2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

Ad hominem

There is a fallacious argumentative strategy, where genuine discussion of the topic at hand is avoided by instead attacking the character, motive, or other attribute of the person making the argument, or persons associated with the argument, rather than attacking the substance of the argument itself.

It's called Ad hominem (source: Wikipedia, പിന്നല്ലാതെ).

NB: Even though I love many of the Communist ideologies, I am not a Communist and I never support allegations, counterallegations and arrogance😎


അടിവസ്ത്രം

ആ തടി

2018, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പൂജവയ്പ്പ്

രാമായണം മുതൽ സയൻസ് പുസ്തകം വരെ പൂജ വച്ചെടുത്ത സുഹൃത്തുക്കളേ.. നമോവാകം.

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഒടുക്കത്തെ ഏണി

ശബരിമലയിൽ സംഘര്‍ഷമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ടേക്കും എന്നു വരെ ഭീഷണിയുണ്ട്.

സംഘർഷം ഉണ്ടാവുകയല്ലല്ലോ, ഉണ്ടാക്കുകയല്ലേ മതം തിന്ന് വീർത്തവർ?

ഇന്ന് നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശബരിമല വിഷയമൊന്നുമല്ല. നാട് മതഭോജികളുടേത് മാത്രവുമല്ല. കാവിയും കുറുവടിയുമായി നിൽക്കുന്ന കഥാസംരക്ഷകർ കുറച്ചു കഴിയുമ്പം അവരുടെ പാടുനോക്കി പൊയ്ക്കൊള്ളും, നമുക്ക് എറിഞ്ഞു കളിയ്ക്കാൻ മറ്റു വല്ലതും ഒത്തുകിട്ടുകയും ചെയ്യും.

സമയവും ഊർജ്ജവും ഇത്തരം ചീള് കേസുകൾക്ക് കളയാനില്ലാത്തതിനാൽ ശബരിക്കേസിൽ ഇനിയും ഏണി വച്ച് കയറേണ്ടതില്ല എന്നാണ് ഇപ്പം ചിന്ത. ഇത് ഒടുക്കത്തെ ഏണിയാണ്, സമ്മതിക്കുമായിരിക്കുമല്ലേ?

നിയമജ്ഞർ നിയമം പറയുമ്പോൾ കേട്ടിരിക്കുകയേ നിവൃത്തിയുള്ളൂ.

പക്ഷേ, ഹിന്ദു, ഹിന്ദു ആചാരങ്ങൾ, സംവത്സരങ്ങളിലൂടെ കൈമാറി വന്ന പൈതൃകം എന്നിങ്ങനെ മുട്ടിന് മുട്ടിട്ട് ചർച്ച കൊഴുക്കുമ്പോൾ ഇത് കൂടി ചേർക്കാതെ വയ്യ. ഇവ പല ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളാണ് കേട്ടോ.

പ്രഖ്യാപിത ഹിന്ദു ഐതിഹ്യങ്ങളിലൊന്നിലും അയ്യപ്പസങ്കൽപ്പമില്ല. തമിഴ്നാട്ടിലെ ചില താഴ്ന്ന(?) ജാതികൾ ആരാധിച്ചിരുന്ന അയ്യനാർ എന്ന സങ്കൽപവുമായിട്ടായിരിക്കും ഒരു പക്ഷേ ഇതിനേറ്റം അടുപ്പം. 'അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന തങ്ങളെ ആട്ടിയകറ്റി, ശബരിമല പന്തളം കൊട്ടാരം കയ്യേറിയെന്ന' അവിടത്തെ ആദിമനിവാസികളായ മലമ്പണ്ടാരങ്ങളുടെ ഭാഷ്യം കൂടി ഇതിനോട് ചേർത്ത് വായിക്കണം.

ഇനി ചിലരാകട്ടെ അയ്യപ്പസങ്കൽപ്പത്തിന് ബൗദ്ധപാരമ്പര്യം നിരീക്ഷിച്ചിട്ടുണ്ട്. വാവരു പള്ളി, അർത്തുങ്കൽ പള്ളി എന്നിവയുമായി ചേർത്തും അയ്യപ്പനെന്ന കൾട്ട് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

കഥകൾ എന്തൊക്കെയായിരുന്നാലും ചരിത്രം പറയുന്നതെന്തെന്നാൽ, ഇരുപതാം നൂറ്റാണ്ടിലെ ഏതോ ഒരു പോയന്റിൽ ഹിന്ദുക്കൾ, പ്രത്യേകിച്ച് ബ്രാഹ്മണർ അയ്യപ്പസങ്കൽപ്പം ഏറ്റെടുത്തു എന്നാണ്.

