ഈ കുഞ്ഞു ജീവിതം കൊണ്ട്
വെല്ലുവിളിക്കേണ്ടതെന്തിനെയൊക്കെ എന്നുള്ള ചില ബോധ്യങ്ങള്‍ കൂടുതല്‍ ഉറച്ചു തുടങ്ങി, പുതുവല്‍സരത്തില്‍
വഴിയോര പച്ചക്കറിക്കടയില്‍ നിന്നും വില പേശി ‘വില കൂടിയ’ പച്ചക്കറികള്‍ ചുളുവിലക്ക് തരമാക്കി, കൂട്ടാനും ഉപ്പേരിയും വച്ച്, അതുകൂട്ടി മറുനാട്ടില്‍ വിളഞ്ഞു കുത്തിയ ചോറ് മൃഷ്ടാന്നം വെട്ടി വിഴുങ്ങിയ ശേഷം “കൃഷി കൊണ്ടൊന്നും ഇക്കാലത്ത് ജീവിക്കാന്‍ പറ്റില്ല” എന്നുറക്കെ പ്രഖ്യാപിക്കുന്ന ശരാശരി മലയാളിയുടെ ധാര്‍ഷ്ട്യത്തെ;
പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍കെജിയിലും യുകെജിയിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയെയും ‘പാവപ്പെട്ടവന്‍റെ’ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിഷ്ടത്തെയും;
മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കി, ജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെ;
ജീവിതം 'സെറ്റില്‍ ആന്‍ഡ് സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നത്തെ (അഥവാ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ);
ഒരു മതത്തിലും ജാതിയിലും പെടാതെ ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും ‘മതമില്ലാത്ത ജീവന്മാരായി’ വളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങളെ;