2018 മാർച്ച് 28, ബുധനാഴ്‌ച

വേലക്കാരിയായിരുന്താലും നീ എന്‍ മോഹവല്ലി




മുന്നറിയിപ്പ്: ഇതൊരു സിനിമാസ്വാദനമോ നിരൂപണമോ അല്ല. അതിനുള്ള ത്രാണിയൊന്നുമില്ല ഹേ!


'
ഉദാഹരണം സുജാത' ഈയിടെയാണ് സിഡി വാങ്ങിക്കണ്ടത്. निल बटे सन्नाटा എന്ന ഹിന്ദി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫാന്‍റം പ്രവീണും കൂട്ടരും ഒരുക്കിയ ചിത്രം. 2017 സെപ്റ്റംബറില്‍ റിലീസ് ആയ ചിത്രത്തെപ്പറ്റി ഇത്രയും വൈകി എഴുതുന്നതില്‍  കാര്യമുണ്ടോ? എന്ന സംശയമില്ലാതില്ല. എങ്കിലും സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ എന്നതാണ് ഈ എഴുത്തിന് ഏക ചോദന.



മൊത്തത്തില്‍ സിനിമ 'ദ മഞ്ജു വാര്യര്‍ ടൈപ്പ്എങ്കിലും നന്നായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നണി പ്രവര്‍ത്തകര്‍ക്ക് നിറഞ്ഞ അഭിനന്ദനങ്ങള്‍. ചിത്രത്തിന്‍റെ ഗുണപാഠം ഐഎഎസ് കിട്ടിയ ആതിരയുടെ വാക്കുകളായി ക്ലൈമാക്സില്‍ ഉണ്ട്. "എന്തു കൊണ്ട് ഐഎഎസ് തെരഞ്ഞെടുത്തു?" എന്ന ചോദ്യത്തിനുള്ള ആതിരയുടെ മറുപടി ഇങ്ങനെയാണ്: "എനിക്കൊരു വീട്ടുവേലക്കാരിയാവേണ്ടായിരുന്നു". ഗുണപാഠവും നല്ലതു തന്നെ. The Wings of Fire ഉം മറ്റും വായിച്ചു വളരുന്ന കുട്ടികള്‍ക്ക് ഏറ്റം പ്രിയം, പാഷന്‍. ഡോക്ടറുടെ മകള്‍ ഡോക്ടര്‍, എഞ്ചിനീയറുടെത് എഞ്ചിനീയര്‍, അപ്പോള്‍ വേലക്കാരിയുടെത് വേലക്കാരി എന്ന സിദ്ധാന്തം ആതിര ഒരിടത്ത് മുന്നോട്ട് വക്കുന്നുമുണ്ട് .


ഇവിടെ വരുന്നൂ എ മില്ല്യന്‍ ഡോളര്‍ ചോദ്യം:


Why Athira is unmotivated due to the bleak chances she sees in her future?



നമ്മുടെ ഹൗസ് മെയ്ഡ്സിന്‍റെയും വഴിയും റോഡും ഹോട്ടല്‍ മുറികളും മറ്റും വൃത്തിയാക്കുന്നവരുടേയും പ്രവൃത്തികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും ഇവരുടെ work invisible ആണ്. ദ സോ കോള്‍ഡ് 'വിദ്യാ-സംസ്കാര സമ്പന്നരുടെ 'വൃത്തിഹീനത മായ്ക്കുന്നവരാണിവര്‍. Domestic workers അല്ലെങ്കില്‍ Housekeeping assistants എന്നുമൊക്ക വിളിക്കുന്ന ഇവരില്ലെങ്കില്‍ നാടില്ല. 'എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യമൊക്കെ പറയാന്‍ കൊള്ളാം. പറഞ്ഞു വന്നതിതാണ്. കളക്ടറും ഡോക്ടറും എഞ്ചിനീയറും അധ്യാപകയും/നും വക്കീലും നഴ്സും ആവാന്‍ കൊതിക്കുന്ന പലരേയും കണ്ടിട്ടുണ്ട്.  ഒരു വേലക്കാരിയോ വേലക്കാരനോ ആവാന്‍ എന്തേ ആരും കൊതിക്കാത്തെ? വേലപ്പണി അത്രക്കും മോശമാണോ? അതോ ഇമ്മാതിരി പണികളൊക്കെ കുടുംബശ്രീയെ ഏല്‍പ്പിച്ചുകൊടുത്തു സ്വസ്ഥമായിട്ടിരിക്കാമെന്നു മലയാളി വിചാരിക്കുന്നുവോ? 'വല്ലവന്‍റെയും അടുക്കള നിരങ്ങിയും എച്ചിലെടുത്തും' കഷ്ടപ്പെട്ട് മക്കളെപ്പോറ്റുന്നവര്‍ ജീവിതത്തിലും കഥകളിലും സിനിമയിലും ഇപ്പോഴും നിറയെയുണ്ട്. സ്ത്രീകളായ കഥാപാത്രങ്ങള്‍ മിക്കവരും വിധവകളോ കുടിയന്മാരായ, ഉത്തരവാദിത്തമില്ലാ-ഭര്‍ത്താക്കന്മാരുള്ളവരോ ആയിരിക്കും. ഇവരെക്കണ്ടെത്തി പുതുജീവിതത്തിലേക്കുയര്‍ത്തുന്നതില്‍ കുടുംബശ്രീയുടെ പങ്ക് മറക്കാനാവുന്നതല്ല.