പച്ച ഇംഗ്ലീഷിൽ പറഞ്ഞാൽ, Many historians have come up with the notion that this cult has witnessed a transformation into the Brahmanic fold of Hinduism, especially in the twentieth century.

നിയമം അതിന്റെ വഴിക്ക് പോട്ടെ, ഞാനെന്റെ വഴിക്കും.

കഥകൾ കേട്ടും അതിനെച്ചുറ്റിയും സമയം കളയാനില്ല, ജീവിതം തന്നെയൊരു കഥയാക്കാനുള്ള തിരക്കിലാണ്.

സർവ്വം മംഗളം, ശുഭം.

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

ഞങ്ങ ബർതേ

ഇത്രയും കാലം അങ്ങെവിടെയാര്ന്ന് സർ? ഞങ്ങ ബർതേ അതുമിതും പറഞ്ഞ് സമയം കളഞ്ഞ്👇


2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

# Me too

ചാരിത്ര്യം എന്നത് 'അവളുമാർ' തങ്ങൾക്കായി താങ്ങിക്കൊണ്ടു നടക്കേണ്ടുന്ന എന്തോ ആണെന്നും, അത് തങ്ങൾക്കനുഭവിക്കാൻ വേണ്ടിയുള്ളതാണെന്നും, അവളുടെ മേൽ സമ്പൂർണ്ണാധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം അവളെ ശാരീരികമായി കീഴ്പ്പെടുത്തുകയാണെന്നും ധരിച്ചവശരായ, കന്യാചർമ്മം സദാചാരക്കോലായി കൊണ്ടുനടക്കുന്ന, സമൂഹത്തിലെ ഉന്നതരായ വിഡ്ഢികൾക്കെതിരെ നടക്കുന്ന ചരിത്രത്തിലിടം നേടിയ ശക്തമായ മുന്നേറ്റമാണ് # Me too campaign. അതിനെ താറടിക്കുന്ന ഏത് സന്ദേശത്തെയും കുപ്പയിലെറിയണം.

ഇതും കൂടി,

'ഒരു പണി അങ്ങേർക്കും ഇരിക്കട്ടെ'യെന്നു വച്ച് ചിലരെ നോക്കി ബർതേ അങ്ങനെ # Me too എന്ന് പറയുന്നവരുണ്ടെങ്കിൽ ഒരു കണ്ണ് വേണം.

എതിർ പാർട്ടിക്കാർ വീടിനു മുന്നിൽ വന്ന് പുലഭ്യം പറഞ്ഞ കാര്യം പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ യുവരക്തത്തോട് പോലീസേമാൻ പറഞ്ഞതെന്തെന്നോ, ഈ സാക്ഷര കേരളത്തിൽ? 'തന്റെ ഭാര്യയെ അവർ അധിക്ഷേപിച്ചു എന്നും കൂട്ടിയെഴുതി വച്ചോ, കേസിന് നല്ല ബലം കിട്ടും' എന്ന്! ഇങ്ങനെയൊക്കെക്കൂടിയാണിവിടം.

ജൻഡർ, ലൈംഗികത, പരസ്പരബഹുമാനം, സമത്വം തുടങ്ങിയ സാമൂഹ്യപാഠങ്ങൾ നമ്മില്‍ നിന്നും ഇനിയും അകലെയാണ്, കൈ നന്നായി നീട്ടണം, ഒന്ന് തൊടാന്‍.

മോഹൻ റായും വിവേകാനന്ദനും അംബേദ്കറും നാരായണനും അയ്യങ്കാളിയും കേളപ്പനുമൊക്കെ കൊണ്ടുവിട്ടിടത്തു നിന്നും പിന്നോട്ടു നടക്കുന്ന ആൾക്കൂട്ടത്തിൽ, ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത ഒരു തലമുറ എവിടെയൊക്കെയോ ഉണ്ട് എന്ന ധാരണ കൊണ്ടു മാത്രം ഇത്രയും സമയവും ഊർജ്ജവും ഇവിടെ ഒഴുക്കുന്നു.

