2017, മേയ് 25, വ്യാഴാഴ്‌ച

ആഗോളതാപനം, മരം മാത്രമാണോ മറുപടി?



മനുഷ്യനിവിടെ നട്ടപ്പ്ര വെയിലത്ത് കഷ്ടപ്പെടുമ്പോള്‍, വഴിയോരത്ത് തണുത്തുറഞ്ഞ മുറികളില്‍ സുഖമായുറങ്ങുന്ന കാശില്ലാത്ത ATMകള്‍ (പ്രത്യേകിച്ചും SBI-യുടെ😉) ആഴ്ചകളായി കണ്ടു കണ്ടങ്ങിരിക്കെ തോന്നിയ ചില തോന്നലുകള്‍.... 


ആഗോളതാപനം (Global Warming), കാലാവസ്ഥാ വ്യതിയാനം (Climate Change), ഹരിതഗൃഹവാതക പ്രഭാവം (Greenhouse Gas Effect) എന്നിവയെപ്പറ്റിയൊന്നും വിശദീകരിക്കുന്നില്ല. ഇവിടെ വിഷയം കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം അഥവാ കാര്‍ബണ്‍ പുറംതള്ളല്‍ (Carbon Emission) ആണ്. നാം ചെയ്യുന്ന പല പ്രവൃത്തികളിലൂടെയും അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്‌സയ്ഡ് അടക്കമുള്ള കാര്‍ബണ്‍ സംയുക്തങ്ങള്‍ പുറത്ത് വിടുന്നതാണ് കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം. പ്രകൃതിദത്തമായും ഇത് നടക്കുന്നുണ്ട്. പക്ഷെ ഇതിന്‍റെ തുലനാവസ്ഥ തെറ്റിക്കുന്നത് നമ്മുടെ ഇടപെടലുകളാണ്. കൃഷി ചെയ്യുമ്പോഴും വിവിധ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും അങ്ങനെയങ്ങനെ സകല മേഖലകളിലും, എന്തിനേറെ പറയുന്നു? ചുമ്മാതങ്ങനെ ജീവിക്കുമ്പോഴും നമ്മള്‍ കാര്‍ബണ്‍ പുറത്ത് വിടും. ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് താപനില വര്‍ധിപ്പിക്കും. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളില്‍ 72 ശതമാനവും കാര്‍ബണ്‍ ഡയോക്‌സയ്ഡ് ആണത്രെ.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്ത് വിടുന്ന ഉപകരണങ്ങളിലൊന്നാണ് നമ്മുടെ എയര്‍ കണ്ടീഷണര്‍ (AC). 

വെറുതെ ഇരിക്കുമ്പോള്‍ ചുമ്മാ ഒരു കണക്ക് നോക്കിയാലോ?    

6.7 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമുള്ള ഒരു മുറി 22 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നില നിര്‍ത്താന്‍ 1.5 ടണ്‍ കൂളിംഗ് ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നു എന്ന്‍ കരുതുക. ഈ AC എത്ര കാര്‍ബണ്‍ പുറത്ത് വിടും?

ആ മുറിയിലെ താപവാഹനം (Heat Conduction), വായുസഞ്ചാരം (Ventilation), സൂര്യപ്രകാശം കൊണ്ടുള്ള താപനില (Solar Heat Gain), മുറിയിലെ മറ്റ് വസ്തുക്കളും ഘടകങ്ങളും കൊണ്ടുള്ള താപവര്‍ധനവ് (Internal Heat Gain) എന്നീ മാനകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, AC യുടെ Carbon Emission കണക്കാക്കാം. ശരാശരി 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത AC യുടെ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം പ്രതിദിനം 5.7 കിലോഗ്രാം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 

ശ്രദ്ധിക്കുക, 1.5 ടണ്‍ ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ മുമ്പ് പറഞ്ഞ അളവിലുള്ള മുറിയില്‍ എട്ടു മണിക്കൂര്‍ നേരം പ്രവര്‍ത്തിപ്പിച്ചാല്‍ അത് 5.7 കിലോഗ്രാം കാര്‍ബണ്‍ പുറത്ത് വിടും. 

അപ്പോള്‍ രണ്ട് ലക്ഷം ACകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാലോ?

5.7 കി.ഗ്രാം X 2,00,000 X 3 = 34,20,000 കി.ഗ്രാം!


