീകമായി ഓരോ ഗൃഹങ്ങളിലും കാവുകള്‍ ഉണ്ടായിരുന്നു . കാവുകളില്‍ പടര്‍ന്ന് പന്തലിച്ച വന്യ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും ഔഷധസസ്യങ്ങളും എല്ലാം കൂടി അവക്ക് വളരെ ഭീതിദായകവും അതേസമയം മനോരഞ്ജകവുമായ പരിവേഷം നല്കിയിരുന്നു. ഇല്ലത്തെ പറമ്പില്‍ ഒരേ ഒരു ഓടല്‍ വള്ളി ഇന്നും നിലനില്ക്കുന്നതു തന്നെ അത് പാമ്പിന്‍ കാവില്‍ ആയതിനാലാണ്, അല്ലെങ്കില്‍ എന്നേ അത് വാക്കത്തിക്കിരയായേനെ.
പാമ്പിന്‍ കാവിലെ നിവേദ്യം പ്രത്യേക രീതിയിലാണ്. ചിത്രോടക്കല്ലുകളുടെ മുന്നില്‍ പച്ചപ്ലാവില ഞെട്ടു കുത്തി നൂല്‍ത്തിരികള്‍ നെയ്യില്‍ കൊളുത്തിവെക്കും. മഞ്ഞള്‍പ്പൊടി പശുവിന്‍ പാലില്‍ കലക്കി വിഗ്രഹങ്ങളില്‍ ആടും. 'നൂറും പാലും കൊടുക്കുക' എന്നാണ് പറയുക. ഇളനീര് ആടുകയും നേന്ത്രപ്പഴം, കദളിപ്പഴം. അവല്‍, മലര്, ശര്‍ക്കര, അപ്പം എന്നിവ നിവേദിക്കുകയും ചെയ്യും. താമര, തെച്ചി, തുളസി എന്നീ പുഷ്പങ്ങളാണ് പ്രധാനം. കുരുത്തോലകൊണ്ടു കാവിനുചുറ്റും അലങ്കാരവുമുണ്ടാകും.
ധനുമാസത്തിലെ തിരുവാതിര മംഗല്യം കഴിഞ്ഞ സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ്. തിരുവാതിരയെക്കുറിച്ച് ഐതിഹ്യങ്ങള്‍ ഏറെയുണ്ട്. മംഗല്യസ്ത്രീകള്‍ തിരുവാതിരയുടെ ഏഴുദിവസം മുന്‍പു മുതല്‍ വെളുപ്പാന്‍ കാലത്ത് കുളത്തില്‍ തുടിച്ചു കുളിക്കും. പച്ച മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടും. ഈ ദിനത്തില്‍ ഊണ് പകല്‍ മാത്രമേയുള്ളൂ, രാത്രി നോയമ്പാണ്; ഉറക്കമൊഴിഞ്ഞുള്ള പാതിരാപ്പൂവ് ചൂടലും. രാത്രി തിരുവാതിരക്കളിക്കിടയില്‍ പൂജ കഴിച്ച് പാതിരാപ്പൂവ് (അടക്കാമണിയന്‍, ചുവന്ന കൊടുവേലി), ദശപുഷ്പം ചേര്‍ത്ത് തലയില്‍ ചൂടും. ദശപുഷ്പമാല കെട്ടുന്നവിധം രസകരമാണ്. വീതിയുള്ള വാഴയിലക്കഷ്ണം വാട്ടി, വിരല്‍ വീതിയില്‍ ചീന്തി പിരിച്ച്, നടുമടക്കി, എല്ലാ പൂവിന്‍റെയും തല മുന്നോട്ടും കട പിന്നോട്ടും ആക്കി കെട്ടുന്നു. ആദ്യം മൂന്ന് ഇഴ കറുകവെച്ച് വാട്ടിപ്പിരിച്ച ഇല അങ്ങോട്ടും ഇങ്ങോട്ടും മാറ്റി, രണ്ടാമത് കറുകയും ചെറൂളയും കൂട്ടിപ്പിരിക്കുന്നു. മൂന്നാമത് കൃഷ്ണക്രാന്തിയും പൂവാംകുറുന്നിലയും നാലാമത് മുക്കുറ്റിയും മുയല്‍ ചെവിയനും; അഞ്ചാമത് കയ്യുണ്യവും നിലപ്പനയും; ആറാമത് മൂന്നിഴ കറുക ഉഴിഞ്ഞ, തിരുതാളി എന്നിവയും ഏഴാമത് മൂന്നിഴ കറുക മാത്രവും കൂട്ടിപ്പിരിക്കുന്നു. തൃക്കൊന്ന (കണിക്കൊന്ന), എരിക്കില, , തൃച്ചട, ദശപുഷ്പങ്ങള്‍ എന്നിവ കൂടി അടുക്കുണ്ടാക്കി ചൂടാറുമുണ്ട്. പൂ ചൂടല്‍, പൂമേക്കാഴിയിടല്‍ എന്നിവക്കും വ്യവസ്ഥ ചെയ്തിട്ടുള്ള ക്രമങ്ങളുണ്ട്.
നോയമ്പുകാലത്തെ രണ്ടു പ്രധാന ഭക്ഷണങ്ങളാണ് എട്ടങ്ങാടിയും തിരുവാതിരപ്പുഴുക്കും. മകയിരം നോയമ്പിന്‍റെ അന്നു സന്ധ്യയ്ക്കാണ് എട്ടങ്ങാടി നിവേദ്യം. ചേന, ശീമച്ചേമ്പ്, ചെറുചേമ്പ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, കാച്ചില്‍, കൂര്‍ക്കഎന്നിവയാണ് എട്ടങ്ങാടിയിലെ പ്രധാനയിനങ്ങള്‍. പാതിരാപൂവ് ചൂടിക്കഴിഞ്ഞാലും തിരുവാതിരക്കളി തുടരും. നേരംപുലരുന്നതിന് മുന്‍പേ നൂറ്റിയൊന്നു വെറ്റില, അടക്കയും ചുണ്ണാമ്പും ചേര്‍ത്ത് മുറുക്കണമെന്നാണ്.
എട്ടുതരം കിഴങ്ങുകള്‍ നേന്ത്രക്കായും കൂട്ടി തൊലികളയാതെ നല്ല തീക്കനലില്‍ ചുട്ട്, ചെറിയ കഷണങ്ങളായി അരിഞ്ഞു വച്ച്, എള്ള്, പയര്‍ മുതിര എന്നിവ നെയ്യില്‍ വറുത്തെടുത്ത്, നാളികേരം ചിരകിയതും കദളിപ്പഴവും ചേര്‍ത്ത്, ശര്‍ക്കര പാവുകാച്ചി വഴറ്റി പാകപ്പെടുത്തിയാണ് എട്ടങ്ങാടി തയ്യാറാക്കുന്നത്.
ചേന, ചേമ്പ്, കൂര്‍ക്ക, നേന്ത്രക്കായ, പയര്‍, മുതിര, കാച്ചില്‍, മരച്ചീനി എന്നിവയിട്ടു വേവിച്ച് നാളികേരം ചേര്‍ത്ത് തയ്യാറാക്കുന്ന മറ്റൊരു വിഭവമാണ് തിരുവാതിരപ്പുഴുക്ക്. മകയിരം നോമ്പും ഉറക്കമൊഴിക്കലും കഴിഞ്ഞ് തിരുവാതിരനാളില്‍ പുലര്‍ച്ചെ കുളിച്ച്, പാരണ കഴിക്കുന്നതോടെ തിരുവാതിര വ്രതം അവസാനിക്കുന്നു, പിന്നെയാണ് തിരുവാതിരസദ്യ. അമ്മയും ചെറിയമ്മമാരും മറ്റു സ്ത്രീകളും നോയമ്പുനോറ്റ്, തുടിച്ചു കുളിച്ച് തിരുവാതിര കൊണ്ടാടുമ്പോള്‍, ധനുമാസക്കുളിരില്‍ പാല്‍നിലാവില്‍ കൂട്ടുകാരോടൊത്ത് കസര്‍ത്തുകള്‍ കാട്ടി ഓടിനടന്നിരുന്ന ഒരു വികൃതിയുടെ മുഖം എനിക്കിപ്പോഴുമുണ്ടോ ആവോ?
തിരുവാതിരപ്പാട്ടിന്‍റെ ശീലുകള്‍ മനസ്സിലും, എട്ടങ്ങാടി മധുരം നാവിലും നിറച്ചുകൊണ്ട് പിന്നീട് ഒരുപാടു തിരുവാതിരകള്‍ കടന്നുപോയി.
ഇതുവരെ ഇവിടെ കുറിച്ചത് എന്‍റെ ജീവിതത്തില്‍ നിന്നുമുള്ള ചില ഏടുകളാണ്. ഇനി നമുക്കൊന്നു തിരിഞ്ഞുനോക്കാം. ഈ കുറിപ്പുകളില്‍ യഥേഷ്ടം കടന്നുവന്നിരുന്ന പൂക്കളും ഇലകളും മരങ്ങളും നെല്ലും പുല്ലും അരിയും ചാണകവും മറ്റും ഒന്നും ശ്രദ്ധിച്ചു കൊള്ളണം എന്ന് ആരംഭത്തില്‍ സൂചിപ്പിച്ചിരുന്നത് പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുവെന്ന് കരുതട്ടെ. ചില ജീവിതങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് അല്ലെങ്കില്‍ നിലനിന്നു പോവുന്നത് ഈ കുറിപ്പുകളില്‍ പരിചയപ്പെട്ട അനവധി സാമഗ്രികളിലൂടെയാണ്. തൊടിയിലെ തുളസി, ചെത്തി, കറുക, ചെറൂള എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നു അവരുടെ ജീവിത സ്പന്ദനങ്ങള്‍. ചടങ്ങുകള്‍ എണ്ണിയാലൊടുങ്ങില്ല; ആവശ്യമായ സാധന-സാമഗ്രികളും. വിവാഹമാണ് ഒരു ജന്മത്തിന്‍റെ ആരംഭം കുറിക്കുന്ന നിമിഷം എന്ന വാദത്തില്‍ ഞാന്‍ ഉറച്ചുനില്ക്കുന്നു. വിവാഹം മുതല്‍ പ്രേതദഹനം വരെയും