ഇന്നാട്ടില്‍ വേലക്കാരും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമെല്ലാം ഉണ്ടാവുന്നത് by choice അല്ല, by chance (by default) ആണെന്ന് പറഞ്ഞാലത് സത്യം. 'ഇമ്മാതിരി പണിയൊക്കെ ആരെങ്കിലും ചെയ്യട്ടെ, എനിക്കെന്‍റെ സ്വപ്നം, പാഷന്‍' എന്നതല്ലേ ഇന്നത്തെ സാമൂഹ്യപാഠം? ഉന്നതര്‍ക്കും സാധാരണക്കാര്‍ക്കും അന്നമുണ്ടാക്കി വിളമ്പുന്നസമൂഹത്തിന്‍റെ വൃത്തിഹീനത മുഴുവന്‍ മായ്ക്കുന്ന, വീടുകളും തെരുവുകളും എപ്പോഴും വൃത്തിയായിരിക്കണമെന്ന 'ശാഠ്യ'മുള്ള വേലക്കാര്‍ സമൂഹത്തില്‍ ഇപ്പോഴും താഴേക്കിടയില്‍ത്തന്നെയെങ്കില്‍, ഐഡന്‍റിറ്റി ഇല്ലാത്തവരെങ്കില്‍ ആ സമൂഹത്തിന് എന്തോ ചില കുഴപ്പങ്ങളില്ലേ സുഹൃത്തേ?



International Labour Organization ന്‍റെ കണക്കനുസരിച്ച് ലോകത്തൊട്ടാകെയുള്ള 67 മില്ല്യന്‍ ഡൊമെസ്റ്റിക് വര്‍ക്കേഴ്സില്‍ 80 ശതമാനവും സ്ത്രീകളാണ്. യുകെ ആസ്ഥാനമായ ഓവര്‍സീസ് ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ODI) നിരീക്ഷിക്കുന്നത്, ഇന്ത്യയില്‍ പലപ്പോഴും ഇവര്‍ 18 മണിക്കൂര്‍ വരെ ജോലിയെടുക്കുന്നവരും പരിതാപകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരുമാണെന്നാണ്. പലരുടേയും സമയത്തിന്  വിലയിടുന്നത് തൊഴിലുടമകളാണ്. Functional hierarchy എന്നൊക്കെ വീമ്പു പറയുമെങ്കിലും പലയിടങ്ങളിലും യഥാര്‍ത്ഥത്തില്‍ അടിമ-ഉടമ ബന്ധവുമാണ്. ഡൊമെസ്റ്റിക് വര്‍ക്കേഴ്സിന് മാന്യമായ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിനായി 2015ല്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അത് പാസ്സാക്കപ്പെട്ടിട്ടില്ല എന്നാണറിവ്. ഇവരെ പ്രതിയുള്ള നമ്മുടെ മനോഭാവവും അത്ര പന്തിയല്ല. പുതിയ വീടൊരെണ്ണം പ്ലാന്‍ ചെയ്തപ്പോള്‍ സെര്‍വന്‍റിനായി ഒരു മുറി വേണമെന്ന ശാഠ്യമുണ്ടായിരുന്ന ഒരു വിദ്യാസമ്പന്നയെ എനിക്കറിയാം. ഏറെ സന്തോഷം തോന്നി, പിന്നീട് വീട് പണിതു കണ്ടപ്പോള്‍ കഷ്ടവും. അടുക്കളക്കും ഹാളിനുമിടയില്‍ ജനലുകളേയില്ലാത്തൊരു മുറി! ഇവരെങ്ങനെയെങ്കിലും ജീവിക്കട്ടെയല്ലേ? സിമ്പതിയും എമ്പതിയും ദയാദാക്ഷിണ്യവുമൊന്നുമല്ല ഇവര്‍ക്ക് വേണ്ടത്, മറിച്ച്, മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അന്തരീക്ഷവും ജോലി ആയാസരഹിതമായി ചെയ്യാനുള്ള സാങ്കേതികവിദ്യകളുമാണ്. നമ്മുടെ കുടുംബ-സാമൂഹ്യ സുരക്ഷക്കായി ഹോം നേഴ്സുകള്‍ നല്‍കുന്ന സേവനവും വളരെ വലുതാണ്. നാട്ടില്‍ വൃദ്ധയെ പരിചരിക്കാനെത്തിയ യുവതിയായ ഹോം നേഴ്സ്, ഡ്യൂട്ടിയിലല്ലാത്ത സമയത്ത് കൂട്ടുകാരനുമായി 'കറങ്ങി നടക്കുന്നു' എന്നാരോപിച്ച് അവളെ പറഞ്ഞുവിട്ട വിദ്യാസമ്പന്നരായ ഒരു കുടുംബത്തെയും അവര്‍ക്ക് ന്യൂസുകള്‍ കൃത്യമായി എത്തിച്ചുകൊടുത്തിരുന്ന സദാചാര പോലീസുകാരേയും ഈ സമയത്ത് ഓര്‍മ്മ വരുന്നു.

'
ആലോ അന്ധാരി' എന്ന പുസ്തകവുമായി വന്ന ബേബി ഹല്‍ദാറിനെ ഓര്‍മ്മയുണ്ടോ? തോട്ടിപ്പണി (Manual scavenging) എടുക്കുന്ന ആരുമില്ലീ നാട്ടില്‍ എന്ന് ഭാവിച്ചിരുന്ന നമ്മുടെയിടയിലേക്ക് വിധുവിന്‍റെ മാന്‍ഹോള്‍ ഒരു തീമഴയായി പെയ്തിറങ്ങിയതുമോര്‍ക്കുക. 'തോട്ടിപ്പണി' എന്നുള്ള വാക്ക് തന്നെ പ്രശ്നമാണ്. പല വിദേശരാജ്യങ്ങളിലും വളരെ സൂക്ഷ്മതയോടെയും കാര്യക്ഷമതയോടെയും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അന്തസ്സോടെ നിര്‍വ്വഹിക്കുന്ന ഒരു ജോലിയാണിത്. ഇവിടെ ഈ തൊഴിലുകള്‍ പലപ്പോഴും ജാതി അധിഷ്ഠിതമായി വ്യവഹരിക്കപ്പെടുന്നു എന്നതും തൊഴിലാളികള്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്നതുമാണ് സഫായി കര്‍മ്മചാരി ആന്ദോളന്‍ പോലുള്ള സംഘടനകളുടെ ഉദയത്തിന് കാരണമായത്.


