2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

Women devotees regarding

Very bold verdict by the Supreme Court regarding Sabarimala temple.

Interestingly, very valid statement by one of the (women) Justice, 

"Notions of rationality can't be brought into matters of religion"

That's what we all say always!

https://indianexpress.com/article/india/sabarimala-verdict-live-updates-supreme-court-women-temples-kerala-5377598/

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ചാമ്പ്യന്‍ ഓഫ് എര്‍ത്ത്

 സുസ്ഥിര വികസന സങ്കല്പത്തിലേക്ക് പടവുകള്‍ ഒന്നൊന്നായി......

കേരളത്തിലെ ഫ്ലക്സ് പുനരുത്പാദനത്തിന് മൈസൂരിനടുത്ത് പ്ലാന്‍റ് ഒരുങ്ങി

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം,' ചാമ്പ്യന്‍ ഓഫ് എര്‍ത്ത് ' സിയാലിന്

വിവാഹവും യജമാനനും വസ്തുവും

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ഉപഭോഗ വസ്തുവല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ജംഗമസ്വത്തല്ല
ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല
ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല
പങ്കാളിയുടെ മേല്‍ നിയമപരമായ അധികാരം സ്ഥാപിച്ചെടുക്കുന്നത് തെറ്റ്

ആശംസകള്‍, ജഡ്ജിമാര്‍ക്കും, ജോസഫ്‌ ഷൈനും 

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല, സുപ്രീം കോടതി

സ്ത്രീ-പുരുഷ സമത്വം പുതിയ മാനങ്ങളിലേക്ക്, ജനാധിപത്യവും.



2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പാഠമാകട്ടെ ഓരോ ദുരന്തവും





കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയം തോര്‍ന്നു. മലവെള്ളം പോലെ കുത്തിയൊലിച്ച ദുരന്തവാര്‍ത്തകളും ഫ്‌ളാഷുകളും ബാക്കിയായി, കൂടെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കിടപ്പാടവും കൃഷിയും ഉറ്റവരെയും വരെ നഷ്ടപ്പെട്ടവരുടെ വേദനകളും. വലിയ വീഴ്ചകളൊന്നുമില്ലാതെ തന്നെ സംസ്ഥാനം ഈ അടിയന്തരാവസ്ഥ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു. ദുരിതങ്ങളൊഴിഞ്ഞിട്ടില്ല, കോടികളുടെ നാശമാണ് റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്. സ്വന്തം വീട്ടിലിരുന്നുള്ള ഒരു ഊണ് ഇപ്പോഴും ഒരു സ്വപ്നമാണ്, പലര്‍ക്കും. വെള്ളക്കെട്ടിനു ശേഷമുള്ള മാലിന്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൈകോര്‍ത്ത് തല്‍ക്കാലം പ്രളയം നീന്തിക്കയറി, ഇനിയുള്ളത് ആവാസവ്യവസ്ഥയുടെ പുനര്‍നിര്‍മ്മാണമാണ്. നവകേരളമാണ് ലക്ഷ്യം, കേരളത്തിന് തീര്‍ച്ചയായും കൈത്താങ്ങ് ആവശ്യമുണ്ട്. അണക്കെട്ട് തുറന്നതിലെ അപാകതകളും, മുന്നറിയിപ്പുകള്‍ നല്‍കിയതിലെ വീഴ്ചകളും രക്ഷാപ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും മറ്റും ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ പലയിടത്തും ചൂട് പിടിച്ചിരുന്നു, കൂടെ മറ്റു പല വിഷയങ്ങളും. സമൂഹ മാധ്യമങ്ങളില്‍ കറങ്ങിത്തിരിഞ്ഞ ഈ ഒറ്റ പോസ്റ്റ് കൊണ്ട് തന്നെ ഇവയില്‍ പലതിനേയും ന്യായീകരിക്കാം: ''വെള്ളം താഴ്ന്നു, ഇനിയുള്ളത് ചെളിയാണ്, നമുക്കത് പരസ്പരം വാരിയെറിയാം''.




