2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

SAIRA

ഇന്നലെ തൊടുപുഴ ടൌണിലൂടെ ബസ്സില്‍ വരുമ്പോള്‍ ഒരു കെട്ടിടത്തില്‍ SAIRA LADIES COLLECTIONS എന്നൊരു ബോര്‍ഡ്‌ കണ്ടു; രാത്രിയില്‍ കട അടച്ചിരിക്കുകയായിരുന്നതിനാല്‍ അകത്ത് ശരിക്കും എന്താണെന്ന് നോക്കാന്‍ പറ്റിയില്ല.

2013 ഏപ്രിൽ 17, ബുധനാഴ്‌ച

മഹിമ


ഞാന്‍ ഉപേക്ഷിച്ച ബീജം സ്വീകരിച്ച്
അതിനോട് തന്‍റെ പങ്കു കൂടി ചേര്‍ത്ത്
പ്രാണന്‍ നല്‍കി
ആഴ്ചകളോളം നൊന്തു ചുമന്ന്
ബോധം മറയുന്ന വേദനയോടെ പെറ്റുമുന്നിലേക്കിട്ടു തന്ന്‍ 
എന്നെ ചിരിച്ചു കാണിക്കുന്ന
ആ മഹിമയ്ക്ക്
ആ ധൈര്യത്തിന്  
പകരം വയ്ക്കാന്‍
എന്തുണ്ടെന്‍ കയ്യില്‍?

എന്‍റെ വിജയങ്ങള്‍
എന്‍റെ അഹങ്കാരങ്ങള്‍
എന്‍റെ അഹംഭാവങ്ങള്‍   
ഇത്രയധികം തല്ലിക്കെടുത്തപ്പെട്ട ദിനങ്ങള്‍ എന്‍റെ ഓര്‍മയില്‍ വേറെയില്ല  

ഹൃദയം നിറഞ്ഞു തുളുമ്പുന്ന ആരാധന മാത്രം, എല്ലാ അമ്മമാരോടും..





2013 ഏപ്രിൽ 16, ചൊവ്വാഴ്ച

പയ്യന്‍സ് വന്നു


പയ്യന്‍സ് വന്നു, കൂളായി, കമ്പും കത്രികയുമൊന്നും എടുപ്പിക്കാതെ, ഇന്നലെ രാവിലെ പത്തരക്ക്. കൃത്യം രണ്ടര കിലോഗ്രാം ഭാരം.
രാവിലെ എട്ടു മണിക്ക് ചുരമിറങ്ങിത്തുടങ്ങിയ ഞാന്‍ പയ്യന്‍സിനെ കാണുന്നത് രാത്രി ഏഴു മണിക്ക്.

ആരുടെ ച്ഛായയാണ് എന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ചകളില്‍ ഏറെയും. മുഖം തെളിയാന്‍ സമയം എടുക്കുമെന്നും അപ്പോഴേ ശരിക്കും മനസ്സിലാവൂ എന്നും ഒരു കൂട്ടര്‍, അതല്ല, മൂക്ക് മാത്രം അച്ഛന്‍റെ വക എന്ന്‍ വേറൊരു കൂട്ടര്‍. ചുരുക്കത്തില്‍ കഴുത്തിന്‌ മേല്പോട്ടേക്ക് തര്‍ക്കമുണ്ട്, കീഴ്പോട്ടെക്ക് പക്ഷെ അച്ഛന്‍ തന്നെ. 

ഞാന്‍ വരുമ്പോള്‍ അവന്‍ വിപ്ലവത്തിന് കയ്യും കാലും വച്ച മാതിരി, രണ്ടു മുഷ്ടികളും ചുരുട്ടി ശബ്ദമില്ലാതെ മുദ്രാവാക്യം വിളിച്ചു കിടക്കുന്നു. 

പട്ടിണി കൂടാതെ ചുരുങ്ങിയത്‌ ആറു മാസം കഴിയാന്‍ അമ്മ തന്നെ വേണം എന്ന് അവനു മനസ്സിലാകാന്‍ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല. രണ്ടു മുത്തശ്ശിമാരെ എപ്പോഴും ചുറ്റും കാണുന്നുണ്ടാകും, പക്ഷെ ഇങ്ങനെയൊരുത്തനെപ്പറ്റി ഒരു വിചാരമേയില്ല എന്നു തോന്നുന്നു.
രാത്രി തന്നെ അവന്‍റെ ജനന സപ്രിടിക്കറ്റിനുള്ള അപേക്ഷ പൂരിപ്പിച്ചു. ഈ മണങ്ങോടന്‍ സര്‍ക്കാറിന് എന്തൊക്കെ അറിയണം, അയ്യയ്യോ!
ജനിപ്പിച്ചവരുടെ പേരും നാളും തൊട്ട് ഈ വിവാഹത്തിലും മുന്‍ വിവാഹത്തിലും കൂടി ആകെ മൊത്തം ഞങ്ങള്‍ക്ക്‌ എത്ര ജീവനുള്ള കുട്ടികള്‍ ഉണ്ടെന്നു വരെ!

2013 ജനുവരി 11, വെള്ളിയാഴ്‌ച

പ്രകൃതിയിലേക്ക് മടങ്ങുക - Go back to the Mother Nature


പണിമുടക്കില്‍ സഹകരിക്കാത്ത 'അധ്യാപഹയരെ' ഒരു പാഠം പഠിപ്പിക്കാന്‍ സമരക്കാര്‍ സ്റ്റാഫ്‌ മുറിയുടെ വാതില്‍പ്പഴുതില്‍ ഇട്ടു വച്ച നായ്ക്കുരണപ്പൊടി ദേഹത്തു വീണ പത്തു വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും ആശുപത്രിയില്‍ - വാര്‍ത്ത


പണ്ടെങ്ങോ വായിച്ചതോര്‍മ്മ വരുന്നു: ഹെഡ്‌മാഷ്‌ ബോബനോടും മോളിയോടും അനവസരത്തിലെ ഡി. ഇ. ഓ. സന്ദര്‍ശനം ഒന്ന് 'മാനേജ്' ചെയ്യാന്‍ ആവശ്യപ്പെട്ടു. അവര്‍ രണ്ടു പേരും കൃത്യമായി പണിയെടുത്തു, പുള്ളിക്കാരന് നല്ല ഭക്ഷണം നല്‍കി സല്‍ക്കരിച്ച ശേഷം ചൊറിയണം അരച്ചു കലക്കിയ വെള്ളത്തില്‍ മുക്കിയ തൂവ്വാല കൈയും മുഖവും തുടക്കാന്‍ കൊടുത്തു, സംഗതി ക്ലീന്‍!

2013 ജനുവരി 8, ചൊവ്വാഴ്ച

ക്ലാസ്സിക്‌ തമാശ 2012

2012 വര്‍ഷത്തിലെ ക്ലാസിക് തമാശ കേള്‍ക്കൂ:

"പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാനത്ത് ഇരുപതോളം നിയമങ്ങളുണ്ട്, ഇവ തന്നെ പര്യാപ്തമാണ് ഇക്കാര്യത്തിന്. വളരെയധികം പാരിസ്ഥിതിക  അവബോധമുള്ള പരിസ്ഥിതിയുടെ കാവല്‍നായ്ക്കളായ കേരളജനത പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തും (The environmentally sensitive people of Kerala are its 'watch dogs' for protecting its environment)."

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (Western Ghats Environment Authority-WGEA) രൂപവല്‍ക്കരിക്കണം എന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (Western Ghats Ecology Expert Panel - WGEEP) യുടെ നിര്‍ദ്ദേശത്തിന് കേരള സര്‍ക്കാര്‍ കൊടുത്ത മറുപടിയാണിത്.


2012 ഡിസംബർ 27, വ്യാഴാഴ്‌ച

നഗ്നവാനരന്‍

കഴിഞ്ഞ ദിവസം ടൌണില്‍ നില്‍ക്കുമ്പോള്‍ ഒരു സായഹ്നപത്രം വില്‍പനക്കാരന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വിളിച്ചു പറയുന്നത് കേള്‍ക്കുകയുണ്ടായി
"ചൂടുള്ള വാര്‍ത്ത, ചൂടുള്ള വാര്‍ത്ത,കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി"

- കൂടെ  അദ്ദേഹത്തിന്‍റെ വക ഒരു അപേക്ഷയും, "വാങ്ങി വായിക്കൂ സര്‍"

കുറെ നേരം അടുത്ത് വന്നു നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "സുഹൃത്തേ, ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇല്ലാത്ത ഒരു എഡിഷനുമായി വരൂ, ഞാന്‍ ഒരു പത്രക്കെട്ട് മുഴുവനും വാങ്ങാം"

- അയാള്‍ പോയ വഴി കണ്ടില്ല.

(അയാള്‍  ചിന്തിച്ചിട്ടുണ്ടാകും, ' ഇവനാരെടാ,ബുദ്ധൂസ്, ഈ വഹകളൊന്നും ഇല്ലാത്ത പത്രമോ? അതും സായാഹ്ന പത്രം?)

2011 ഒക്ടോബറില്‍ ഇവിടെ എഴുതിയ 'വിശേഷാല്‍പ്രതി' എന്ന തലക്കെട്ടോടു കൂടിയ കുറിപ്പിന്‍റെ പ്രാധാന്യമേറി വരുന്നു.

