2018, ഫെബ്രുവരി 13, ചൊവ്വാഴ്ച

ശാന്തിക്കാരന്‍



ഒരു ദിവസം 

അമ്മ: തൃശ്ശൂര്ന്നും അവര് വിളിച്ചാല്‍ താല്പര്യമില്ലാന്നന്നെ പറഞ്ഞോളൂ ട്ടോ. ശാന്തിക്കാരന്റെ കൂടെ കാലം കഴിക്കാനാര്‍ന്നെങ്കി അവളെ എമ്മെസ്സി വരെ വിടണ്ടായിരുന്നല്ലോ?

അച്ഛന്‍: കൊല്ലത്തെ ആ ഇന്‍ഫോസിസ് പയ്യന്‍റെ ജാതകം കഷ്ട്ടി പിഷ്ട്ടി ഒപ്പിക്കാന്നാ വാര്യര് പറേന്നെ. അവരെ ഒന്നങ്ങ്ട് വിളിച്ച് നോക്കാം. 

അമ്മാവന്‍: 😐


വേറൊരു ദിവസം

അച്ഛന്‍: ഇല്ലത്തെ സംഗീതിന്റെ കാര്യം എന്തായി?

അമ്മ: ഒന്ന്‌ങ്ങ്ട് ആവണില്ല്യേ, നമ്മുടെ കൂട്ടത്തിലെ പെണ്‍പിള്ളേര്‍ക്കൊന്നൂപ്പം ശാന്തിക്കാരെ വേണ്ടന്നെ. പഠിപ്പ് കൂടിയതിന്റെ കൊണം! ഞാനിന്നലെയും കൂടി സന്ധ്യോട് പറഞ്ഞു, ഒരുപാട് നോക്കണ്ട, പുറത്തു നിന്നാണെങ്കിലും ഒന്നിനെ കാണ്. പോത്തും കോഴീം തിന്നണോര്‍ ആവാണ്ടിരുന്നാല്‍ മത്യാര്‍ന്നു. അമ്മക്ക് നല്ല വെഷമംണ്ട്.

അമ്മാവന്‍: 🙏എന്താല്ലേ......?

കല്യാണമസ്തു!

കല്ലിനും മരത്തിനും പഞ്ചലോഹത്തിനും മുന്നില്‍ നിങ്ങള്‍ക്ക് വേണ്ടി വിളക്ക് കൊളുത്താനും, മണിയടിക്കാനും പാല്‍പ്പായസം വച്ചു വിളമ്പാനുമൊക്കെ നിങ്ങള്‍ക്ക് ശാന്തിക്കാരനെ വേണം. പക്ഷെ നിങ്ങളില്‍ പലരും സ്വന്തം മകനെ ശാന്തിക്കാരനാക്കില്ല, ഡോക്ടറോ എന്ജിനീയറോ അല്ലെങ്കില്‍ സര്‍ക്കാര്‍ പേനയുന്തിയോ ആക്കും. എന്നിട്ടത് അവന്‍റെ സ്വാതന്ത്ര്യം, അവന്‍റെ ഇഷ്ടം എന്നും പറഞ്ഞ് തലയൂരും.

കൊടിയ വിശ്വാസികള്‍ പോലും തങ്ങളുടെ പെണ്‍മക്കളുടെ കല്യാണക്കാര്യം വരുമ്പോള്‍ ശാന്തിക്കാരെ അടുപ്പിക്കില്ല, അവര്‍ക്കും വേണം ഡോക്ടറും എന്‍ജിനീയറും കളക്ടറും

വിശ്വാസികളായ പെണ്‍കുട്ടികള്‍ക്ക് എന്താണ് പറയാനുള്ളത്? simple and humble ആയി പൂജ ചെയ്യുന്ന പുരുഷന്മാരെ അവര്‍ക്കിഷ്ടമല്ലേ? don’t they like?

ശാന്തിപ്പണിയെന്താ, സ്റ്റാറ്റസില്ലാത്തതാണോ? അതോ സാമ്പത്തികമാണോ പ്രശ്നം?  രണ്ടായാലും വിരലുകള്‍ ചൂണ്ടപ്പെടുന്നത് നിങ്ങളിലേക്ക് തന്നെ എന്നതാണ് വസ്തുത.

(പലപ്പോഴും) തമ്മില്‍ക്കുറഞ്ഞ, ഏതെങ്കിലും പാവപ്പെട്ട കുടുംബത്തില്‍ നിന്നും ശാന്തിക്കാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും, by choice അല്ല, by chance, by default, നിങ്ങള്‍ക്ക് വേണ്ടി മാത്രം. Specially made for you.

തികഞ്ഞ ഇരട്ടത്താപ്പ്. 



അതിനൊക്കെ ക്രിസ്ത്യാനികളെക്കണ്ട് പഠിക്ക്, പള്ളിക്ക് നേര്‍ന്നാല്‍ നേര്‍ന്നത് തന്നെ. പിന്നെ ഒരേയൊരു ഓപ്ഷനേയുള്ളൂ,  സെമിനാരീന്നും മഠത്തീന്നും ചാടിപ്പോരിക. 


(വിവാഹം എന്നത് ഇപ്പോഴും ഒരു സ്വപ്നമായി കൊണ്ടു നടക്കുന്ന ശാന്തിക്കാര്‍ ക്ഷമിക്കുക, ഇതെഴുതാതെ നിവൃത്തിയില്ല).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