സീവേജ്, സെപ്ടിക് ടാങ്ക് തുടങ്ങിയയിടങ്ങള്‍ മനുഷ്യര്‍ സ്വയം കയ്യാല്‍ വൃത്തിയാക്കുന്ന പ്രവൃത്തിയാണ് Manual scavenging. Scavenger എന്ന പദം നമ്മള്‍ പഠിച്ചിട്ടുണ്ട്. ഓര്‍മ്മ
യുണ്ടോ? സംഭവം ഒരു പ്രകൃതിപാഠം, പണ്ട് പ്രൈമറി ക്ലാസ്സില്‍ പഠിച്ച ഭക്ഷ്യ ശൃംഖല അഥവാ ഫുഡ് വെബ്. ചുരുക്കിപ്പറയാം. ഭക്ഷണം പാകം ചെയ്യുന്ന ഹരിതകമുള്ള സസ്യജാലങ്ങള്‍ (Autotrophs), അവയെ ഭക്ഷിക്കുന്ന സസ്യാഹാരികള്‍ (Herbivores), അവയെ തിന്നുന്ന മാംസഭോജികള്‍ (Carnivores),  ഇവയെയൊക്കെ ആഹരിക്കുന്ന (Decomposers), ഇതിനിടയില്‍ അന്നം കണ്ടെത്തുന്നതിനോടൊപ്പം പരിസര ശുചീകരണം നടത്തുന്ന Scavengers. ഇവയില്‍ ചിലരില്ലെങ്കില്‍, നമ്മളില്ല. ഇവയിലൊരു വര്‍ഗ്ഗം കൂടിയാലോ കുറഞ്ഞാലോ കുഴപ്പം, ഒരു സന്തുലനാവസ്ഥയില്‍ അങ്ങനെയങ്ങ് പോകുന്നു. കൂടുതലും മനുഷ്യരല്ലാത്തവര്‍. മിക്കവര്‍ക്കും വിശേഷ ബുദ്ധിയില്ലാത്തതിനാല്‍ ശ്രേണീബദ്ധതയും ഉച്ചനീചത്തങ്ങളും പറച്ചിലില്‍ മാത്രം. സിംഹരാജനും പ്രജകളുമെല്ലാം നമ്മുടെ സങ്കല്‍പങ്ങള്‍ മാത്രം.  മതമില്ല, ജാതിയില്ല, ഭാഷയില്ല, ഒരു കൂട്ടര്‍ മുകളിലും വേറൊരു കൂട്ടര്‍ താഴെയുമല്ല, പരസ്പരം കൊന്നും തിന്നും സഹകരിച്ചും ഒരു സൗഹാര്‍ദ ജീവിതം.



ഇത്രയും വെറുപ്പിച്ചില്ലേ? ഇനി കുറച്ച് പ്രതീക്ഷകള്‍ നിറയ്ക്കാം.



ലോകമൊട്ടാകെ (ഇന്ത്യയിലും) ഡൊമെസ്റ്റിക് വര്‍ക്കേഴ്സിന്‍റെ സാമൂഹ്യ നിലവാരം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നതാണ് പുതുവര്‍ത്തമാനം.  MyDidi, BookMyBai, TaskBob, LifeMaidEasy, NanoJobs തുടങ്ങിയ സേവന ദാതാക്കളെ നോക്കൂ. അടുക്കളപ്പണി, കുട്ടികളെയും വൃദ്ധരേയും നോക്കല്‍, തുണി നന, വീടും പരിസരവും വൃത്തിയാക്കല്‍, അങ്ങനെയങ്ങനെയുളള പണികള്‍ക്കൊക്കെ (അവരുടെ തന്നെ ഭാഷയില്‍ നാനോ ജോബ്സ്) പ്രൊഫഷണല്‍സിനെ എത്തിച്ചു കൊടുക്കുന്നവരാണിവര്‍. പുരുഷന്മാരും സ്ത്രീകളുമുണ്ട്  ഇവരുടെ ലിസ്റ്റില്‍. ഈ മേഖലയില്‍  അഭൂതപൂര്‍വമായ വളര്‍ച്ച രേഖപ്പെടുത്തുകയാണ് കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍. അന്തസ്സോടെ പ്രൊഫഷണലായി ചെയ്യാവുന്ന ജോലിയായി മാറിക്കൊണ്ടിരിക്കുന്നു ഇവയെല്ലാം തന്നെ.


BookMyBai അവരുടെ ഒരു തൊഴിലാളിക്ക് വാഗ്ദാനം ചെയ്യുന്നത് മാസം 16,000 രൂപയും, ആരോഗ്യ പരിരക്ഷയും മറ്റാനുകൂല്യങ്ങളുമാണ് എന്നാണറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലെ ലേബര്‍ ആന്‍ഡ് സ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഹൗസ് ഹോള്‍ഡ് വര്‍ക്കേഴ്സിന്‍റെ കുറഞ്ഞ കൂലി പ്രഖ്യാപിച്ചത്, 8 മണിക്കൂര്‍ ജോലിക്ക് 195 രൂപ. മറ്റു രംഗങ്ങളെ അപേക്ഷിച്ച് വളരെ കുറവ് തന്നെ, എങ്കിലും ഇവര്‍ക്കും സമൂഹം കരുതല്‍ കൊടുക്കുന്നുണ്ടല്ലോ. ഈ രംഗത്ത് demand-supply gap വളരെ വലുതാണെന്നാണ് വിദഗ്ധാഭിപ്രായം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഡൊമെസ്റ്റിക് വര്‍ക്കേഴ്സിനെ ഇത്തരം സംരംഭങ്ങള്‍ ഒരു Formal Economy യിലേക്ക് കൊണ്ടു വരുമെന്ന് പലരും പ്രത്യാശിക്കുന്നു. പക്ഷെ ഈ സംരഭകരെയൊന്നും കൃത്യമായി നിരീക്ഷിക്കാന്‍ പ്രാപ്തിയുള്ള സംവിധാനങ്ങളൊന്നും തന്നെയില്ല  എന്നതൊരു വലിയ പോരായ്മയാണ്.


ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ International Labour Organization (ILO) നിഷ്കര്‍ഷിച്ചിട്ടുണ്ട്. ILO 2011 ല്‍ DOMESTIC WORKERS CONVENTION നടത്തിയിട്ടുണ്ട്. Womenin Informal Employment: Globalizing and Organizing (WIEGO) തുടങ്ങിയ ചില ആഗോള നെറ്റ് വര്‍ക്കുകള്‍ ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അവരുടെ motto തന്നെ Empowering Informal Workers, Securing Informal Livelihoods എന്നതാണ്.


സ്മാര്‍ട്ട് വീടുകളും യന്ത്രമനുഷ്യരും


അമേരിക്കയിലും ദക്ഷിണ കൊറിയയിലും മറ്റും 'ഒരു വീട്ടില്‍ ഒരു റോബോട്ട്' എന്ന ആശയം വന്നിട്ട് കുറച്ച് കാലമായി. നമ്മളെ തിരിച്ചറിഞ്ഞു വാതില്‍ തുറക്കുന്ന, ഫാനും ലൈറ്റും ഇടാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന, ചായ ഇട്ടു തരുന്ന, തുണിയും പാത്രവും കഴുകുന്ന റോബോട്ടുകള്‍ മാത്രമല്ല, സ്മാര്‍ട്ട് ഹോമുകള്‍ വരെ വിപണി കീഴടക്കാനെത്തുകയാണ്. കേരളത്തിലെ യുവ എഞ്ചിനീയര്‍മാര്‍ അവതരിപ്പിച്ച മാന്‍ഹോള്‍ വൃത്തിയാക്കുന്ന Bandicoot എന്ന യന്ത്രമനുഷ്യനെ ഓര്‍ക്കുന്നില്ലേ? ‘Dehumanizing’ practice ആയ Manual scavenging ഒഴിവാക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നമുക്ക് ശുചിത്വ മിഷനില്‍ പ്രതീക്ഷയര്‍പ്പിക്കാം. ഈ വിഷയത്തില്‍ രണ്ട്  പ്രധാന നിയമങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. Employment of Manual Scavenging andConstruction of Dry Latrines Prohibition Act (1993) ഉം, Prohibition of Employment as ManualScavengers and their Rehabilitation Bill (2013) ഉം.


സാങ്കേതികവിദ്യകളുടെ വികസനം ഒക്കെ ഉണ്ടെങ്കിലും ചെറു ചെറു ജോലികള്‍ ചെയ്യുന്നവരെ നമുക്ക് പലയിടത്തും ആവശ്യമുണ്ട്. ഇവരെ വിശേഷിപ്പിക്കുന്ന പദങ്ങളും അവരുടെ ഉദ്യോഗപ്പേരും (designation) മാത്രം മാറിയാല്‍ പോരാ, ഇവരോടുള്ള മനോഭാവവും മാറണം. ഇവര്‍ ചെയ്യുന്ന ജോലിയെ ബഹുമാനിക്കാനും ഇവരെ സഹജീവികളായി കാണാനും സാധിക്കണം. ഇവര്‍ക്ക് നല്ല സേവന-വേതന വ്യവസ്ഥകള്‍ വേണം. ഇവരുടെ ജീവിത നിലവാരം മറ്റുള്ളവരോടൊപ്പം തന്നെ ഉയരണം. ആള്‍ക്കൂട്ട അസഹിഷ്ണുതകള്‍ക്കിരയാവുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും മറ്റൊന്നല്ല ഓര്‍മ്മിപ്പിക്കുന്നത്. നമുക്ക് കാത്തിരിക്കാം. കാലം മാറുകയാണ്. ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപക/ന്‍, വക്കീല്‍, പത്രപ്രവര്‍ത്തക/ന്‍, കലാകാരന്‍/കലാകാരി, കര്‍ഷക/ന്‍, കച്ചവടക്കാര്‍ എന്നിവരെപ്പോലെത്തന്നെ ചെറുവേലയെടുക്കുന്നവരും നമുക്ക് വേണം, ഇവര്‍ക്ക് മറ്റെല്ലാവരെയും പോലെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും. ഇവര്‍ക്ക് അന്തസ്സോടെ ജോലി ചെയ്യാന്‍ സഹായകമായ സാങ്കേതിക വിദ്യകളും ഒഴിവാക്കാനാവില്ല. അപ്പോഴേ inclusive development സാധ്യമാകൂ. അങ്ങനെയെങ്കില്‍ ആതിരമാര്‍ (ആതിരന്മാരും) എന്തിന് unmotivated ആവണം? പക്ഷെ ഇതൊന്നും ബാലവേലയെ സാധൂകരിക്കുന്നില്ല കേട്ടോ.






ILOCampaign: Decent Work for Domestic Workers begins at home












വേലക്കാരനോ മെയിഡോ ഒക്കെ default ആയി ഉണ്ടാവട്ടെ എന്നും ഇവരെങ്ങനെയെങ്കിലും ജീവിക്കട്ടെയെന്നുമാണഭിപ്രായമെങ്കില്‍, തല്‍ക്കാലം കണ്ണടച്ചിരുട്ടാക്കാം. പണ്ടെങ്ങാണ്ടോ സേവനദിനത്തില്‍ യുപി സ്കൂളിലെ മൂത്രപ്പുര വൃത്തിയാക്കിയതിന്‍റെ സ്മരണകള്‍ അയവിറക്കിയിരിക്കാം. സ്വന്തം തുണി കഴുകിയിടാത്ത, ഒരു ചായ ഗ്ലാസ്സ് പോലും മോറാനറിയാത്ത ഉത്തമ പുരുഷനായിരിക്കാം. വേലക്കാരുടെയോ അല്ലെങ്കില്‍ (പുതുപ്പെണ്ണിന്‍റെയോ!) സ്നേഹസ്പര്‍ശനത്തിനായി ദാഹിച്ചിരിക്കുന്ന നമ്മുടെ വൃത്തികെട്ട bachelors’ den കളെ ഇവര്‍ക്കായി റിസര്‍വ് ചെയ്യാം. സുജാതമാരുടെ ചേരികളില്‍ സഹതാപം വിതറാം. 
Disclaimer: ഇത് വായിച്ചിട്ട് ഐഎഎസ് മോഹികകളാരെങ്കിലും
unmotivated ആയാല്‍ ഉത്തരവാദി ഇതെഴുതിയവന്‍ മാത്രമായിരിക്കും.

