2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

സോ എലൈറ്റ്‌

പത്രത്തിന്‍റെ കൂടെ വന്ന നോട്ടീസില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് ടൌണില്‍ പുതുതായി പണിയുന്ന വില്ലയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിളിച്ചു നോക്കുന്നത്. ഫോണെടുത്ത ശബ്ദസുകുമാരന്‍ വിവരങ്ങള്‍ കുറെ പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഏറ്റവും ഹൈലൈറ്റ്‌  എന്താണെന്നോ? ആകെ പത്തു വില്ലകളുള്ളതില്‍ എട്ടെണ്ണവും sold out ആയി, അത്‌ വാങ്ങിയിരിക്കുന്നത് മുഴ്മനും 'എലൈറ്റ്‌ ' പാര്‍ട്ടികളുമാണ്.  
So if I does occupy the villa, I will be so lucky to have 'elite' neighbors around!

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

റാഗിങ്ങ്

'ഏപ്രില്‍' എന്ന് ബ്ലോഗിന് പേരിട്ടതില്‍ ഒരു സ്വകാര്യമുണ്ട്, അത് പിന്നീടെപ്പോഴെങ്കിലും എഴുതാം, ഇപ്പോള്‍ ഉറക്കെയുള്ള ചിന്ത വേറെയാണ്.

"വ്യക്തിപരമായി നാം ആര്‍ജ്ജിച്ച പല പുരോഗമന/വിപ്ലവാത്മക ശീലങ്ങളും /നിലപാടുകളും മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്ന റാഗിങ്ങ് വേളയാണ് വിവാഹം" എന്ന ഒരു സുഹൃത്തിന്‍റെ അഭിപ്രായം എത്ര ശരിയാണ് എന്നാലോചിക്കുകയായിരുന്നു.

എന്‍റെ കാര്യം തന്നെ നോക്കൂ,

I got ragged!

വിവാഹത്തിനു  ചടങ്ങുകള്‍ ഒന്നും വേണ്ട എന്ന നിര്‍ബന്ധം വധൂഗൃഹക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷം ഉണ്ടായിരുന്നു. അവര്‍ വധുവിനു വേണ്ടി എന്തെങ്കിലും മാറി ഇരുന്ന് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്യട്ടെ. പക്ഷെ അതിനൊടുവില്‍ പൊടുന്നനെ, എനിക്ക് നിന്നു തിരിയാന്‍ സമയം തരാതെ, വധൂപിതാവ്  എന്‍റെ കാല്‍ കഴുകി, സ്വീകരിച്ച് കന്യാദാനം നടത്തിയാതിന്റെ നീറുന്ന ഓര്‍മ്മകള്‍ മരിക്കുവോളം എന്‍റെ യുക്തിയെ, ചിന്തയെ കാര്‍ന്നു തിന്നു കൊണ്ടിരിക്കും, അത് വിവാഹ ചടങ്ങിന്‍റെ ഒരവിഭാജ്യ ഘടകമത്രേ! റോമിലെ പോപ്പ് അടക്കം തിരുമേനിമാര്‍ സാധാരണക്കാരുടെ കാല്‍ കഴുകിച്ചു ചുംബിക്കുന്നതെല്ലാം നേരു തന്നെ, അതിനു ഒരു down to earth പരിവേഷമുണ്ട്, മാനുഷരെല്ലാരും സമാനരാണെന്ന സന്ദേശമുണ്ട്.

പക്ഷെ ഇത് സംഗതി വേറെ.  "തന്‍റെ മകളെ ജീവിതകാലം മുഴുവന്‍ പോറ്റിക്കൊള്ള (ല്ല?) ണമേ" എന്ന് മകളെ വേള്‍ക്കുന്ന ഉത്തമ (?) ബ്രാഹ്മണനോടുള്ള ഒരച്ഛന്‍റെ അപേക്ഷയാണ്‌. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കൊണ്ടും ആത്മനിന്ദ കൊണ്ട് നീറിയുമാണ് ഒരച്ഛന്‍ തന്‍റെ മകളെ വിവാഹം കഴിപ്പിച്ചയക്കുന്നത്.

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

ഭൂമിയുടെ സന്തതി

മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

അതിര്‍ത്തിയില്‍മൂന്നു മലയാളി ജവാന്മാര്‍ കൊല്ലപ്പെട്ടു

ജപ്പാനില്‍  ഭൂചലനം, കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ടു മലയാളികള്‍ ഉണ്ടെന്ന് സംശയം

മലയാളികള്‍, തമിഴര്‍, കന്നഡിഗര്‍, ഗുജറാത്തികള്‍, പഞ്ചാബികള്‍, ബീഹാറികള്‍........................

എവിടെ  ഭാരതീയര്‍?