"There are one hundred and ninety-three living species of monkeys and apes. One hundred and ninety-two of them are covered with hair. The exception is a naked ape self-named Homo sapiens. This unusual and highly successful species spends a great deal of time examining his higher motives and an equal amount of time studiously ignoring his fundamental ones. He is proud that he has the biggest brain of all the primates, but attempts to conceal the fact that he also has the biggest penis, preferring to accord this honour falsely to the mighty gorilla. He is an intensely vocal, acutely exploratory, over-crowded ape, and it is high time we examined his basic behaviour".
- @ 1967 by Desmond Morris, in his classic, The Naked Ape

"നൂറ്റി തൊണ്ണൂറ്റി മൂന്ന് ജീവജാതി വാനരന്മാരും ആള്‍ക്കുരങ്ങന്മാരും ഉള്ളതില്‍ നൂറ്റി തൊണ്ണൂറ്റിരണ്ട് ജാതികളുടെയും ദേഹം രോമാവൃതമാണ്‌, ഒരേ ഒരു അപവാദം ഹോമോ സാപിയെന്‍സ് എന്ന മനുഷ്യ ജാതിയാണ്. ഈ പ്രത്യേക ജാതിയാകട്ടെ, തന്‍റെ അടിസ്ഥാന തത്ത്വങ്ങളെ മറന്നു കൊണ്ട് ഉയര്‍ന്ന ചിന്തകളെ പഠിച്ചും ലാളിച്ചും ജീവിച്ചു പോരുന്നു. സസ്തനികളില്‍ വച്ചേറ്റം വലുതും ശേഷിയുമുള്ള തലച്ചോര്‍ തനിക്കുണ്ടെന്ന് അഹങ്കരിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ ഒരു പുരുഷലിംഗത്തിന്‍റെ ഉടമയും കൂടിയാണ് താനെന്നുള്ള കാര്യം അതിസമര്‍ത്ഥമായി ഒളിപ്പിക്കുന്നു, മാത്രമല്ല, അതിന്‍റെ ബഹുമതി ഗോറില്ലക്ക്‌ നല്‍കുകയും ചെയ്യുന്നു. അതി വായാടിത്തവും അന്വേഷണത്വരയും ഉള്ള, എണ്ണത്തില്‍ വളരെക്കൂടുതലുള്ളതുമായ ഈ ജൈവജാതിയുടെ അടിസ്ഥാനസ്വഭാവങ്ങളെപ്പറ്റി പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു".

1967 - ല്‍ വിഖ്യാത ജന്തുശാസ്ത്രജ്ഞനായ ഡോ. ഡസ്മണ്ട് മോറിസ് തന്‍റെ 'നഗ്നവാനരന്‍' എന്ന പഠനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ദിവസവും മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന അക്രമ വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ മോറിസിന്‍റെ വാക്കുകള്‍ ഓര്‍ക്കാതെ നിവൃത്തിയില്ല.

നമ്മള്‍ 'ഒരു ജാതി' വൃത്തികെട്ട നഗ്നവാനരന്മാര്‍ തന്നെ, നിസ്സംശയം പറയാം.

ഡിസംബര്‍ 28, 2012

2012 നവംബർ 12, തിങ്കളാഴ്‌ച

പുതുവര്‍ഷ സബ്സിഡി സമ്മാനം

ജനുവരി ഒന്നു മുതല്‍ റേഷന്‍ സബ്സിഡി ബാങ്ക് വഴി നല്‍കും. റേഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നു തലത്തിലുള്ള പരിഷ്കാരങ്ങളില്‍ ഒന്നാണത്രെ ഇത്.


കിലോഗ്രാമിന്  2 രൂപക്ക് റേഷന്‍ കടകളില്‍ ലഭിക്കുന്ന അരിയുടെ യഥാര്‍ത്ഥ വില 8 രൂപ 90 പൈസയാണ്. ഇതില്‍ 6 രൂപ 90 പൈസ സബ്സിഡിയും 2 രൂപ ഉപഭോക്താവ് കൊടുക്കേണ്ടതുമാണ്. ഇനി വരുന്നപരിഷ്കാരം ഇങ്ങനെ: എല്ലാ ഉപഭോക്താക്കളും ബാങ്ക് അക്കൗണ്ട്‌ തുടങ്ങി അധികൃതരെ അറിയിക്കുക, ഇത് നിര്‍ബന്ധമാണ്. 6 രൂപ 90 പൈസ വച്ച് അരിയുടെ വില (സബ്സിഡി മാത്രം) അക്കൗണ്ടില്‍ വരും, 2 രൂപ തന്‍റെതായി ചേര്‍ത്ത് റേഷന്‍ കടയില്‍ നിന്നും 8 രൂപ 90 പൈസക്ക്‌ അരി വാങ്ങാം. സംഗതി കൊള്ളാം, പക്ഷെ നടക്കാന്‍ പോകുന്നത് എന്തായിരിക്കും?

2012 നവംബർ 10, ശനിയാഴ്‌ച

ഒടുക്കത്തെ ഒരു ഔപചാരികത !

സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നിട്ട് അവളുടെ അടുക്കളയുടെ മൂലയിലിരിക്കുന്ന ഉയരം കുറഞ്ഞ, വീതി കൂടിയ അലമാരയുടെ മുകളിലത്തെ തട്ടില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ പാത്രത്തില്‍ കയ്യിട്ട് ഉപ്പേരി വറുത്തതും മിക്സ്‌ചറും വാരിത്തിന്നു കൊണ്ട് അവളുടെ  അച്ഛന്‍റെ ചാരുകസേരയില്‍ ഇരുന്ന്- കിടന്നു ടിവി കാണുവാനും; അവളുടെ അമ്മ തരുന്ന കാപ്പി "ഗ്ലും ഗ്ലും" എന്ന ശബ്ദത്തോടെ മോന്തിക്കുടിച്ചു ഗ്ലാസ്‌ വലിച്ചെറിയുവാനും; അവളുടെ  സ്വകാര്യ മുറിയിലെ കട്ടിലില്‍ മലര്‍ന്നു കിടന്നു പോത്തിനെപ്പോലെ ഉറങ്ങാനും; കണ്ണും തിരുമ്മി എഴുന്നേറ്റു പോകും വഴി മേശമേല്‍ വച്ചിരിക്കുന്ന പേഴ്സില്‍ നിന്നും രൂപാ നൂറെടുത്ത് കീശയിലാക്കി, "ഇതു  നീ എനിക്ക് തന്നതായി വിചാരിച്ചോ"  എന്ന് പറഞ്ഞും കൊണ്ട് തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോകുവാനും എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ നടക്കാറില്ല.

തികച്ചും ഔപചാരികതയോടെ കസേരയിലോ സോഫയിലോ പാതി ആസനം പ്രതിഷ്ഠിച്ച് ഇറങ്ങിപ്പോയാല്‍ മതിയായിരുന്നു എന്നും നിനച്ച്, അവളുടെ അമ്മ തരുന്ന കാപ്പി ഗ്ലാസ്സിനു നോവാതെ പതുക്കെ നുണഞ്ഞിറക്കി  എന്ന് വരുത്തിത്തീര്‍ത്ത് യാത്ര പറഞ്ഞിറങ്ങേണ്ടി   വരുന്ന വിധത്തില്‍ മാറിയിരിക്കുന്നു എന്‍റെ സൗഹൃദങ്ങളും ബന്ധങ്ങളും.

എന്‍റെ ഒടുക്കത്തെ ഒരു ഔപചാരികത!

നവംബര്‍ 11, 2012

അതിഥി ദേവോ ഭവ:

പ്രിയപ്പെട്ടവര്‍ മരിച്ചു കിടക്കുമ്പോള്‍ പോലും, സാന്ത്വനിപ്പിക്കാന്‍ വരുന്ന സുഹൃത്തുക്കളെ ചായ-ബേക്കറി പലഹാരാദികള്‍ നല്‍കി സല്‍ക്കരിക്കാനുള്ള മലയാളിയുടെ ചുമതലാബോധമുണ്ടല്ലോ, അതിനൊരു "ലൈക്‌".

അതിഥി  ദേവോ ഭവ:

നവംബര്‍ 11, 2012




2012 ജൂൺ 4, തിങ്കളാഴ്‌ച

ഞാനും നടും ഒരു മരം

പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരവും നീതിപൂര്‍വ്വകവുമായ ഉപയോഗവും അവയുടെ സംരക്ഷണവും എന്‍റെ ചുമതലയാണ്, ശീലത്തില്‍ വരുത്തേണ്ട ഒരു സപര്യയുമാണ്. എന്നാല്‍ അതിലുമുപരി അത് ഒരു ഫാഷന്‍ തരംഗമായി മാറിയിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി മരം നടുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും ഉദ്ഘോഷിക്കുന്ന അതേ ലാഘവത്തോടെ തന്നെ സ്വന്തം പുരയിടത്തില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അപ്പുറത്തേക്ക് വലിച്ചെറിയുവാനും വീട് കെട്ടുവാനോ മോടി പിടിപ്പിക്കുവാനോ ആയി അടുത്തുള്ള പുഴയില്‍ നിന്നും മണല്‍ ഊറ്റുവാനും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കാനും വയലേലകള്‍ മണ്ണിട്ടു നികത്തുവാനും തയ്യാറാവുന്ന എന്നെ ഭരിക്കുന്ന വികാരം അല്ലെങ്കില്‍ വിചാരം എന്താണ്? ഒരു പരിസ്ഥിതിദിനം കൂടി വരുന്നു, ഹരിത സാമ്പത്തികവ്യവസ്ഥയാണ് മുദ്രാവാക്യം. പാഷന്‍ ഇല്ലാതെ ഫാഷനു വേണ്ടി മാത്രം ഞാനും നടും ഒരു മരം.

