2016 ഫെബ്രുവരി 20, ശനിയാഴ്‌ച

കണ്ണികള്‍ പൊട്ടിക്കപ്പെടാനുള്ളതാണ്



ജീവിതത്തിന്‍റെ മധുരസംവല്‍സരങ്ങള്‍ മുഴുവനും തമ്പ്രാക്കള്‍ക്ക്‌ വേണ്ടി പണയപ്പെടുത്തിയവരേ...

ജന്മം കൊണ്ടു മാത്രം തമ്പ്രാക്കണ്ണിയില്‍ ഇഴചേര്‍ത്തതായി മുദ്രചാര്‍ത്തപ്പെട്ടതിന്‍റെ നൊമ്പരത്തോടെ, തലകുനിച്ചുള്ള അഭിവാദ്യങ്ങള്‍.  

'അടിമപ്പെടുത്താന്‍ തീവ്രമായി ആഗ്രഹിക്കുന്നവരോ, അടിപ്പെടാന്‍ ജന്മം കൊണ്ട് മാത്രം നിയുക്തരായവരോ, ആരാണ് ആദ്യം മാറേണ്ടത്'? എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു. ഒപ്പം നിന്ന് മാറേണ്ടതിന്‍റെ, വികസിക്കേണ്ടതിന്‍റെ  ആവശ്യകത മനസ്സിലാക്കാന്‍ പറ്റാത്ത വിധം അന്തരീക്ഷം സംഘര്‍ഷഭരിതവുമായിരിക്കുന്നു. 

ചില കണ്ണികള്‍ പൊട്ടിക്കപ്പെടാനുള്ളതാണ്, അവ പൊട്ടുക തന്നെ ചെയ്യും. 


ഫെബ്രുവരി 20, 2016

2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ചില ചില പുതുവല്‍സര ബോധ്യങ്ങള്‍


ഈ കുഞ്ഞു ജീവിതം കൊണ്ട് വെല്ലുവിളിക്കേണ്ടതെന്തിനെയൊക്കെ എന്നുള്ള ചില ബോധ്യങ്ങള്‍ കൂടുതല്‍ ഉറച്ചു തുടങ്ങി, പുതുവല്‍സരത്തില്‍

തന്‍റെ കിണ്ണത്തിലേക്ക് ആവശ്യമുള്ളതൊക്കെ 'മറുനാട്ടില്‍ നിന്നും വണ്ടി കേറി ഇങ്ങെത്തിക്കൊള്ളും' എന്നുറച്ചു വിശ്വസിച്ച്, തന്‍റെ പേരിലുള്ള മണ്ണ് മുഴുവന്‍ കഷണം കഷണമാക്കി വിറ്റ് കാശാക്കുകയോ, അവിടെ കടം വാങ്ങി, മതിലുകളും കോടികളുടെ രമ്യ ഹര്‍മ്മങ്ങളും പണിഞ്ഞ് അതിനുള്ളില്‍ അടയിരിക്കുകയോ ചെയ്യുന്ന ശരാശരി മലയാളിയുടെ ധാര്‍ഷ്ട്യത്തെ;     

വഴിയോര പച്ചക്കറിക്കടയില്‍ നിന്നും വില പേശി ‘വില കൂടിയ’ പച്ചക്കറികള്‍ ചുളുവിലക്ക് തരമാക്കി, കൂട്ടാനും ഉപ്പേരിയും വച്ച്, അതുകൂട്ടി മറുനാട്ടില്‍ വിളഞ്ഞു കുത്തിയ ചോറ് മൃഷ്ടാന്നം വെട്ടി വിഴുങ്ങിയ ശേഷം “കൃഷി കൊണ്ടൊന്നും ഇക്കാലത്ത് ജീവിക്കാന്‍ പറ്റില്ല” എന്നുറക്കെ പ്രഖ്യാപിക്കുന്ന ശരാശരി മലയാളിയുടെ ധാര്‍ഷ്ട്യത്തെ;    


പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍കെജിയിലും യുകെജിയിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയെയും ‘പാവപ്പെട്ടവന്‍റെ’ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിഷ്ടത്തെയും; 


മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കി,  ജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെ;  


ജീവിതം 'സെറ്റില്‍ ആന്‍ഡ്‌ സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നത്തെ (അഥവാ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ); 