ആ വലിയ മനുഷ്യന്‍ പറഞ്ഞ 'നാനാത്വത്തില്‍ ഏകത്വം' എന്ന സംഭവത്തില്‍ എത്രമാത്രം വെള്ളം ചേര്‍ക്കപ്പെട്ടു?

ലോകത്തിന്‍റെ അല്ലെങ്കില്‍ ഭൂമിയുടെ  വിലാസത്തില്‍ അറിയപ്പെടാന്‍ തന്നെയാണ് എന്‍റെ ആഗ്രഹം.

But, I have to obey certain rules and regulations for living in a country, especially for crossing the country boundaries. In that sense, claiming an 'Indian identity' than a 'Universal identity' is not that much perplexing to me. But what to say about these state-wise identities?
............................
പ്രസംഗമെല്ലാം കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോള്‍ ചിരി വന്നു, കോന്ത്രമ്പല്ല് എനിക്കു തന്നെ. തൂലികാനാമം ആമ്പല്ലൂരന്‍! ഭാരതീയനുമല്ല, മലയാളിയുമല്ല, അതിനും ഒരുപാട് ഒരുപാട് കീഴെ! കഷ്ടം !

അതെങ്ങനെ പഠിച്ചതല്ലേ പാടൂ?

എത്ര യുക്തിവാദി ആയാലും പെട്ടെന്ന് ഞെട്ടിയാല്‍ "ദൈവമേ" എന്ന് വിളിക്കുന്നത് അങ്ങേരില്‍ വിശ്വാസം ഉള്ളത് കൊണ്ടാണോ? അല്ല, ഉള്ളിന്‍റെയുള്ളില്‍ "ദൈവമേ" വിളി കുത്തിവച്ച് വളര്‍ത്തപ്പെട്ടത് കൊണ്ടല്ലേ?

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ജയ് ഹിന്ദ്‌


രാജ്യത്തിന്‍റെ അറുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഞാനും പങ്കാളിയായി. അന്നേ ദിവസത്തെ ദ ഹിന്ദു ദിനപ്പത്രത്തില്‍ മുഖ്യാഭിപ്രായമായി പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. ഗോപാലകൃഷ്ണ ഗാന്ധിയുടെ ഇന്ത്യയെ കണ്ടെത്തല്‍ (The Rediscovery of India) എന്ന ലേഖനം ഒരുവേള എന്നില്‍ കടുത്ത അമര്‍ഷവും പറഞ്ഞറിയിക്കാന്‍ വയ്യാത്ത വികാരവും നിറച്ചു. ഭാരതീയരായ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ആ ലേഖനം.

1947 ആഗസ്റ്റ്‌ 15 ലെ സുപ്രഭാതത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച നെഹ്‌റു, അതേ സ്ഥലത്ത് ഇന്ന് നമ്മളോട് സംസാരിക്കുകയാണെങ്കില്‍ എന്തായിരിക്കും അതിന്‍റെ ഉള്ളടക്കം എന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീ. ഗാന്ധി.


പ്രധാനാമന്ത്രിയായിട്ടല്ല, നമ്മളിലൊരാളായാണ് അവിടെ നില്‍ക്കുന്നത്‌ എന്ന് പറഞ്ഞു തുടങ്ങുന്ന ആ സാങ്കല്‍പിക പ്രസംഗത്തില്‍,  രാജ്യത്ത്‌ ദളിതരും ആദിവാസികളും ഇന്നും കഷ്ടതയനുഭവിക്കുമ്പോള്‍, നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിനു ശേഷം മൂന്ന് വെടിയുണ്ടകളിലേക്ക് നടന്നടുത്ത മഹാത്മാവിനെ ഓര്‍ക്കുമ്പോള്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന സുരക്ഷാഭടന്മാരെ ഓര്‍ത്ത്‌ ലജ്ജിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.

രാഷ്ട്രീയം ഉണ്ടാക്കിവെച്ച വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും ഭയത്തിന്‍റെയും നടുവിലാണ് നമ്മുടെ ജീവിതമിപ്പോള്‍  എന്നു പറയുന്ന അദ്ദേഹം, പണമാണ് രാജാവ്‌; സമ്മതിദായകരോ, ഭരണഘടനയോ അല്ല എന്നും പ്രസ്താവിക്കുന്നു. നിശ്ചിത 'മാമൂല്‍' നല്‍കി വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവര്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത പൂജ്യങ്ങള്‍ അകമ്പടി സേവിക്കുന്ന തുകക്ക്‌ കരാറുകള്‍ ഉറപ്പിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വരെയുള്ള രാജ്യത്തിന്‍റെ ചിത്രം കാണിച്ചു തരുന്നത് പണാധിപത്യമാണ്  (A Republic of Cash) എന്ന observation ഒരു നഗ്നസത്യമല്ലേ സുഹൃത്തുക്കളേ? ആത്മാവില്ലാത്ത, ആത്മവിശ്വാസമില്ലാത്ത സദ്ഗുണഭാവനകളില്ലാത്ത ജനതയായി നാം മാറിയിട്ടില്ലേ കഴിഞ്ഞ കുറെ കാലങ്ങളായി?.