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

നിങ്ങ ശരിക്കും ആരാണ്?

"നീ അമ്പലക്കാരാണോ പള്ളിക്കാരാണോ?"

ചോദ്യം പാച്ചുവിനോട് അവന്റെ ഒരു കൂട്ടുകാരന്റെ വക.

"ഞാൻ ആരുംകാരല്ല", പാച്ചുവിന്റെ മറുപടി. 

പാച്ചുവിന് വയസ്സ് അഞ്ചര.

2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

നാമജപയാത്ര

നാമജപയാത്ര നടത്തണ സിന്ധുക്കളും രാഹുൽ ഫാൻസ് ക്ലബ്ബുകാരും അറിയാൻ:

https://www.azhimukham.com/kerala-we-dont-support-any-agitation-on-sabarimala-verdict/

സംഘത്തിൽ കാര്യഗൗരവമുള്ളവരും, what a shocking surprise!

അമ്മ തീണ്ടാതിടങ്ങള്‍

"ഇതുവരെ അമ്പലത്തിൽ  കയറണമെങ്കിൽ കുളിക്കണമായിരുന്നു.  ഇനിമുതൽ അമ്പലത്തിൽ പോയാൽ വീട്ടിൽ കയറണമെങ്കിൽ കുളിക്കണം"

വാസപ്പിൽ നിന്നും കിട്ടീതാണ്. വരികളുടെ ഉദ്ദേശ്യം ശബരിമലയിൽ സ്ത്രീകൾ കൂട്ടിത്തൊട്ടശുദ്ധമാക്കുന്ന കാര്യം തന്നെ. സുപ്രീം കോടതി വിധിയിൽ ഹതാശരായ ഭക്തക്കൂട്ടത്തിലാരോ പടച്ച ഈ പുളിച്ച തമാശ ഇകഴ്ത്തുന്നത് ഞങ്ങൾ പുരുഷന്മാരിൽ ചിലരെങ്കിലും ബഹുമാനിക്കുന്ന സ്ത്രീത്വത്തെയാണ്, മാതൃത്വത്തെയാണ്, പച്ചക്ക് പറഞ്ഞാൽ ആർത്തവ രക്തത്തെയാണ്. പുരുഷന്മാരാൽ വിരചിതമായതെന്ന് ഊഹിക്കാവുന്ന ഈ തമാശ ഷെയർ ചെയ്യപ്പെടുന്നത് സ്ത്രീകളിലൂടെത്തന്നെയെന്ന അവസ്ഥ പരമദയനീയം തന്നെ.  



ചിലതോര്‍ത്തു പോകുന്നു......
 

തറവാട്‌ നാലുകെട്ടായിരുന്നു. വിശാലമായ നടുമുറ്റം. സമചതുരത്തില്‍ കരിങ്കല്ലു പാകിയ തിണ്ണ ചുറ്റും, അതിനും മേലെ തടി കൊണ്ടുള്ള പടിയും അട്ടം താങ്ങുന്ന പത്തിലധികം തൂണുകളും. നടുമുറ്റത്തിനു തെക്കുവശത്ത് അല്‍പം ഉയര്‍ന്ന് തെക്കിനി. അതിനു കിഴക്കായി ഒരു ചായ്പ്‌. പടിഞ്ഞാറു വശത്ത് അറയും അതിനുള്ളില്‍ ഒന്നര ആള്‍ പൊക്കത്തില്‍ പത്തായങ്ങളും. അറക്ക് പിന്നിലുമൊരു ചായ്പ്. വടക്ക് പടിഞ്ഞാറു വശത്ത് ഒരു കിടപ്പുമുറിയും വടക്ക്‌ കിഴക്ക് വശത്ത് ഒരു ഉരല്‍ മുറിയും, രണ്ടിനും നടുക്ക് മുത്തശ്ശി കിടക്കുന്ന വടക്കിനിയും. ഉരലു മുറിക്കപ്പുറം വടക്ക്  കിഴക്കേ കോണിലായി തീന്മുറിയും അതിനും കീഴെ അടുക്കളയും. പിന്നെയും തെക്കോട്ടു നീങ്ങിയാല്‍ ഒരു ചെറിയ മുറിയും അടുത്ത് കെഴുക്കിനിയും, തൊട്ടടുത്ത് പരദേവതയുടെ ശ്രീകോവിലും. അത് തെക്കിനിക്കടുത്തുള്ള ചായ്പുമായി ഭിത്തി പങ്കിടുന്നു. ഇതിനു നേരെയാണ് പടിഞ്ഞാറ് വശത്തേക്ക് തുറക്കുന്ന വാതില്‍. പൂജാമുറിയുടെ മുന്നിലൂടെയല്ലാതെ ഈ വാതിലിലൂടെ കടക്കാന്‍ പറ്റില്ല. ഈ വാതില്‍ ഒരു ഹൈലൈറ്റ്‌ ആണ്, തുറക്കുമ്പോളും അടക്കുമ്പോളും വലിയ ശബ്ദം കേള്‍ക്കും, തെക്കോട്ടു തുറക്കുന്ന പൂമുഖവാതിലിനെക്കാളും ഉപയോഗം ഇതിനായിരുന്നു. ഇപ്പോള്‍ നടുമുറ്റത്തിന് നമ്മള്‍ ഒരു ചുറ്റു വച്ചു. മുറികള്‍ക്കെല്ലാം പുറത്ത്‌ വീതിയിലുള്ള വരാന്തയുമുണ്ട്. നടുമുറ്റത്തിന് ചുറ്റും ഇപ്പറഞ്ഞ മുറികളിലെല്ലാമായി മുത്തശ്ശിയും 'അച്ഛനും അനിയന്മാരും തങ്ങളുടെ കുഞ്ഞുകുടുംബങ്ങളുമായി' അങ്ങനെയങ്ങനെ ജീവിച്ചു പോകുന്നു, ഒരു മൂലക്ക് കുടുംബപരദേവതയും.