കൂടുതല്‍ വായനക്ക്:












               



  






2018 ഫെബ്രുവരി 26, തിങ്കളാഴ്‌ച

സെല്‍ഫി

വളഞ്ഞ് പിടിച്ച്, കെട്ടിയിട്ട്, സെല്‍ഫിയെടുത്ത്, തല്ലിക്കൊന്നു കളഞ്ഞല്ലോഡോ.
പണ്ടേ കണ്ടു കഴിഞ്ഞൂ. 

വിശന്നു വലഞ്ഞു മോഷ്ടിച്ചു പെട്ടുപോയതല്ലെങ്കിലും അട്ടപ്പാടി വികസനം വീണ്ടും ചര്‍ച്ചയാകുന്നു. ഐ. ടി. ഡി. പി. അവിടേയ്ക്ക് പുതിയ മേധാവിയെ തേടുന്നു! കിര്‍ത്താഡ്‌സും ജനശ്രദ്ധയിലേക്ക്. മുഖ്യമന്ത്രി വരുന്നു, ഭക്ഷ്യധാന്യ വിതരണം, തൊഴിലുറപ്പ്, ഭൂമി വാഗ്ദാനം, സ്ഥിരം ചടങ്ങുകള്‍, പൊടിപൂരം തന്നെ.

എന്ന പോസ്റ്റിന്‍റെ പ്രസക്തി നഷ്ടമാവുന്നില്ല.  ചിലത് പ്രവര്‍ത്തനക്ഷമമാകുവാന്‍ രക്തസാക്ഷികള്‍ കൂടിയേ തീരൂ. 

2018 ഫെബ്രുവരി 19, തിങ്കളാഴ്‌ച

ആരോഗ്യത്തിന് ഹാനികരം

പുകയില, മദ്യം, മയക്കുമരുന്ന്  എന്നീ ലഹരികള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യം കട്ടപ്പൊക.  അവരെല്ലാം ഇഞ്ചിഞ്ചായി മരണപ്പെട്ടേക്കാം. 

എന്നാല്‍ മതം, മതം പെറ്റ ദൈവം എന്നീ ലഹരികള്‍ അതിലും കൊല മാസ്സാണ്. അവ ഉപയോഗിക്കുന്നവരുടെ മാത്രമല്ല, അവരുടെ തലമുറയുടെയും, അവരുടെ തന്നെ വരാനിരിക്കുന്ന തലമുറകളുടെയും സമൂഹത്തിന്‍റെയും ആരോഗ്യത്തെ വളരെ ഹാനികരമായി ബാധിക്കും.

(ആരോഗ്യം എന്നാല്‍ മാനസികാരോഗ്യം എന്നു കൂടി വിവക്ഷ).

"പുകവലി, മദ്യപാനം എന്നിവ ആരോഗ്യത്തിന് ഹാനികരം" എന്ന് സ്ക്രീനില്‍ എഴുതിക്കാണിക്കുന്ന പോലെ തന്നെ, "മത-ദൈവവിശ്വാസം ആരോഗ്യത്തിന് ഹാനികരം" എന്നു കൂടി ചേര്‍ക്കാന്‍ വകുപ്പുണ്ടോ?

ചിന്തയുറയ്ക്കാത്ത പിഞ്ചുകുഞ്ഞുങ്ങളെ വരെ കുറിയും തൊടീച്ച് മുക്തി തെണ്ടാന്‍ കൊണ്ടു നടക്കുന്നത് കാണുമ്പോള്‍, ഇതെഴുതാതെ നിവൃത്തിയില്ല ഹേ!


By 2050, ours may be a developed country in many senses, but a nonsense, religiovores' den,  മതം തിന്നു ജീവിക്കുന്നവരുടെ, മതഭോജികളുടെ ഒരു മട!

2018 ഫെബ്രുവരി 13, ചൊവ്വാഴ്ച

ഘോഷയാത്ര റീ ലോഡഡ്‌

ദിശാബോധമില്ലാത്ത ഘോഷയാത്ര 

ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, ചിലത് ചെയ്തും   

രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ എന്നത്തെയും പോലെ നിറമുള്ള കൊടികള്‍ക്ക് കീഴെ അണി നിരക്കുന്നതോ, പഞ്ചായത്ത് മെമ്പറോ, എം. എല്‍. എ. യോ, എം. പി. യോ ആവുന്നതോ, കുടുംബശ്രീയില്‍ അംഗമാകുന്നതോ, സമുദായോദ്ധാരണ പ്രവൃത്തികളില്‍ വ്യാപൃതരാകുന്നതോ ആണെന്ന് ധരിച്ചു വച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സുഹൃത്തുക്കളെ, വര്‍ത്തമാന കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കുട്ടികളെ വളര്‍ത്തുകയാണ്, ക്ഷമിക്കണം, അവരെ വളരാനനുവദിക്കുകയാണ്, ആവുന്നിടത്തോളം കാലം അവരുടെ ചങ്ങാതിമാരാവുകയാണ്. സമൂഹം വരച്ചിരിക്കുന്ന തരാതരം കള്ളികളില്‍  മതത്തിന്‍റെ, ജാതിയുടെ, സ്റ്റാറ്റസുകളുടെ അങ്ങനെയങ്ങനെ നിരവധി വലകളിലാവാന്‍ അവരെ വിടാതിരിക്കുന്നതാണ് മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം. വിശ്വാസപ്രമാണങ്ങളും മാമൂലുകളും അടിച്ചേല്‍പ്പിക്കപ്പെടാത്ത, സ്വതന്ത്രമായി ചിന്തിക്കുന്ന, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള യുവതയെ വാര്‍ത്തെടുക്കുന്നവര്‍ തന്നെയാണ് മികച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇതിലെ എന്‍റെ പരാജയം എന്‍റെ രാഷ്ട്രീയപരാജയമായും  എന്നാല്‍ വാര്‍ത്തെടുക്കപ്പെടുന്നവരുടെ അതിദയനീയ സാമൂഹ്യപരാജയവുമായി കാലം ഒരു പക്ഷെ വിലയിരുത്തിയേക്കാം. സൂക്ഷിക്കുക, ഞാനും, ഒപ്പം നീയും. വാര്‍പ്പുപണിക്കാരേ (കക്കട്ടില്‍ മാഷിനോട് കടപ്പാട്), സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

