രാജ്യത്തിന്‍റെ
അറുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഞാനും പങ്കാളിയായി. അന്നേ ദിവസത്തെ ദ ഹിന്ദു ദിനപ്പത്രത്തില്‍ മുഖ്യാഭിപ്രായമായി പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. ഗോപാലകൃഷ്ണ
ഗാന്ധിയുടെ ഇന്ത്യയെ
കണ്ടെത്തല്‍ (The Rediscovery of India) എന്ന
ലേഖനം ഒരുവേള എന്നില്‍ കടുത്ത അമര്‍ഷവും പറഞ്ഞറിയിക്കാന്‍ വയ്യാത്ത വികാരവും നിറച്ചു. ഭാരതീയരായ എല്ലാവരും
വായിച്ചിരിക്കേണ്ട ഒന്നാണ് ആ ലേഖനം.
1947 ആഗസ്റ്റ് 15 ലെ സുപ്രഭാതത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച നെഹ്‌റു, അതേ സ്ഥലത്ത് ഇന്ന് നമ്മളോട് സംസാരിക്കുകയാണെങ്കില്‍ എന്തായിരിക്കും അതിന്‍റെ ഉള്ളടക്കം എന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീ. ഗാന്ധി.
പ്രധാനാമന്ത്രിയായിട്ടല്ല, നമ്മളിലൊരാളായാണ് അവിടെ നില്‍ക്കുന്നത് എന്ന് പറഞ്ഞു തുടങ്ങുന്ന ആ സാങ്കല്‍പിക പ്രസംഗത്തില്‍, രാജ്യത്ത് ദളിതരും ആദിവാസികളും ഇന്നും കഷ്ടതയനുഭവിക്കുമ്പോള്‍, നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിനു ശേഷം മൂന്ന് വെടിയുണ്ടകളിലേക്ക് നടന്നടുത്ത മഹാത്മാവിനെ ഓര്‍ക്കുമ്പോള്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന സുരക്ഷാഭടന്മാരെ ഓര്‍ത്ത് ലജ്ജിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.
രാഷ്ട്രീയം ഉണ്ടാക്കിവെച്ച വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും ഭയത്തിന്‍റെയും നടുവിലാണ് നമ്മുടെ ജീവിതമിപ്പോള്‍ എന്നു പറയുന്ന അദ്ദേഹം, പണമാണ് രാജാവ്; സമ്മതിദായകരോ, ഭരണഘടനയോ അല്ല എന്നും പ്രസ്താവിക്കുന്നു. നിശ്ചിത 'മാമൂല്‍' നല്‍കി വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവര്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത പൂജ്യങ്ങള്‍ അകമ്പടി സേവിക്കുന്ന തുകക്ക് കരാറുകള്‍ ഉറപ്പിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വരെയുള്ള രാജ്യത്തിന്‍റെ ചിത്രം കാണിച്ചു തരുന്നത് പണാധിപത്യമാണ് (A Republic of Cash) എന്ന observation ഒരു നഗ്നസത്യമല്ലേ സുഹൃത്തുക്കളേ? ആത്മാവില്ലാത്ത, ആത്മവിശ്വാസമില്ലാത്ത സദ്ഗുണഭാവനകളില്ലാത്ത ജനതയായി നാം മാറിയിട്ടില്ലേ കഴിഞ്ഞ കുറെ കാലങ്ങളായി?.
മറ്റുള്ളവരുടെ വേദനയില്‍ പങ്കു കൊള്ളുന്ന, മൂല്യബോധമുള്ള, ധീരരായ, കുറെയേറെ പേരെങ്കിലും സത്യത്തിനും നീതിക്കും ന്യായത്തിനുമായി നിലകൊള്ളുന്നു എന്നതിനാല്‍ അദ്ദേഹത്തിന് പ്രത്യാശയുണ്ട് എന്നദ്ദേഹം പറയുന്നു. അവരുടെ സഹായത്തോടെ നാം നമ്മെത്തന്നെ കണ്ടെത്തണം (we must reinvent ourselves) എന്നാണദ്ദേഹത്തിന്‍റെ മതം. തന്നെ മാത്രം ഇഷ്ടപ്പെടുന്ന, തന്നെത്തന്നെ ബിംബവല്‍ക്കരിക്കുന്നവര്‍ക്ക് പകരം അധികാരവും പണവും വക വക്കാത്ത കക്ഷി-രാഷ്ട്രീയത്തിനതീതരായ ആദര്‍ശധീരരായ സ്ത്രീ - പുരുഷന്മാര്‍ രാജ്യം ഭരിക്കണം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
അദ്ദേഹത്തെ ഒരിക്കലും ബിംബവല്‍ക്കരിക്കരുത് എന്നും ഒരു മൂര്‍ത്തിയായി ഉപാസിക്കരുത് എന്നും പറഞ്ഞവസാനിപ്പിക്കുന്ന ആ സാങ്കല്‍പ്പിക പ്രസംഗം വായിച്ചു വികാരഭരിതരാവാത്തവരുണ്ടാകുമോ എന്നെനിക്കറിയില്ല.
രാജ്യത്ത് നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയുണ്ടെന്നും അതിനെ പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ലാത്തതിനാല്‍ അഡ്ജസ്റ്റ് ചെയ്ത് അങ്ങനെയങ്ങ് ജീവിച്ചു പോകാമെന്നും മനസ്സില്‍ ഉറപ്പിച്ചവര്‍ക്ക് നല്ലൊരു 'കൊട്ട്' നല്‍കുന്നു ഈ ലേഖനം, ചിന്തിക്കുന്നവര്‍ക്കാകട്ടെ, പൊരിയുന്ന അസ്വസ്ഥതയും.
ദിനപ്പത്രത്തിന്‍റെ ആ പേജ് എന്‍റെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നു.
എങ്കിലും, നന്ദി, ശ്രീ. ഗോപാലകൃഷ്ണ ഗാന്ധി; നന്ദി, ദ ഹിന്ദു
-ആഗസ്റ്റ് 16
Articile Courtesy:
THE HINDU
http://www.thehindu.com/opinion/lead/the-rediscovery-of-india/article5023155.ece
THE HINDU
http://www.thehindu.com/opinion/lead/the-rediscovery-of-india/article5023155.ece
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