എല്ലാ മാസത്തിലും ഒരു ദിവസം അമ്മ  ‘പൊറത്തായി’ എന്നറിയിപ്പ് കിട്ടും. അമ്മയെ ചുറ്റി കറങ്ങുന്ന അടുക്കള അതോടെ നാല് ദിവസത്തേക്ക് മുത്തശ്ശിയുടെയോ ചെറിയമ്മമാരുടെയോ ഭരണത്തിലാവും. ‘പൊറത്താവുന്ന’ അല്ലെങ്കില്‍ ‘തീണ്ടാരി’യാവുന്ന സ്ത്രീകള്‍ ഒന്നും എങ്ങും  തൊട്ടുതീണ്ടിക്കൂടാ, നടുമിറ്റത്തേക്കോ മറ്റു പ്രധാന മുറികളിലേക്കോ അടുക്കളയിലേക്കോ കേറിക്കൂടാ, ആഹാരം പുറംപണിക്കാര്‍ക്ക് കൊടുക്കുന്ന പോലെ വരാന്തയില്‍ നിലത്തിരുത്തി ‘എറിഞ്ഞു’ കൊടുക്കും. രാത്രിയാകട്ടെ, കിടപ്പുമുറിയില്‍ താഴെ ഒരു മൂലക്ക് പായ വിരിച്ചുള്ള കിടപ്പും. ഇതെന്ത് സംഭവമാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാളേറെ കൗതുകം മാസത്തില്‍ ഒരു ദിവസം കൃത്യമായി എങ്ങനെ ‘ഇത്’ വരുന്നുവെന്നതും അമ്മ 'ഇതെ'ങ്ങനെ മനസ്സിലാക്കുന്നു എന്നുള്ളതുമായിരുന്നു. 



ശ്രീകോവിലിനു നേരെ മുന്നില്‍, തുറക്കുമ്പോളും അടക്കുമ്പോളും വലിയ ശബ്ദം കേള്‍ക്കുന്ന പടിഞ്ഞാറ് വശത്തേക്കുള്ള വാതിലിനെപ്പറ്റി പറഞ്ഞതോര്‍മ്മയില്ലേ? അമ്മ പറയാറുള്ള ഒരു സംഭവമുണ്ട്, ഇതിനെപ്പറ്റി. അടുത്തുള്ള എവിടെയോ ഒരു കല്യാണമോ മറ്റോ നടക്കുന്ന ഒരു ദിവസത്തലേന്ന് രാത്രി എല്ലാവരും പോയി. പുറത്തായിരുന്ന അമ്മ മാത്രം വടക്ക് പടിഞ്ഞാറു വശത്ത് കിടപ്പുമുറിയുടെ മൂലക്ക് പായ വിരിച്ചു കിടക്കുന്നു. നേരത്തെ വരാമെന്നു പറഞ്ഞു പോയവരെ ഒന്നും കാണുന്നില്ല. പുറത്തേക്കുള്ള വാതിലുകള്‍ എല്ലാം അടച്ചിട്ടുണ്ടോ എന്നറിയാതെ, ഹൈലൈറ്റ്‌ വാതിലിന്‍റെ ശബ്ദം വരുന്നുണ്ടോ എന്ന് ചെവി കൂര്‍പ്പിച്ച്, പേടിച്ച് ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടേണ്ടി വന്നത്രെ അമ്മക്ക്. സംഗതി എത്ര ഗൌരവമുള്ളതാണെങ്കിലും, തീണ്ടാതിടങ്ങള്‍ തീണ്ടിക്കൂടാ. വേറെ ആരും കാണുന്നില്ലെങ്കിലും പരദേവതയെ കളിപ്പിക്കാന്‍ പറ്റുമോ?