2012 ജൂൺ 3, ഞായറാഴ്‌ച

പൊളിട്രിക്സ് രണ്ട്

എനിക്ക് മനസ്സിലാവാത്തത് ഇതാണ്; ഒരു നേതാവ്‌, ഒരു ലക്ഷം അണികള്‍; നേതാവ്‌ ഒരു ദിവസം കൊണ്ട് മലക്കം മറിഞ്ഞു മറുപാളയത്തില്‍, കൂടെ ബഹുഭൂരിപക്ഷം അണികളും. ഈ അണികളിലൊന്നും സാമാന്യയുക്തിക്ക് ചിന്തിക്കുന്നവര്‍ ഇല്ലേ? അവരുടെയെല്ലാം രാഷ്ട്രീയ ചായ്‌വും ആ ദിവസം തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നുവോ? അപ്രതീക്ഷിതമായി, അതീവ ദു:ഖത്തോടെ (?)സംസ്ഥാനം ഒരു ഉപതെരഞ്ഞെടുപ്പ് നേരിട്ടു, പിറവത്ത്‌. പിന്നെയും കഴിഞ്ഞു ഒന്ന്, ഇന്നലെ. കോടികള്‍ ചെലവാകും ഫലം വരുമ്പോഴേക്കും, കുറെയേറെ പേരുടെ രാപകലില്ലാത്ത അക്ഷീണ പ്രയത്നവും. സാമാന്യയുക്തിയോ നയധാരണയോ ഒന്നുമില്ല, തന്നെ തെരഞ്ഞെടുത്ത 'പൊതുജനക്കഴുതകളെ' പല്ലിളിച്ചു കാട്ടി തെരഞ്ഞെടുപ്പിനു ചെലവായ വിയര്‍പ്പിനും പുത്തനും പുല്ലുവില കല്‍പിച്ചു രാത്രിക്ക് രാത്രി എം. എല്‍. എ. സ്ഥാനം രാജിവയ്ക്കുക, പിറ്റേന്ന് പത്രസമ്മേളനം വിളിച്ചു കൂട്ടി ചത്താലും മറുപാളയത്തിലേക്ക് ഇല്ലെന്ന പ്രസ്താവനയും. പിറ്റേ ആഴ്ചയില്‍ യാതൊരു ഉളുപ്പുമില്ലാതെ മറുപാളയത്തില്‍ മാലയിട്ടു സ്വീകരണത്തില്‍ സന്നിഹിതന്‍! ജനങ്ങളുടെ വിശ്വാസങ്ങളെ, അവകാശങ്ങളെ മുഴുവന്‍ ഹനിച്ചു കൊണ്ട് അവര്‍ അധ്വാനിച്ച് നാടിനു മുതല്‍ക്കൂട്ടുന്ന കോടിക്കണക്കിനു രൂപ ചെലവാക്കാനും മടിശ്ശീലയിലാക്കുവാനും മാത്രം ആര്‍ത്തിയുള്ള ഇക്കൂട്ടരെ ഈ ഒറ്റക്കാരണം കൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമോ? അതിനൊരു 'ശേഷന്‍' ഇവിടെയുണ്ടോ? എനിക്ക് 'അരക്കവി'യായ കുഞ്ഞുണ്ണി മാഷിനെ ഇഷ്ടമാണ്, അദ്ദേഹം പാടിയത് പോലെ, രാക്ഷസനില്‍ നിന്ന് 'രാ' ദുഷ്ടില്‍ നിന്ന് 'ഷ്ട' മായത്തില്‍ നിന്ന് 'യം' ഇതല്ലേ രാഷ്ട്രീയം??

പൊളിട്രിക്സ് ഒന്ന്

പത്രത്താളുകളിലെ ഒരു അപകടവാര്‍ത്തകളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നെ അലട്ടാറില്ല; ആണവോര്‍ജ്ജം വേണമോ വേണ്ടയോ എന്ന തര്‍ക്കത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ എന്‍റെ അറിവ്‌ പരിമിതമാണ്. എന്‍റെ കുടുംബത്തില്‍ കണ്ണീരും വെണ്ണീറും എന്നു വീഴുന്നുവോ അന്നു ഞാന്‍ കരയും. എന്‍റെ കിടപ്പാടം നഷ്ടപ്പെടാന്‍ ഇടയായാല്‍ സമരപ്പന്തലില്‍ ഞാന്‍ വരും. സമൂഹത്തിനു വേണ്ടി കളയാന്‍ സമയമോ, ശബ്ദമോ; ഒഴുക്കാന്‍ വിയര്‍പ്പോ കണ്ണീരോ ഇല്ലാത്ത തലമുറയുടെ ഭാഗം തന്നെ ഞാനും എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ മൗനിയാക്കുന്നു. ഈ മൗനം ഒരുനാള്‍ എന്നെ ഭ്രാന്തനാക്കും, അതു വരെ എന്നെ വിശ്വസിച്ച് എന്‍റെ കൂടെ ജീവിക്കുന്നവര്‍ക്ക്‌ വേണ്ടി ഞാന്‍ കണ്ണടച്ച് ഇരുട്ടാക്കിയേ തീരൂ... ജീവിതം സ്വന്തമായി മെനഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമോ, മെന്‍റെറിങ്ങോ, ആശയ സംവാദങ്ങളോ വേണ്ടത്ര ഉള്ള നാടല്ല നമ്മുടേത്. 23 വയസ്സെങ്കിലും ആവണം നമ്മുക്ക് നമ്മുടെതായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ് ഉണ്ടാവാന്‍. യൂറോപ്പിലെയും മറ്റും മാതാപിതാക്കള്‍ മക്കളെ ചെറിയ പ്രായത്തില്‍ തന്നെ സ്വജീവിതം വാര്‍ത്തെടുക്കാന്‍ പഠിപ്പിക്കുന്നു, നമ്മുടെ കോഴികള്‍ ചെയ്യുന്നതിന്‍റെ ഒരു പരിഷ്കൃത രൂപം. ഇവിടെയോ? ഒന്നാലോചിച്ചു നോക്കൂ, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എത്ര മാതാപിതാക്കള്‍ ഉണ്ട്? എത്ര ഏട്ടന്മാരും ഏട്ടത്തിമാരും ഉണ്ട്? എത്ര മാഷുമാര്‍ ഉണ്ട്? സമൂഹത്തിനു വേണ്ടി ചിന്തിക്കുന്നവന്‍/ചിന്തിക്കുന്നവള്‍ (തെറ്റി തെറിച്ചു നടക്കുന്നവന്‍/നടക്കുന്നവള്‍ എന്ന് പരിഭാഷ) കുടുംബത്തിന് എന്നും ഭാരമാണ് അത് കുറച്ചൊക്കെ സമ്മതിക്കാം, പക്ഷെ അവന്‍/അവള്‍ സമൂഹത്തിനു ഭാരമാണ് എന്ന കാമ്പൈനിംഗ് എങ്ങനെ സമ്മതിച്ചു കൊടുക്കും? നന്നായി ജീവിക്കാനോ, അതല്ലെങ്കില്‍ നന്നായി ഒടുങ്ങാനോ കെല്‍പില്ലാത്തവനായി സമൂഹം അല്ലെങ്കില്‍ ചരിത്രം എന്നെ നിര്‍വ്വചിക്കുന്ന അവസ്ഥ അതിവിദൂരതയിലല്ലാതെ ഞാന്‍ പ്രതീക്ഷിക്കുന്നു.. സമൂഹത്തിനു വേണ്ടി ചിന്തിക്കുന്ന, നന്നായി ജീവിക്കാന്‍ കെല്‍പുള്ള കുഞ്ഞനിയന്മാരും കുഞ്ഞനിയത്തിമാരും വളര്‍ന്നു വരുന്നത് ഞാനറിയുന്നു, അവര്‍ക്കു വേണ്ടി ഇത്രയും കുറിക്കുന്നു.

2012 മേയ് 17, വ്യാഴാഴ്‌ച

'പൈ' ഞാനായ കഥ

ഓര്‍മ്മകള്‍ എനിക്ക് ഓണം പോലെയാണ്, ഒന്നു തികട്ടി വന്നാല്‍ പിന്നെ പത്തു ദിവസം കഴിഞ്ഞേ തിരിച്ചു പോവുകയുള്ളൂ. എന്‍റെ സ്വന്തം എന്ന്‍ പഠിച്ച ഓരോരുത്തരും അഹങ്കരിക്കാന്‍ കൊതിക്കുന്ന നാട്ടിലെ സ്കൂളില്‍ ഈയ്യിടക്ക് പൂര്‍വ്വവിദ്യാര്‍ഥിസംഗമം നടന്നതായി അറിഞ്ഞു, പോകാന്‍ പറ്റിയില്ല.ശരിയായില്ല എന്ന തോന്നല്‍ ഉണ്ട്, എന്തു ചെയ്യാം, അവിടെ എത്തിപ്പെടാന്‍ കഴിയേണ്ടേ?
തല്‍കാലം ഓ. എന്‍. വി. മാഷു തന്നെ ആശ്രയം, ഒരു വട്ടം കൂടിയെന്‍......

2012 ഏപ്രിൽ 30, തിങ്കളാഴ്‌ച

കേരളം എങ്ങനെ കൂടോത്രക്കളത്തിലായി?