സ്വന്തം സുരക്ഷ നോക്കാതെ പലയിടത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ നാട്ടുകാരുടെ നല്ല മനസ്സ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ('സുരക്ഷാ ക്രമീകരണങ്ങളൊന്നുമേയില്ലാതെ പലതിനും മുന്നിട്ടിറങ്ങുന്നത് കൂടുതല്‍ അപകടമല്ലേ?' എന്ന ചോദ്യം, ഈ പ്രത്യേക സാഹചര്യത്തില്‍ തല്‍ക്കാലം മാറ്റി വയ്ക്കുന്നു; ദുരന്തമുഖത്തേക്ക് സെല്‍ഫിയെടുക്കാന്‍ മാത്രം പോയവരേയും സഹിക്കുന്നു). ദുരിതാശ്വാസ ക്യാമ്പുകളിലേക്കും കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളിലേക്കും അരിയും പലചരക്കുകളും വെള്ളക്കുപ്പിയും തുണിയും മറ്റു സഹായങ്ങളും പ്രവഹിച്ചു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവ വറ്റിയിട്ടില്ല, നന്ന്. അനുകമ്പയും സഹതാപവും മാത്രം മതിയോ എന്നുചിന്തിക്കുന്നത് ഈയവസരത്തില്‍ നന്നായിരിക്കും.




എന്തുകൊണ്ട് മഴക്കാലത്ത് ഇത്രമാത്രം ദുരിതങ്ങള്‍? കിഴക്കന്‍മലകളില്‍ നിന്നും 41 നദികള്‍ അത്ര വീതിയില്ലാത്ത ഒരു ഭൂപ്രദേശത്തു കൂടി കടലിലേക്ക് പെരുമഴയത്ത് ഒഴുകിയിറങ്ങുമ്പോഴും അണക്കെട്ടുകള്‍ തുറക്കുമ്പോഴും ഇത്തിരി വെള്ളപ്പൊക്കമൊക്കെ ഉണ്ടാവില്ലേ? എന്ന ചോദ്യം സ്വാഭാവികം. എങ്കില്‍ ഇനി ചില 'അസ്വാഭാവിക' ചോദ്യങ്ങളാവട്ടെ. ഈ വെള്ളമൊക്കെ (വലിയോരളവു വരെ) ഒഴുകിപ്പോകാന്‍ അതിന്റേതായ വഴികള്‍ ഉണ്ടായിരുന്നില്ലേ? അവ പലതും നമ്മള്‍ അടച്ചുകെട്ടിയില്ലേ? ചതുപ്പെന്നോ വയലെന്നോ വകതിരിവില്ലാതെ, അതില്‍ വമ്പന്‍ കെട്ടിടങ്ങളും അതിനുചുറ്റും ആളുയരത്തില്‍ മതിലുകളും നിവര്‍ത്തിയില്ലേ? ആറുകളും തോടുകളും തൂര്‍ത്തില്ലേ? പാടങ്ങള്‍ക്ക് കുറുകേ റോഡുകള്‍ വിരിച്ചില്ലേ? വെള്ളം അങ്ങോടും ഇങ്ങോടും പോകാതാക്കിയില്ലേ? മലകള്‍ തുരന്ന് മണ്ണിടിച്ചിലിന് വഴിവച്ചില്ലേ? ചോദിച്ചുകൊണ്ടേയിരിക്കണം, അവനവനോടു തന്നെ, അവളവളോടും.




ജലലഭ്യത വേണ്ടതിലുമധികം എന്ന് കണക്ക് കൂട്ടി (അതോ മാലിന്യം പോക്കാനെളുപ്പം എന്ന് കരുതിയോ?) ആറുകളുടേയും പുഴകളുടേയും  തീരത്ത് നിര്‍മ്മിച്ച് കൂട്ടിയ വ്യവസായ സാമ്രാജ്യങ്ങള്‍ എല്ലാം തന്നെ പ്രളയജലം  നക്കിയെടുത്തില്ലേ? ചതുപ്പിലും വയലിലും പുഴയോരങ്ങളിലും കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളുടെ മുകളില്‍ നിന്നും ഒരു കുപ്പി വെള്ളത്തിനും സ്വയരക്ഷക്കുമായി നിലവിളിച്ച മുഖങ്ങളില്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടോ? കൂട്ടത്തില്‍ ഇതു കൂടി പറയട്ടെ, പ്രകൃതിദുരന്തങ്ങള്‍ പുതിയവയല്ല, നാം മനപ്പൂര്‍വ്വം ഉണ്ടാക്കുന്നവയല്ല; പലതും നമുക്ക് തടയാനുമാവില്ല. പക്ഷെ, അവ മൂലമുള്ള നാശനഷ്ടങ്ങളുടെ ആക്കം കൂട്ടുന്നതില്‍ നമ്മുടെ പങ്ക് അത്ര ചെറുതല്ല. 




