2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

കേരളം എങ്ങനെ കൂടോത്രക്കളത്തിലായി?

രണ്ടായിരത്തി പതിനൊന്നാമാണ്ട് മേയ് മാസത്തില്‍ ഒരു പ്രമുഖ മലയാളപത്രത്തില്‍ വന്ന ഒരു തുടരനെ കുറിച്ച് പറയാം. പത്രാധിപര്‍ക്കുള്ള അഭിപ്രായം (അതോ ആക്ഷേപമോ?) എഴുതി അയച്ചിരുന്നു, പ്രസിദ്ധീകരിച്ചു വന്നില്ല ! ഇപ്പോള്‍ വെറുതെ ഡയറിയുടെ താളുകള്‍ മറിച്ചപ്പോള്‍ കണ്ടു ആ 'കഷണം എഴുത്ത്' (piece of writing എന്ന് പരിഭാഷ), എന്നാല്‍പ്പിന്നെ ഇവിടെത്തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു, ഏതാണ്ട് ഒരു വര്‍ഷം പുറകിലത്തെ കഥയാണ്. ‘സമൂഹത്തിന്‍റെ വിശ്വാസപരമായ ദുര്‍നടപ്പുകളെ ശക്തമായി പ്രഹരിക്കാന്‍ ലേഖന പരമ്പരകള്‍ക്ക് കഴിയുന്നുണ്ട്’, കേരളം കൂടോത്രക്കളത്തില്‍ എന്ന ലേഖന പരമ്പരക്ക് ഒരു വായനക്കാരന്‍റെ അഭിനന്ദനമാണിത്. ‘ആഭിചാരങ്ങളുടെയും ദോഷ പരിഹാര പൂജകളുടെയും വലയിലേക്ക് എങ്ങനെയാണ് ഇരകളെ വീഴ്ത്തുന്നത്? പ്രവചനങ്ങള്‍ക്കും പ്രതിവിധികള്‍ക്കും പിന്നിലെ തന്ത്രങ്ങള്‍ എന്താണ്?’ ഇതാകട്ടെ, ഇപ്പറഞ്ഞ ലേഖന പരമ്പരയുടെ ആരംഭത്തിലെ ചെറിയ തലക്കെട്ടും. അറബിമാന്ത്രികം, സര്‍വ്വാഭീഷ്ടദായിനിയായ ഭാഗ്യയന്ത്രങ്ങള്‍, കുബേര്‍ കുഞ്ചി എന്തിനേറെ? സൈബര്‍ മന്ത്രവാദം വരെ ഉദ്ധരിച്ചു വിശദമായ പരമ്പരയായിരുന്നു ദിനപത്രത്തില്‍. പക്ഷെ യഥാര്‍ത്ഥ ‘നേര്‍സാക്ഷ്യം’ ശ്രദ്ധിച്ചുവോ? ഈ പരമ്പര അച്ചടിച്ചു വന്ന ദിവസങ്ങളിലെ മാത്രം പരസ്യപേജുകള്‍ നോക്കുക, മിനിട്ടുകള്‍ക്കകം എല്ലാത്തിനും പരിഹാരം എന്ന തലക്കെട്ടോടു കൂടിയ ഏലസിന്‍റെ പരസ്യം വന്നത് ആറു തവണ. രണ്ടാം സ്ഥാനത്ത്‌ മത്സരിച്ചു വന്നു കൊണ്ടിരുന്നതാകട്ടെ താന്ത്രിക-മാന്ത്രിക പ്രളയം! ധരിക്കുന്നവര്‍ക്ക് ആകര്‍ഷണ ശക്തി കൂട്ടുന്ന മായാ മോഹിനി മാന്ത്രിക ഏലസ്സ്, അനംഗ മന്ത്രവും അശ്വ മന്ത്രവും ചേര്‍ത്ത് എഴുതുന്ന കാമദേവാകര്‍ഷരണ ഏലസ്സ്, യന്ത്രങ്ങളെക്കാള്‍ ആയിരം മടങ്ങ്‌ ശക്തിയുള്ള സൗഭാഗ്യ വശ്യമണി (അതോ നവപാഷാണ മണിയോ?............ അനാചാരങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന പ്രിയപ്പെട്ട പത്രം പതിനായിരങ്ങള്‍ മതിക്കുന്ന പരസ്യ പേജുകളില്‍ മലക്കം മറിയുന്ന കാഴ്ച സാമാന്യയുക്തിക്ക് നിരക്കുന്നില്ല. ഇങ്ങനെയൊക്കെയല്ലേ കേരളം പല കളത്തിലുമാകുന്നത്? -പരമേശ്വരന്‍ പ്രജീഷ്‌, 18.05.2011