2014, ജൂലൈ 8, ചൊവ്വാഴ്ച

ഉപകാരസ്മരണ



വിശുദ്ധ യൂദാശ്ലീഹായും അല്‍ഫോന്‍സാമ്മയും ഏവുപ്രാസ്യമ്മയും കഴിഞ്ഞാല്‍ മലയാളക്കരയില്‍ ഏറ്റവും കൂടുതല്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ സ്വീകരിക്കുന്ന മൂന്ന് പേരാണ് പാസ്സ്പോര്‍ട്ട് വെരിഫിക്കേഷനു വരുന്ന പോലീസുകാരന്‍, കറന്‍റ് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്യൂസ് കെട്ടാന്‍ വിളിക്കുന്ന ലൈന്‍മാന്‍, ടെലിഫോണ്‍ റിപെയെര്‍ ചെയ്യാനെത്തുന്ന ആള്‍ എന്നിവര്‍. ഓവര്‍ടൈം പണിയെടുക്കുന്ന ഭാവമാണ് ഇവര്‍ക്ക് പലപ്പോഴും, നിങ്ങള്‍ക്ക് വേണമെങ്കില്‍ മതി എന്ന നാട്യവും (സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പൊറുക്കുക).

ഇക്കൂട്ടര്‍ക്ക്‌ 'തങ്ങളുടെ ഒരു സന്തോഷത്തിനായി' ‘എന്തെങ്കിലും’ കയ്യില്‍ വച്ചോ, പോക്കറ്റിലിട്ടോ കൊടുക്കുന്ന പലരും ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍, വെയിറ്റര്‍ക്ക് രണ്ടു രൂപ കൊടുക്കുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കും. കാരണം പറയുന്നതെന്തെന്നോ?, അതാണ്‌ രസം, അയാള്‍ ചെയ്യുന്ന ജോലിക്ക് ഹോട്ടലുടമ ശമ്പളം കൊടുക്കുന്നുണ്ട് പോലും!     

അഭ്യുദയകാംക്ഷി



രണ്ടു സുഹൃത്തുക്കള്‍ രണ്ടിടങ്ങളിലായി അല്ലെങ്കില്‍ രണ്ട് അപരിചിതര്‍ അടുത്തടുത്തായി വാടകക്ക് വീടുകള്‍ എടുക്കുന്നു. ഈ രണ്ട് കേസിലും അവര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ചോദിക്കുന്ന ആദ്യ ചോദ്യം ‘താന്‍ വാടക എത്ര കൊടുക്കുന്നു?’ എന്നതായിരിക്കും. നില നില്‍ക്കുന്ന ഒരു സാമ്പത്തിക-സാമൂഹിക അന്തരീക്ഷത്തോട് താന്‍ എത്രമാത്രം അടുത്താണ് അല്ലെങ്കില്‍ അകലെയാണ് എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. താന്‍ മാത്രം പറ്റിക്കപ്പെടരുത് എന്ന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ആരൊക്കെയോ തന്നെ എപ്പോഴും പറ്റിക്കാന്‍ അല്ലെങ്കില്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നലിലാണ് നമ്മള്‍ ഓരോരുത്തരും. അവര്‍ കൊടുക്കുന്നതിനേക്കാള്‍ വാടക തങ്ങള്‍  കൊടുക്കുന്നു എന്ന്‍ മനസ്സിലായാല്‍ ടെന്‍ഷന്‍ ആയി, ഇനി മറിച്ചാണെങ്കിലോ, അവരെ ടെന്‍ഷന്‍ അടിപ്പിക്കാതെ ഉറക്കവും വരില്ല. വീടിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഉപ്പ് തൊട്ട് ബെന്‍സ്‌ വരെയുള്ള ഷോപ്പിംഗ്‌ കഴിഞ്ഞാലുമുണ്ട് ഈ താരതമ്യപഠനം. താന്‍ ‘സേഫ്’ ആണ് എന്ന്‍ എപ്പോഴും മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. പുര കത്തുമ്പോള്‍ വാഴ വെട്ടുക, കത്തുന്ന താടിയില്‍ നിന്നും ബീഡിക്ക് തീ പകരുക തുടങ്ങിയ കലാപരിപാടികളുമായി എവിടെ നിന്നോ കുറെ അഭ്യുദയകാംക്ഷികളും എത്തും അപ്പോഴേക്കും.

ഇപ്പറഞ്ഞതിന്‍റെ വേറൊരു വശം എന്തെന്നാല്‍, ആരൊക്കെയോ തന്നെ എപ്പോഴും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍, ഏതു കാര്യവും ഭംഗിയായി നിര്‍വ്വഹിക്കാമെന്നുള്ള നമ്മുടെ ആത്മവിശ്വാസത്തെ എത്ര മാത്രം തകര്‍ക്കുമെന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല.    

ഇനി വേറൊരു കൂട്ടരുണ്ട്. നമ്മള്‍ താമസിക്കുന്ന വാടക വീട്ടില്‍ വരും, ആദ്യ ചോദ്യം അത് തന്നെ, ‘ഇതിനെത്രയാ വാടക?’ അറിഞ്ഞിട്ടു യാതൊരു വിശേഷവുമില്ല, എന്നാലും അറിഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല എന്ന മട്ടാണ്. വാടക എത്രയെന്നു മറുപടി കൊടുത്താലോ? ഉടന്‍ വരും അടുത്ത ആത്മഗതം ‘ അത് ഇത്തിരി കൂടുതല്‍ അല്ലെ?’ അല്ലെങ്കില്‍ “ഇത്ര സൗകര്യങ്ങള്‍ ഉള്ള വീട് ഇത്രയും കുറഞ്ഞ വാടകക്ക് കിട്ടിയത്‌ ഭാഗ്യം തന്നെ’. ഇത്രയും കലാപരിപാടികള്‍ കഴിഞ്ഞാലേ, നമ്മള്‍ പകര്‍ന്ന ചായ പോലും കുടിക്കൂ.

അഭ്യുദയകാംക്ഷികള്‍ ഏറി വരുന്നു, സ്വകാര്യത എന്നത് കിടപ്പറയുമായി ബന്ധപ്പെട്ട 'എന്തോ' ഒന്ന് മാത്രമായി ഒതുങ്ങുകയാണോ?