ഒരു മതത്തിലും ജാതിയിലും പെടാതെ ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും ‘മതമില്ലാത്ത ജീവന്മാരായി’ വളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങളെ;  

2015 നവംബർ 16, തിങ്കളാഴ്‌ച

ഒരു കൊച്ചു ബോധോദയത്തിന്‍റെ അന്ത്യം

ഇതൊരുപാട് നാള്‍ മുമ്പെഴുതിയതാണ്, പബ്ലിഷണോ, വേണ്ടയോ? എന്ന്‍ ചിന്തിച്ച് ഡ്രാഫ്റ്റില്‍ കിടത്തിയതാണ്. ഇപ്പോള്‍ തോന്നുന്നു, ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, ചിലവ എഴുതിയും. നിന്ന നില്‍പ്പില്‍ തട്ടിപ്പോയാല്‍ പിന്നെ ഡ്രാഫ്റ്റ്‌ ആര് വായിക്കും? ചിന്തകള്‍ ആര് മനസ്സിലാക്കും?

(അമ്പോ എന്തൊരഹങ്കാരം, ഇതു കേട്ടാല്‍ തോന്നും ഈ പബ്ലിഷുന്ന പേജ് വായിക്കാന്‍ ആള്‍ക്കാര്‍ വരി നില്‍ക്കുകയാണെന്ന് ! സ്റ്റാറ്റിസ്റ്റിക്സില്‍ കാണിക്കുന്ന വായനാസൂചികള്‍ മുഴ്മന്‍ ഞാന്‍ തന്നെ വീണ്ടും വീണ്ടും വായിച്ചാസ്വദിച്ചതിന്‍റെയാണെന്ന് തോന്നുന്നു).

എന്നിരുന്നാലും, 2013 ആഗസ്റ്റ്‌ 22 ന്‍റെ 'ഭൂമിയുടെ സന്തതി' എന്ന പോസ്റ്റിനും 24 ന്‍റെ 'റാഗിങ്ങ്' എന്ന പോസ്റ്റിനും ഇടയില്‍ ഇതു വായിക്കാനപേക്ഷ.

പയ്യന്‍സിനു പേരിടുന്ന 'അവകാശ'ത്തര്‍ക്കത്തില്‍ അവന്‍റെ അച്ഛന് രണ്ടു അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു മതത്തിന്‍റെയോ ജാതിയുടെയോ ചുവയുള്ള ഒരു പേരായിരിക്കരുത് എന്നതാണ് ഒന്ന്. മറ്റൊന്നാകട്ടെ, അധമവര്‍ഗ്ഗങ്ങള്‍ എന്ന് ചിലര്‍ കരുതിപ്പോരുന്ന, ജാതിയില്‍ വളരെ താഴ്ന്നവര്‍ക്ക് അപ്രാപ്യങ്ങളായ elegant ആയ elite class പേര് ആവരുത് എന്നതും. ഇനി ഒരുവേള മതത്തിന്‍റെ ചുവ വേണമെന്നു തന്നെയിരിക്കട്ടെ, മാതാപിതാക്കളുടെ മതം എന്ന് 'വിവക്ഷിക്കപ്പെടുന്ന' മതത്തിന്‍റെ കുത്തകാവകാശം പേറുന്ന പേരുകള്‍ ഒഴികെ ഏതും സ്വീകാര്യമായിരുന്നു. അത്രയധികം വെറുക്കുന്നു അയാള്‍, ജാതി-മത പേക്കൂത്തുകളെ. പക്ഷെ കുടുംബക്കാരോട് ഈ പേരില്‍ തര്‍ക്കിച്ച് തന്നിലെ ഊര്‍ജ്ജം ഒഴുക്കിക്കളയാനും അയാളില്ല.ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു, ഇനിഷ്യലായി അമ്മയുടെ പേര് ആയിരിക്കും.

താളം തെറ്റി ദിശാബോധമില്ലാതെ പായുന്ന ഒരു ഘോഷയാത്രയില്‍ പങ്കാളിയാകാതെ നടക്കാന്‍ അയാള്‍ക്കുമില്ലേ ആഗ്രഹം? "താന്‍ പിടിക്കുന്ന മുയലിനു കൊമ്പ് നാല്" എന്ന വാശി അയാള്‍ക്കില്ല, മറിച്ച് താന്‍ സഞ്ചരിക്കുന്ന വഴി ശരിയാണെന്നും ഇതിലൂടെയാണ് യുക്തിബോധമുള്ള ഒരു സമൂഹം സഞ്ചരിക്കേണ്ടത് എന്നുമാണ് അയാള്‍ വിശ്വസിക്കുന്നത്.