മറ്റുള്ളവരുടെ വേദനയില്‍ പങ്കു കൊള്ളുന്ന, മൂല്യബോധമുള്ള, ധീരരായ, കുറെയേറെ പേരെങ്കിലും സത്യത്തിനും നീതിക്കും ന്യായത്തിനുമായി നിലകൊള്ളുന്നു എന്നതിനാല്‍ അദ്ദേഹത്തിന് പ്രത്യാശയുണ്ട് എന്നദ്ദേഹം പറയുന്നു. അവരുടെ സഹായത്തോടെ നാം നമ്മെത്തന്നെ കണ്ടെത്തണം (we must reinvent ourselves) എന്നാണദ്ദേഹത്തിന്‍റെ മതം. തന്നെ മാത്രം ഇഷ്ടപ്പെടുന്ന, തന്നെത്തന്നെ ബിംബവല്‍ക്കരിക്കുന്നവര്‍ക്ക് പകരം അധികാരവും പണവും വക വക്കാത്ത കക്ഷി-രാഷ്ട്രീയത്തിനതീതരായ ആദര്‍ശധീരരായ സ്ത്രീ - പുരുഷന്മാര്‍ രാജ്യം ഭരിക്കണം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

അദ്ദേഹത്തെ ഒരിക്കലും ബിംബവല്‍ക്കരിക്കരുത് എന്നും  ഒരു മൂര്‍ത്തിയായി ഉപാസിക്കരുത് എന്നും പറഞ്ഞവസാനിപ്പിക്കുന്ന  സാങ്കല്‍പ്പിക പ്രസംഗം വായിച്ചു വികാരഭരിതരാവാത്തവരുണ്ടാകുമോ  എന്നെനിക്കറിയില്ല.
രാജ്യത്ത്‌ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയുണ്ടെന്നും അതിനെ പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ലാത്തതിനാല്‍ അഡ്ജസ്റ്റ് ചെയ്ത് അങ്ങനെയങ്ങ് ജീവിച്ചു പോകാമെന്നും മനസ്സില്‍ ഉറപ്പിച്ചവര്‍ക്ക് നല്ലൊരു 'കൊട്ട്' നല്‍കുന്നു ഈ ലേഖനം, ചിന്തിക്കുന്നവര്‍ക്കാകട്ടെ, പൊരിയുന്ന അസ്വസ്ഥതയും.

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കര്‍ക്കടകം

ഇത് കര്‍ക്കടകം, കള്ളക്കര്‍ക്കടകം.

പെയ്തൊലിക്കുന്ന മഴയും കരുതല്‍ ഭക്ഷ്യധാന്യങ്ങളൊന്നുമേയില്ലാതെ പട്ടിണിയും പരിവട്ടവുമായി കടന്നു പോകാറുണ്ടായിരുന്ന അതേ പഞ്ഞക്കര്‍ക്കടകം. ഇപ്പോള്‍ മഴ കുറവ്, Global Warming, അല്ലാതെന്തു പറയാന്‍? കിലോക്ക് ഒരു രൂപ/രണ്ടു രൂപ നിരക്കില്‍ അരി കിട്ടുന്നതു കൊണ്ട് പട്ടിണിയും കാര്യമായിട്ടില്ല, അത് തിന്നുന്നവര്‍ക്കാണെങ്കില്‍ 'പോഷകാഹാരക്കുറവിനൊരു' കുറവുമില്ല. 

കേരളത്തില്‍ കര്‍ക്കടകത്തിന്‍റെ മുഖംമാറ്റം എന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. പക്ഷെ ആരോഗ്യഭ്രാന്തും (Health Consciousness എന്ന് പരിഭാഷ) ഉപഭോക്തൃഭ്രാന്തും (Consumerism എന്ന്‍ പരിഭാഷ) കലശലായ ഒരു മധ്യനിര സമൂഹത്തിന്‍റെ 'കര്‍ക്കടകപ്പാച്ചില്‍' (ഉത്രാടപ്പാച്ചില്‍ പോലെ ഒന്ന്‍) എന്നെ എന്നല്ല, വീണ്ടുവിചാരങ്ങളുള്ള ഏതൊരാളെയും അലട്ടും എന്ന കാര്യത്തില്‍ സംശയമേതുമില്ല.