രണ്ടായിരത്തി പതിനൊന്നാമാണ്ട് മേയ് മാസത്തില്‍ ഒരു പ്രമുഖ മലയാളപത്രത്തില്‍ വന്ന ഒരു തുടരനെ കുറിച്ച് പറയാം. പത്രാധിപര്‍ക്കുള്ള അഭിപ്രായം (അതോ ആക്ഷേപമോ?) എഴുതി അയച്ചിരുന്നു, പ്രസിദ്ധീകരിച്ചു വന്നില്ല ! ഇപ്പോള്‍ വെറുതെ ഡയറിയുടെ താളുകള്‍ മറിച്ചപ്പോള്‍ കണ്ടു ആ 'കഷണം എഴുത്ത്' (piece of writing എന്ന് പരിഭാഷ), എന്നാല്‍പ്പിന്നെ ഇവിടെത്തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു, ഏതാണ്ട് ഒരു വര്‍ഷം പുറകിലത്തെ കഥയാണ്. ‘സമൂഹത്തിന്‍റെ വിശ്വാസപരമായ ദുര്‍നടപ്പുകളെ ശക്തമായി പ്രഹരിക്കാന്‍ ലേഖന പരമ്പരകള്‍ക്ക് കഴിയുന്നുണ്ട്’, കേരളം കൂടോത്രക്കളത്തില്‍ എന്ന ലേഖന പരമ്പരക്ക് ഒരു വായനക്കാരന്‍റെ അഭിനന്ദനമാണിത്. ‘ആഭിചാരങ്ങളുടെയും ദോഷ പരിഹാര പൂജകളുടെയും വലയിലേക്ക് എങ്ങനെയാണ് ഇരകളെ വീഴ്ത്തുന്നത്? പ്രവചനങ്ങള്‍ക്കും പ്രതിവിധികള്‍ക്കും പിന്നിലെ തന്ത്രങ്ങള്‍ എന്താണ്?’ ഇതാകട്ടെ, ഇപ്പറഞ്ഞ ലേഖന പരമ്പരയുടെ ആരംഭത്തിലെ ചെറിയ തലക്കെട്ടും. അറബിമാന്ത്രികം, സര്‍വ്വാഭീഷ്ടദായിനിയായ ഭാഗ്യയന്ത്രങ്ങള്‍, കുബേര്‍ കുഞ്ചി എന്തിനേറെ? സൈബര്‍ മന്ത്രവാദം വരെ ഉദ്ധരിച്ചു വിശദമായ പരമ്പരയായിരുന്നു ദിനപത്രത്തില്‍. പക്ഷെ യഥാര്‍ത്ഥ ‘നേര്‍സാക്ഷ്യം’ ശ്രദ്ധിച്ചുവോ? ഈ പരമ്പര അച്ചടിച്ചു വന്ന ദിവസങ്ങളിലെ മാത്രം പരസ്യപേജുകള്‍ നോക്കുക, മിനിട്ടുകള്‍ക്കകം എല്ലാത്തിനും പരിഹാരം എന്ന തലക്കെട്ടോടു കൂടിയ ഏലസിന്‍റെ പരസ്യം വന്നത് ആറു തവണ. രണ്ടാം സ്ഥാനത്ത്‌ മത്സരിച്ചു വന്നു കൊണ്ടിരുന്നതാകട്ടെ താന്ത്രിക-മാന്ത്രിക പ്രളയം! ധരിക്കുന്നവര്‍ക്ക് ആകര്‍ഷണ ശക്തി കൂട്ടുന്ന മായാ മോഹിനി മാന്ത്രിക ഏലസ്സ്, അനംഗ മന്ത്രവും അശ്വ മന്ത്രവും ചേര്‍ത്ത് എഴുതുന്ന കാമദേവാകര്‍ഷരണ ഏലസ്സ്, യന്ത്രങ്ങളെക്കാള്‍ ആയിരം മടങ്ങ്‌ ശക്തിയുള്ള സൗഭാഗ്യ വശ്യമണി (അതോ നവപാഷാണ മണിയോ?............ അനാചാരങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന പ്രിയപ്പെട്ട പത്രം പതിനായിരങ്ങള്‍ മതിക്കുന്ന പരസ്യ പേജുകളില്‍ മലക്കം മറിയുന്ന കാഴ്ച സാമാന്യയുക്തിക്ക് നിരക്കുന്നില്ല. ഇങ്ങനെയൊക്കെയല്ലേ കേരളം പല കളത്തിലുമാകുന്നത്? -പരമേശ്വരന്‍ പ്രജീഷ്‌, 18.05.2011

2012 ഫെബ്രുവരി 26, ഞായറാഴ്‌ച

എന്‍റെ ഹൃദയ മലര്‍വാടിയിലെ വസന്തപുഷ്പമേ...

2012 ഫെബ്രുവരി 14, വാലന്‍റെയിന്‍സ് ഡേ.

പത്രം തുറന്നു നോക്കിയ എന്‍റെ നോട്ടം പതിഞ്ഞത് പ്രണയദിന പ്രത്യേകപേജിലാണ്. ഭൂമിയിലങ്ങോളം ഒളിഞ്ഞും തെളിഞ്ഞുമിരുന്നു കൊണ്ട് കമിതാക്കള്‍ കവിതകളും സന്ദേശങ്ങളും കൊണ്ട് അതിവിദഗ്ദ്ധമായി മെനഞ്ഞെടുത്ത പൈങ്കിളി പേജ്.

പിറന്നാള്‍, വിദ്യാരംഭം, വിവാഹം, മരണം, ഓണം വിഷു ക്രിസ്തുമസ്, പുതുവര്‍ഷം, മദേര്‍സ് ഡേ, ഫാദേര്‍സ് ഡേ എന്നിങ്ങനെ എല്ലാ ദിവസങ്ങളും കച്ചവട കണ്ണോടെ മാധ്യമങ്ങള്‍ ആഘോഷിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇപ്പറഞ്ഞ എല്ലാ ദിനങ്ങളിലും നമുക്ക്‌ പത്രങ്ങളിലൂടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.

“അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന കിങ്ങിണിക്ക് കുഞ്ഞേച്ചിയുടെ ഉമ്മകളും ആശംസകളും” എന്ന് ഇതേ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു ഞാന്‍. കുഞ്ഞേച്ചിക്ക് ഇതങ്ങു നേരിട്ട് പറഞ്ഞാല്‍ പോരേ? പോര, ചിലപ്പോള്‍ കുഞ്ഞേച്ചി ഗള്‍ഫില്‍ ആയിരിക്കും, കിങ്ങിണി നാട്ടിലും. എന്നാല്‍ ഫോണ്‍ ചെയ്താല്‍ മതിയല്ലോ, പക്ഷെ അങ്ങനെ ചെയ്താല്‍ നാലു പേര്‍ അറിയില്ലല്ലോ!

“ദേ തള്ളേ, എന്‍റെ കൈക്ക് പണി ഉണ്ടാക്കല്ലേ, പറഞ്ഞില്ലെന്നു വേണ്ട” എന്ന് പറയുന്നവന്‍ വരെ മദേര്‍സ് ഡേയില്‍ അമ്മയെ പത്രത്താളുകളിലൂടെ ആശംസിച്ച്, സ്നേഹിച്ചു കൊല്ലും.

“അക്ഷയജട്ടീയ” എന്ന പേരില്‍ ഒരു ബ്ലോഗ്‌ വായിച്ചത് ഓര്‍ക്കുന്നു. അക്ഷയതൃതീയ എന്ന പേരില്‍ സ്വര്‍ണാഭരണ വിപണിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയ്ക്കു നല്ലൊരു തല്ലാണ് ബ്ലോഗ്ഗര്‍ ‘അക്ഷയജട്ടീയ’യിലൂടെ നല്കുന്നത് (കേരളത്തില്‍ ഇന്ന് തേങ്ങയെക്കാളും കൂടുതല്‍ ഉള്ളത് സ്വര്‍ണ്ണക്കടകള്‍ അല്ലേ എന്നൊരു സംശയം ഇല്ലാതില്ല, ഭൂവിനിയോഗത്തെ (land use) പറ്റി പഠിക്കുമ്പോള്‍ land fragmentation എന്നൊരു സംഭവമുണ്ട്. കുടുംബസ്വത്തായുള്ള സ്ഥലം തലമുറകളിലേക്ക് കൈമാറി വരുമ്പോള്‍, ഭാഗം കൂടിക്കൂടി മുറിഞ്ഞു മുറിഞ്ഞു പോകുന്ന സ്ഥിതിവിശേഷമാണിത്. ഇങ്ങനെ തന്നെയാണ് സ്വര്‍ണ്ണക്കടകളുടെ സ്ഥിതിയും. ഏട്ടനും അനിയനും മോനും മോള്‍ക്കും പ്രത്യേകം കടകള്‍, ഓരോരുത്തര്‍ക്കും 100 വര്‍ഷങ്ങളുടെ ‘പ്രവര്‍ത്തനപാരമ്പര്യവും’!)

ഇപ്പോള്‍ പട്ടും സാരിയും വാങ്ങാനുമുണ്ട് പ്രത്യേക ദിവസങ്ങള്‍.
പറഞ്ഞു വന്നതിതാണ്, വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസങ്ങളും ഓരോരുത്തരും കൂടി പങ്കിട്ടെടുത്ത് എല്ലാവരും കൂടി അങ്ങ് അര്‍മാദിക്കുകയാണ്.

നമ്മുക്ക് നമ്മുടെ പൈങ്കിളി പേജിലേക്ക് തിരിച്ചു വരാം..

“കുവലയ മൃദുദല മിഴിയിണയും ഉദയദിവാകര വര്‍ണകപോലവും”
പേജ് അടക്കി വാഴുകയാണ്.

വേറൊരു കമിതാവ്‌ കരയുന്നത് കേള്‍ക്കൂ....

സ്വാര്‍ത്ഥ സം ‘ഗു’ ചിത മനോഭാവമേ, നിന്നെ പതിവ്രതയെന്നെ ഞാന്‍ വിളിക്കൂ, മരിക്കാന്‍ ഒരുക്കം നിനക്ക് വേണ്ടി ഞാന്‍ എന്‍ പ്രേമം തെറ്റെന്ന് ചൊല്ലല്ലേ കണ്മണീ.........

ഇതിനിടയില്‍ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു,

“നില്‍ക്കൂ ശ്രദ്ധിക്കൂ, പിന്നെ പ്രണയിക്കാം” എന്നാണ് തലക്കെട്ട്

പ്രണയിക്കുന്നതിനു മുന്‍പേ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി വണ്ണം, ആകര്‍ഷണത്വം, മെലിച്ചില്‍, അസ്ഥിസ്രാവം എന്നിവയെ ചൂണ്ടിക്കാട്ടി ശരീരം കൊഴുക്കാനും ആഹ്ലാദപൂര്‍വ്വം ജീവിക്കാനുമായി ഉള്ള strength plus എന്ന മരുന്നിന്‍റെ (?) പരസ്യമാണ്. ഇതിനു സ്ഥാനം പൈങ്കിളി പേജില്‍ അല്ലാതെ വേറെയെവിടെ?