പിന്നീട് ജീവശാസ്ത്ര വിദ്യാര്‍ഥിയായപ്പോഴാണ് ‘പൊറത്താവുന്ന’തെന്തു സംഭവമാണെന്ന് മനസ്സിലാക്കുന്നത്. അന്ന് ഇത്തരം ആചാരങ്ങളെ വിശകലനം നടത്താനുള്ള ശ്രമം തുടങ്ങി. തീണ്ടാരിപ്പെണ്ണിനെ കിടപ്പുമുറിയില്‍ നിന്നും അടുക്കളയില്‍ നിന്നും പണ്ടുള്ളവര്‍ അകറ്റി നിര്‍ത്താൻ തുടങ്ങിയത് അവള്‍ക്ക് മാസത്തില്‍ നാല് ദിവസത്തേക്കെങ്കിലും പൂര്‍ണവിശ്രമം കൊടുക്കാനായിരുന്നിരിക്കുമോ? എപ്പോഴാണത് അശുദ്ധിയും നിഷിധവുമായിത്തീർന്നിട്ടുണ്ടാവുക?




വീട്ടുപണിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പറ്റാതെ അമ്മ വേവുന്നത് കണ്ട് അകമേ വെന്ത ഞാന്‍ ആ നാലു ദിവസമെങ്കിലും സമാധാനം കണ്ടെത്താന്‍ ശ്രമിച്ചു, പക്ഷെ അമ്മ അവിടെയും എന്നെ തോല്‍പിച്ചു കളഞ്ഞു. കിടപ്പുമുറിയില്‍, താഴെ ഒരു മൂലക്ക് വിരിക്കാറുള്ള പായയില്‍ നിന്നും എഴുന്നേറ്റ് അമ്മ നേരെ മുറ്റത്ത്‌ വിറക്‌ കീറുവാനും പറമ്പിലെ മറ്റു പണിക്കും പോകും. കൂടാതെ ആഹാരം പുറംപണിക്കാര്‍ക്ക് കൊടുക്കുന്ന പോലെ വരാന്തയില്‍ നിലത്തിരുത്തിയും, അത്രക്ക് വെറുക്കപ്പെട്ടവളാണ് തീണ്ടാരിപ്പണ്ടാരം. ചുരുക്കത്തില്‍ മാസത്തില്‍ നാല് ദിവസം വിശ്രമം വേണ്ടവൾക്ക് കിട്ടുന്നത് ഇരട്ടിപ്പണിയും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണവും മുറിയുടെ മൂലക്ക് പായില്‍ ചുരുണ്ട് കിടത്തവും! ഫെമിനിസ്റ്റ്‌ ലൈനില്‍ ഇതൊന്നും ഇപ്പോള്‍ വിശകലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നില്ല, ഇതെല്ലാം അന്നത്തെ കുഞ്ഞുമനസ്സിനെ നോവിച്ച കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ മാത്രം.



ഇപ്പോള്‍ സംഭവങ്ങള്‍ മാറിയിട്ടുണ്ട്, ‘പൊറത്താവുന്നതിന്‍റെ ജൈവശാസ്ത്ര നീതി എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ജൈവചക്രത്തിന്‍റെ ഒരു ഭാഗം എന്ന നിലയില്‍ അതിനെ അംഗീകരിച്ചും കഴിഞ്ഞിരിക്കുന്നു, നല്ലത് തന്നെ.