അയാളുടെ അഭിപ്രായങ്ങളെ പാടെ നിരാകരിച്ച് പയ്യന്‍സിന് ഒരു elite class പേര് തെരെഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയ സ്ഥിതിക്ക് താന്‍ കണ്ടു വച്ച പേര് തന്‍റെ ബ്ലോഗിന് കൊടുത്ത് സായൂജ്യം നേടാന്‍ അയാള്‍ തീരുമാനിച്ചു. ബ്ലോഗിന്‍റെ പേര് മാറ്റുന്ന കാര്യം നേരത്തെ തന്നെ ഒരു 'കൊച്ചു ബോധോദയത്തില്‍'  തീരുമാനിക്കപ്പെട്ടിരുന്നുവല്ലോ. കുട്ടി ഇപ്പോഴുള്ള വിളിപ്പേരില്‍ തുടരട്ടെ, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു?

(ആഗസ്റ്റ്‌, 2013)


2015 നവംബർ 15, ഞായറാഴ്‌ച

ക്ഷമയുടെ നെല്ലിപ്പലക

‘സംവരണക്കാര്‍’ ഉദ്യോഗക്കയറ്റം കിട്ടി തന്‍റെ മുകളില്‍ ആവുന്നതിന്‍റെ നീരസം പലപ്പോഴും പങ്കിടുന്ന ചില 'ഉന്നതകുലജാതര്‍' (രണ്ടാം വര്‍ഗ്ഗം ഒന്നാം വര്‍ഗ്ഗത്തെ അവജ്ഞയോടെ വിളിക്കുന്ന പേര് ഇവിടെ എഴുതാന്‍ വയ്യ);

നാട്ടില്‍ ചില വിശേഷ ദിവസങ്ങളുടെ തലേന്ന് നടത്തേണ്ട വിനോദ പരിപാടികള്‍ക്ക് പദ്ധതിയിടുമ്പോള്‍, 'വയനാട്ടില്‍ താമസിക്കുന്നവന്‍റെ  ആദിവാസി നൃത്തം വേണം' എന്ന്‍ തമാശിക്കുന്നവര്‍;

കോഴിക്കോടെത്തി ഫോണ്‍ ചെയ്‌താല്‍ 'വയനാട്ടിലേക്ക് വരാന്‍ വള്ളി എറിഞ്ഞു തരുമോ?' എന്നു ചോദിക്കുന്നവര്‍;

മുത്തങ്ങക്കാട്ടിലൂടെ മൈസൂര്‍ക്ക് പോകുമ്പോള്‍ "വഴിയില്‍ ആദിവാസികളെ കാണാന്‍ പറ്റുമോ?" എന്നു ചോദിക്കുന്നവര്‍;

തെരഞ്ഞെടുപ്പ് സമയത്ത് സംവരണ മണ്ഡലങ്ങളിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത രാഷ്ട്രീയനേതാക്കള്‍;

കൂടാതെ,

ഇവര്‍ക്കിക്കിളിയിടാനായി 'ബാംബൂ ബോയ്സ്' പടച്ചെടുത്ത മലയാള പടംപിടിത്തക്കാര്‍;

ഇക്കൂട്ടര്‍ക്കെല്ലാം ഒരുപോലെ കിട്ടാനര്‍ഹതയുള്ള സകല അവജ്ഞയും വെറുപ്പും ഇതോടൊപ്പം അയക്കുന്നു.

 കിട്ടി ബോധിച്ചതിന്‍റെ  ഒരു രശീതിയും ആവശ്യമില്ല.

"ക്ഷമയുടെ നെല്ലിപ്പലക കണ്ടു, കണ്ടു" എന്ന്‍ പറഞ്ഞു കേള്‍ക്കാറുള്ളത് ഇതാണാവോ എന്തോ?