പറഞ്ഞു വരുന്നത് ഇതാണ്,  
  
റിസര്‍വ്വ് ബാങ്ക് മാര്‍ച്ച് 2017ല്‍ പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്തൊട്ടാകെ 2,08,354 ATMകള്‍ ഉണ്ട്. എല്ലാം തന്നെ ശീതീകരിച്ചവയാണല്ലോ (അല്ലെങ്കില്‍ ക്ഷമിച്ചേക്കുക). ഇത് വല്ല്യേട്ടന്മാരുടെ മാത്രം കണക്കാണ് കേട്ടോ, കുഞ്ഞന്മാരുടേതിന്‍റെ കണക്ക് ഉണ്ടോ ആവോ? 

അവയെല്ലാം കൂടി പുറത്ത് വിടുന്ന കാര്‍ബണ്‍ മുഴ്മന്‍ പിഴിഞ്ഞ് നോക്കിയാല്‍ അത് 34,20,000 കി.ഗ്രാം വരും, ഭൂമിയെ രോഗിയാക്കാന്‍ അതു മതി, മാറാരോഗി! 


അന്തരീക്ഷത്തില്‍ കാര്‍ബണിന്‍റെ അളവ് 450 ppm (parts per million) എത്തുക എന്നത് 2 ഡിഗ്രി സെല്‍ഷ്യസ് താപനില  ഉയരുന്നതിന് തുല്യമാണ് എന്നാണ് (ആരുടേയോ) കണക്ക്.

(പണ്ടാരം, ഈ ppm, കി.ഗ്രാം എന്നിവയെ ബന്ധിപ്പിക്കാന്‍ ഒരു വഴിയും കാണുന്നില്ലല്ലോ പടച്ചോനെ).

കി.ഗ്രാമോ, ppm-ഓ, എന്നതായാലും ഇതൊക്കെ ഒള്ളതാ ഉവ്വേ.

1.5 ടണ്‍ എന്ന AC യുടെ ശേഷി, മുറിയുടെ അളവുകള്‍ എന്നിവ മാറുന്നതിനനുസരിച്ച് കണക്ക് വ്യത്യാസപ്പെട്ടേക്കാം, പിന്നേം ക്ഷമിച്ചേക്കുക, കിറുകൃത്യമാക്കാന്‍ തല്‍ക്കാലം വേറെ വഴിയൊന്നും കാണുന്നില്ല. 

ചോദ്യം ഇതാണ്, ATM ല്‍ AC അത്യാവശ്യമാണോ? മെഷീന്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുന്ന ചൂട്, അത് പ്രവര്‍ത്തിപ്പിക്കുന്ന മനുഷ്യശരീരത്തിന്‍റെ താപനില, മുറിയിലെ മറ്റ് ഘടകങ്ങള്‍ (മുമ്പ് സൂചിപ്പിച്ച Internal Heat Gain) എല്ലാം കൂടി നോക്കുമ്പോള്‍ വേണമായിരിക്കും അല്ലേ?

ഇനി, അടച്ചുറപ്പുള്ള ഒരു മുറിയില്‍ത്തന്നെ ATM വയ്ക്കണമെന്നുണ്ടോ? വായുസഞ്ചാരം കൂടുതലുള്ള തുറന്ന സ്ഥലങ്ങളില്‍ ATMകള്‍ സ്ഥാപിക്കുന്നത് മെഷീനും അതുപയോഗിയ്ക്കുന്നവര്‍ക്കും സുരക്ഷിതമാണോ



ഉറക്കെ ചിന്തിക്കേണ്ടിയിരിയ്ക്കുന്നുകാര്‍ബണ്‍ ഉല്‍സര്‍ജ്ജനം, ആഗോളതാപനം, മരം മാത്രമല്ല മറുപടി!

(മറ്റു സ്ഥലങ്ങളിലെ AC ഉപയോഗത്തെക്കുറിച്ച് തല്‍ക്കാലം മൗനം).

പ്രത്യേക ശ്രദ്ധയ്ക്ക്: കണക്കു കൂട്ടലുകള്‍ മുഴ്മന്‍ ശരിയാവണമെന്നില്ല കേട്ടോ, ചിന്തിച്ചു തുടങ്ങാനെങ്കിലും ഉപകാരപ്പെടട്ടെ എന്ന്‍ വിചാരിച്ചു, അത്രെയുള്ളൂ.

വിവരങ്ങളുടെ ഉറവിടം: ഇന്‍റര്‍നെറ്റ് തന്നെ, അല്ലാതെന്ത്

http://timeforchange.org/CO2-cause-of-global-warming
http://www.ajer.org/papers/v2(4)/I0247274.pdf
https://rbi.org.in/Scripts/ATMView.aspx


കഴിഞ്ഞ വര്‍ഷം ഒരു പരിശീലനത്തിനു പോയ കഥ കൂടി പറയാം. 