വെള്ളം ഒഴുകിപ്പോകാന്‍ വശങ്ങളില്‍ സൗകര്യമുള്ള എത്ര റോഡുകള്‍ നമുക്കുണ്ട്? ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് തൂണുകളില്‍ പണിയുന്ന കാര്യം ചിന്തിച്ചു തുടങ്ങിയെന്ന വാര്‍ത്തയാണ് പുതുതായി കേള്‍ക്കുന്നത്. കുട്ടനാട്ടിലെ വെള്ളത്തിലായ വീടുകളൊന്നില്‍ നിന്നും വിളിച്ച്, അവിടങ്ങളിലൊക്കെ മലമൊഴുകിനടക്കുന്നുവെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍, ഓര്‍ത്തുപോയി കുട്ടനാട് പാക്കേജിനെപ്പറ്റി, വെള്ളപ്പൊക്കത്തെ വരുതിയില്‍ നിര്‍ത്താന്‍ അതില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെപ്പറ്റി. നമ്മുക്കെവിടെയൊക്കെയാണ് പിഴക്കുന്നത്?




മഴ കനത്തപ്പോള്‍, ജില്ലാ കളക്ടര്‍മാരെ മനസ്സില്‍ ധ്യാനിച്ച്, ടിവി-പത്ര വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്ക് പതിവിലേറെ ഉല്‍സാഹമായിരുന്നു എന്നാണ് പത്രറിപ്പോര്‍ട്ട്, കളക്ടര്‍ ചങ്കല്ല, ചങ്കിടിപ്പാണത്രെ!  നിനച്ചിരിക്കാതെ കിട്ടിയ ഈ അവധിദിനങ്ങള്‍ അവര്‍ എങ്ങനെയൊക്കെ ചിലവഴിച്ചിട്ടുണ്ടാകാം? രാത്രി വേള്‍ഡ്കപ്പും, പകലുറക്കവും, ചിലപ്പോള്‍ ട്യൂഷനും, വീട്ടിനകത്തെ കളികളുമൊക്കെയായി തകര്‍ത്തു കാണണം. പുറത്തിറങ്ങാന്‍ വിടില്ലല്ലോ. അമ്മൂമ്മമാര്‍ പറഞ്ഞ രാമായണക്കഥകള്‍ കേട്ടുറങ്ങിക്കാണും ചിലര്‍. ക്രിയാത്മകമായി എന്തെങ്കിലും ചെയ്തിട്ടുള്ളവര്‍ ക്ഷമിക്കുക. അവധികള്‍ കൂടിയപ്പോള്‍, പോര്‍ഷന്‍ എടുത്തുതീരുമോ? എന്ന വിചാരമാണ് അധ്യാപകര്‍ പങ്കുവച്ചത് എന്നറിയുന്നു.