2015 നവംബർ 9, തിങ്കളാഴ്‌ച

സസ്യം


വായിലേക്ക് വീഴുന്നത് സസ്യവും സഭ്യവുമാവണമെന്നു നിര്‍ബന്ധം, എന്നാല്‍ വായില്‍ നിന്നുംവീഴുന്നതോ? അസസ്യവും അസഭ്യവും.
പോയി പണി നോക്ക്!

(വിദൂര) കടപ്പാട് മത്തായി 15:11

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പാണ്ടമ്പറത്ത് കുന്ന് പഞ്ചായത്ത് കവലയില്‍ ബസ്‌ ഷെല്‍ട്ടറിന്‍റെ ഉല്‍ഘാടനം

പാണ്ടമ്പറത്ത് കുന്ന് പഞ്ചായത്ത് കവലയില്‍ എം. എല്‍. എ. ഫണ്ട്‌ ഉപയോഗിച്ച് പണി തീര്‍ത്ത  ബസ്‌ ഷെല്‍ട്ടറിന്‍റെ ഉല്‍ഘാടനം മുഖ്യമന്ത്രി ശ്രീ ............ നിര്‍വ്വഹിച്ചു. ശ്രീ ............ ബഹു: എം.പി. ; ശ്രീമതി  ............ ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: യുവജനക്ഷേമ വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: എം. എല്‍. എ.; ശ്രീമതി  ............ ബഹു: എം. എല്‍. എ.; ശ്രീ ............ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീ ............ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീമതി  ............ജില്ലാ പഞ്ചായത്ത് അംഗം; ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ക്ഷേമകാര്യം); ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ആരോഗ്യം); ശ്രീ ............ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം; ശ്രീമതി  ............ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീ ............ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌; ശ്രീ ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ആരോഗ്യം); ശ്രീമതി  ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ക്ഷേമകാര്യം); ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീമതി ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ ചെയര്‍മാന്‍, മൈനോറിട്ടി ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍, യുവജനക്ഷേമ ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍, മിനെറല്‍ ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍,സര്‍വീസ് സഹകരണ ബാങ്ക്; ശ്രീ ............ ജില്ലാ കളക്ടര്‍;
ശ്രീ ............ ജില്ലാ പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ അസിസ്റ്റന്റ്‌ പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ആര്‍. ഡി. പി.); ശ്രീ ............ജില്ലാ വൈസ് പ്രസിഡന്റ്‌(ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ ജോയിന്റ് സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാകണ്‍വീനര്‍(ആര്‍. ഡി. പി.); ശ്രീ ............ സംസ്ഥാന കമ്മറ്റി അംഗം (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാകമ്മറ്റി അംഗം (ആര്‍. ഡി. പി.); ശ്രീ ............ പഞ്ചായത്ത്‌ ഘടകംപ്രസിഡന്റ്‌ (ആര്‍. ഡി. പി.); ശ്രീ ............ പഞ്ചായത്ത്‌ ഘടകം സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ്‌ (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ജെ. പി. കെ.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ്‌ (ജെ. പി. കെ.); ശ്രീ ............ ജില്ലാ സെക്രട്ടറി (ജെ. പി. കെ.); ശ്രീ..............സൌണ്ട് ആന്‍ഡ്‌ മൈക് ഓപ്പറേറ്റര്‍; ശ്രീ..............പന്തല്‍, സ്റ്റേജ് ആന്‍ഡ്‌ ഡെകറേറ്റര്‍; ശ്രീ...............ശ്രീലക്ഷ്മി ഹോട്ടല്‍ ആന്‍ഡ്‌ ടീ ഷോപ്പ്; ശ്രീ...............കൈരളി ഭാഗ്യക്കുറി അസോസിയേഷന്‍ പാണ്ടമ്പറത്ത് കുന്ന് മേഖലാ സെക്രട്ടറി,  എന്നിവര്‍ സംസാരിച്ചു.

ആര്‍. ഡി. പി. പിയില്‍ നിന്നും 2001-ല്‍ പുറത്താക്കപ്പെട്ട ശേഷം ബി. എം. സി. സംസ്ഥാന ഘടകം സെക്രട്ടറി ആയി, പിന്നീട് 2009-ല്‍  ആര്‍. ഡി. പിയിലേക്ക് തന്നെ തിരിച്ച് വന്ന ശ്രീ ............ന്‍റെ അസാന്നിധ്യം പരിപാടിയില്‍ ശ്രദ്ധേയമായി.

........................................................