പിന്നീട് ബലികര്‍മ്മങ്ങളിലും അവന്‍ / അവള്‍ / ഒരു ജനത പരിചയപ്പെടുന്ന സസ്യവൈവിധ്യം (Floral diversity/Flora) അല്ലെങ്കില്‍, അവര്‍ ബന്ധപ്പെടുന്ന ജൈവവൈവിധ്യം (Biodiversity) അതുമല്ലെങ്കില്‍ അവര്‍ പോഷിപ്പിച്ച് ഉപയോഗിക്കുന്ന (Sustainably used) ജൈവ വിഭവങ്ങള്‍ (Bio-resources), പഠനസംബന്ധമായും തൊഴില്‍പരമായും (Academically and Professionally) ഒരു സസ്യ ശാസ്ത്രകാരനായ (Botanist) എന്നെ വല്ലാതെ സ്പര്‍ശിച്ചിരിക്കുന്നു. തുളസിയോ, ചെത്തിയോ, കറുകയോ, ചുണ്ടയോ, ചെറൂളയോ, ചാണകമോ കൂടാതെ ഒരു ദിവസം തള്ളിനീക്കുക അസാധ്യം തന്നെ, ഇങ്ങനെ ചിലര്‍ക്ക്. ഒരുപക്ഷേ, സ്വജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്തരം മധുര സങ്കല്‍പങ്ങളാവാം, സസ്യശാസ്ത്രംപഠിച്ച ഇളയച്ഛന്‍ മനോഹരമായി വരഞ്ഞ റെക്കോര്‍ഡ് ബുക്കുകളുടെ ഏടുകളേക്കാള്‍ എന്നെ അധികം സ്വാധീനിച്ചതും, ഈ ശാസ്ത്രത്തിന്‍റെ ഉള്ളറകളിലേക്ക് വലിച്ചടുപ്പിച്ച് ഇന്നും തളച്ചിട്ടിരിക്കുന്നതും.
ഒരുഭാഗത്ത്, സസ്യവൈവിധ്യം (Floral diversity/Flora) കാത്തുരക്ഷിക്കാന്‍ ചില വിശ്വാസ പ്രമാണങ്ങള്‍ക്കടിപ്പെട്ട് നിര്‍ബന്ധിതരാവുന്നുണ്ടെങ്കിലും മറുഭാഗത്ത് രംഗം അത്ര പ്രകാശമാനമല്ല. വിശിഷ്യാ പാലിനും പിന്നെ ചാണകത്തിനുമായി വളര്‍ത്തുന്ന പശുവിനെയും വിവിധ രോഗഭയത്താല്‍ ആരാധിച്ചുവരുന്ന സര്‍പ്പത്തിനെയും പരേതരുടെ ആത്മാക്കള്‍ എന്നു സങ്കല്പിച്ച് ബലിച്ചോറുണ്ണുന്നതിനായി കൈകൊട്ടി വിളിക്കുന്ന കാക്കകളെയും ഒഴിച്ചുനിര്‍ ത്തിയാല്‍ ജന്തുവൈവിധ്യത്തോട് (Faunal diversity/Fauna) തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്നുണ്ട്. താന്ത്രിക മൂലപ്രമാണങ്ങളില്‍ ദൃഷ്ടിദോഷങ്ങള്‍ എന്ന പേരില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില ആത്യന്തിക ദോഷങ്ങള്‍ ഇവിടെ സൂചിപ്പിക്കാതെയും വയ്യ.
'ബിംബസ്യ പാതചലനാദിരഥാംഗഭംഗ-
സ്വേദപ്രരോദഹസിതാനിതഥാത്ഭുതാനി
ഛത്രാകനകുമധുപാദിസമുല്‍ഗമാശ്ച
പൂജാവിലുപ്പതിരപീചസതിദൃഷ്ടിദോഷ:'
സാരമെന്തെന്നാല്‍ പൂജാ വിഗ്രഹത്തിന് പതനം, ചലനം, അംഗഭംഗം, വിയര്‍പ്പ് , ഹസിതം, രോദനം മുതലായവ ഉണ്ടായതായി കാണപ്പെടുകയും കൂണ്, പുറ്റ് എന്നിത്യാദികള്‍ വളരുകയും വേട്ടാളര്‍, കുളവി എന്നിവ കൂടുവെക്കുന്നതും ദോഷാംശമാണ്, പിന്നീട് ദൃഷ്ടിദോഷ പ്രായശ്ചിത്ത്വമായി ശുദ്ധികര്‍മാദികള്‍ ചെയ്തുകൊള്ളണം.
....ച്ചാല്‍, ചിതല്‍, വേട്ടാളര്‍, കുളവി (കടന്നലിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഷഡ്പദം) തുടങ്ങിയവയ്ക്കുപോലും രക്ഷയില്ല എന്നര്‍ത്ഥം!
അന്നും ഇന്നും പൂജകര്‍ അനുവര്‍ത്തിച്ചുവരുന്ന ചില മൂലപ്രമാണങ്ങള്‍ നോക്കിയാല്‍ കാണുന്നത് എന്തെന്നാല്‍,
'ഗോമാംസ ഘാതകാരീനാം
നയുക്തം ബഹുഭാഷണം
സര്‍വ്വാചാര വിഹീനാംശ്ച
മ്ലേച്ഛ ഇത്യഭിധീയതേ'.