2013, ജൂലൈ 11, വ്യാഴാഴ്‌ച

ചോര തിളക്കണം, കേരളം തിളങ്ങണം

ചോര തിളക്കണം, കേരളം തിളങ്ങണം (പത്തു കല്‍പനകള്‍):

1. ആഘോഷ പരിപാടികളില്‍ ഭക്ഷണം ആവശ്യത്തിന് മാത്രം; പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ളത്  വിളമ്പി എടുക്കാനുള്ള അവസരംകൊടുക്കണം. 

2. വിവാഹത്തിന്‍റെ പേരിലുള്ള  കോപ്രായങ്ങള്‍ അവസാനിപ്പിക്കണം, സ്വര്‍ണഭ്രാന്ത്‌  അടക്കം; മക്കളെ വിവാഹം ചെയ്തയക്കുവാനാണ് തങ്ങള്‍ ജീവിക്കുന്നത് തന്നെ എന്ന ദുഷ്ചിന്ത മാതാപിതാക്കള്‍ വെടിയണം.

3. നിശ്ചിത  ആളുകളില്‍ കൂടുതല്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ അധികൃതരുടെ മുന്‍കൂര്‍ സമ്മതം എടുത്ത്, ആഡംബര നികുതി കെട്ടുകയും വേണം.

4. 'മതം' ഉണ്ടാവണം, മതത്തില്‍ ഉണ്ടാവണമെന്നില്ല.

5. ആരാധനാലയങ്ങളിലെ  ഉത്സവക്കൂത്തുകള്‍ നിയന്ത്രിക്കണം; 'പാണ്ടമ്പറത്ത് വാരിജാക്ഷന്‍ - എണ്ണപ്പാട്ട ഒന്ന്' എന്ന്‍ നോട്ടീസില്‍ പേര് വരാന്‍ വേണ്ടി മാത്രം പത്തു രൂപ പിരിവു കൊടുക്കന്നത് നിര്‍ത്തി, ആ തുക അദ്ദേഹം രാഷ്ട്ര പുനര്‍നിര്‍മാണത്തിനുപയോഗിക്കണം.

6. പൊതുപ്രവര്‍ത്തകര്‍ ഉല്‍ഘാടന/സമാപന പരിപാടികള്‍ വേണ്ടെന്നു വയ്ക്കണം എന്ന് പറയുന്നില്ല, പക്ഷെ, കുറയ്ക്കണം; അവര്‍ പ്രസ്ഥാനങ്ങളുടെ ഇടയിലല്ലാതെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം.

7. സ്വന്തം  പോസ്റ്ററുകളും ഫ്ലക്സ്‌ ബോര്‍ഡുകളും കൊണ്ട് ആരും പൊതുനിരത്തിന്നിരുവശവും വൃത്തികേടാക്കരുത്; വ്യക്തികള്‍ പ്രസ്ഥാനങ്ങളായി മാറരുത്.

8. ഉള്ള സ്ഥാനം രാജി  വച്ച്, കൂറ് മാറി വീണ്ടും പൊതുതെരഞ്ഞെടുപ്പിന് ഇളിച്ചു കാണിക്കുന്നവരെ നാടു കടത്തണം, പിന്നെ അവരുടെ ഗന്ധം പോലും പ്രവിശ്യകളോളം വ്യാപിക്കരുത് (വി. കെ. എന്നിനോട് കടപ്പാട്).

9. ഇനി ' വ്യത്യസ്തം' എന്നവകാശപ്പെട്ടു വരുന്നതോ, അവകാശപ്പെടാതെ വരുന്നതോ ആയ  ഒരു മലയാളം ചാനലിനും  കേരളത്തില്‍ അവസരം നല്‍കരുത്‌; ഉള്ള ചാനലുകള്‍  തങ്ങള്‍ക്കു വേണ്ടി മാത്രമോ തങ്ങളുടെ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമോ വാര്‍ത്തകളും വര്‍ത്തമാനങ്ങളും വിളമ്പരുത്.

10. ആമ്പല്ലൂരന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തണം.

ജീവിതം ആസ്വാദ്യകരമാക്കണം, കേരളം തിളങ്ങണം.

2013, ജൂൺ 5, ബുധനാഴ്‌ച

വാര്‍ത്ത


വാര്‍ത്ത: എറണാകുളം ആമ്പല്ലൂര്‍ കേംബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ പബ്ലിക് സ്കൂളില്‍  എല്‍. കെ. ജി. യില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. മുന്നണി തര്‍ക്കം തുടരുന്നതിനാല്‍ തീരുമാനമാവാതെ കിടക്കുന്ന ജെ. എസ്. എസിനും കേ. കോ. (ബി) ക്കുമായുള്ള നാലു സീറ്റുകളിലേക്കും ഇപ്പോള്‍ ജനറല്‍ കാറ്റഗറിയില്‍ നിന്നും അപേക്ഷിക്കാവുന്നതാണ്. 

പിന്‍കുറിപ്പ്‌: പി. എസ്. സി. യിലും ഇതു തന്നെ അവസ്ഥ എന്ന് കേള്‍ക്കുന്നു.