പ്രചോദനം: പത്രവാര്‍ത്തകളും ചിലക്ഷണപത്രങ്ങളും 


പ്രിയപ്പെട്ട ഷര്‍മിള.....

14 വര്‍ഷങ്ങളായി നിങ്ങള്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തെപ്പറ്റി വായിച്ചറിഞ്ഞു മാത്രം പരിചയമുള്ള എനിക്ക് ഈ നീണ്ട ഇടവേളയിലെപ്പോഴെങ്കിലും നിങ്ങളെ ഓര്‍ക്കാന്‍ സമയം കിട്ടിയിട്ടുണ്ടെങ്കില്‍, അത് 'മൂക്കിലൂടെ തുളഞ്ഞകത്തേക്ക് കയറുന്നതായി കാണപ്പെടുന്ന ഒരു കുഴല്‍' ചിത്രങ്ങളിലോ ആശുപത്രികളില്‍ വച്ചോ കാണുമ്പോള്‍ മാത്രമായിരുന്നിരിക്കണം എന്നതൊരു വസ്തുതയാണ്. ഗവണ്മെന്റ് താങ്കള്‍ക്കും നാടിനും  അനുകൂലമായുള്ളൊരു തീരുമാനത്തിലെത്തും എന്ന്‍ പ്രതീക്ഷിക്കട്ടെ.

2014 ജൂലൈ 8, ചൊവ്വാഴ്ച

ഉപകാരസ്മരണ



വിശുദ്ധ യൂദാശ്ലീഹായും അല്‍ഫോന്‍സാമ്മയും ഏവുപ്രാസ്യമ്മയും കഴിഞ്ഞാല്‍ മലയാളക്കരയില്‍ ഏറ്റവും കൂടുതല്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ സ്വീകരിക്കുന്ന മൂന്ന് പേരാണ് പാസ്സ്പോര്‍ട്ട് വെരിഫിക്കേഷനു വരുന്ന പോലീസുകാരന്‍, കറന്‍റ് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്യൂസ് കെട്ടാന്‍ വിളിക്കുന്ന ലൈന്‍മാന്‍, ടെലിഫോണ്‍ റിപെയെര്‍ ചെയ്യാനെത്തുന്ന ആള്‍ എന്നിവര്‍. ഓവര്‍ടൈം പണിയെടുക്കുന്ന ഭാവമാണ് ഇവര്‍ക്ക് പലപ്പോഴും, നിങ്ങള്‍ക്ക് വേണമെങ്കില്‍ മതി എന്ന നാട്യവും (സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പൊറുക്കുക).

ഇക്കൂട്ടര്‍ക്ക്‌ 'തങ്ങളുടെ ഒരു സന്തോഷത്തിനായി' ‘എന്തെങ്കിലും’ കയ്യില്‍ വച്ചോ, പോക്കറ്റിലിട്ടോ കൊടുക്കുന്ന പലരും ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍, വെയിറ്റര്‍ക്ക് രണ്ടു രൂപ കൊടുക്കുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കും. കാരണം പറയുന്നതെന്തെന്നോ?, അതാണ്‌ രസം, അയാള്‍ ചെയ്യുന്ന ജോലിക്ക് ഹോട്ടലുടമ ശമ്പളം കൊടുക്കുന്നുണ്ട് പോലും!     