----- എന്നാണ്
-ഗോമാംസം (അല്ലെങ്കില് മത്സ്യ-മാംസാദികള്‍ എന്നു ധ്വനി) ഭക്ഷിക്കുന്നവരോടും മദ്യപന്മാരോടും പൂജകര്‍ സംസാരിക്കരുത്. ആചാരവിഹീനരായവരെയാണ് മ്ലേച്ഛന്മാരെന്നു പറയാറുള്ളത്, അത്തരക്കാരോടുള്ള ഇടപെടല്‍ എപ്പോഴും ഒഴിവാക്കുക. കാട്ടുപോത്തിനെയും കലമാനിനെയും കാട്ടുപന്നിയെയും ശില/ലോഹായുധങ്ങള്‍ കൊണ്ടെയ്തു വീഴ്ത്തി, പച്ചക്കോ, തീയില്‍ പൊള്ളിച്ചോ ഭക്ഷിച്ചു കുലം നിലനിര്‍ത്തിയിരുന്ന ഇക്കാല മനുഷ്യന്‍റെ പൂര്‍വ്വികര്‍ എന്ന് ചരിത്രം ആണയിടുന്ന, ഗുഹാവാസികളായ നമ്മുടെ മുന്‍ഗാമികളെ മ്ലേച്ഛഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ആവോ?
ഉണ്ടെങ്കില്‍, നിന്നിടം കുഴിക്കുന്നു എന്നേ പറയാനാവൂ!
ഇനി നമുക്ക് കുറച്ച് ശാസ്ത്രവും പുരാവൃത്തവും ആവാം….
സസ്യ-ജന്തു വൈവിധ്യവും സംസ്കാരവും തമ്മിലുള്ള ബന്ധം രണ്ടുതരത്തിലാണ്, ഒന്ന് മറ്റൊന്നിനോടു ചേര്‍ന്നും പരസ്പര പൂരകമായും. മഹത്തായ സാംസ്കാരിക പൈതൃകം ഒന്നുകൊണ്ടുമാത്രം ഇവിടത്തെ സസ്യ-ജന്തു ജാലങ്ങള്‍ സംരക്ഷിക്കപ്പെട്ടു പോരുന്നു എന്ന് തീര്‍ത്തും പറയാന്‍ കഴിയില്ല. പക്ഷേ, ഭക്ഷണത്തിനാശ്രയം മാത്രമല്ല സസ്യങ്ങള്‍ നല്‍കുത്, ഇവയില്ലെങ്കില്‍ മനുഷ്യജന്മമില്ല. ഇക്കാര്യങ്ങളെപ്പറ്റി ആധികാരികമായി പഠിക്കുന്ന ശാസ്ത്രശാഖയാണ് വംശീയ സസ്യശാസ്ത്രം (Ethnobotany). മനുഷ്യനും ചെടികളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും മതങ്ങളും ചെടികളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും (Religious Plant Symbolism) എല്ലാം ഈ ശാസ്ത്രശാഖയില്‍ പഠിക്കുന്നു. ഈ ശാസ്ത്രശാഖയില്‍ പരാമര്‍ശിക്കുന്ന, എന്തിയോജനുകള്‍ (Entheogens) എന്ന വിഭാഗത്തെ നമുക്കൊന്നു പരിചയപ്പെടാം. മനസ്സിനെ സ്വാധീനിക്കുന്നതോ (അതോ മാനസിക വിഭ്രാന്തിയുണ്ടാക്കുന്നതോ...?, Psychoactive), മതപരമായതോ (Religious), പ്രേതാര്‍ച്ചകമതപരമായതോ (Shemanic), ആത്മീയമായതോ (Spiritual) ആയ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ചെടികളെയോ, വിശിഷ്യാ അതിലെ ഘടകങ്ങളെയോ (Constituents) ആണ് എന്തിയോജനുകള്‍ എന്നു വിളിക്കുന്നത്. വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സോമവും അമൃതും, ലഹരിയുണ്ടാക്കുന്ന കഞ്ചാവും ഭാങ്കും എല്ലാം ഈ ഗണത്തില്‍ പെടുത്താം.
1979-ല്‍ കാള്‍ എ. പി. റക്ക്, ജര്‍മി ബിഗ്‌വുഡ്, ഡാനി സ്റ്റാപിള്‍സ്, റിച്ചാര്‍ഡ് ഇവാന്‍സ് എന്നിവരുള്‍പ്പെട്ട വംശീയസസ്യശാസ്ത്രകാരന്മാരുടെയും (Ethnobotanists) പൗരാണിക ശാസ്ത്രകാരന്മാരുടെയും (Mythologists) ഒരു സംഘമാണ് എന്തിയോജന്‍ എന്ന പദം ആദ്യമായി ഉപേയാഗിച്ചത്. ദൈവത്തെ അവനവനില്‍ എത്തിക്കുന്നവ/ നിലനിര്‍ത്തുന്നവ (that which causes God to be within an individual) എന്നതാണീ പദത്തിന്‍റെ വാചിക അര്‍ഥം. ഹാസൂലിനോജന്‍ (Hallucinogen), സൈകെഡലിക് (Phychedelic) എന്നീ പദങ്ങള്‍ക്ക് പകരമായാണ് എന്തിയോജന്‍ എന്ന പദം ഉപയോഗത്തില്‍ വന്നത്.