അവധി ദിനങ്ങളില്‍ കുട്ടികളെ കാലവര്‍ഷക്കെടുതികള്‍ നേരിട്ടുകണ്ട് പഠിക്കാനനുവദിക്കുന്നതിനോടെത്ര പേര്‍ യോജിക്കും? വെള്ളം കെട്ടിയ റോഡുകളും പുരയിടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും അവര്‍ കാണണം. അവിടങ്ങളിലെ നിസ്സഹായമുഖങ്ങള്‍ കണ്ട് അവരില്‍ അനുകമ്പയുണ്ടാവണം, അവര്‍ക്ക് കൈത്താങ്ങ് ആവശ്യമുണ്ടെന്ന് മനസ്സിലാക്കണം. പിന്നീടാണ് പ്രധാന കാര്യം. വികാരങ്ങള്‍ വിചാരങ്ങള്‍ക്ക് വഴിമാറണം. തങ്ങളുള്‍പ്പടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കേവലം കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ (Climate Refugees) മാത്രമല്ല എന്നും, നമ്മുടെ തന്നെ വികലമായ, അശാസ്ത്രീയമായ ഭൂവിനിയോഗ-വികസന രീതികളാല്‍ക്കൂടി ആട്ടിത്തെളിച്ചെത്തിപ്പെട്ടവര്‍ തന്നെയെന്നും മനസ്സിലാക്കണം. പിന്നീടൊരിക്കലവര്‍ വീടും ചുറ്റുമതിലും റോഡും പാലവും ഡാമും പണിയുമ്പോള്‍ ഓര്‍ക്കണം, ക്യാമ്പുകളിലെ ആ മുഖങ്ങള്‍, ക്യാമ്പുകളിലെ കുറച്ചുകാലത്തെ ആ ജീവിതം. ഭൂമി കഷണം കഷണമായി വെട്ടിക്കീറാനും മലകള്‍ തുരക്കാനും ചതുപ്പും പാടവും തോടും നികത്താനും പിന്നീടവര്‍ ഒന്നു മടിക്കും. ഇനി ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍, അതിവര്‍ഷമുണ്ടായാല്‍, വെള്ളം ഒഴുക്കി വിടാനുള്ള ശാസ്ത്രീയമായ ഉപായങ്ങളെപ്പറ്റിയും സാങ്കേതിക വിദ്യകളെപ്പറ്റിയും ചിന്തിച്ചു തുടങ്ങിയേക്കും. ഇത് മുതിര്‍ന്നവരെ ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ നാളത്തെ പൗരന്മാരെ ഈ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്, പരിശീലിപ്പിക്കുന്നത്? പ്രത്യേകിച്ചൊരു പ്രയോജനവുമില്ലാത്ത മത-ജാതി ചിഹ്നങ്ങളും ആചാരങ്ങളുമൊക്കെ (Tattoos and Taboos) indoctrinate ചെയ്യാന്‍ മാത്രം മതിയോ മിടുക്ക്?  

അംഗന്‍വാടി-എല്‍.പി. സ്‌കൂളുകളിലെ പൊടിക്കുഞ്ഞുങ്ങളേയും കൊണ്ട് ദുരന്തമുഖത്തേക്ക് ടൂര്‍ പോകുന്ന കാര്യമല്ല പറയുന്നത്, അതപകടമാണ്. സംഗതി ഇത്തിരി ഗൗരവമുളളതാണ്. ഇതെങ്ങനെ ചെയ്യും? കോളേജ് വിദ്യാര്‍ത്ഥികള്‍ കൂടാതെ ഏതുപ്രായത്തിലുള്ള കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്താം എന്നൊക്കെ വിദഗ്ധര്‍ തീരുമാനിക്കട്ടെ. അണക്കെട്ടുകള്‍ തുറന്നു വിടുന്നതിനു മുന്‍പുള്ള സമയത്ത് ഇത് നടക്കുമായിരുന്നിരിക്കണം,  അത് കഴിഞ്ഞപ്പോള്‍ കാര്യം അതിഗൗരവമായല്ലോ. തങ്ങള്‍ കണ്ട ദുരന്തത്തിന്റെ ആഘാതം മാറ്റുവാന്‍ പല ഏജന്‍സികളും നടത്തുന്ന കൗണ്‍സലിംഗ് പരിപാടികളിലാണ് കുട്ടികള്‍ പലരുമിപ്പോള്‍, നന്ന്, അവരും സാധാരണ നിലയിലേക്ക് വരട്ടെ.

 


സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ, ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലപ്പത്ത് നമ്മുടെ ഒരാളുണ്ട്. ഇത്തരം വിഷയങ്ങളില്‍ അദ്ദേഹം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നത് എത്ര പേരിലേക്കെത്തുന്നുണ്ട്? ഈയിടുത്തയിടക്ക് അദ്ദേഹം ഉന്നയിച്ച ഒരു ചോദ്യം പ്രസക്തമാണ്. 'ഇടുക്കി അണക്കെട്ട് തുറന്നേക്കാം, ജനങ്ങള്‍ ജാഗ്രത പാലിക്കണം' എന്നു മാത്രം വാര്‍ത്ത കൊടുത്താല്‍ മതിയോ? ജാഗ്രത എങ്ങനെയൊക്കെ? മുന്‍കരുതലുകള്‍ എന്തൊക്കെ? എന്നു കൂടി വിശദീകരിക്കേണ്ടേ? ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഇപ്പറഞ്ഞ 'ജാഗ്രത'യുടെ അര്‍ത്ഥം അദ്ദേഹം നിഘണ്ടുവില്‍ പരതുക വരെ ചെയ്തത്രെ! അതെന്തായാലും പിന്നീടദ്ദേഹം മുന്‍കരുതലുകള്‍ എണ്ണമിട്ട് നിരത്തുന്നുണ്ട്, നന്ദി ഡോ. മുരളി തുമ്മാരുകുടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജിലും മുഖ്യമന്ത്രിയുടെ പേജിലും പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പിന്നീട് ലഭ്യമായി.




'മണ്‍സൂണ്‍ മഴ കൊണ്ടുള്ള പ്രയോജനങ്ങളെന്ത്?' എന്ന ചോദ്യത്തിന്, 'ഒന്നുരണ്ടാഴ്ചത്തെ അവധി തരപ്പെടും' എന്ന് ഭാവിയില്‍ കുട്ടികള്‍ ഉത്തരം പറഞ്ഞാലും അത്ഭുതപ്പെടാനില്ല. 'ഗാന്ധിജി നമുക്കെന്തു നേടിത്തന്നു?' എന്ന ചോദ്യത്തിന് 'മൂന്നു നാലവധികള്‍' എന്ന് തമാശിച്ചവരല്ലേ? ശാസ്ത്രവിഷയത്തില്‍ ഒരു എം.എസ്.സി പാസ്സായിട്ടും, 'കേരളത്തിലെ ശരാശരി മഴയെത്ര?' എന്ന വനഗവേഷണകേന്ദ്രത്തിലെ ഇന്റര്‍വ്യൂ ചോദ്യത്തിന് മുന്നില്‍ ചെറുതായൊന്ന് കുഴങ്ങിയതിന്റെ ജാള്യത ഇപ്പോഴും മാറിയിട്ടില്ലെനിക്ക്.




നമ്മുടെ കാലാവസ്ഥയെയും മഴയെയും മറ്റും കുട്ടികള്‍ നന്നെ ചെറുപ്പത്തിലേ മനസ്സിലാക്കട്ടെ. മഴയും അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവുമെല്ലാം  അളന്ന് രേഖപ്പെടുത്തി വക്കാന്‍ അവര്‍ പഠിക്കട്ടെ. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ജനുവരി-ഡിസംബര്‍ കലണ്ടര്‍ വിട്ട്, ഒരു കാലാവസ്ഥാ കലണ്ടറിനെയും അവരാശ്രയിച്ച് തുടങ്ങട്ടെ. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച്, വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ഇത്തരത്തിലുള്ള ഒരു പ്രോജക്ടും, പ്രാദേശിക Climate Risk Managers നെ പരിശീലിപ്പിച്ചെടുക്കുവാനുള്ള പദ്ധതിയും ഇവിടെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

മാതൃഭൂമിയുടെ സീഡ് പദ്ധതിയടക്കം മറ്റുപല മാതൃകകളുമുണ്ടാവാം, ഇവ സംസ്ഥാനമൊട്ടാകെ പടരട്ടെ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കാലാവസ്ഥയെഴുത്ത് പുതിയൊരധ്യായം തന്നെ. 'മണ്‍സൂണ്‍ മഴപ്പാത്തി, ന്യൂനമര്‍ദ്ദം, ന്യൂനമര്‍ദപാത്തി, ഓഖി, ഫൈലിന്‍, ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ട്' തുടങ്ങി എത്ര വാക്കുകളാണ് നമ്മുടെ നിത്യജീവിത നിഘണ്ടുവില്‍ ഇക്കാലത്ത് കയറിപ്പറ്റിയത്? 'മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍' തുടങ്ങി പിടിതരാത്ത ഒട്ടേറെ വാക്കുകള്‍ ഇനിയുമുണ്ട്.




