2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ചില ചില പുതുവല്‍സര ബോധ്യങ്ങള്‍


ഈ കുഞ്ഞു ജീവിതം കൊണ്ട് വെല്ലുവിളിക്കേണ്ടതെന്തിനെയൊക്കെ എന്നുള്ള ചില ബോധ്യങ്ങള്‍ കൂടുതല്‍ ഉറച്ചു തുടങ്ങി, പുതുവല്‍സരത്തില്‍

തന്‍റെ കിണ്ണത്തിലേക്ക് ആവശ്യമുള്ളതൊക്കെ 'മറുനാട്ടില്‍ നിന്നും വണ്ടി കേറി ഇങ്ങെത്തിക്കൊള്ളും' എന്നുറച്ചു വിശ്വസിച്ച്, തന്‍റെ പേരിലുള്ള മണ്ണ് മുഴുവന്‍ കഷണം കഷണമാക്കി വിറ്റ് കാശാക്കുകയോ, അവിടെ കടം വാങ്ങി, മതിലുകളും കോടികളുടെ രമ്യ ഹര്‍മ്മങ്ങളും പണിഞ്ഞ് അതിനുള്ളില്‍ അടയിരിക്കുകയോ ചെയ്യുന്ന ശരാശരി മലയാളിയുടെ ധാര്‍ഷ്ട്യത്തെ;     

വഴിയോര പച്ചക്കറിക്കടയില്‍ നിന്നും വില പേശി ‘വില കൂടിയ’ പച്ചക്കറികള്‍ ചുളുവിലക്ക് തരമാക്കി, കൂട്ടാനും ഉപ്പേരിയും വച്ച്, അതുകൂട്ടി മറുനാട്ടില്‍ വിളഞ്ഞു കുത്തിയ ചോറ് മൃഷ്ടാന്നം വെട്ടി വിഴുങ്ങിയ ശേഷം “കൃഷി കൊണ്ടൊന്നും ഇക്കാലത്ത് ജീവിക്കാന്‍ പറ്റില്ല” എന്നുറക്കെ പ്രഖ്യാപിക്കുന്ന ശരാശരി മലയാളിയുടെ ധാര്‍ഷ്ട്യത്തെ;    


പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍കെജിയിലും യുകെജിയിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയെയും ‘പാവപ്പെട്ടവന്‍റെ’ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിഷ്ടത്തെയും; 


മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കി,  ജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെ;  


ജീവിതം 'സെറ്റില്‍ ആന്‍ഡ്‌ സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നത്തെ (അഥവാ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ); 


ഒരു മതത്തിലും ജാതിയിലും പെടാതെ ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും ‘മതമില്ലാത്ത ജീവന്മാരായി’ വളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങളെ;  

ബുദ്ധിയും കഴിവും അറിവും വിവേകവും എല്ലാം പുരുഷന്മാര്‍ക്കൊപ്പമെങ്കിലും 'വീട്ടമ്മ'മാരായി സ്ത്രീകളെ തളച്ചിടുന്ന കാരണവ നെറികേടിനെ;


ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ച് പോയ 'സര്‍' എന്ന പദത്തെ നെഞ്ചിലേറ്റി, അടിമത്തത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി, കഴിവു കേട്ടതോ കഴിവു കെട്ടതോ ആയ നേതാക്കന്മാര്‍ക്കു മുന്നില്‍ നട്ടെല്ല് വളച്ചുകെട്ടി നില്‍ക്കേണ്ടി വരുന്ന ഭാരതീയ ആചാരങ്ങളെ;



ഇപ്പോള്‍ ഇത്രയേ കിട്ടുന്നുള്ളൂ, ഈ ലിസ്റ്റ് ഇനിയും നീളാം....

ഇതിനെയൊക്കെയും വെല്ലുവിളിച്ച് ഇവിടുന്നു മടങ്ങിപ്പോകാന്‍ ‘കൂടെയുള്ളവര്‍’ എന്ന്‍ ഞാന്‍ വിശ്വസിക്കുന്നവര്‍ സമ്മതിച്ചു തരുമായിരിക്കും അല്ലേ?

അടിക്കുറിപ്പ്: ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, പറഞ്ഞവ ചെയ്തും. ഇതിനൊക്കെ ഞാന്‍ കുറച്ചു കൂടി ഉരുവപ്പെടാനുണ്ട്. 


ഫെബ്രുവരി 19, 2016

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