സൈത്തിയന്‍സ് (Scythians) (ബി.സി. 5 മുതല്‍ 2 വരെ) ഉപയോഗിച്ചിരുന്ന ചണവിത്തുകള്‍; അള്‍ജീരിയയിലെ താസ്സിലിയില്‍ നിന്നു ലഭിച്ച കൂണ്‍ സംബന്ധിയായ ഒരു പെയിന്റിംഗ് (Mushroom Man) എന്നിവയാണ് എന്തിയോജനുകളുടെ ആദ്യകാല വിവരണങ്ങളിലേക്ക് വെളിച്ചം വീശുന്നവ. ശ്രേഷ്ഠ പൗരാണിക ഉപാസനാ രീതികളില്‍ (Classical Mythology Cults) എന്തിയോജനുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. വിശുദ്ധ ഹീബ്രു ഗ്രന്ഥങ്ങളിലും ബൈബിള്‍ പഴയ നിയമത്തിലും പറയുന്ന തൈലാഭിഷേകത്തിന് (Holy anointing) കഞ്ചാവിന്‍റെ (Cannabis) എണ്ണ ഒഴിവാക്കാനാവാത്തതായി രേഖപ്പെടുത്തുന്നു. ഹീബ്രു ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള 'കാനേ ബോസം' (Kaneh-bosm) എന്നത് അതിന്‍റെ ഗ്രീക്ക് തര്‍ജ്ജമയില്‍ (Septuagint) വയമ്പിന്‍റെ ചെടിയായി (Calamus) കാണിച്ചിട്ടുണ്ട്. എന്നിരുന്നാലും കാനേബോസം എന്നത് കഞ്ചാവിനെ കുറിക്കുന്നു എന്നുതന്നെയാണ് വിദഗ്ധമതം. മുന്തിരി വള്ളിയാകട്ടെ, ഹീബ്രു ജനതയ്ക്ക് തങ്ങളുടെ വാഗ്ദത്ത ഭൂമിയായ കനാന്‍റെ (Canaan) പ്രതീകമായിരുന്നു.
ഈന്തപ്പന (Date Palm) അസീറിയക്കാര്‍ ജീവിതത്തിന്‍റെ മരമായി (Tree of life) കണ്ടിരുന്നു. തദ്ദേശീയരായ അമേരിക്കക്കാരും ഈന്തപ്പനയെ ആരാധിച്ചിരുന്നതായി ബൈബിള്‍ പഴയ നിയമം പറയുന്നു. ബൈബിള്‍ പുതിയ നിയമത്തിലാവട്ടെ തക്കോലം/ശതകുപ്പ (Anise/Dill) ദ്രാവകരൂപത്തില്‍ കുട്ടികള്‍ക്കായുള്ള ഉറക്കദായിനിയായി (Sleep inducing agent) ഉപയോഗിച്ചിരുന്നതായും ബോസര്‍ മരത്തിന്‍റെ (Bausor Tree-Tree of Poison) കറ അമ്പിന്‍റെ അറ്റത്തുപുരട്ടി ശത്രുക്കളെ നേരിട്ടിരുന്നതായും പരാമര്‍ശമുണ്ട്. ഇവയെല്ലാംതന്നെ നമ്മുടെ ലോകവും ആത്മീയലോകവുമായി ബന്ധിപ്പിക്കുന്ന സസ്യങ്ങളായി വിശ്വസിച്ചു പോന്നിരുന്നു (That which experiences a sense of another world).
ജോണ്‍ മാര്‍കോ അലഗ്രോ (John Marco Allegro) എന്ന ബ്രിട്ടീഷ് ഗവേഷകന്‍ അഭിപ്രായപ്പെടുന്നത്, ക്രിസ്തുവിനെ ഉയിര്‍ത്തെഴുന്നേല്പ്പിനു പിന്നിലും സസ്യൗഷധങ്ങളുടെ പങ്ക് കണ്ടേക്കാം എന്നാണ്.
1947-നും '56-നും ഇടയില്‍, ചാവുകടലിനടുത്ത് പതിനൊന്ന് ഗുഹകളിലായി ഖിര്‍ബത് ഖുംറാന്‍ (Khirbat Qumran) അധിവാസ പ്രദേശത്തുനിന്നും കണ്ടെടുത്ത പാത്രലിഖിതങ്ങള്‍ (Dead Sea Scroll) തര്‍ജ്ജമ ചെയ്തവരില്‍ പ്രമുഖനാണിദ്ദേഹം. ഈ ലിഖിതങ്ങളിലെയും ബൈബിളിലെയും ചില യാഥാസ്ഥിതിക വാദങ്ങളെ ശക്തമായി എതിര്‍ത്തയാളുമാണിദ്ദേഹം.
മുസ്ലിം വിശ്വാസപ്രകാരം എന്തിയോജനുകള്‍ നിഷിദ്ധമായവയാണെങ്കിലും (Taboos) മറ്റു മത-സാംസ്കാരിക ആചാരാനുഷ്ഠാനങ്ങളില്‍ അവയുടെ സ്വര്യവ്യാപ്തിയും പ്രാമുഖ്യവും ചോദ്യം ചെയ്യപ്പെടേണ്ടതില്ല. സൈലോസൈബ് (Psilocybe) എന്ന കൂണും 'Oloiqui' (OLOLIUQUI) എന്ന തദ്ദേശീയമായി അറിയപ്പെടുന്ന റിവിയ കൊറിംബോസ (Rivea Corymbosa) എന്ന ചെടിയും വിവിധ ആവശ്യങ്ങള്‍ക്കായി പ്രാചീന മെക്സിക്കോയില്‍ ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. ബാര്‍ലിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന കൈകിയോണ്‍ (Kykeon) പ്രാചീന ഗ്രീക്ക് കര്‍ഷകരുടെ പ്രധാന പാനീയമായിരുന്നു.
കറുപ്പും (Poppy) ഉമ്മവും (Datura) ഹോമറുടെ ഒഡീസിയില്‍ പരാമര്‍ശിക്കപ്പെടുന്ന 'താമരത്തീനി'കളുടെ (Lotus eaters) ഇഷ്ട വിഭവങ്ങളായിരുന്നു. അമാനിറ്റ (Amanita) ജനുസ്സില്‍പ്പെടുന്ന കൂണും ഭാരതീയ-യൂറോപ്യന്‍ ജനത ഉപയോഗിച്ചിരുന്നു. അമാനിറ്റ, അംബ്രോസിയ (Ambrosia), അമൃത് എന്നീ പദങ്ങളില്‍ ഒരു സമാനത ദര്‍ശിക്കാനാവുന്നില്ലേ? ഗ്രീക്ക് പുരാണങ്ങളില്‍, അനശ്വരത വാഗ്ദാനം ചെയ്യുന്ന ദൈവീക ഭോജ്യമാണ് അംബ്രോസിയ.
ഭാരതീയ സംസ്കാരത്തിലും എന്തിയോജനുകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഋഗ്വേദത്തില്‍ സോമരസത്തെപ്പറ്റി പറയുന്നുണ്ട്. സോമം, അമൃതം എന്നീ പ്രധാനപ്പെട്ട രണ്ടു രസങ്ങളില്‍ അനശ്വരാത്മാവിനായി സോമവും അനശ്വര ദേഹത്തിനായി അമൃതവും വിഭാവനം ചെയ്തിരിക്കുന്നു. സോമരസം ഒരു പ്രത്യേക ചെടിയില്‍ നിന്നെടുക്കുന്നു എന്നു മാത്രമാണ് പരാമര്‍ശം. എഫിഡ്ര പാകിക്ലാഡ (Ephedra Pachychlada) എന്ന ചെടിയാണിതെന്നും കഞ്ചാവ് (Cannabis) ആണെന്നും ബെല്ലാഡൊണ (Belladonna) ആണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതിനെ സംബന്ധിച്ച് പിന്നീട് ഉണ്ടായിട്ടുണ്ട്.
പുരാതന കാലം മുതല്‍ക്കേ ഹിമാലയ പ്രാന്തപ്രദേശങ്ങളിലെ ബുദ്ധമതാനുയായികളുടെ (Tantric Budhists) ആചാരാനുഷ്ഠാനങ്ങളില്‍ ഹെമ്പ് (Hemp) എന്ന കഞ്ചാവിന് (Cannabis) സ്ഥാനമുണ്ടായിരുന്നു. ഭാരതീയ പൈതൃകത്തില്‍ പരമോന്നത സ്ഥാനം നല്കി അനുഗ്രഹീതമായുള്ള സസ്യം അരയാലാണ് (Sacred fig). ഹിന്ദു പൗരാണിക ശാസ്ത്രപ്രകാരം അരയാല്‍ കല്പവൃക്ഷമാണ്. അത് ബ്രഹ്മത്തിനെ പ്രതിനിധീകരിക്കുന്നു, പുനര്‍ജ്ജന്മം നല്കുന്ന ബോധി വൃക്ഷമാണ് (സിദ്ധാര്‍ത്ഥനു ബോധോദയം ഉണ്ടാകുന്നത് അരയാലിന്‍റ ചുവട്ടില്‍ ധ്യാനമിരിക്കുമ്പോഴാണ് എന്നാണ് വിശ്വാസം).
പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ ഇംഗ്ലീഷ് കവി ജോണ്‍ മില്‍ട്ടന്‍ തന്‍റെ പാരഡൈസ് ലോസ്റ്റ് (Paradise Lost) എന്ന കാവ്യത്തില്‍ (Epic poem) എഴുതി:
''The Fig-tree at this day to Indians known
In Malabar or Deccan, spreads her arms,
Branching so broad and long, that on the ground
The blended twigs take root, and daughters grow
About the mother tree, a pillard's shade,
High ever-arched and echoing walks between'
ഭാരതീയ പൈതൃകങ്ങളില്‍ തുളസി നമുക്ക് വിശുദ്ധി, നിര്‍മലത, പ്രശാന്തത, ഐക്യം, ഭാഗ്യം, ആഹ്ലാദം, ആരോഗ്യം എന്നിവയുടെ പ്രതീകമാണ്. തുളസി എന്നു പേരായിരുന്ന ശ്രീകൃഷ്ണന്‍റെ അരുമയായ അപ്സര സുന്ദരി ഭൂമിയില്‍ ജന്മമെടുത്തതാണീ ചെടി എന്ന് ഉത്തരേന്ത്യക്കാര്‍ വിശ്വസിക്കുന്നു. വിഷ്ണു പൂജക്ക് ഉത്തമം എന്നു കരുതപ്പെടുന്ന തുളസിയുടെ സംസ്കൃത അര്‍ഥം 'ഉപമിക്കാനാവാത്തത്' എന്നാണ്. ഓരോ നക്ഷത്രത്തിനും ഓരോ മരങ്ങളും കല്‍പിച്ചു നല്‍കിയിട്ടുണ്ട്. വേദങ്ങളിലും ഇതിഹാസങ്ങളിലും ബൈബിളിലും കാണപ്പെടുന്ന 'സസ്യദീപ്തി'യെക്കുറിച്ച് ഇങ്ങനെ തുടര്‍ന്നാല്‍ ധാരാളമുണ്ടാവും എഴുതാന്‍; പക്ഷേ, തത്കാലം ഇത്രമാത്രം.
കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പ്രമുഖ തിയോളയിസ്റ്റുമായ ഡോ. മരിയ ജൗദി (Dr. Maria Jaudi) വിവരിക്കുന്നതു പോലെ, ദൈവം മധ്യമമായ പരിസരവാദമാണ് (A God- Centered Ecology) മനുഷ്യസംസ്കാരത്തിന്‍റെ നിലനില്‍പിനു കാതല്‍. പൗരാണിക ഭാരതീയതയും ബുദ്ധിസ്റ്റ് ഇക്കോളജിയും നോണ്‍ ഡ്യൂവല്‍ ഇക്കോളജിയും (Non-dual Ecology) എല്ലാം വിശദമായി പഠിച്ചു കഴിഞ്ഞാല്‍, ഗ്രഹിച്ചു കഴിഞ്ഞാല്‍, കൂവളത്തിലക്കുപോലും വഴിപാടുനിരക്ക് ഈടാക്കുന്ന 'നവയുഗദൈവദാസന്മാരെ' ഓര്‍ത്ത് നമുക്ക് സഹതപിക്കേണ്ടി വരും.
സംഗ്രഹം
'ആചാരങ്ങള്‍ അനാചാരങ്ങളാണെന്നും വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാണെന്നും തൊണ്ടതുറന്നാക്രോശിച്ച് ബഹളം കൂട്ടുന്നതിന്‍റെ 'സത്' ഫലങ്ങളാണ് ഇന്നത്തെ ഭീകരപ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും മനുഷ്യക്കുരുതികളും എന്ന ശ്രീ. ഡി.വി. മനയത്താട്ടിന്‍റെ അഭിപ്രായത്തോട് എനിക്ക് പൂര്‍ണമായി യോജിപ്പില്ല (അവലംബം 3-ല്‍ പറഞ്ഞിട്ടുള്ള പുസ്തകത്തിന്‍റെ അവതാരികയില്‍ എഴുതിയിട്ടുള്ളത്). ഇന്നും തെളിവുകളൊന്നും അവകാശപ്പെടുവാനില്ലാത്ത പലവിശ്വാസ പ്രമാണങ്ങളുടെയും അന്ധത ദൂരീകരിക്കുക തന്നെ വേണം. അദ്ദേഹം തുടര്‍ന്ന്‍ എഴുതിയതുപോലെ പതിരുകള്‍ നീക്കണം. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും രാഷ്ട്രീയമായും ഉയര്‍ന്നു ചിന്തിക്കുന്നവര്‍ ഈ വക വിശ്വാസങ്ങളെ കണക്കിലെടുക്കാത്തതുകൊണ്ട് ഇവിടം കുരുതിക്കളമാവുന്നു എന്നും പറഞ്ഞുകൂടാ. 'അന്ധത' എവിടെയുണ്ടോ അവിടെ അറിവില്ല, ഊര്‍ജ്ജമില്ല, കരുത്തില്ല എന്നേ കരുതേണ്ടൂ.
സംഗ്രഹം ഇങ്ങനെത്തന്നെയാവണമെന്ന് എനിക്കു നിര്‍ബന്ധ ബുദ്ധിയുണ്ട് എന്ന് എന്‍റെ പ്രിയപ്പെട്ട വായനക്കാരേ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് ശരിയാണ്. എന്നിലെ യുക്തിവാദി ഉണരുന്നുവെന്നുള്ള പൂര്‍ണ ബോധ്യത്തോടുകൂടി എഴുതട്ടെ...
ശിവപ്രീതിക്കായി ഒരു കൂവളം നട്ടുനനച്ചു വളര്‍ത്തുന്നുണ്ടെങ്കില്‍ .....,
ഭഗവതിക്കു രക്തഹാരം ചാര്‍ത്തുവാനായി തെറ്റി (ചെത്തി) തൊടിയിലുണ്ടെങ്കില്‍ ...,
ഗണപതി ഹോമത്തിനു വേണ്ടി പറമ്പുകളില്‍ കറുക കാത്തുവെക്കുന്നുണ്ടെങ്കില്‍ ...,
ഹോമാവശ്യത്തിനായി ഒരു പ്ലാശ് (ചമത) കിഴക്കേ തൊടിയിലുണ്ടെങ്കില്‍ ...,
പുണ്യാഹത്തിനായി ചുണ്ട സംരക്ഷിക്കുന്നുണ്ടെങ്കില്‍ ...,
മുറ്റത്തു തറകെട്ടി തുളസി നട്ടു നനച്ചു വളര്‍ത്തുന്നുണ്ടെങ്കില്‍ ...,
പരിസ്ഥിതി സംരക്ഷണം അല്ലെങ്കില്‍ ജൈവവൈവിധ്യ സംരക്ഷണം എന്ന് ഉത്തരാധുനികരായ നമ്മള്‍ 'പറഞ്ഞു' നടക്കുന്ന ആശയത്തെ, സങ്കല്പത്തെ അറിഞ്ഞോ- അറിയാതെയോ നെഞ്ചിലേറ്റി, അത് മക്കളില്‍ നിന്ന് മക്കളിലേക്കു കിനിഞ്ഞു നല്‍കിയ എന്‍റെ എല്ലാ പിതാമഹരെയും ഞാനിഷ്ടപ്പെടുന്നു, അവരെ എനിക്കു ബഹുമാനമാണ്.
