ഓര്‍മ്മകള്‍ എനിക്ക് ഓണം പോലെയാണ്, ഒന്നു തികട്ടി വന്നാല്‍ പിന്നെ പത്തു ദിവസം കഴിഞ്ഞേ തിരിച്ചു പോവുകയുള്ളൂ.
എന്‍റെ സ്വന്തം എന്ന്‍ പഠിച്ച ഓരോരുത്തരും അഹങ്കരിക്കാന്‍ കൊതിക്കുന്ന നാട്ടിലെ സ്കൂളില്‍ ഈയ്യിടക്ക് പൂര്‍വ്വവിദ്യാര്‍ഥിസംഗമം നടന്നതായി അറിഞ്ഞു, പോകാന്‍ പറ്റിയില്ല.ശരിയായില്ല എന്ന തോന്നല്‍ ഉണ്ട്, എന്തു ചെയ്യാം, അവിടെ എത്തിപ്പെടാന്‍ കഴിയേണ്ടേ?
തല്‍കാലം ഓ. എന്‍. വി. മാഷു തന്നെ ആശ്രയം, ഒരു വട്ടം കൂടിയെന്‍......
സൂക്ഷിച്ചോളൂ, ഓര്‍മ്മകള്‍ വരുന്നുണ്ട്, റോഡിലൂടെ പായുന്ന ടിപ്പര്‍ലോറി കണക്കെ.
'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് നാട്ടിന്‍പുറത്തെ സര്‍ക്കാര്‍/മാനേജ്മെന്‍റ് സ്കൂളുകളിലെ കുട്ടികളെ സാമൂഹ്യപാഠം തല്ലി പഠിപ്പിക്കുന്ന മാഷുമാരിലും മാഷിണിമാരിലും (കക്കട്ടില്‍ മാഷിനോട് കടപ്പാട്) പലരും തങ്ങളുടെ സ്വന്തം കുട്ടികളുടെ മുന്നില്‍ ഈ നാടകമാടാറില്ല. അവരുടെ കുട്ടികള്‍ കുറച്ചപ്പുറത്തുള്ള അല്ലെങ്കില്‍ ടൌണിലെ ഇംഗ്ലീഷ്മീഡിയം സ്കൂളിലായിരിക്കും. പക്ഷെ ഇരുപതാമത്തെ വയസ്സിലോ മറ്റോ നാട്ടിന്‍പുറത്തെ ഒരു സാധാരണ മലയാളം വിദ്യാലയത്തില്‍ ഹിന്ദി ടീച്ചറായി ജോലിയില്‍ പ്രവേശിച്ച്, തന്‍റെ ഒന്നു രണ്ടു സഹോദരന്മാരേയും അവരുടെ മക്കളേയും തന്‍റെ മക്കളേയും കാലാകാലങ്ങളില്‍ പഠിപ്പിച്ച എന്‍റെ ടീച്ചര്‍ മുന്‍പറഞ്ഞതിനു ഒരപവാദമാണ്. ഈ ടീച്ചറാകട്ടെ, എന്‍റെ അച്ഛന്‍റെ മൂത്ത സഹോദരിയുമാണ്, ഹിന്ദി ടീച്ചര്‍ എന്ന്‍ എന്‍റെ കൂട്ടുകാരും പേരശ്ശി എന്ന് ഞാനും വിളിക്കും.
എറണാകുളം ജില്ലയിലെ ആമ്പല്ലൂരുള്ള സെന്‍റ് ഫ്രാന്‍സിസ് യു. പി. സ്കൂള്‍ ആണ് രംഗം, കാലം 1980 ന്‍റെ മധ്യാഹ്ന പാദങ്ങള്‍. ഒരു സര്‍ക്കാര്‍ സ്കൂളിന്‍റെ അതേ കെട്ടിലും മട്ടിലും ആണ് ഈ സ്കൂളും, വേണമെങ്കില്‍ പഠിക്കാം അല്ലെങ്കില്‍ അസ്സലായി ഉഴപ്പാം. മധുരച്ചൂരല്‍ക്കെട്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് കടപ്പാട്)എന്നു ഞാന്‍ പേരിട്ടു വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം സേവനതല്‍പരരായ, സ്നേഹമയരായ അധ്യാപകരാണ് ഈ സ്കൂളിന്‍റെ സ്വത്ത്. ഈയുള്ളവന്‍ അന്ന് പൈ ആണ്. ഞാന്‍ എന്നെത്തന്നെ സംബോധന ചെയ്യുന്ന വിചിത്രമായ പേരാണത്. ഞാന്‍ എന്നു പറയില്ല, പൈ എന്നെ പറയൂ, എനിക്ക് വേണം എന്നു വരില്ല, പൈക്ക് വേണം എന്നേ വരൂ. എന്തുകൊണ്ടെന്തുകൊണ്ട് എന്നു ചോദിക്കരുത്, ഇന്നും പൈക്കറിയില്ല!
