2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

റാഗിങ്ങ്

'ഏപ്രില്‍' എന്ന് ബ്ലോഗിന് പേരിട്ടതില്‍ ഒരു സ്വകാര്യമുണ്ട്, അത് പിന്നീടെപ്പോഴെങ്കിലും എഴുതാം, ഇപ്പോള്‍ ഉറക്കെയുള്ള ചിന്ത വേറെയാണ്.

"വ്യക്തിപരമായി നാം ആര്‍ജ്ജിച്ച പല പുരോഗമന/വിപ്ലവാത്മക ശീലങ്ങളും /നിലപാടുകളും മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്ന റാഗിങ്ങ് വേളയാണ് വിവാഹം" എന്ന ഒരു സുഹൃത്തിന്‍റെ അഭിപ്രായം എത്ര ശരിയാണ് എന്നാലോചിക്കുകയായിരുന്നു.

എന്‍റെ കാര്യം തന്നെ നോക്കൂ,

I got ragged!

വിവാഹത്തിനു  ചടങ്ങുകള്‍ ഒന്നും വേണ്ട എന്ന നിര്‍ബന്ധം വധൂഗൃഹക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷം ഉണ്ടായിരുന്നു. അവര്‍ വധുവിനു വേണ്ടി എന്തെങ്കിലും മാറി ഇരുന്ന് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്യട്ടെ. പക്ഷെ അതിനൊടുവില്‍ പൊടുന്നനെ, എനിക്ക് നിന്നു തിരിയാന്‍ സമയം തരാതെ, വധൂപിതാവ്  എന്‍റെ കാല്‍ കഴുകി, സ്വീകരിച്ച് കന്യാദാനം നടത്തിയാതിന്റെ നീറുന്ന ഓര്‍മ്മകള്‍ മരിക്കുവോളം എന്‍റെ യുക്തിയെ, ചിന്തയെ കാര്‍ന്നു തിന്നു കൊണ്ടിരിക്കും, അത് വിവാഹ ചടങ്ങിന്‍റെ ഒരവിഭാജ്യ ഘടകമത്രേ! റോമിലെ പോപ്പ് അടക്കം തിരുമേനിമാര്‍ സാധാരണക്കാരുടെ കാല്‍ കഴുകിച്ചു ചുംബിക്കുന്നതെല്ലാം നേരു തന്നെ, അതിനു ഒരു down to earth പരിവേഷമുണ്ട്, മാനുഷരെല്ലാരും സമാനരാണെന്ന സന്ദേശമുണ്ട്.

പക്ഷെ ഇത് സംഗതി വേറെ.  "തന്‍റെ മകളെ ജീവിതകാലം മുഴുവന്‍ പോറ്റിക്കൊള്ള (ല്ല?) ണമേ" എന്ന് മകളെ വേള്‍ക്കുന്ന ഉത്തമ (?) ബ്രാഹ്മണനോടുള്ള ഒരച്ഛന്‍റെ അപേക്ഷയാണ്‌. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കൊണ്ടും ആത്മനിന്ദ കൊണ്ട് നീറിയുമാണ് ഒരച്ഛന്‍ തന്‍റെ മകളെ വിവാഹം കഴിപ്പിച്ചയക്കുന്നത്.


വിദ്യാഭ്യാസമുള്ള , യുക്തിബോധമുള്ള ബ്രാഹ്മണയുവാക്കളെങ്കിലും ഒഴിവാക്കേണ്ട ചടങ്ങ് തന്നെ തലമുതിര്‍ന്നവരെക്കൊണ്ടുള്ള ഈ കാല്‍പിടിത്തക്കൂത്ത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