എന്നെ 'ദൈവവിളി' കേള്‍പ്പിക്കുവാനും 'നേര്‍വഴി' നടത്തുവാനും ഇപ്പോഴും വാക്കാലെങ്കിലും പരിശ്രമിക്കുന്ന എന്‍റെ പ്രിയപ്പെട്ട അമ്മ അറിയുന്നതിനായി ഇതുകൂടി...
ഇവ്വിധമല്ലെങ്കില്‍ ഇതു ഞാനല്ല, കൂടുതലായി ചിന്തിച്ചവശനായതിന്‍റെയോ, ഒരു പക്ഷെ ഒന്നുമേ ചിന്തിക്കാത്തതിന്‍റെയോ ഫലമായിരിക്കാം. പക്ഷേ, ഒന്നു നിശ്ചയം, വളര്‍ത്തു ദോഷമല്ല...
വാടകമുറിയില്‍ അത്താഴം കഴിഞ്ഞ് ഉറങ്ങുന്നതിനു മുന്‍പുള്ള ചര്‍ച്ചാവേളകളില്‍ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ജ്യോതിഷത്തിന്‍റെയും ഹസ്തരേഖാശാസ്ത്രത്തിന്‍റെയും (!) പൊള്ളത്തരങ്ങളെക്കുറിച്ച് മണിക്കൂറുകളോളം തര്‍ക്കിക്കാന്‍ എനിക്കാവുമായിരിക്കും.
ഓഫീസിലെ വിശ്രമവേളകളില്‍, രാഹുവിലും കേതുവിലും മരണാനന്തര ജീവിതത്തിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രിയ സുഹൃത്തിനോട് തര്‍ക്കിച്ചു ജയിക്കാന്‍ എനിക്കാവുമായിരിക്കും.
പക്ഷേ, അമ്മേ, അമ്മയോട് ഇതേച്ചൊല്ലി കലഹിക്കാന്‍ എനിക്കു ശബ്ദമില്ല,
ഞാനശക്തനാണ്.............
.............................................................................................................................
അവലംബം:
1. അമ്മ, മുത്തശ്ശി, മറ്റു മുതിര്‍ന്നവര്‍ എന്നിവരുടെ അറിവുകള്‍ .
2. ചെറുവക്കര പാര്‍വ്വതി അന്തര്‍ജ്ജനം, 2001. 'അന്തര്‍ജ്ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍, റെയിന്‍ബോ ബുക്സ് പബ്ലിഷേഴ്സ്, ചെങ്ങന്നൂര്‍.
3. കണിശാമറ്റത്തു ശ്രീദേവി അന്തര്‍ജ്ജനം. 'വേന്നനാട്ടു ഗ്രാമത്തിലെ അന്തര്‍ജ്ജനങ്ങളുടെ ആചാരങ്ങള്‍'. സമ്പാദക: കാഞ്ഞിരക്കാട്ടു രാധ.
4. ദ്രൗപതി ജി. നായര്‍ , 2000, 'തിരുവാതിരയും സ്ത്രീകളും മറ്റ് വ്രതാനുഷ്ഠാനങ്ങളും', കറന്‍റ് ബുക്സ്.
5. പകഴിയം ചടങ്ങ്, പഞ്ചാംഗം പുസ്തകശാല, കുന്ദംകുളം.
6. Wikipedia- The Free Encyclopedia.
7. Ethnobotany Webpages.
…………………………
വിവരണങ്ങളില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ മുതിര്‍ന്നവര്‍ സദയം ക്ഷമിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരികയും ചെയ്യണമെന്നപേക്ഷ.
അവലംബം 2, 3 എന്നീ പുസ്തകങ്ങള്‍ ഇതെഴുതുമ്പോള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യം തുറന്നു പറയാതെ നിര്‍വ്വാഹമില്ല. ഈ പുസ്തകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയുമില്ല.
…………………………
സമര്‍പ്പണം : മുത്തശ്ശിക്ക്, അമ്മക്ക്
പരമേശ്വരന്‍ പ്രജീഷ്
ഡിസംബര്‍, 2009 & ജൂണ്‍, 2011
prajeesheledath@gmail.com
....................................................

ചടങ്ങുകളെല്ലാം 'ചടങ്ങിനു' മാത്രമായി. ഈ എഴുത്തിനു ആശംസകള്‍.
മറുപടിഇല്ലാതാക്കൂ