അഭ്യുദയകാംക്ഷി



രണ്ടു സുഹൃത്തുക്കള്‍ രണ്ടിടങ്ങളിലായി അല്ലെങ്കില്‍ രണ്ട് അപരിചിതര്‍ അടുത്തടുത്തായി വാടകക്ക് വീടുകള്‍ എടുക്കുന്നു. ഈ രണ്ട് കേസിലും അവര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ചോദിക്കുന്ന ആദ്യ ചോദ്യം ‘താന്‍ വാടക എത്ര കൊടുക്കുന്നു?’ എന്നതായിരിക്കും. നില നില്‍ക്കുന്ന ഒരു സാമ്പത്തിക-സാമൂഹിക അന്തരീക്ഷത്തോട് താന്‍ എത്രമാത്രം അടുത്താണ് അല്ലെങ്കില്‍ അകലെയാണ് എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. താന്‍ മാത്രം പറ്റിക്കപ്പെടരുത് എന്ന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ആരൊക്കെയോ തന്നെ എപ്പോഴും പറ്റിക്കാന്‍ അല്ലെങ്കില്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നലിലാണ് നമ്മള്‍ ഓരോരുത്തരും. അവര്‍ കൊടുക്കുന്നതിനേക്കാള്‍ വാടക തങ്ങള്‍  കൊടുക്കുന്നു എന്ന്‍ മനസ്സിലായാല്‍ ടെന്‍ഷന്‍ ആയി, ഇനി മറിച്ചാണെങ്കിലോ, അവരെ ടെന്‍ഷന്‍ അടിപ്പിക്കാതെ ഉറക്കവും വരില്ല. വീടിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഉപ്പ് തൊട്ട് ബെന്‍സ്‌ വരെയുള്ള ഷോപ്പിംഗ്‌ കഴിഞ്ഞാലുമുണ്ട് ഈ താരതമ്യപഠനം. താന്‍ ‘സേഫ്’ ആണ് എന്ന്‍ എപ്പോഴും മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. പുര കത്തുമ്പോള്‍ വാഴ വെട്ടുക, കത്തുന്ന താടിയില്‍ നിന്നും ബീഡിക്ക് തീ പകരുക തുടങ്ങിയ കലാപരിപാടികളുമായി എവിടെ നിന്നോ കുറെ അഭ്യുദയകാംക്ഷികളും എത്തും അപ്പോഴേക്കും.

ഇപ്പറഞ്ഞതിന്‍റെ വേറൊരു വശം എന്തെന്നാല്‍, ആരൊക്കെയോ തന്നെ എപ്പോഴും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍, ഏതു കാര്യവും ഭംഗിയായി നിര്‍വ്വഹിക്കാമെന്നുള്ള നമ്മുടെ ആത്മവിശ്വാസത്തെ എത്ര മാത്രം തകര്‍ക്കുമെന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല.    

ഇനി വേറൊരു കൂട്ടരുണ്ട്. നമ്മള്‍ താമസിക്കുന്ന വാടക വീട്ടില്‍ വരും, ആദ്യ ചോദ്യം അത് തന്നെ, ‘ഇതിനെത്രയാ വാടക?’ അറിഞ്ഞിട്ടു യാതൊരു വിശേഷവുമില്ല, എന്നാലും അറിഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല എന്ന മട്ടാണ്. വാടക എത്രയെന്നു മറുപടി കൊടുത്താലോ? ഉടന്‍ വരും അടുത്ത ആത്മഗതം ‘ അത് ഇത്തിരി കൂടുതല്‍ അല്ലെ?’ അല്ലെങ്കില്‍ “ഇത്ര സൗകര്യങ്ങള്‍ ഉള്ള വീട് ഇത്രയും കുറഞ്ഞ വാടകക്ക് കിട്ടിയത്‌ ഭാഗ്യം തന്നെ’. ഇത്രയും കലാപരിപാടികള്‍ കഴിഞ്ഞാലേ, നമ്മള്‍ പകര്‍ന്ന ചായ പോലും കുടിക്കൂ.

അഭ്യുദയകാംക്ഷികള്‍ ഏറി വരുന്നു, സ്വകാര്യത എന്നത് കിടപ്പറയുമായി ബന്ധപ്പെട്ട 'എന്തോ' ഒന്ന് മാത്രമായി ഒതുങ്ങുകയാണോ? 


2014 ജൂൺ 7, ശനിയാഴ്‌ച

ജൂണ്‍ 5


ക്ഷമിക്കണം, കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ നട്ട മരത്തിന് എന്ത് പറ്റി എന്ന് നോക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞില്ല, പാഷന് വേണ്ടിയല്ല, മറിച്ച് ഫാഷന് വേണ്ടിയാണല്ലോ ഞാന്‍ അത് ചെയ്തത്, ചെയ്ത് കൊണ്ടിരിക്കുന്നതും........ 


2014 ഏപ്രിൽ 5, ശനിയാഴ്‌ച

ജനാധിപത്യം



സ്വന്തം മേന്മകള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തത് കൊണ്ടായിരിക്കും എതിര്‍ സ്ഥാനാര്‍ഥിയുടെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ കുറ്റങ്ങള്‍ എണ്ണിയെണ്ണി നിരത്തുന്നത് അല്ലേ?

