2012, ജൂൺ 3, ഞായറാഴ്‌ച
പൊളിട്രിക്സ് ഒന്ന്
പത്രത്താളുകളിലെ ഒരു അപകടവാര്‍ത്തകളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നെ അലട്ടാറില്ല; ആണവോര്‍ജ്ജം വേണമോ വേണ്ടയോ എന്ന തര്‍ക്കത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ എന്‍റെ അറിവ് പരിമിതമാണ്. എന്‍റെ കുടുംബത്തില്‍ കണ്ണീരും വെണ്ണീറും എന്നു വീഴുന്നുവോ അന്നു ഞാന്‍ കരയും. എന്‍റെ കിടപ്പാടം നഷ്ടപ്പെടാന്‍ ഇടയായാല്‍ സമരപ്പന്തലില്‍ ഞാന്‍ വരും. സമൂഹത്തിനു വേണ്ടി കളയാന്‍ സമയമോ, ശബ്ദമോ; ഒഴുക്കാന്‍ വിയര്‍പ്പോ കണ്ണീരോ ഇല്ലാത്ത തലമുറയുടെ ഭാഗം തന്നെ ഞാനും എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ മൗനിയാക്കുന്നു. ഈ മൗനം ഒരുനാള്‍ എന്നെ ഭ്രാന്തനാക്കും, അതു വരെ എന്നെ വിശ്വസിച്ച് എന്‍റെ കൂടെ ജീവിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ കണ്ണടച്ച് ഇരുട്ടാക്കിയേ തീരൂ...
ജീവിതം സ്വന്തമായി മെനഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമോ, മെന്‍റെറിങ്ങോ, ആശയ സംവാദങ്ങളോ വേണ്ടത്ര ഉള്ള നാടല്ല നമ്മുടേത്. 23 വയസ്സെങ്കിലും ആവണം നമ്മുക്ക് നമ്മുടെതായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ് ഉണ്ടാവാന്‍. യൂറോപ്പിലെയും മറ്റും മാതാപിതാക്കള്‍ മക്കളെ ചെറിയ പ്രായത്തില്‍ തന്നെ സ്വജീവിതം വാര്‍ത്തെടുക്കാന്‍ പഠിപ്പിക്കുന്നു, നമ്മുടെ കോഴികള്‍ ചെയ്യുന്നതിന്‍റെ ഒരു പരിഷ്കൃത രൂപം. ഇവിടെയോ?
ഒന്നാലോചിച്ചു നോക്കൂ, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എത്ര മാതാപിതാക്കള്‍ ഉണ്ട്? എത്ര ഏട്ടന്മാരും ഏട്ടത്തിമാരും ഉണ്ട്? എത്ര മാഷുമാര്‍ ഉണ്ട്?
സമൂഹത്തിനു വേണ്ടി ചിന്തിക്കുന്നവന്‍/ചിന്തിക്കുന്നവള്‍ (തെറ്റി തെറിച്ചു നടക്കുന്നവന്‍/നടക്കുന്നവള്‍ എന്ന് പരിഭാഷ) കുടുംബത്തിന് എന്നും ഭാരമാണ് അത് കുറച്ചൊക്കെ സമ്മതിക്കാം, പക്ഷെ അവന്‍/അവള്‍ സമൂഹത്തിനു ഭാരമാണ് എന്ന കാമ്പൈനിംഗ് എങ്ങനെ സമ്മതിച്ചു കൊടുക്കും?
നന്നായി ജീവിക്കാനോ, അതല്ലെങ്കില്‍ നന്നായി ഒടുങ്ങാനോ കെല്‍പില്ലാത്തവനായി സമൂഹം അല്ലെങ്കില്‍ ചരിത്രം എന്നെ നിര്‍വ്വചിക്കുന്ന അവസ്ഥ അതിവിദൂരതയിലല്ലാതെ ഞാന്‍ പ്രതീക്ഷിക്കുന്നു..
സമൂഹത്തിനു വേണ്ടി ചിന്തിക്കുന്ന, നന്നായി ജീവിക്കാന്‍ കെല്‍പുള്ള കുഞ്ഞനിയന്മാരും കുഞ്ഞനിയത്തിമാരും വളര്‍ന്നു വരുന്നത് ഞാനറിയുന്നു, അവര്‍ക്കു വേണ്ടി ഇത്രയും കുറിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