ഞാന്‍ തന്നെ എങ്ങനെയോ തെരഞ്ഞെടുക്കുന്ന ചില ആളുകളോട് മാത്രം വായ തുറന്നു ഉരിയാടുന്ന പ്രകൃതമാണ്. മുത്തശ്ശിയോടും അച്ഛനോടും അമ്മയോടും അനിയത്തിയോടും ചില അഫന്മാരോടും (അച്ഛന്‍റെ അനിയന്മാര്‍) മിണ്ടും, പേരശ്ശിമാരോട് (അച്ഛന്‍റെ സഹോദരിമാര്‍) ഇല്ല, ചെറിയമ്മമാരോടും.ഇതു മണത്തറിഞ്ഞ നാലാം ക്ലാസിലെ എന്‍റെ ക്ലാസ്സ് ടീച്ചരായിരുന്ന അക്വീനാ സിസ്റ്ററും തയ്യല്‍ ടീച്ചറായിരുന്ന ടെറസ്സീനാ സിസ്റ്ററും ടീച്ചറുപേരശ്ശിയോട് എന്നെക്കൊണ്ട് മിണ്ടിക്കാനായി അക്ഷീണ പ്രയത്നം നടത്തിയെങ്കിലും ഏഴാം ക്ലാസ് പാസ്സായി ഞാന്‍ പോകുന്നത് വരെ അത് നടന്നില്ല. പിന്നീട് എപ്പോഴോ ആ സങ്കോചം മാറിക്കിട്ടി. ഇക്കാലങ്ങളെക്കുറിച്ച് ഒരുപാട് പറയുവാനുണ്ട്. ഒന്നാം ക്ലാസിലെ ആദ്യദിവസം. കുനു കുനാ എന്നു സ്ലേറ്റില്‍ എന്തൊക്കെയോ എഴുതിക്കൊണ്ട് കയറിച്ചെന്നു. 'ആരാ മോന്‍റെ സ്ലേറ്റില്‍ മാര്‍ക്കിട്ടു തരേണ്ടത്, ഞാനോ, മാത്യു സാറോ?' എന്ന ജീവല്‍ശ്രീ ടീച്ചറിന്‍റെ ഒറ്റച്ചോദ്യം ഇന്നും പൈയുടെ മനസ്സില്‍ മായാതെ കിടക്കുന്നതെങ്ങനെയെന്ന്‍ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ടീച്ചര്‍ ഇന്നെന്‍റെ അയല്‍വാസിയാണ്, ഇന്നും ടീച്ചറുമാണ്.
ഹിന്ദി ടീച്ചറിന്‍റെ സ്വന്തം ആളായതു കൊണ്ട് എനിക്ക് മധുരച്ചൂരല്‍ക്കെട്ട് അമിതപ്രാധാന്യം നല്‍കിയിരുന്നു എന്നും. സ്വന്തമായി മെനക്കെടാതെ കിട്ടുന്ന ഈ സ്നേഹം ഞാന്‍ അമിതമായി, അന്ധമായി ചൂഷണം ചെയ്ത് ഉഴപ്പിക്കൊണ്ടിരുന്നു, പലപ്പോഴും. വിശദമായ റിപ്പോര്‍ട്ടുകള്‍ ടീച്ചറുപേരശ്ശി അപ്പപ്പോള്‍ത്തന്നെ വീട്ടില്‍ അറിയിച്ചു കൊണ്ടുമിരുന്നു. പഠനത്തില്‍ ഞാന്‍ ശരാശരി മാത്രമായിരുന്നു. പ്രോഗ്രസ്സ് കാര്‍ഡുകളില്‍ രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ മാറി മാറി വന്നു കൊണ്ടിരുന്നു, ഒന്നാം സ്ഥാനം എപ്പോഴും ഞങ്ങളുടെ സുന്ദരിക്കുട്ടിക്കായിരുന്നു. ആ സ്കൂളില്‍ പഠിച്ച ഏഴു വര്‍ഷങ്ങളിലും ഞാന്‍ ഉച്ചയൂണ് കഴിച്ചത് ടീച്ചറുപേരശ്ശിയുടെ വീട്ടിലായിരുന്നു. അങ്ങോട്ടു മിണ്ടാട്ടമില്ലെങ്കിലും പിറകേ നടന്നു പോയി ഊണു കഴിച്ച് തിരിച്ചു വരും, ടീച്ചറുപേരശ്ശിയുടെ മകനും എന്‍റെ മെന്‍റെറുമായ ഏട്ടനും കൂടെയുണ്ടായിരുന്നു കുറച്ചു കാലം. ഏട്ടന്‍ പിന്നീട് സ്കൂള്‍ മാറിപ്പോയപ്പോള്‍ ഞാനും അനിയത്തിയും തനിച്ചായി. ബീറ്റ്‌റൂട്ട് സാമ്പാറും എണ്ണയില്‍ പൊള്ളി വീര്‍ത്ത പപ്പടങ്ങളുമാണ് ഊണിന്‍റെ പ്രത്യേകതകള്‍. ഏട്ടന്‍റെ പപ്പടക്കൊതി തന്നെയാണ് എനിക്കും കിട്ടിയിട്ടുള്ളത് എന്നു തോന്നുന്നു, ഇപ്പോഴും പപ്പടത്തോട് ആര്‍ത്തിയാണ്.ഇതേ ഊണുകളുടെ സ്വാദാണ് നാട്ടില്‍ ചെല്ലുമ്പോളെല്ലാം ആ വീട്ടിലേക്ക് എന്നെ കൊണ്ടു പോകുന്നതും. ചെന്നില്ലെങ്കിലും പരാതിയില്ല അവര്‍ക്ക്, പക്ഷെ പോകാതിരിക്കാന്‍ എനിക്കാവില്ലല്ലോ.
'പോകുന്നു നമ്മളൊന്നായ് പോകുന്നു.. സോഷ്യലിന്‍ പാര്‍ട്ടി കഴിഞ്ഞു പോകുന്നു.. ഏഴാം ക്ലാസ്സുകാര്‍ നമ്മള്‍ സെന്‍റ് ഫ്രാന്‍സിസിന്‍ മക്കള്‍ തന്‍ പോകുന്നിതാ..' എന്ന് പഠിപ്പിച്ചു പാടിപ്പിച്ച രംഗങ്ങള്‍ ഇന്നത്തെ ഹെഡ് മിസ്ട്രെസ്സ് ഫിന്‍സി സിസ്റ്റര്‍ ഓര്‍ക്കുന്നുണ്ടാവുമോ ആവോ? ഇതുവരെ പറഞ്ഞവരെ കൂടാതെ ആ മധുരച്ചൂരല്‍ക്കെട്ടില്‍ പല നിറത്തിലും തരത്തിലും ഉള്ള ചൂരലുകള്‍ ഉണ്ടായിരുന്നു, എന്നും അറിവും സ്നേഹവും മാത്രം തന്നിട്ടുള്ളവര്‍. സലിം, സെലിന്‍, മോളി, റാന്‍സി, ലിസ്സി, ആനി, വിന്‍സി, ജെസ്സി എന്നീ ടീച്ചര്‍മാരും നടരാജന്‍ എന്ന ഡ്രോയിംഗ് മാഷും. അറ്റന്‍ഡര്‍ കുഞ്ഞച്ചന്‍ ചേട്ടന്‍ ആ ചൂരല്‍ക്കെട്ടിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു.
മനസ്സിലേക്ക് തിക്കിത്തിരക്കി വരുന്ന എല്ലാ ഓര്‍മകളും കുറിക്കാനിവിടെ ഇടമില്ല, എല്ലാവരെപ്പറ്റിയും പറഞ്ഞോ എന്നുറപ്പുമില്ല, വയസ്സേറി വരുന്നു, ഓര്‍മ ക്ഷയിച്ചും. എന്‍റെ സ്വഭാവ, ജീവിത പരിണാമത്തില്‍ ആ മധുരച്ചൂരല്‍ക്കൂട്ടത്തിന്‍റെ പങ്ക് വലുതാണ്, അവരെയൊക്കെ എനിക്ക് പെരുത്തിഷ്ടവുമാണ്. ഈപ്പറഞ്ഞ കാലഘട്ടം ഏറെ മധുരസ്മരണകളും വളരെ കുറച്ചു മാത്രം മുറിപ്പാടുകളും മനസ്സില്‍ നിറച്ചു കടന്നു പോയിട്ടുണ്ട്, അതിന്‍റെ മുഴുവന്‍ അംഗീകാരവും അവര്‍ക്കാണ്. പ്രിയപ്പെട്ടവരേ, ഞാന്‍ വരുന്നുണ്ട്, എല്ലാവരെയും നേരില്‍ കാണുവാനായി.
- പ്രജീഷ് പരമേശ്വരന്‍, 17 മെയ്,2012

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