ഇതിനിടയില്‍ പ്രായഭേദമെന്യേ എല്ലാ മലയാളി മങ്കമാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്ന വിരുതന്മാരുമുണ്ട് (what an idea setji)!

ദോഷം പറയരുതല്ലോ, മനസ്സിനെ പിടിച്ചുലക്കുന്ന ചില കുറിപ്പുകളും കൂട്ടത്തിലുണ്ട്, ഈ നിര്‍വ്വചനം തന്നെ നോക്കൂ...

“ആകര്‍ഷണത്തിന്‍റെ പുതുമ കഴിഞ്ഞ് പരസ്പരം കുറ്റപ്പെടുത്താന്‍ ആരംഭിക്കുമ്പോഴും സ്വന്തമെന്ന് തോന്നുന്നുവെങ്കില്‍ അതാണ് പ്രണയം”

ബോധവും വെളിവും ഇല്ലാത്ത കാലത്ത് (ഇപ്പോള്‍ ഈ വഹകള്‍ ഉണ്ടെന്ന് ഭാവിക്കുന്നു) സ്കൂള്‍- കോളേജ് ഓട്ടോഗ്രാഫുകളില്‍ എഴുതി പിടിപ്പിച്ച പൊട്ടത്തരങ്ങള്‍ ഓര്‍മ്മ വരുന്നു, ഇതാ ഒരു സാമ്പിള്‍:

“കയ്യിലൊരു കുട്ടിയുമായി കെട്ടിയോന്‍റെ കൂടെ കൊട്ടിയത്ത് വച്ച് കാണുമ്പോള്‍, കെട്ടിപ്പിടിച്ചില്ലെങ്കിലും കൊട്ടത്തേങ്ങയാക്കി പൊട്ടിക്കരയിക്കല്ലേ കെട്ടുപ്രായമായ കുട്ടീ.... നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് നിന്‍റെ മാത്രമായ കുട്ടപ്പായി”

(ഇപ്പോഴും ലോകവാര്‍ത്തകള്‍ എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത് ദിനപ്പത്രമാണ്, അതിടുന്നാതാവട്ടെ, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയും).

ഫെബ്രുവരി 26, ഞായര്‍, 2012

2012 ജനുവരി 2, തിങ്കളാഴ്‌ച

പെരിയാര്‍ ആണോ യഥാര്‍ത്ഥത്തില്‍ പിന്നോട്ടൊഴുകുന്നത്?

പത്രമാധ്യമങ്ങള്‍ വായനക്കാരെ 'ആസ്വാദകര്‍' ആക്കുവാന്‍ ഉപയോഗിക്കുന്ന 'ആഘോഷചേരുവക'ളെപ്പറ്റി കഴിഞ്ഞ ബ്ലോഗില്‍ സൂചിപ്പിച്ചിരിന്നു. ഇയ്യടുത്ത് ഒരു പ്രമുഖ ദിനപ്പത്രത്തിന്‍റെ 'വിദ്യ' എന്ന പേജ്(ഡിസംബര്‍ 27) വായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഈ ചേരുവകളുടെ മറ്റൊരു ഭീകരമുഖം മനസ്സിലായത്‌. 'പിന്നോട്ടൊഴുകുന്ന പെരിയാര്‍' എന്ന തലക്കെട്ടില്‍ വന്ന വസ്തുനിഷ്ഠമായ ഈ വിവരണങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി വളരെയധികം അറിവുകള്‍ തരുന്നുണ്ട്. അണക്കെട്ടിന്‍റെ നിര്‍മാണത്തെപ്പറ്റിയും കരാറിനെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഇതില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകളും വിഷയമാകുന്നുണ്ട്.

കൊള്ളാം, നല്ലത് തന്നെ. പക്ഷെ പിന്നീടാണ് പലതും മറ നീക്കി ദൃശ്യമാകുന്നത്. 'വെള്ളം കേരളത്തില്‍, കൃഷി തമിഴ്നാട്ടില്‍', 'കരാര്‍ ലംഘനങ്ങളുടെ തുടര്‍ക്കഥകള്‍' എന്നീ കോളങ്ങള്‍ വായിക്കുന്ന ഏതൊരു മലയാളിയും അയല്‍നാട്ടുകാരനെ മനസ്സാലെയെങ്കിലും ശപിക്കും, അവരെ കല്ലെറിയുവാനും അവരുടെ വാഹനങ്ങള്‍ തടയുവാനും കടകള്‍ തല്ലിതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും പ്രകോപിതരാവും. ചുരുങ്ങിയ പക്ഷം തമിഴര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എങ്കിലും നാലു തവണ തനിയെ ഉരുവിടും, അത്രക്കുണ്ട് അതിലെ 'കൊലവെറി' തമിഴ്നാട് തുടര്‍ച്ചയായി കരാര്‍ ലംഘിച്ചുവെന്നും, തിരുവിതാംകൂറിന്‍റെ ചില അധികാരങ്ങള്‍ അവര്‍ തട്ടിയെടുത്തു എന്നും വരെ എഴുതി ചേര്‍ത്തിരിക്കുന്നു. ഇക്കാര്യങ്ങള്‍ സത്യമായിരിക്കാം, പക്ഷെ ഇതാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടത്‌? നില നില്‍ക്കുന്ന ആശങ്കകളെ അകറ്റി സമാധാനം പുനസ്ഥാപിക്കാന്‍ അല്ലേ അവര്‍ ശ്രമിക്കേണ്ടത്‌?

സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കായി യുദ്ധമില്ലാത്തിടത്ത് യുദ്ധവും കൊലവെറിയും മറ്റും വരച്ചു ചേര്‍ക്കുന്നതില്‍ ഇവര്‍ കാണിക്കുന്ന ഈ സ്മാര്‍ട്ട്നെസ്സ് അപകടം തന്നെ, സംശയംവേണ്ട.

" I Will Furnish the War, you furnish the pictures" എന്ന്‍ വില്ല്യം റാന്‍ഡോള്‍ഫ് ഹെഴ്സ്റ്റ്‌ എന്ന അമേരിക്കന്‍ മാധ്യമ മുതലാളി ക്യൂബയിലുള്ള തന്‍റെ ഫോട്ടോഗ്രാഫറോടു 1897 ല്‍ പറഞ്ഞുവത്രേ. അതു താനല്ലെയോ ഇത്, എന്ന വര്‍ണ്യത്തില്‍ എനിക്ക് ആശങ്ക ഇല്ലാതില്ല.

പച്ചക്കുതിര മാസികയിലെ 'മറുപടി' എന്ന വിഭാഗത്തില്‍ (ഡിസംബര്‍, 2011)പേരാമ്പ്രയില്‍ നിന്നും ശ്രീ അഹമ്മദ്കുട്ടി കുട്ടി നിരത്തുന്ന വാദങ്ങള്‍ അംഗീകരിക്കാതെ വയ്യ. ഇത് ജെര്‍ണലിസമോ, ജീര്‍ണലിസമോ?

ജനുവരി 3, 2012
ചൊവ്വ

2011 ഒക്‌ടോബർ 23, ഞായറാഴ്‌ച

വിശേഷാല്‍ പ്രതി

ഈയിടെ ഒരു പ്രമുഖ ദിനപ്പത്രത്തിന്‍റെ ഒരു പേജ് (ഒക്ടോബര്‍ 11)വായിച്ചു കഴിഞ്ഞതിനു ശേഷം ഞാന്‍ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു. നാല് സചിത്ര വാര്‍ത്തകളടക്കം താഴെ കൊടുത്തിരിക്കുന്ന എട്ട് പ്രധാന വാര്‍ത്തകളാണ് ആ പേജില്‍ ഉണ്ടായിരുന്നത്.

1. യുവതി കുത്തേറ്റ് മരിച്ചു: യുവാവ്‌ തൂങ്ങിമരിച്ച നിലയില്‍
2. യുവതിയെ കഴുത്തറുത്തു കൊന്ന കേസ്: യുവാവ്‌ അറസ്റ്റില്‍
3. പറവൂര്‍ കേസില്‍ ഡോ. ഹാരി അറസ്റ്റില്‍
4. വരാപ്പുഴ പെണ്‍വാണിഭം- റിട്ട. ബാങ്ക് മാനേജരും ഭാര്യയും പിടിയിലായേക്കും
5. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍
6. പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍
7. സംന്യാസാര്‍ഥിനി മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍
8. മിനി മുത്തൂറ്റിലെ കവര്‍ച്ച: മുഖ്യപ്രതി ഉള്‍പ്പടെ മൂന്ന്‌ പേര്‍ കീഴടങ്ങി


വാര്‍ത്തകളില്‍, അറിഞ്ഞോ അറിയാതെയോ പത്രാധിപര്‍ നടത്തിയ ഒരു തരംതിരിക്കല്‍ ആയിരുന്നു എന്നെ അലട്ടിയ ചിന്ത. ലോകവാര്‍ത്തകള്‍, നഗരവാര്‍ത്തകള്‍, നാട്ടുവര്‍ത്തമാനം, സ്പോര്‍ട്സ്‌, ചരമം എന്നിവ പോലെ കൊലപാതക/പീഡന/വാണിഭ വാര്‍ത്തകള്‍ക്ക് പ്രത്യേക ഒരു പേജ്!

പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭ സംഭവങ്ങള്‍, വടക്കാഞ്ചേരിയില്‍ പത്തു വയസ്സുകാരിക്കേറ്റ അപമാനം എന്നിവ വാര്‍ത്താപ്രാധാന്യമേറെയുള്ളത് തന്നെ. മിക്ക കൊലപാതക വാര്‍ത്തകളിലാവട്ടെ, പ്രണയകലഹം തന്നെ പ്രാഥമിക നിഗമനം. മിനി മുത്തൂറ്റിലെ കവര്‍ച്ച മാത്രമാണ് കൂട്ടത്തില്‍ ചേരാത്തത്.

ആദ്യമായി ഇങ്ങനെയൊരു തരംതിരിക്കല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മനസമാധാനം നഷ്ടപ്പെട്ടു. പക്ഷെ ഏതു രീതിയില്‍ അതിനെ വ്യാഖ്യാനിച്ച് സമനില വീണ്ടെടുക്കണമെന്ന് ഒരു എത്തും പിടിയും കിട്ടിയിരുന്നുമില്ല.

പിന്നീടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ട്രൂ കോപ്പി' യില്‍ കെ. സി. സുബി എഴുതിയ 'രഘുവിനു മുന്നില്‍ തല കുനിക്കാത്തതെന്താ?' എന്ന കുറിപ്പ്‌ വായിച്ചത്. 'സമാധാനമായി', എനിക്കുണ്ടായ അതേ മനസമാധാനക്കേട് തന്നെ, പക്ഷെ, കൃത്യമായ വ്യാഖ്യാനവുമുണ്ട്.

പൊതുമനസ്സിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള ദിനപ്പത്രങ്ങള്‍ രഘുവിനെ പോക്കറ്റടിക്കാരനായി വിധിയെഴുതി എന്നാണ് അതിലെ നിഗമനം.


വീണ്ടും വീണ്ടും ആലോചിക്കുമ്പോള്‍ ദിനപ്പത്രങ്ങളുടെ/മാധ്യമങ്ങളുടെ ഈ അമിത സ്വാധീനത്തെപ്പറ്റി ഭയമാകുന്നുണ്ട്.


മലയാളികള്‍ ഏറ്റം ആവേശത്തോടെ കൊണ്ടാടുന്ന 'ആഘോഷ ചേരുവകള്‍' (കൊലപാതകം/പ്രണയകലഹം/സ്ത്രീ ശരീരം/ലൈംഗികത) ഉള്ള വാര്‍ത്തകള്‍ക്ക് പ്രത്യേക പേജിലുപരി പ്രത്യേക പതിപ്പ് തന്നെ വന്നേക്കുമോ?

24.10.2011

(ഇപ്പോഴും ലോകവാര്‍ത്തകള്‍ എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത് ദിനപ്പത്രമാണ്, അതിടുന്നാതാവട്ടെ, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയും).

2011 ജൂലൈ 2, ശനിയാഴ്‌ച

കള്ളക്കര്‍ക്കടകം

ഇതാ അടുത്തെത്തി കര്‍ക്കടകം, കള്ളക്കര്‍ക്കടകം.

പെയ്തൊലിക്കുന്ന മഴയും കരുതല്‍ ഭക്ഷ്യധാന്യങ്ങളൊന്നുമേയില്ലാതെ പട്ടിണിയും പരിവട്ടവുമായി കടന്നു പോകാറുണ്ടായിരുന്ന അതേ പഞ്ഞക്കര്‍ക്കടകം. ഇപ്പോള്‍ മഴ കുറവ്, Global Warming, അല്ലാതെന്തു പറയാന്‍? കിലോക്ക് രണ്ടു രൂപ നിരക്കില്‍ അരി കിട്ടുന്നതു കൊണ്ട് പട്ടിണിയും കാര്യമായിട്ടില്ല.

കേരളത്തില്‍ കര്‍ക്കടകത്തിന്‍റെ മുഖംമാറ്റം എന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. പക്ഷെ ആരോഗ്യഭ്രാന്തും (Health Consciousness എന്ന് പരിഭാഷ) ഉപഭോക്തൃഭ്രാന്തും (Consumerism എന്ന്‍ പരിഭാഷ) കലശലായ ഒരു മധ്യനിര സമൂഹത്തിന്‍റെ 'കര്‍ക്കടകപ്പാച്ചില്‍' (ഉത്രാടപ്പാച്ചില്‍ പോലെ ഒന്ന്‍) എന്നെ എന്നല്ല, വീണ്ടുവിചാരങ്ങളുള്ള ഏതൊരാളെയും അലട്ടും എന്ന കാര്യത്തില്‍ സംശയമേതുമില്ല.

പുതിയ തലമുറക്ക്‌ കര്‍ക്കടകം പഞ്ഞമാസമല്ല, 'ചികിത്സാമാസ'മാണ്. പൊതുവെ കര്‍ക്കടകത്തില്‍ മാത്രം ദേഹരക്ഷയില്‍ ശ്രദ്ധ ചെലുത്തുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. ശാരീരിക, മാനസിക സ്വാസ്ഥ്യത്തിന് നമ്മുക്ക് പകര്‍ന്നു കിട്ടിയ പാരമ്പര്യ സൂക്തങ്ങള്‍ പലതും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്നു. നാട്ടുവൈദ്യത്തിന്‍റെയും ആയുര്‍വേദത്തിന്‍റെയും കളിത്തൊട്ടിലായ കേരളം ഇന്ന് വിവിധ തരത്തിലുള്ള സുഖ-വാജീകരണ ചികിത്സകളുടെ അന്താരാഷ്‌ട്ര കമ്പോളമാണ്. അതിന്‍റെ ചുവടുപിടിച്ച് മലയാളിയുടെ കര്‍ക്കടകവും വഴി മാറുന്നു. കനത്ത മുഖത്തോടെ കുലം കുത്തി അവതരിച്ചിരുന്ന കര്‍ക്കടകത്തിന്‍റെ വരവ് ഇന്ന് മലയാളി അറിയുന്നത് മരുന്നു പീടികകളില്‍ വിവിധ കെട്ടിലും മട്ടിലും ആടുന്ന ഔഷധക്കൂട്ടുകളും മരുന്നുകഞ്ഞികളുടെ കിറ്റുകളും കണ്ടിട്ടാണ് (കൂടെ ആരോഗ്യമാസികകളിലെ ലേഖനങ്ങളും!). ഈ കിറ്റുകളിലുള്ള 'മരുന്നു' കളുടെ ആധികാരികതയെപ്പറ്റി ആലോചിച്ച് നാം തല പുണ്ണാക്കാറില്ല. നാടൊട്ടുക്കും മുളച്ചു പൊന്തുന്ന ആയുര്‍വേദ മസ്സാജ് പാര്‍ലറുകളും നമ്മെ വേറൊരു വഴിക്കല്ല ചിന്തിപ്പിക്കുന്നത്.

ദേഹബലവും പ്രസരിപ്പും ഏറ്റം കുറയുന്ന കാലമാണ് ഗ്രീഷ്മ-വര്‍ഷ ഋതുക്കള്‍ എന്നും; വിവിധ രോഗകാരികളുടെ കടന്നാക്രമണം തടയുന്നതിനുള്ള ആര്‍ജ്ജിത ശേഷിയും രോഗക്ലേശം താങ്ങാനുള്ള സഹനശക്തിയും ഇക്കാലത്ത്‌ വളരെ കുറയുമെന്നും വിദഗ്ധര്‍ പറയുമ്പോള്‍ നമ്മുക്കെന്ത്‌ നോക്കാന്‍ അല്ലേ? ഔഷധക്കഞ്ഞിയും ഔഷധക്കിറ്റും വാങ്ങി സേവിക്കാന്‍ മരുന്നു പീടികകളുടെ മുന്നില്‍ നീളത്തില്‍ നില്‍ക്കാം, അല്ലെങ്കില്‍ പതിനായിരങ്ങള്‍ മുടക്കി, സുഖചികിത്സകരുടെ എണ്ണത്തോണിയില്‍ മലര്‍ന്നു കിടക്കാം.

ചേരുവകളുടെ ഗുണഗണങ്ങള്‍ അളന്നു തിട്ടപ്പെടുത്തി മാത്രം മരുന്നു കൂട്ടുകള്‍ ഉണ്ടാക്കുകയും ദീനം കലശലായവര്‍ക്ക് ഡോക്ടറുടെ വിദഗ്ധോപദേശത്തോടെ മാത്രം കിടത്തി-തിരുമ്മു ചികിത്സകള്‍ വിധിക്കുകയും ചെയ്യുന്ന വിശിഷ്ടായുര്‍വേദത്തിന്‍റെ അപൂര്‍വ്വം ഉപാസകര്‍ ഇവിടെയുള്ളത്‌ പ്രത്യാശക്ക് വക നല്‍കുന്നുണ്ട് എന്ന കാര്യം സമ്മതിക്കാതെ തരമില്ല.

എങ്കിലും കാലം മാറിക്കൊണ്ടേയിരിക്കുന്നു,ഒപ്പം രോഗങ്ങളും, 'രോഗി'കളും.
2020 കര്‍ക്കടകത്തിലേക്കു സുഖചികിത്സക്കായി ഇന്നേ അഡ്വാന്‍സ്‌ ബുക്കിംഗ് ആരംഭിക്കുന്നു എന്ന് കേട്ടാല്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല, എല്ലാം ഗുരുവായൂരപ്പന്‍റെ കൃപ പോലെ (അന്തരിച്ച മുന്‍മുഖ്യന്‍ ശ്രീമാന്‍ കെ. കരുണാകരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ശീട്ടാക്കിയിരുന്ന ഉദയാസ്തമനപൂജ ഗുരുവായൂരമ്പലത്തില്‍ നടന്നത് ഈയടുത്തിടെയാണത്രെ!).