2013, മേയ് 31, വെള്ളിയാഴ്‌ച

തേജനും നിസ്തേജനും

സ്വതവേ ഞാന്‍ രണ്ടു തരം മാനസികാവസ്ഥകള്‍ കാണിക്കുന്നുണ്ട്. ഒന്ന്, വളരെ ആത്മവിശ്വാസവും പ്രതികരണശേഷിയും പ്രകടിപ്പിക്കുന്ന തേജന്‍; രണ്ട്, ആത്മവിശ്വാസവും പ്രതികരണശേഷിയുംഇടിഞ്ഞ, നിറംകെട്ട നിസ്തേജന്‍ (മുനിഭാവം എന്ന് സുഹൃത്തുക്കളുടെ ഭാഷ്യം).

ഒരാഴ്ചയില്‍ത്തന്നെ ഇവ മാറി മാറി വരും. ആദ്യത്തെ അവസ്ഥയില്‍ എടുക്കുന്ന തീരുമാനങ്ങളും, ആരംഭിക്കുന്ന ചടുലനീക്കങ്ങളും നിസ്തേജാവസ്ഥയില്‍ എന്നെ കൊഞ്ഞണം കുത്തി കാണിക്കും, എന്നെത്തന്നെ വിശ്വാസമില്ലാതെയും, ആരംഭ ശൂരത്തങ്ങള്‍ക്ക്  തുടര്‍നടപടികള്‍ഇല്ലാതെയും ഞാനുഴലും. നിസ്തേജാവസ്ഥയിലെ എന്‍റെ എഴുത്തുകളും ഭാഷ്യങ്ങളും നിറംകെട്ടതും നെറികെട്ടതും തന്നെ.

എന്‍റെ ഈയവസ്ഥാന്തരങ്ങള്‍  മനസ്സിലാവുന്ന തുല്യ ദു:ഖിതര്‍ ഉണ്ടോ ആവോ?

അല്ലെങ്കില്‍, തളത്തില്‍ ദിനേശന്‍ ചോദിച്ചതു പോലെ, ഇതൊരു രോഗമാണോ ഡോക്ടര്‍?

"എന്‍റെ കുടുംബം തെരുവില്‍ ഇറങ്ങേണ്ടുന്ന അവസ്ഥയില്‍ മാത്രമേ എനിക്കും സാമൂഹ്യവിപത്തുകള്‍ക്കെതിരെ പ്രതികരണശേഷി ഉണ്ടാവൂ എന്നും;  നന്നായി ജീവിക്കാനോ, അതല്ലെങ്കില്‍ നന്നായി ഒടുങ്ങാനോ കെല്പില്ലാത്തവനായി സമൂഹം അല്ലെങ്കില്‍ ചരിത്രം എന്നെ നിര്‍വ്വചിക്കുന്ന അവസ്ഥ അതിവിദൂരതയിലല്ലാതെ ഞാന്‍ പ്രതീക്ഷിക്കുന്നു" എന്നും മറ്റും  ഞാന്‍ ഒരു നിസ്തേജാവസ്ഥയില്‍ കുറിച്ചതോര്‍ക്കുന്നു - വെര്‍ജിനിയ വുള്‍ഫിന്‍റെ ചില കഥകള്‍ വായിക്കുന്ന സമയം തന്നെയായിരുന്നു അത് എന്നാണെന്‍റെയോര്‍മ്മ.

സാധാരണക്കാര്‍ ചിന്തിക്കാതെയും, ചിന്തിക്കുന്നവര്‍ പുറത്തു പറയാതെയും ഇരിക്കുന്ന ഒരു സത്യം വിളിച്ചു പറഞ്ഞ ആശ്വാസമുണ്ടായിരുന്നു, അന്ന്.

പക്ഷെ ഗൗരവമായി എഴുത്തുകളെയും ഭാഷ്യങ്ങളെയും കാണുന്ന കുറച്ചാളുകള്‍ ഉണ്ടെന്നും, എന്‍റെ എഴുത്തിലെ, ചിന്തയിലെ  'നെഗറ്റീവ് ഇടങ്ങള്‍' അവര്‍ കാണുന്നുണ്ടെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലാക്കിത്തന്നിരിക്കുന്നത് എന്‍റെ ഒരു സുഹൃത്താണ്.

"നിസ്തേജാവസ്ഥയില്‍ ഇനി ഒന്നും തന്നെ പറയുവാനും എഴുതുവാനും പുറപ്പെടേണ്ട" എന്നും "തേജാവസ്ഥയില്‍  സാമൂഹ്യജീവിയാകണമെന്നും" ഹ്രസ്വ സംഭാഷണങ്ങള്‍ക്കിടയില്‍ ഓര്‍മിപ്പിച്ച  സുഹൃത്തിന് നന്ദി.

