2012, ജൂൺ 3, ഞായറാഴ്‌ച
പൊളിട്രിക്സ് രണ്ട്
എനിക്ക് മനസ്സിലാവാത്തത് ഇതാണ്; ഒരു നേതാവ്, ഒരു ലക്ഷം അണികള്‍; നേതാവ് ഒരു ദിവസം കൊണ്ട് മലക്കം മറിഞ്ഞു മറുപാളയത്തില്‍, കൂടെ ബഹുഭൂരിപക്ഷം അണികളും. ഈ അണികളിലൊന്നും സാമാന്യയുക്തിക്ക് ചിന്തിക്കുന്നവര്‍ ഇല്ലേ? അവരുടെയെല്ലാം രാഷ്ട്രീയ ചായ്‌വും ആ ദിവസം തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നുവോ?
അപ്രതീക്ഷിതമായി, അതീവ ദു:ഖത്തോടെ (?)സംസ്ഥാനം ഒരു ഉപതെരഞ്ഞെടുപ്പ് നേരിട്ടു, പിറവത്ത്. പിന്നെയും കഴിഞ്ഞു ഒന്ന്, ഇന്നലെ. കോടികള്‍ ചെലവാകും ഫലം വരുമ്പോഴേക്കും, കുറെയേറെ പേരുടെ രാപകലില്ലാത്ത അക്ഷീണ പ്രയത്നവും.
സാമാന്യയുക്തിയോ നയധാരണയോ ഒന്നുമില്ല, തന്നെ തെരഞ്ഞെടുത്ത 'പൊതുജനക്കഴുതകളെ' പല്ലിളിച്ചു കാട്ടി തെരഞ്ഞെടുപ്പിനു ചെലവായ വിയര്‍പ്പിനും പുത്തനും പുല്ലുവില കല്‍പിച്ചു രാത്രിക്ക് രാത്രി എം. എല്‍. എ. സ്ഥാനം രാജിവയ്ക്കുക, പിറ്റേന്ന് പത്രസമ്മേളനം വിളിച്ചു കൂട്ടി ചത്താലും മറുപാളയത്തിലേക്ക് ഇല്ലെന്ന പ്രസ്താവനയും. പിറ്റേ ആഴ്ചയില്‍ യാതൊരു ഉളുപ്പുമില്ലാതെ മറുപാളയത്തില്‍ മാലയിട്ടു സ്വീകരണത്തില്‍ സന്നിഹിതന്‍!
ജനങ്ങളുടെ വിശ്വാസങ്ങളെ, അവകാശങ്ങളെ മുഴുവന്‍ ഹനിച്ചു കൊണ്ട് അവര്‍ അധ്വാനിച്ച് നാടിനു മുതല്‍ക്കൂട്ടുന്ന കോടിക്കണക്കിനു രൂപ ചെലവാക്കാനും മടിശ്ശീലയിലാക്കുവാനും മാത്രം ആര്‍ത്തിയുള്ള ഇക്കൂട്ടരെ ഈ ഒറ്റക്കാരണം കൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമോ? അതിനൊരു 'ശേഷന്‍' ഇവിടെയുണ്ടോ?
എനിക്ക് 'അരക്കവി'യായ കുഞ്ഞുണ്ണി മാഷിനെ ഇഷ്ടമാണ്, അദ്ദേഹം പാടിയത് പോലെ,
രാക്ഷസനില്‍ നിന്ന് 'രാ'
ദുഷ്ടില്‍ നിന്ന് 'ഷ്ട'
മായത്തില്‍ നിന്ന് 'യം'
ഇതല്ലേ രാഷ്ട്രീയം??
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