പിന്‍കുറിപ്പ്‌:
ഇന്ത്യയിലെ ചില പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളുടെ ഉന്നതതല മീറ്റിങ്ങുകള്‍ നടക്കുന്നത് മിക്കവാറും കര്‍ക്കടകമാസത്തില്‍ (ക്ഷമിക്കണം, July-August എന്ന്‍ ഔദ്യോഗിക ഭാഷ്യം) ആയുര്‍വേദചികിത്സാ കേന്ദ്രങ്ങളുടെ ചുറ്റുവട്ടത്താണത്രെ ('ബോസു'മാര്‍ ചികിത്സയിലാണ്!)

Air Conditioned റൂമുകളോട് കൂടിയ ഒരു കോട്ടേജിനു പലയിടത്തും പഴുത് കാണുന്നുണ്ട്, ഞാന്‍. കാശുണ്ടെങ്കില്‍ അത് കുറച്ചു വലുതായി തന്നെ പണിയാം, ഒരുവേള, കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും കര്‍ക്കടക-സുഖചികിത്സ താങ്ങാവുന്ന രീതിയില്‍ സാമ്പത്തിക ഐശ്വര്യം വന്നു ചേരുന്ന അവസ്ഥയിങ്കല്‍, വാര്‍ഷിക പൊതുയോഗം (Annual General Body Meeting) തന്നെ ചാര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയാലോ?
...........................
ജൂലൈ 3, ഞായര്‍, 2011

2011 ജൂൺ 29, ബുധനാഴ്‌ച

ജയ്ഹോ ജയറാം ജീ

'റ്റാ റ്റാ ബൈ ബൈ ജയറാം ജീ' എന്നു പരിഭാഷ !


കേന്ദ്രമന്ത്രിസഭ പുനസ്സംഘടനയുടെ ഭാഗമായി പരിസ്ഥിതിസ്നേഹിയും പരിസ്ഥിതി മന്ത്രിയും സര്‍വ്വോപരി വികസന വിരുദ്ധനുമായ ശ്രീ ജയറാം രമേശിന്‍റെ വകുപ്പ്‌ മാറ്റിയേക്കും എന്ന് സൂചന. 'പ്രവര്‍ത്തിക്കാത്ത' മന്ത്രിമാരുടെ ലേബലല്ല അദ്ദേഹത്തിനുള്ളത്, മറിച്ച് 'അമിതപ്രവര്‍ത്തനം' നടത്തിയതാണത്രേ പ്രശ്നം. ഖനനം, ഊര്‍ജ്ജം, റെയില്‍വേ തുടങ്ങിയവയില്‍ പല പദ്ധതികളും മുടങ്ങിക്കിടക്കുന്നത് അദ്ദേഹം കാരണമാണത്രേ. സ്ഥാപിതതാല്‍പര്യക്കാരുടെ ലോബികളാണ് ഇതിനു പിന്നിലെങ്കിലും വികസനത്തിന്‍റെ വഴിയില്‍ തടസ്സമുണ്ടാകുന്നത് പ്രധാനമന്ത്രിക്കും തലവേദനയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും 'അമിതപ്രവര്‍ത്തനം' നടത്തിയ രമേശ്ജിയുടെ 'കഴിവ്' കണക്കിലെടുത്ത്‌ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കുവാനും ആലോചനയുണ്ടത്രേ.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയോടെയും സമവായത്തിലൂടെയും എതിര്‍പ്പുകള്‍ പരമാവധി കുറച്ച് പദ്ധതി നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തുടങ്ങിയുള്ള കേരള സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രിയുടെ പ്രസ്താവന കൂടി വായിച്ചപ്പോഴാണ് പെരുത്ത് സന്തോഷമായത്.



കേന്ദ്രത്തില്‍ രമേശ്ജിക്ക് പറ്റിയത് ഇവിടെ കേരളത്തില്‍ ഗണേശ്ജിക്ക് ഒരു പാഠമാവട്ടെ. അന്താരാഷ്‌ട്ര വനവര്‍ഷം എന്നും മറ്റും പറഞ്ഞ് വേണ്ടാതീനങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ ഓര്‍ക്കണേ, അടുത്ത പരിസ്ഥിതി ദിനത്തില്‍ തൈ നടാന്‍ ഞങ്ങള്‍ക്ക്‌ 'അമിതപ്രവര്‍ത്തനം' കാഴ്ച വക്കാത്ത വേറെയേതെങ്കിലും മന്ത്രിയെ തരും, ഇന്ദിരാഭവന്‍.

ജൂണ്‍, 29, ബുധന്‍, 2011

(ഇപ്പോഴും ലോകവാര്‍ത്തകള്‍ എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത് മാതൃഭൂമി പത്രമാണ്, അതിടുന്നാതാവട്ടെ, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയും).

2011 ജൂൺ 25, ശനിയാഴ്‌ച

ലോക്പാല്‍, M. Sc.

ഇതിനു തൊട്ടുമുന്‍പുള്ള ഒരു പോസ്റ്റില്‍ ശ്രീമാന്‍ അന്നാ ഹസാരേക്ക് ഞാന്‍ എഴുതിയ എഴുത്ത് വായിച്ച, എന്നെ പ്രൈമറി സ്കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ (അതോ എന്നെ 'പഠിക്കാന്‍ അയച്ചിരുന്ന' കാലത്ത് അവിടെ ജോലി ചെയ്തിരുന്നവരോ?) വിളിച്ച് 'ശ്ശി' ശകാരിച്ചു. താടിമീശ നരച്ചു തുടങ്ങുമ്പോഴെങ്കിലും എനിക്ക് ബുദ്ധി വയ്ക്കുമെന്ന്, ഞാന്‍ നന്നാവുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു പോലും!

അത് മനസ്സില്‍ തറച്ചു കേട്ടോ.....

സത്യമായും ഇന്ന് മുതല്‍ ഞാന്‍ നല്ലവനാവാന്‍ ശ്രമിക്കുകയാണ്, വിശ്വാസം വരുന്നില്ലെങ്കില്‍ ഈ പോസ്റ്റു തുടര്‍ന്ന് വായിച്ചു നോക്കൂ......


ലോക്പാല്‍, M. Sc. (ലോക്പാല്‍, March September completed)
..........................................................................................................

M. Sc. (March September completed) എന്നത് ബിരുദാനന്തര ബിരുദ ഡിഗ്രി അല്ല. പണ്ട്, SSLC മാര്‍ച്ചിലും സെപ്റ്റംബറിലും തുടര്‍ച്ചയായി എഴുതി പേരെടുക്കുന്നവര്‍ക്ക് നാട്ടുകാര്‍ കൊടുത്തിരുന്ന ബിരുദമാണ്. അതുപോലെ തന്നെയാണ് ലോക്പാല്‍ ബില്ലിന്‍റെയും കാര്യം, 1968മുതല്‍ ഇങ്ങോട്ട് ഇത് പത്താം തവണയാണ് പാസാവാന്‍ കഴിയാതെ ഉഴലുന്നത്. അതിദുര്‍ഘടാവസ്ഥയിലുള്ള ആ ബില്ലിന്‍റെ കഥയാണിത്‌.

മുന്‍കൂര്‍ ജാമ്യം:

വിവിധ ഇംഗ്ലീഷ് വെബ്പേജുകളില്‍ നിന്നും ന്യൂസ്‌ ആര്‍ട്ടിക്കിളുകളില്‍ നിന്നും ലോക്പാല്‍ ബില്ലിനെപ്പറ്റിയും ജനലോക്പാല്‍ ബില്ലിനെപ്പറ്റിയും വായിച്ച് ഇതെന്തു സംഗതികളാണെന്ന് എന്നെ മനസിലാക്കുവാനായി ഞാന്‍ തന്നെ തയ്യാറാക്കിയ കുറിപ്പാണിത്. കുറെയേറെ കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ടാവാം (ചിലപ്പോള്‍ ചില്ലറ തെറ്റുകളുമുണ്ടാവാം) . ഇതൊരിക്കലും ഈ വിഷയത്തിനെ സംബന്ധിച്ച ഒരു ആധികാരിക റഫറന്‍സ് അല്ലേയല്ല ! എന്നിരുന്നാലും സംഗതികളുടെ കിടപ്പുവശം അറിയാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്‌ ഒരു ചെറിയ തുടക്കം ആയിക്കോട്ടെ എന്ന് ഞാനും കരുതി.


ലോക്പാലിന്‍റെ ഉറവിടം സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നും ലോകമൊട്ടുക്കും വ്യാപിച്ച ഓംബുട്സ്മാന്‍ എന്ന ആശയമാണ്. 'ലോക' (ജനങ്ങള്‍)‍, 'പാല' (സംരക്ഷകര്‍) എന്നീ സംസ്കൃത വാക്കുകളില്‍ നിന്നുമാണ് ലോക്പാല്‍ എന്ന വാക്കിന്‍റെ ജനനം.

എന്താണ് ലോക്പാല്‍ ബില്‍?

ഉന്നതതലങ്ങളിലെ അഴിമതികള്‍ തടയുവാനുള്ള നിയമനിര്‍മാണമാണ് ലോക്പാല്‍ ബില്‍ മുന്നോട്ടു വക്കുന്നത്. മന്ത്രിമാര്‍, മറ്റുദ്യോഗസ്ഥര്‍ തുടങ്ങി പ്രധാനമന്ത്രി വരെ എത്തും ഇതിന്‍റെ ഉപയോക്താകള്‍, ക്ഷമിക്കണം, ഇതിന്‍റെ പരിധിയില്‍ വരുന്നവര്‍.

ബില്ലിന്‍റെ ചരിത്രം:

1968 മുതല്‍ ഇന്നോളം 42 വര്‍ഷങ്ങള്‍ക്കിടയില്‍ 10 തവണകള്‍ പാര്‍ലമെന്‍റില്‍ വിജയത്തിനായി പൊരുതിയ ചരിത്രമാണ് ലോക്പാല്‍ ബില്ലിന്‍റെത്. അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള നയങ്ങള്‍ ആവിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1966-ല്‍ നിയോഗിച്ച സന്താനം കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ് ലോക്പാല്‍ എന്ന ബില്ലിലേക്ക് നയിച്ചത്‌. അന്നു തൊട്ടിന്നു വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ്‌ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ബില്‍ പാസ്സാക്കപ്പെട്ടിട്ടില്ല.