(തേജാവസ്ഥ, നിസ്തേജാവസ്ഥ എന്നീ രണ്ടു പദങ്ങള്‍ മലയാളത്തില്‍ ഉണ്ടോ എന്നും, ഉണ്ടെങ്കില്‍ത്തന്നെ അവക്ക് ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ഥങ്ങള്‍ തന്നെയാണോ എന്നും സംശയമുണ്ട്, ഇല്ലെങ്കില്‍, വായനക്കാര്‍ ക്ഷമിക്കട്ടെ, വേറെ വാക്കുകള്‍ ഒന്നും കിട്ടുന്നില്ല).

2013, മേയ് 7, ചൊവ്വാഴ്ച

മൂന്നാംപക്കം


താന്‍ ജനിച്ച് മൂന്നാംപക്കം നാടുവിട്ട് രണ്ടാഴ്ച കഴിഞ്ഞു തിരിച്ചു വന്ന അച്ഛനെ കാത്ത് അവന്‍ കിടക്കുന്നുണ്ടാകും എന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും കാണാന്‍ തിടുക്കമുണ്ടായിരുന്നു.
വന്ന് കുളിയും കഴിഞ്ഞ് ചെന്നു ശങ്കരനെ കണ്ടു, അവന്‍ തെങ്ങില്‍ തന്നെ, അതേ വികാരം, അതേ ഭാവം, മുദ്രാവാക്യം വിളി ലേശം അയഞ്ഞിട്ടുണ്ടെന്നു മാത്രം. മുഖകമലം വിടര്‍ന്നിട്ടില്ല, പക്ഷെ വൈക്കോല്‍ത്തുറുവില്‍ ഓന്തിരിക്കുന്നത് മാതിരിയുള്ള അച്ഛന്‍റെ മൂക്ക് മാത്രം ഏന്തി കാണുന്നുണ്ട്.

മുപ്പത്തിയാറു ഡിഗ്രിയില്‍ കോട്ടയം ജില്ല വെന്തുരുകുമ്പോള്‍, ചെക്കന്‍ തണുത്തു വിറക്കുന്നു! അച്ഛന്‍റെ നെഞ്ചത്ത് ചവിട്ടുവാനുള്ള പ്രാക്ടീസ്‌ നടത്തുന്നുണ്ട്, ആരും പറഞ്ഞു കൊടുത്തിട്ടൊന്നും ആവില്ലന്നേ, ജന്മവാസന തന്നെ. പാല്‍കുപ്പി കയ്യിലില്ലാത്ത ഒരു ജന്തുവിനെയും അവനു കണ്ണില്‍ പിടിക്കുന്നില്ല എന്നു തോന്നുന്നു.
എന്തുട്ടാ ചെക്കന്‍ നോക്കുന്നത് എന്നു മനസിലാകുന്നില്ല, അവന്‍ നേരത്തെ ലില്ലിപുട്ട് വായിച്ചിട്ടുണ്ടെങ്കില്‍, ‘ഇതെന്തുപറ്റി, കഥയെല്ലാം തല കീഴേ?’ എന്നു ചിന്തിച്ചിട്ടുണ്ടാകും. 

എടാ ‘കൊച്ചു’കഴുവേറീ... എന്ന് നീട്ടി മുഖത്ത് നോക്കി വിളിക്കാന്‍ ആരുടേയും സമ്മതം വേണ്ടല്ലോ, അവന്‍റെ അമ്മയാണെങ്കില്‍ അതു കേട്ട് എപ്പോള്‍ കൈയടിച്ചു എന്നു ചോദിച്ചാല്‍ മതി!    