എനിക്ക് 4 കുറവുകള്‍ ഉണ്ടെങ്കിലെന്താ, 40 കുറവുകള്‍ ഉള്ള മറ്റവനേക്കാള്‍ ഭേദമല്ലേ ഞാന്‍?

2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

സോ എലൈറ്റ്‌

പത്രത്തിന്‍റെ കൂടെ വന്ന നോട്ടീസില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് ടൌണില്‍ പുതുതായി പണിയുന്ന വില്ലയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിളിച്ചു നോക്കുന്നത്. ഫോണെടുത്ത ശബ്ദസുകുമാരന്‍ വിവരങ്ങള്‍ കുറെ പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഏറ്റവും ഹൈലൈറ്റ്‌  എന്താണെന്നോ? ആകെ പത്തു വില്ലകളുള്ളതില്‍ എട്ടെണ്ണവും sold out ആയി, അത്‌ വാങ്ങിയിരിക്കുന്നത് മുഴ്മനും 'എലൈറ്റ്‌ ' പാര്‍ട്ടികളുമാണ്.  
So if I does occupy the villa, I will be so lucky to have 'elite' neighbors around!

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

റാഗിങ്ങ്

'ഏപ്രില്‍' എന്ന് ബ്ലോഗിന് പേരിട്ടതില്‍ ഒരു സ്വകാര്യമുണ്ട്, അത് പിന്നീടെപ്പോഴെങ്കിലും എഴുതാം, ഇപ്പോള്‍ ഉറക്കെയുള്ള ചിന്ത വേറെയാണ്.

"വ്യക്തിപരമായി നാം ആര്‍ജ്ജിച്ച പല പുരോഗമന/വിപ്ലവാത്മക ശീലങ്ങളും /നിലപാടുകളും മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്ന റാഗിങ്ങ് വേളയാണ് വിവാഹം" എന്ന ഒരു സുഹൃത്തിന്‍റെ അഭിപ്രായം എത്ര ശരിയാണ് എന്നാലോചിക്കുകയായിരുന്നു.

എന്‍റെ കാര്യം തന്നെ നോക്കൂ,

I got ragged!

വിവാഹത്തിനു  ചടങ്ങുകള്‍ ഒന്നും വേണ്ട എന്ന നിര്‍ബന്ധം വധൂഗൃഹക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷം ഉണ്ടായിരുന്നു. അവര്‍ വധുവിനു വേണ്ടി എന്തെങ്കിലും മാറി ഇരുന്ന് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്യട്ടെ. പക്ഷെ അതിനൊടുവില്‍ പൊടുന്നനെ, എനിക്ക് നിന്നു തിരിയാന്‍ സമയം തരാതെ, വധൂപിതാവ്  എന്‍റെ കാല്‍ കഴുകി, സ്വീകരിച്ച് കന്യാദാനം നടത്തിയാതിന്റെ നീറുന്ന ഓര്‍മ്മകള്‍ മരിക്കുവോളം എന്‍റെ യുക്തിയെ, ചിന്തയെ കാര്‍ന്നു തിന്നു കൊണ്ടിരിക്കും, അത് വിവാഹ ചടങ്ങിന്‍റെ ഒരവിഭാജ്യ ഘടകമത്രേ! റോമിലെ പോപ്പ് അടക്കം തിരുമേനിമാര്‍ സാധാരണക്കാരുടെ കാല്‍ കഴുകിച്ചു ചുംബിക്കുന്നതെല്ലാം നേരു തന്നെ, അതിനു ഒരു down to earth പരിവേഷമുണ്ട്, മാനുഷരെല്ലാരും സമാനരാണെന്ന സന്ദേശമുണ്ട്.

പക്ഷെ ഇത് സംഗതി വേറെ.  "തന്‍റെ മകളെ ജീവിതകാലം മുഴുവന്‍ പോറ്റിക്കൊള്ള (ല്ല?) ണമേ" എന്ന് മകളെ വേള്‍ക്കുന്ന ഉത്തമ (?) ബ്രാഹ്മണനോടുള്ള ഒരച്ഛന്‍റെ അപേക്ഷയാണ്‌. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കൊണ്ടും ആത്മനിന്ദ കൊണ്ട് നീറിയുമാണ് ഒരച്ഛന്‍ തന്‍റെ മകളെ വിവാഹം കഴിപ്പിച്ചയക്കുന്നത്.