വാട്ട്സ് ആപ്പിലും
ഫേസ് ബുക്കിലും പ്രചരിക്കുന്ന ചില നിര്‍ദ്ദോഷങ്ങളായ തമാശകളെപ്പറ്റി ചില ചിന്തകള്‍.
ഒരു സാമ്പിള്‍ തമാശയിതാ:
പത്രോസ് ചേട്ടൻ പുതിയ കാറു വാങ്ങി; ഹൈവേയിൽ പത്രാസിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുകയായിരുന്നു. സൈറൻ മുഴക്കി പോലീസ് ജീപ്പ് പിറകെയെത്തി. സ്പീഡു കൂട്ടിയിട്ടും ജീപ്പ് പിറകെ വന്നുകൊണ്ടിരുന്നു. പിന്നെ അയാളോർത്തു. എത്ര നേരം ഇങ്ങനെ ഓടും. വരുന്നത് വരട്ടെ പാതയുടെ അരികു ചേർത്ത് കാറ് നിർത്തി. പോലീസ് ഇൻസ്പെക്ടർ അരികിലെത്തി. ചോദ്യം ചെയ്യാൻ തുടങ്ങി.
അല്പം
സരസനായിരുന്ന ഇൻസ്പെക്ടർ പറഞ്ഞു 'ഓഫീസിൽ പോകാൻ ലേറ്റ് ആയി എന്ന് പറയരുത്... അമ്മായി അച്ഛൻ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്നും പറയരുത്......സാധാരണ കേൾക്കാത്ത ഏതെങ്കിലും കാരണം ഉണ്ടെങ്കിൽ പറഞ്ഞോളൂ. ചാർജ് ചെയ്യാതെ വിടാം". പത്രോസ് ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് പറഞ്ഞു "സാർ എന്റെ ഭാര്യ ഒരു വർഷം മുമ്പ് ഒരു പോലീസ് ഇൻസ്പെക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി. ജീപ്പ് പിന്തുടർന്നു വരുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഭാര്യയെ തിരികെ ഏൽപ്പിക്കാനാണെന്ന് " ഇൻസ്പെക്റ്റർ പൊട്ടിച്ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.
******************
ഇനി ചിന്തകള്‍ വരട്ടെ:
തമാശ ആസ്വദിച്ചോ? എന്നു ചോദിച്ചാൽ, ഇല്ല എന്നു ഖേദത്തോടെ തന്നെ പറയേണ്ടി വരും. ഇതിൽ ഒളിച്ചിരിക്കുന്ന സ്ത്രീവിരുദ്ധത തന്നെ കാരണം. ഒളിച്ചോടിപ്പോകുന്ന, പിന്നീട് 'തിരിച്ചേല്‍പ്പിക്ക'പ്പെടുന്ന (!) ഭർത്താക്കന്മാരെപ്പറ്റി അധികം കേൾക്കാറില്ല കേട്ടോ.ഭാര്യ എന്നാൽ തന്റെ കീഴിൽ ജീവിക്കേണ്ടവളാണെന്നും, യൂസ് ലസ് ആണെന്നും, ചുമ്മാ അങ്ങ് ഒളിച്ചോടിപ്പോയേക്കുമെന്നും, തിരിച്ചുവരുന്നതിനെ പേടിക്കണമെന്നും ധ്വനിയുള്ള, വളരെ നിർദ്ദോഷമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്നതുമായ ഇത്തരം തമാശകൾ ഇതു വായിക്കുന്ന ആൺകുട്ടികളെ എങ്ങനെ സ്വാധീനിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.