ആഗോളതാപനത്തെ ചെറുക്കാനും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുമായി നിലവില്‍ വന്ന ഒരു അന്താരാഷ്ട്ര ഫണ്ടിനു വേണ്ടി പദ്ധതികള്‍ തയ്യാറാക്കേണ്ടതെങ്ങനെ? എന്ന്‍ വിശദമാക്കുന്ന പരിശീലനമാണ്. പരിശീലനം സംഘടിപ്പിച്ചത് ഇന്ത്യയില്‍ ഈ ഫണ്ടിന്‍റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം. പരിശീലനത്തിന് ചുക്കാന്‍ പിടിച്ചത് അവരുടെ കീഴിലുള്ള ഒരു പരിശീലന സ്ഥാപനവും. അഞ്ചു ദിവസത്തെ പരിപാടിയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ശാസ്ത്രവും സാമൂഹ്യാഘാതങ്ങളും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമെല്ലാം പരാമര്‍ശിക്കപ്പെട്ടു, കൂടെ വര്‍ധിച്ചു വരുന്ന Carbon Emission നും. ഇതൊക്കെ കൈകാര്യം ചെയ്യുന്ന പദ്ധതികളാണ് നമ്മള്‍ വിഭാവനം ചെയ്യേണ്ടത്. കൊള്ളാം, നല്ല ആശയങ്ങള്‍, പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഒരു പൊതുധാരണ ഉണ്ടാവുന്നത് നല്ലത് തന്നെ. 

ഈ അഞ്ചു ദിവസത്തെ പരിപാടിയുടെ സംഘാടനത്തിലായിരുന്നു വന്‍ തമാശ. സ്ഥലം ഒരു സ്റ്റാര്‍ ഹോട്ടല്‍. പരിശീലനാര്‍ഥികകളും പരിശീലകരും അടക്കമുള്ള മുപ്പതോളം പേര്‍ 4 ദിവസവും താമസിച്ചത് പതിനഞ്ചോളം ശീതീകരിച്ച മുറികളില്‍. ചര്‍ച്ചകള്‍ നടന്നത് ശീതീകരിച്ച വലിയൊരു ഹാളില്‍. എല്ലാ നേരവും ഭക്ഷണം വേണ്ടതിലധികം, Heavy Food എന്ന്‍ തന്നെ പറയാം. ദോഷം പറയരുതല്ലോ, നമ്മുക്കാവശ്യമുള്ളത് വിളമ്പിയെടുക്കാം. നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സംബന്ധിയായ ചില പദ്ധതികള്‍ കണ്ടുപഠിയ്ക്കാനായി ഒരു ദിവസം ഏകദേശം 200 കിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു, അതും 2 AC ട്രാവലറുകളില്‍! പഠനയാത്ര നടത്തിയ സ്ഥലത്തിനടുത്താകട്ടെ, ഒരു ഗ്രാമീണ സര്‍വ്വകലാശാലയുണ്ട്. പരിശീലനം അവിടത്തെ തുറന്ന, ശുദ്ധമായ അന്തരീക്ഷത്തിലാകാമായിരുന്നു എന്ന്‍ ന്യായമായും തോന്നുകയും ചെയ്തു. 

ഈ ഫണ്ടിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളും അതിനായുള്ള പരിശീലന പരിപാടിയുടെ സംഘാടനവും തമ്മിലുള്ള വൈരുധ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വന്ന അഭിപ്രായങ്ങള്‍ കേട്ടെന്‍റെ കിളി പോയി. ശീതീകരിച്ച മുറികളില്‍ കഴിഞ്ഞ്, ആവശ്യത്തിലേറെ ഭക്ഷണവും കഴിച്ച്, ശ്രദ്ധയോടെ, സ്വസ്ഥമായിരുന്ന്‍ ചിന്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പറ്റിയത്രെ, പലര്‍ക്കും! ഇതുപോലുള്ള പരിശീലനങ്ങള്‍ എത്രയെണ്ണം നടന്നുകാണും രാജ്യത്ത്, പാവം ഈ ഫണ്ടിന്‍റെ പേരില്‍? അല്ലെങ്കില്‍ മറ്റു പല ഫണ്ടുകളുടേയും പേരില്‍?
 
 ആഗോളതാപനം, മരം മാത്രമല്ല മറുപടി! 

മെയ്‌, 25, 2017

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