എല്ലാ ദിവസവും രാവിലെ അടുത്തുള്ള ഒരു സ്ത്രീ വന്ന് കുളിപ്പിച്ചിട്ടു പോകും. പിന്നീട് അമ്മയുടെ വക കോസ്റ്റ്യൂം സെഷനാണ്. പട്ടണം റഷീദ്‌ക്കാ സുല്ലിടും, അമ്മാതിരി പയറ്റാണ്. കണ്മഷിയെഴുതിക്കല്‍, ഐബ്രോ പെന്‍സില്‍ സ്കെച്ചിംഗ്, പിന്നെ വയനാട്ടിലെ വീട്ടില്‍ പുളിയുറുമ്പിനെ ഓടിക്കാനിടുന്ന പൌഡര്‍ ദേഹം മുഴുവന്‍ വാരി പൊത്തല്‍ (......മ്മടെ ജോണ്‍സന്‍റെ സംഭവം തന്നെ), എന്നു വേണ്ട മേളം തന്നെ. വെള്ള നിറമുള്ള, നേരിയ തുണിക്കുപ്പായങ്ങള്‍ കുറേയുണ്ട്, മുകളിലേക്ക് പിടിച്ചു നോക്കിയാല്‍ അതിലൂടെ മാങ്ങയും തേങ്ങയും, മാനവും, സൂര്യനും ചന്ദ്രനും അനേകായിരം നസ്രത്തങ്ങളും പുല്ലു പോലെ കാണാം. അതും അണിയിച്ചു കൂടെ ഒരു ലങ്കോട്ടിയും കെട്ടിക്കും. ഇതെല്ലാം കഴിയാന്‍ അവന്‍ വെയിറ്റ്‌ ചെയ്യാറില്ല കേട്ടോ, അവന്‍ ഉറങ്ങിത്തുടങ്ങിയിട്ട് അപ്പോഴേക്കും മണിക്കൂറുകള്‍ ആയിട്ടുണ്ടാവും. യുഗ യുഗാന്തരങ്ങളായി ഇതു തന്നെയായിരുന്നു തൊഴില്‍ എന്നു തോന്നും ചിലപ്പോള്‍ ഭാവം കണ്ടാല്‍. എത്ര ചെറിയ യാത്രയും ആയിക്കോട്ടെ, ബസ്സില്‍ സീറ്റ്‌ കിട്ടിയാല്‍ പിന്നെ ടിക്കറ്റ്‌ എടുക്കാനും, ഇറങ്ങിപ്പോകാനും മാത്രം കണ്ണുകള്‍ തുറക്കുന്ന അച്ഛന്‍റെ അനുഗ്രഹം അവനുണ്ടാകും, എപ്പോഴും.

കൊതുകുവല പിടിപ്പിച്ച ഒരു കിടക്കയിലാണ് അവനെപ്പോഴും, ഡൈനിങ്ങ്‌ ടേബിളിലെ പഴക്കൂട ഓര്‍മ വരും, കാണുമ്പോള്‍.

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

SAIRA

ഇന്നലെ തൊടുപുഴ ടൌണിലൂടെ ബസ്സില്‍ വരുമ്പോള്‍ ഒരു കെട്ടിടത്തില്‍ SAIRA LADIES COLLECTIONS എന്നൊരു ബോര്‍ഡ്‌ കണ്ടു; രാത്രിയില്‍ കട അടച്ചിരിക്കുകയായിരുന്നതിനാല്‍ അകത്ത് ശരിക്കും എന്താണെന്ന് നോക്കാന്‍ പറ്റിയില്ല.

2013, ഏപ്രിൽ 17, ബുധനാഴ്‌ച

മഹിമ


ഞാന്‍ ഉപേക്ഷിച്ച ബീജം സ്വീകരിച്ച്
അതിനോട് തന്‍റെ പങ്കു കൂടി ചേര്‍ത്ത്
പ്രാണന്‍ നല്‍കി
ആഴ്ചകളോളം നൊന്തു ചുമന്ന്
ബോധം മറയുന്ന വേദനയോടെ പെറ്റുമുന്നിലേക്കിട്ടു തന്ന്‍ 
എന്നെ ചിരിച്ചു കാണിക്കുന്ന
ആ മഹിമയ്ക്ക്
ആ ധൈര്യത്തിന്  
പകരം വയ്ക്കാന്‍
എന്തുണ്ടെന്‍ കയ്യില്‍?

എന്‍റെ വിജയങ്ങള്‍
എന്‍റെ അഹങ്കാരങ്ങള്‍
എന്‍റെ അഹംഭാവങ്ങള്‍   
ഇത്രയധികം തല്ലിക്കെടുത്തപ്പെട്ട ദിനങ്ങള്‍ എന്‍റെ ഓര്‍മയില്‍ വേറെയില്ല  

ഹൃദയം നിറഞ്ഞു തുളുമ്പുന്ന ആരാധന മാത്രം, എല്ലാ അമ്മമാരോടും..





2013, ഏപ്രിൽ 16, ചൊവ്വാഴ്ച

പയ്യന്‍സ് വന്നു


പയ്യന്‍സ് വന്നു, കൂളായി, കമ്പും കത്രികയുമൊന്നും എടുപ്പിക്കാതെ, ഇന്നലെ രാവിലെ പത്തരക്ക്. കൃത്യം രണ്ടര കിലോഗ്രാം ഭാരം.
രാവിലെ എട്ടു മണിക്ക് ചുരമിറങ്ങിത്തുടങ്ങിയ ഞാന്‍ പയ്യന്‍സിനെ കാണുന്നത് രാത്രി ഏഴു മണിക്ക്.

ആരുടെ ച്ഛായയാണ് എന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ചകളില്‍ ഏറെയും. മുഖം തെളിയാന്‍ സമയം എടുക്കുമെന്നും അപ്പോഴേ ശരിക്കും മനസ്സിലാവൂ എന്നും ഒരു കൂട്ടര്‍, അതല്ല, മൂക്ക് മാത്രം അച്ഛന്‍റെ വക എന്ന്‍ വേറൊരു കൂട്ടര്‍. ചുരുക്കത്തില്‍ കഴുത്തിന്‌ മേല്പോട്ടേക്ക് തര്‍ക്കമുണ്ട്, കീഴ്പോട്ടെക്ക് പക്ഷെ അച്ഛന്‍ തന്നെ. 

ഞാന്‍ വരുമ്പോള്‍ അവന്‍ വിപ്ലവത്തിന് കയ്യും കാലും വച്ച മാതിരി, രണ്ടു മുഷ്ടികളും ചുരുട്ടി ശബ്ദമില്ലാതെ മുദ്രാവാക്യം വിളിച്ചു കിടക്കുന്നു. 

പട്ടിണി കൂടാതെ ചുരുങ്ങിയത്‌ ആറു മാസം കഴിയാന്‍ അമ്മ തന്നെ വേണം എന്ന് അവനു മനസ്സിലാകാന്‍ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല. രണ്ടു മുത്തശ്ശിമാരെ എപ്പോഴും ചുറ്റും കാണുന്നുണ്ടാകും, പക്ഷെ ഇങ്ങനെയൊരുത്തനെപ്പറ്റി ഒരു വിചാരമേയില്ല എന്നു തോന്നുന്നു.
രാത്രി തന്നെ അവന്‍റെ ജനന സപ്രിടിക്കറ്റിനുള്ള അപേക്ഷ പൂരിപ്പിച്ചു. ഈ മണങ്ങോടന്‍ സര്‍ക്കാറിന് എന്തൊക്കെ അറിയണം, അയ്യയ്യോ!
ജനിപ്പിച്ചവരുടെ പേരും നാളും തൊട്ട് ഈ വിവാഹത്തിലും മുന്‍ വിവാഹത്തിലും കൂടി ആകെ മൊത്തം ഞങ്ങള്‍ക്ക്‌ എത്ര ജീവനുള്ള കുട്ടികള്‍ ഉണ്ടെന്നു വരെ!

2013, ജനുവരി 11, വെള്ളിയാഴ്‌ച

പ്രകൃതിയിലേക്ക് മടങ്ങുക - Go back to the Mother Nature


പണിമുടക്കില്‍ സഹകരിക്കാത്ത 'അധ്യാപഹയരെ' ഒരു പാഠം പഠിപ്പിക്കാന്‍ സമരക്കാര്‍ സ്റ്റാഫ്‌ മുറിയുടെ വാതില്‍പ്പഴുതില്‍ ഇട്ടു വച്ച നായ്ക്കുരണപ്പൊടി ദേഹത്തു വീണ പത്തു വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും ആശുപത്രിയില്‍ - വാര്‍ത്ത


പണ്ടെങ്ങോ വായിച്ചതോര്‍മ്മ വരുന്നു: ഹെഡ്‌മാഷ്‌ ബോബനോടും മോളിയോടും അനവസരത്തിലെ ഡി. ഇ. ഓ. സന്ദര്‍ശനം ഒന്ന് 'മാനേജ്' ചെയ്യാന്‍ ആവശ്യപ്പെട്ടു. അവര്‍ രണ്ടു പേരും കൃത്യമായി പണിയെടുത്തു, പുള്ളിക്കാരന് നല്ല ഭക്ഷണം നല്‍കി സല്‍ക്കരിച്ച ശേഷം ചൊറിയണം അരച്ചു കലക്കിയ വെള്ളത്തില്‍ മുക്കിയ തൂവ്വാല കൈയും മുഖവും തുടക്കാന്‍ കൊടുത്തു, സംഗതി ക്ലീന്‍!

2013, ജനുവരി 8, ചൊവ്വാഴ്ച

ക്ലാസ്സിക്‌ തമാശ 2012

2012 വര്‍ഷത്തിലെ ക്ലാസിക് തമാശ കേള്‍ക്കൂ:

"പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാനത്ത് ഇരുപതോളം നിയമങ്ങളുണ്ട്, ഇവ തന്നെ പര്യാപ്തമാണ് ഇക്കാര്യത്തിന്. വളരെയധികം പാരിസ്ഥിതിക  അവബോധമുള്ള പരിസ്ഥിതിയുടെ കാവല്‍നായ്ക്കളായ കേരളജനത പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തും (The environmentally sensitive people of Kerala are its 'watch dogs' for protecting its environment)."

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (Western Ghats Environment Authority-WGEA) രൂപവല്‍ക്കരിക്കണം എന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (Western Ghats Ecology Expert Panel - WGEEP) യുടെ നിര്‍ദ്ദേശത്തിന് കേരള സര്‍ക്കാര്‍ കൊടുത്ത മറുപടിയാണിത്.