ദുരന്തമുഖത്ത് സെല്‍ഫിയെടുക്കാന്‍ പോകുന്ന കൂട്ടരെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചല്ലോ. പിന്നെയൊരു ടീമുണ്ട്. വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലുമാണ് ഈ ദുരന്താവതാരങ്ങളുടെ അഴിഞ്ഞാട്ടം. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വത്തിനോടിടഞ്ഞു നിന്ന സര്‍ക്കാരിനും നാട്ടുകാര്‍ക്കും, 'പതിനെട്ടു മലയുടെ അധിപനായ' അയ്യപ്പന്‍ കൊടുത്ത ശിക്ഷയാണിതെന്ന് തള്ളി വിട്ടവര്‍; മനുഷ്യരിവിടെ പെരുവെള്ളത്തില്‍ നിന്നപ്പോള്‍, അലറിയൊഴുകുന്ന പുഴയും നീന്തി, കാടും മേടും താണ്ടി, അയ്യപ്പന് നെല്‍ക്കതിര്‍ എത്തിച്ച ചുണക്കുട്ടികള്‍ക്ക് കയ്യടിച്ചവര്‍; ഗോപസ്ത്രീകള്‍ പെരുമഴയത്ത് കൃഷ്ണനോട് പ്രാര്‍ത്ഥിച്ചതെന്ന് വ്യാഖ്യാനിക്കുന്ന ഭാഗവതകഥയിലെ ശ്ലോകവും ചൊല്ലി വീട്ടിലിരിയ്ക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടവര്‍; രക്ഷാപ്രവര്‍ത്തകരടക്കം ജാതി-മത ഭേദമന്യേ എല്ലാ ജനങ്ങളും വരുണഭഗവാനോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തവര്‍; ക്യാമ്പിലെ ദുരിതബാധിതര്‍ക്ക്  കൊടുത്ത ഭക്ഷണപ്പൊതികളില്‍ 'Jesus Loves You' എന്ന് സീലു വച്ചവര്‍; മഴയെയും ഇടിയെയും കാറ്റിനെയും കവച്ചു വയ്ക്കുന്ന സത്യവിശ്വാസികളുടെ പ്രാര്‍ത്ഥയനയെപ്പറ്റി വീമ്പു പറഞ്ഞവര്‍; പ്രകൃതി ആയ നാരായണനും പുരുഷന്‍ ആയ ശങ്കരനും ചേര്‍ന്ന 'താരകബ്രഹ്മം'(?) കലി തുള്ളിയതായി സ്വപ്നത്തില്‍ ദര്‍ശിച്ച് ഞെട്ടിയുണര്‍ന്നവര്‍ - അങ്ങനെയങ്ങനെ ചില തീരാദുരന്തങ്ങളും ഈ സാക്ഷരകേരളത്തിലുണ്ട്. സംസ്ഥാനം 'നമ്മുടെ സേന'യെന്ന് പ്രഖ്യാപിച്ച മത്സ്യത്തൊഴിലാളികള്‍ വള്ളത്തില്‍ രക്ഷക്കെത്തിയപ്പോള്‍ അയിത്തം കല്‍പ്പിച്ച്, വള്ളത്തില്‍ കയറാന്‍ വിസമ്മതിച്ച ചില 'ഉന്നത കുലജാതരും' ഉണ്ടായിരുന്നത്രെ, പുരപ്പൊറത്ത്!





ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ശാസ്ത്രത്തെയും ഒറ്റച്ചരടില്‍ കോര്‍ത്തുള്ള ഈ പട്ടം പറത്തിക്കളിക്ക് കടിഞ്ഞാണിടേണ്ടിയിരിക്കുന്നു. 'അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കുന്നതിനാല്‍ ചതയം നാളുകാര്‍ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം' എന്ന മട്ടിലുള്ള അപകട സൂചനകളും, നാട്ടില്‍ പുലിയിറങ്ങിയെന്നറിയിക്കുന്ന പള്ളി മണിയുമൊന്നുമല്ല നമുക്ക് വേണ്ടത് മറിച്ച്, വിരല്‍ത്തുമ്പില്‍ കിട്ടുന്ന ശാസ്ത്രബോധ്യങ്ങളാണ്. കൊടുങ്കാറ്റിനെയും ആര്‍ത്തലച്ചു വരുന്ന തിരമാലകളേയും ഊതിയും ഓതിയും ആട്ടിപ്പായിക്കുന്ന പുരോഹിതന്മാരുടെ ചിത്രം ഇനിയൊരിക്കലും സാക്ഷര, ശാസ്ത്രകേരളത്തെ നാണം കെടുത്തരുത്. 'Science, experience and planning is the collective strength of our State' എന്ന കേരള ദുരന്തനിവാരണ അതോറിറ്റിയുടെ അഭിപ്രായത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഇക്കാലത്ത്. 'ഇടുക്കി അണക്കെട്ട് വിഷയത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു' എന്ന അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ വന്ന 'God be our strength' എന്ന കമന്റിനു മറുപടിയായിട്ടായിരുന്നു ഇത്.