1968, 71 വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി; 77- ല്‍ മൊറാര്‍ജി ദേശായി; 85- ല്‍ രാജീവ് ഗാന്ധി; 89- ല്‍ വി. പി. സിങ് ; 96- ല്‍ ദേവഗൌഡ; 98, 2001 വര്‍ഷങ്ങളില്‍ വാജ്‌പേയി; 2005, 2008 വര്‍ഷങ്ങളില്‍ മന്‍മോഹന്‍സിങ് എന്നീ പ്രധാനമന്ത്രിമാര്‍ ഇതിനു വേണ്ടി ശ്രമിച്ചിരുന്നു, പക്ഷെ അപ്പോളൊന്നും ഇത് രാജ്യസഭയില്‍ പാസ്സായി നിയമമായി വന്നിട്ടില്ല.

എന്താണ് ജനലോക്പാല്‍ ബില്‍?

സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റികള്‍ തയ്യാറാക്കി പാസ്സാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോക്പാല്‍ ബില്ലിന്‍റെ എല്ലാ പ്രായോഗിക പഴുതുകളും അടച്ചു കൊണ്ട് ജനസമ്മതിയോടെയാണ് ജനലോക്പാല്‍ ബില്ലിന്‍റെ കരട് തയ്യാറാക്കപ്പെട്ടത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥരായ ശാന്തിഭൂഷണ്‍, കിരണ്‍ ബേദി; സുപ്രീംകോടതി മുന്‍ ജസ്റ്റിസ്‌ എന്‍. സന്തോഷ്‌ ഹെഗ്‌ഡെ; സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍; മുന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ജെ. എം. ലിംഗ്ദോ എന്നിവര്‍ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (IAC) എന്ന സൊസൈറ്റിയുമായി ചേര്‍ന്നാണ് ജനലോക്പാല്‍ ബില്ലിന്‍റെ കരടുരൂപം തയ്യാറാക്കിയത്‌. പിന്നീടത്‌ National Campaign for People's Right to Information (NCPRI) അതിന്‍റെ കമ്മറ്റിയില്‍ അവതരിപ്പിച്ചു.

ജനലോക്പാല്‍ ബില്ലിലെ പ്രധാന ആശയങ്ങള്‍:

1. ദേശീയാടിസ്ഥാനത്തില്‍ ലോക്പാല്‍ എന്ന പേരിലും സംസ്ഥാനാടിസ്ഥാനത്തില്‍ ലോകായുക്ത എന്ന പേരിലും അഴിമതി വിരുദ്ധ സമ്പ്രദായത്തിനു (ഓംബുഡ്സ്മാന്‍) വേണ്ട നിയമനിര്‍മ്മാണം നടത്തുക.

2. സുപ്രീംകോടതിയുടെയും ക്യാബിനറ്റ്‌ സെക്രട്ടറിയേറ്റിന്‍റെയും കാര്യത്തിലെന്ന പോലെ ക്യാബിനറ്റ്‌ സെക്രട്ടറിയും ഇലക്ഷന്‍ കമ്മിഷനുമായിരിക്കും ഇതിന്‍റെ മുഖ്യ കാര്യാധിപര്‍, അതുകൊണ്ടു തന്നെ സര്‍ക്കാരിന് അതീതവുമായിരിക്കും.

3. ജഡ്ജിമാര്‍, ഐ. എ. എസ്. ഉദ്യോഗസ്ഥര്‍, പൌരപ്രമുഖര്‍, തുടങ്ങിയവര്‍ ചേര്‍ന്നുള്ള കമ്മറ്റിയായിരിക്കും, തികച്ചും സുതാര്യമായി ലോക്പാലിനെയും ലോകായുക്തയെയും തെരഞ്ഞെടുക്കുക. വീഡിയോ റെക്കോര്‍ഡ്‌ ചെയ്ത ഈ നടപടികള്‍ പിന്നീട് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും.

4. എല്ലാ മാസവും ലോകായുക്തയുടെ വെബ്‌സൈറ്റില്‍ കിട്ടിയ പരാതികള്‍, എടുത്ത നടപടികള്‍, എടുക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കും.

5. കേസുകളില്‍ നടപടി എടുക്കുവാനുള്ള സമയം രണ്ടു കൊല്ലത്തില്‍ അധികമാവില്ല.

6. അഴിമതി നടന്നുവെന്നു തെളിയിക്കപ്പെട്ടാല്‍ പ്രതിയില്‍ നിന്നും സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം ഈടാക്കും.

7. ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളും.


ലോക്പാല്‍ ബില്ലും (ഡ്രാഫ്റ്റ്‌, 2010) ജനലോക്പാല്‍ ബില്ലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍:

1. അഴിമതിക്കെതിരെ സ്വമേധയാ കേസ്‌ എടുക്കാനോ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുവാനോ ലോക്പാലിനു അധികാരമില്ല. ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ അധ്യക്ഷന്‍/അധ്യക്ഷ എന്നിവരിലൂടെയുള്ള പരാതികള്‍ മാത്രം സ്വീകരിക്കും. എന്നാല്‍ ജനലോക്പാലിനാവട്ടെ, സ്വമേധയാ കേസ്‌ എടുക്കുവാനും മറ്റും അധികാരമുണ്ട്.

2. മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട്‌ കൊടുക്കുവാന്‍ ചുമതലപ്പെട്ട ഒരു ഉപദേശക സമിതി മാത്രമാണ് ലോക്പാല്‍. ജനലോക്പാലിനാവട്ടെ, വിചാരണയില്‍ കുറ്റം തെളിയിക്കപ്പെട്ട ഏതൊരാള്‍ക്കും ശിക്ഷ വിധിക്കുവാനുള്ള അധികാരമുണ്ട്.

3. ലോക്പാലിനു ക്രിമിനല്‍ കേസുകളില്‍ FIR തയ്യാറാക്കുവാനുള്ള പോലീസ് അധികാരം ഇല്ല, ജനലോക്പാലിനു ഇതുണ്ട്.

4. ലോക്പാലും CBI-യും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ജഡ്ജിക്കും രാഷ്ട്രീയപ്രവര്‍ത്തകനും എതിരെയുള്ള കേസുകള്‍ പഠിച്ച് വിചാരണ ചെയ്യാന്‍ തക്ക അധികാരം നല്‍കുന്നതിനായി മുഖ്യവിജിലന്‍സ്‌ കമ്മിഷന്‍ (CVC), വിജിലന്‍സ് വിഭാഗം, CBI-യുടെ അഴിമതി വിരുദ്ധ വിഭാഗം എന്നിവ ജനലോക്പാലില്‍ ലയിപ്പിക്കും.

5. കുറ്റം തെളിയിക്കപ്പെട്ടാല്‍ 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവ്‌ ശിക്ഷ വിധിക്കാനെ ലോക്പാലിനു അധികാരമുള്ളൂ. എന്നാല്‍ ജനലോക്പാലിനാവട്ടെ, 5 വര്‍ഷം മുതല്‍ ആജീവനാന്ത തടവ്‌ വരെ വിധിക്കാനുള്ള അധികാരമുണ്ട്.

6. ലോക്പാലിന്‍റെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ലോക്പാലിനതീതനായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്പാലില്‍ തെറ്റായി പരാതി നല്കുന്നയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മുന്‍പ് പറഞ്ഞിട്ടുള്ളതു പോലെ, രാഷ്ട്രീയ ഇടപെടലുകളില്ലാതെ തികച്ചും സുതാര്യമായിരിക്കും ജനലോക്പാലിന്‍റെ തെരഞ്ഞെടുപ്പ്‌.


എന്തു കൊണ്ട് ഈ ബില്ലിങ്ങനെ പാസ്സവാതെ കയില് കുത്തുന്നു എന്ന് മനസ്സിലായിക്കാണുമല്ലോ!

ഇപ്പറഞ്ഞ ജനലോക്പാല്‍ ബില്‍ പ്രകാരം രാജ്യത്ത് നിയമനിര്‍മ്മാണം സാധ്യമാക്കുന്നതിനുള്ള ഭഗീരഥ പ്രയത്നത്തിലാണ് പ്രമുഖ ഗാന്ധിയനായ ശ്രീ അന്നാ ഹസാരെ (ഡോ. കിസന്‍ ബാബുറാവു ഹസാരെ), അത്രയൊന്നും പ്രയത്നം ചെയ്യാതെ, ചെയ്യാന്‍ ഉദ്ദേശവുമില്ലാതെ പ്രശസ്തിക്കു വേണ്ടി ശ്രമിച്ച, സ്കോട്ട്‌ലന്‍ഡില്‍ ദ്വീപുള്ള സ്വാമിയാകട്ടെ, ചുരിദാറിട്ടുഎല്ലാവരെയും പറ്റിച്ചു കടന്നും കളഞ്ഞു!


.............................
അടിക്കുറിപ്പ്‌ : ചൂടുള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്നും - ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പൂര്‍ണപിന്തുണ. ഈ വിഷയത്തില്‍ ആര്‍ക്കു മുന്നിലും മുട്ടുമടക്കില്ലെന്നും ഉദ്ദേശിച്ച രീതിയില്‍ ബില്ലുമായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം വ്യക്തമാക്കി. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികള്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു!!
...............................
ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തിയാല്‍, ഹസാരെജി, രാഷ്ട്രം അങ്ങേക്ക് മാപ്പ് നല്‍കില്ല.....

ജൂലൈ 2, ശനി, 2011