2016ല്‍ കേരള സംസ്ഥാനത്തിന്‍റെ ഷഷ്ഠിപൂര്‍ത്തി നിറവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. ആര്‍. വി. ജി. മേനോനുമായുള്ള ഒരു സംഭാഷണം മാതൃഭൂമി വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു (ഒക്ടോബര്‍ 9, 2016). കുട്ടികളുടെ അഭിരുചികള്‍ക്ക് ഒട്ടുമേ വിലയില്ലെന്നും എഞ്ചിനീയറിംഗ് മെഡിസിന്‍ കാര്യങ്ങളില്‍ കേവല ഭ്രമം വിട്ട് ഒരു തരം മാനസിക അടിമത്തത്തിലാണ് കേരള ജനതയെന്നും അദ്ദേഹം വീക്ഷിക്കുന്നു. വിദ്യാഭ്യാസ കച്ചവടം, സ്വാശ്രയ സ്ഥാപനങ്ങളുടെ പെരുപ്പം, അവരെല്ലാവരും കൂടി വര്‍ഷാവര്‍ഷം പെരുവഴിയിലറക്കി വിടുന്ന തൊഴിലില്ലാപ്പടയുടെ വലിപ്പം, പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച, അധ്യാപകവിദ്യാര്‍ഥി ബന്ധത്തിന്‍റെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ സംഭാഷണം എഞ്ചിനീയര്‍മാരേയും ഡോക്ടര്‍മാരേയും മാത്രം പ്രസവിക്കാന്‍ കൊതിക്കുന്ന ഒരമ്മയായി ഒരു ദേശം മാറുന്നതിലുള്ള അപകടം പറഞ്ഞു തരുന്നുണ്ട്.

പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച നമ്മളേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിക്കുകയും അത് എത്രയും സൗജന്യമാക്കാമോ അത്രയും സൗജന്യമായി കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ എന്താണ്? കുട്ടികളില്ലാതെ പലതും പൂട്ടുന്നു. ഒരുപാട് ചര്‍ച്ചകള്‍ ചെയ്ത കാര്യം തന്നെ, വഞ്ചി തിരുനക്കരെ തന്നെയും. നവകേരള മിഷന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പ്രതീക്ഷ ഇല്ലാതില്ല, പക്ഷെ സര്‍ക്കാര്‍ ശ്രമിച്ചതു കൊണ്ടാവുമോ? ഞാനും ശ്രമിക്കേണ്ടേ?

ഗര്‍ഭകാലത്ത് തന്നെ കുട്ടി ആണെന്നോ പെണ്ണെന്നോ ഉറപ്പിച്ച് കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വക്കുന്ന അതേ മനോഭാവത്തോടെ തന്നെ കുട്ടിക്ക് രണ്ട് വയസ്സാവുന്നതിനും മുന്‍പേ എല്‍. കെ. ജി., യു. കെ. ജി. സ്കൂളുകള്‍ (അതും സി. ബി. എസ്. സി. ഇംഗ്ലീഷ് മീഡിയം) കണ്ടു വക്കുകയും അവിടത്തേക്കുള്ള ഡെപ്പോസിറ്റും ഡോണേഷനും സ്വരുക്കൂട്ടുകയും ചെയ്യുന്നു മാതാപിതാക്കള്‍. എല്‍. കെ. ജി. യില്‍ കുട്ടി എത്തിപ്പെട്ടാലോ? രാവിലെ ആറര മുതല്‍, ക്ലാസ് തുടങ്ങുന്ന എട്ടു മണി വരെ സ്കൂള്‍ ബസ്സിലെ ആന്‍റിക്കും, എട്ടു മുതല്‍ പതിനൊന്നു, പന്ത്രണ്ടു വരെയോ മൂന്ന്, നാല്  മണി വരെയോ ക്ലാസ് ടീച്ചര്‍ക്കും അതിനു ശേഷം വീണ്ടും സ്കൂള്‍ ബസ്സിലെ ആന്‍റിക്കും, വീട്ടിലെത്തിയാല്‍ വൈകിട്ട് വരെ അപ്പൂപ്പനും അമ്മൂമ്മക്കും കുട്ടിയുടെ ചാര്‍ജ്ജ് ഏല്‍പ്പിച്ച് താന്താങ്ങളുടെ ഔദ്യോഗിക തിരക്കിലേക്ക് തിരക്കിട്ട് പോകുന്ന രക്ഷാകര്‍ത്തൃത്വം. പിന്നീട് ഒന്നാം ക്ലാസിന്‍റെ കാര്യത്തിലും കുട്ടി പത്താം ക്ലാസിലെത്തുമ്പോഴും ഇതേ വേവലാതി, ശരാശരി മലയാളിക്ക്! പ്ലസ്റ്റുവിലെത്തുമ്പോള്‍ അവിടെ മേമ്പൊടിയായി ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ്ങുമുണ്ട്. ഫലമോ? ജീവിക്കാന്‍ 'കാശ്, ദുട്ട്, പണം, മണി, മണി' എന്ന് മാത്രം വിശ്വസിക്കുന്ന;  രാഷ്ട്രീയസാമൂഹ്യ ബോധം കുറഞ്ഞു വരുന്ന ഒരു യുവത. എല്ലാ അകംപുറം പണികള്‍ക്കും പണിക്കാരെ തേടുന്ന എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും അടങ്ങുന്ന ഒരു തലമുറ. അധ്വാനം വേണ്ട പണികള്‍ക്കെല്ലാം തമിഴനോ ബംഗാളിയോ വേണം, എന്നാലോ? അത്യധ്വാനം കൈമുതലാക്കിയിട്ടും കേറിക്കിടക്കാന്‍ കൂര പോലുമില്ലാത്ത അവരെ പരമപുച്ഛമാണ് താനും. തന്‍റെ കിണ്ണത്തിലേക്ക് ആവശ്യമുള്ളതൊക്കെ 'മറുനാട്ടില്‍ നിന്നും വണ്ടി കേറി ഇങ്ങെത്തിക്കൊള്ളും' എന്നുറച്ചു വിശ്വസിച്ച്, തന്‍റെ പേരിലുള്ള മണ്ണ് മുഴുവന്‍ കഷണം കഷണമാക്കി വിറ്റ് കാശാക്കുകയോ, അവിടെ കടം വാങ്ങി, മതിലുകളും കോടികളുടെ രമ്യ ഹര്‍മ്മങ്ങളും പണിഞ്ഞ് അതിനുള്ളില്‍ അടയിരിക്കുകയോ ചെയ്യുന്ന ശരാശരി മലയാളി ധാര്‍ഷ്ട്യം അലങ്കാരമായുണ്ട്. ചരക്ക് ലോറി സമരം പ്രഖ്യാപിച്ചാല്‍, കടകള്‍ അടഞ്ഞു കിടന്നാല്‍, എ. ടി. എമ്മുകള്‍ കാലിയായാല്‍, ജീവിതം വഴിമുട്ടുന്ന; തങ്ങളെത്തന്നെ കമ്പോളവ്യവസ്ഥക്ക് തീറെഴുതിക്കൊടുത്ത ജീവിതങ്ങള്‍. മതത്തിന്‍റെയും ജാതിയുടെയും രാഷ്ട്രീയവിശ്വാസങ്ങളുടെയും പേരില്‍ തമ്മില്‍ത്തമ്മില്‍ കൊന്നു തീര്‍ക്കുന്ന ഒരു ജനത. എല്ലാ ജൂണ്‍ അഞ്ചാം തീയതിയും ഒരേ കുഴിയില്‍ത്തന്നെ വൃക്ഷത്തൈകള്‍ വീണ്ടും വീണ്ടും നട്ട് സെല്‍ഫിയെടുക്കുന്ന  പരിസ്ഥിതി സ്നേഹികളായ, ട്രാഫിക് നിയമങ്ങള്‍ അടക്കം ജുഡീഷ്യറിക്ക് പുല്ലു വില കല്‍പ്പിക്കുന്ന യൗവ്വനങ്ങള്‍; ചുംബന സമരമുണ്ടെന്ന വാര്‍ത്ത കേട്ടാല്‍, "ചുംബിക്കാനുള്ളവരെ നമ്മള്‍ കൊണ്ടു പോകണോ അതോ അവിടെ കിട്ടുമോ?" എന്നു വരെ ചോദിക്കാന്‍ മടിയില്ലാത്ത, ടീച്ചര്‍മാരുടെ അരക്കെട്ട് നോക്കി കണ്ണ് മിഴിക്കുന്ന "ചങ്ക്സുകള്‍". സാമാന്യവല്‍ക്കരിക്കുകയല്ല, വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അറിവും വിവേകവും മനുഷ്യത്വവും രാഷ്ട്രീയസാമൂഹ്യ ബോധവും ഉള്ളവര്‍; വിദ്യാഭ്യാസത്തെ ഉയര്‍ന്ന തലങ്ങളിലേക്കുയര്‍ത്തിയ, അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനത്തിലേക്കെത്തിച്ച ഒരുപാട് പേര്‍. പരിസ്ഥിതി സഹയാത്രികര്‍; വീടുകളില്‍, സ്കൂളുകളില്‍ മണ്ണറിഞ്ഞു കൃഷി ചെയ്യുന്നവര്‍; പൊതു പ്രവര്‍ത്തകര്‍; അവര്‍ക്ക് വെളിച്ചമായി, തണലായി അവരുടെ മാതാപിതാക്കളും. സ്വതന്ത്രമായി ചിന്തിക്കുന്ന, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള, 'മതമില്ലാത്ത ജീവന്മാരായി' കുട്ടികളെ വളര്‍ത്തുന്നവരും ഇപ്പോളും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നവരും വളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ധാരാളമുണ്ടിവിടെ.

പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍. കെ. ജി. യിലും യു. കെ. ജി. യിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയും 'പാവപ്പെട്ടവന്‍റെ' സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ത്തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിട്ടവും മാറ്റിയെടുക്കേണ്ടവ തന്നെയല്ലേ? ഇനി അങ്ങനെയല്ല എങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരവും അവിടത്തെ ടീച്ചര്‍മാരുടെ യോഗ്യതകളും, മറ്റ് പ്രൈവറ്റ് സ്കൂളുകളുടേതിനെ അപേക്ഷിച്ച് തുലോം കുറവാണെന്ന് അവരും കൂടെ സര്‍ക്കാരും സമ്മതിക്കട്ടെ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. 2017 മേയ് മാസം രണ്ടാം വാരത്തിലെ ഒരു ദിവസം, മാതൃഭൂമി ദിനപ്പത്രം അതിന്‍റെ നല്ലപാഠം വിദ്യാഭ്യാസ  പദ്ധതിയുടെ സചിത്ര പരസ്യം പിറകിലെ പകുതി പേജില്‍  കൊടുത്തപ്പോള്‍, ഒരു സര്‍ക്കാര്‍ എല്‍. പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് അതിലൂടെ തന്‍റെ വിദ്യാര്‍ഥികളുടെ  അവസ്ഥ വിവരിച്ചിരിക്കുന്നത് വായിച്ചിരുന്നോ? വന്‍ തമാശയാണ്. "പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അതിനു വേണ്ട യാതൊന്നും ഇല്ലാത്തവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. നല്ലപാഠം പദ്ധതിയിലൂടെ അവര്‍ക്കും  ഇപ്പോള്‍ നന്നായി പഠിക്കാന്‍ കഴിയുന്നു, നല്ലൊരു ഭാവി സ്വപ്നം കാണാന്‍ കഴിയുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഈ വര്‍ഷവും അവര്‍ക്കു  വേണ്ട സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു". 'ഇവിടെ യാതൊന്നും ഇല്ലാ, ഇല്ലാ' എന്ന് സര്‍ക്കാരിനോട് പറഞ്ഞു മടുത്തിട്ടായിരിക്കുമല്ലെ അവസാനം ദിനപ്പത്രം കനിഞ്ഞപ്പോള്‍ അവരിത്ര സന്തോഷിക്കുന്നത്? ഇത് വായിക്കുന്ന, കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള ആരെങ്കിലും തന്‍റെ മക്കളെ  സര്‍ക്കാര്‍ സ്കൂളില്‍ വിടുമോ? ഒരുപക്ഷെ, പരസ്യമായത് കൊണ്ട് പത്രം തന്നെ കുറച്ച് ഓവറാക്കിയതായിരിക്കുമോ? പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ പുറത്തു നിന്നും സംഭാവന വാങ്ങുന്നത് ശരിയെങ്കില്‍ അത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യുന്നതല്ലേ ഉചിതം? ഓരോരോ സ്കൂളുകളുടെ പേരില്‍ എന്തിന് പരസ്യങ്ങള്‍ വരണം?

കുട്ടികളുടെ മാര്‍ക്കറ്റിംങ്ങ് എക്സിക്യുട്ടീവുകളാണ് മാതാപിതാക്കള്‍ പലപ്പോഴും. Helicopter parenting എന്നൊരു സംഗതി ഈയിടെ വായിച്ചു. തങ്ങളുടെ മക്കളുടെ പിറകെ ക്യാമറ കണ്ണുകളുമായി ഒരു
Helicopter പോലെ ചുറ്റിയടിച്ച് അവരെ സദാ surveillance ല്‍ ആക്കുന്ന വിദ്യയാണത്. പെണ്‍കുട്ടിയെങ്കില്‍ പറയേണ്ടല്ലോ പുകില്‍! മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കി,  ജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെയാണ് ഇവിടെ ചികില്‍സിക്കേണ്ടത്.

വേറൊരു സംഭാഷണത്തിലേക്ക് വരാം. മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, ഒക്ടോബര്‍ 9, 2016. അവിടെ ഡോ. എം. ജി. എസ്. നാരായണനാണ്. ജാതിയുടെയും മതത്തിന്‍റെയും മറ്റ് ജീര്‍ണിച്ച സാമൂഹ്യാവസ്ഥകളുടേയും തടങ്കലില്‍, കാപട്യവും ആത്മവഞ്ചനയും വര്‍ധിച്ച അവസ്ഥയില്‍ ഒരു ഹിപ്പോക്രാറ്റായിട്ടാണ് ഓരോ മലയാളിയും തന്‍റെ ജീവിതം ജീവിച്ച് തീര്‍ക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കേരളം ഒരു Secular ദേശമല്ല എന്നും രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും വിഭിന്നമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സ്ത്രീകളുടെയും ആദിവാസികളുടേയുമൊക്കെ ഏറെ പരിതാപകരമായ ജീവിതങ്ങള്‍, കേരളം ഒരു ആധുനിക സമൂഹമാവാത്തതിന്‍റെ തെളിവുകള്‍ തന്നെയത്രെ. നമ്മുടെ പൊതുമനോഭാവം സ്ത്രീവിരുദ്ധവുമാണ്. സംസ്കാര നവീകരണത്തിനാവശ്യമായ വിദ്യാഭ്യാസത്തിന്‍റെ കുറവും നമ്മുക്കുണ്ടെന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് പക്ഷെ, പുതു തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്.
തന്‍റെ മാത്രം ജീവിതം 'സെറ്റില്‍ ആന്‍ഡ് സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നമാണ് ഇവിടെ ചികില്‍സിക്കപ്പെടേണ്ടത്. അഥവ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ (അല്ലെങ്കില്‍ ഇതിനൊക്കെ താല്‍പ്പര്യമില്ലാത്തവരെ) ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ. ഒരു മതത്തിലും ജാതിയിലും പെടാതെയും കക്ഷിരാഷ്ട്രീയത്തിന്‍റെ തണലിലല്ലാതെയും ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും മതത്തിലില്ലാത്ത ജീവന്മാരായി വളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങളും നിഷ്കരുണം തള്ളിക്കളയപ്പെടേണ്ടത് തന്നെ. സംസ്കാരത്തെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും അലറിക്കൊണ്ട്; ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ഒറ്റ നൂലില്‍ കെട്ടി, വാക്കുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ഒരു പുതിയ തലമുറയുടെ മുഴുവന്‍ തലച്ചോറിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടേണ്ടത് തന്നെ.

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ഈ ഉത്തരവാദിത്തങ്ങള്‍ മനസ്സിരുത്തി ഒന്നു കൂടി വായിച്ചോളൂ:




It shall be the (fundamental) duty of every citizen of India


1) to promote harmony and the spirit of common brotherhood amongst all the people of India transcending religious, linguistic and regional or sectional diversities; to renounce practices derogatory to the dignity of women;

2) to develop the scientific temper, humanism and the spirit of inquiry and reform;

3) to safeguard public property and to abjure violence

വാര്‍പ്പുപണിക്കാരേ, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. 

ശാന്തിക്കാരന്‍



ഒരു ദിവസം 

അമ്മ: തൃശ്ശൂര്ന്നും അവര് വിളിച്ചാല്‍ താല്പര്യമില്ലാന്നന്നെ പറഞ്ഞോളൂ ട്ടോ. ശാന്തിക്കാരന്റെ കൂടെ കാലം കഴിക്കാനാര്‍ന്നെങ്കി അവളെ എമ്മെസ്സി വരെ വിടണ്ടായിരുന്നല്ലോ?

അച്ഛന്‍: കൊല്ലത്തെ ആ ഇന്‍ഫോസിസ് പയ്യന്‍റെ ജാതകം കഷ്ട്ടി പിഷ്ട്ടി ഒപ്പിക്കാന്നാ വാര്യര് പറേന്നെ. അവരെ ഒന്നങ്ങ്ട് വിളിച്ച് നോക്കാം. 

അമ്മാവന്‍: 😐