2017, മേയ് 28, ഞായറാഴ്‌ച

21 വയസ്സുള്ള ഒരു പെണ്‍കുട്ടി

21 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി
(സ്ത്രീ പോലുമല്ല കേട്ടോ..)

അവള്‍/അവളെ ഇഷ്ടപ്പെടുന്ന ഒരു ആണ്‍കുട്ടി
(പുരുഷനുമല്ല!)

അവന്‍ തനിക്ക് ചേര്‍ന്നവന്‍ തന്നെയോ? എന്ന്‍

യുക്തിയോടെ നിര്‍ണ്ണയിക്കാനുള്ള കഴിവ് അവള്‍ക്കില്ല.

(ശ്ശോ, എന്താല്ലേ?)

ഇങ്ങനെ കഴിവില്ലാത്ത,

'ഹോര്‍മോണ്‍ തകരാറുകളുള്ള'

ഈ പെണ്‍കുട്ടി

എളുപ്പത്തില്‍ ആ ആണ്‍കുട്ടിയുടെ

പ്രേമവലയില്‍

ഇരയായി വീണു പോവുകയും

അവനെത്തന്നെ വിവാഹം കഴിക്കുകയും

പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യും....

 (ആഹാ, അവള്‍ക്ക് അങ്ങനെ തന്നെ വരണം!)


തീര്‍ന്നില്ല,

21 വയസ്സില്‍ താഴെ പ്രായമുള്ള തങ്ങളുടെ മകള്‍ക്ക് അനുയോജ്യനായ ചെറുക്കനെ കണ്ടു പിടിക്കാനും അവള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനും മാതാപിതാക്കള്‍ കലശലായി ആഗ്രഹിക്കുന്നു.

അതുകൊണ്ട് യുവറോണര്‍,

ഇത്തരം പെണ്‍കുട്ടികളുടേയും  മാതാപിതാക്കളുടേയും ക്ലേശങ്ങളും സംക്ഷോഭങ്ങളും തീര്‍ക്കാന്‍

ദയവ് ചെയ്ത് സുപ്രീംകോടതി ഇടപെട്ട്  നിയമമുണ്ടാക്കിത്തരണം. 

 
(കൊല്ലരുത് പ്ലീസ്, ഞാനായിട്ട് പറയുന്നതല്ല, ഒരു ഹൈക്കോടതി പണ്ടു പണ്ട് പറഞ്ഞതാണ് ഹേ !)

http://www.azhimukham.com/offbeat-court-should-not-behave-as-patriarchal-by-adv-hareesh/

http://docs.manupatra.in/newsline/articles/Upload/FDBC0C3C-BE0F-4417-9D21-CAEA8B83CDE0.pdf

മെയ്‌ 28, 2017

2017, മേയ് 25, വ്യാഴാഴ്‌ച

ആഗോളതാപനം, മരം മാത്രമാണോ മറുപടി?



മനുഷ്യനിവിടെ നട്ടപ്പ്ര വെയിലത്ത് കഷ്ടപ്പെടുമ്പോള്‍, വഴിയോരത്ത് തണുത്തുറഞ്ഞ മുറികളില്‍ സുഖമായുറങ്ങുന്ന കാശില്ലാത്ത ATMകള്‍ (പ്രത്യേകിച്ചും SBI-യുടെ😉) ആഴ്ചകളായി കണ്ടു കണ്ടങ്ങിരിക്കെ തോന്നിയ ചില തോന്നലുകള്‍.... 


ആഗോളതാപനം (Global Warming), കാലാവസ്ഥാ വ്യതിയാനം (Climate Change), ഹരിതഗൃഹവാതക പ്രഭാവം (Greenhouse Gas Effect) എന്നിവയെപ്പറ്റിയൊന്നും വിശദീകരിക്കുന്നില്ല. ഇവിടെ വിഷയം കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം അഥവാ കാര്‍ബണ്‍ പുറംതള്ളല്‍ (Carbon Emission) ആണ്. നാം ചെയ്യുന്ന പല പ്രവൃത്തികളിലൂടെയും അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്‌സയ്ഡ് അടക്കമുള്ള കാര്‍ബണ്‍ സംയുക്തങ്ങള്‍ പുറത്ത് വിടുന്നതാണ് കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം. പ്രകൃതിദത്തമായും ഇത് നടക്കുന്നുണ്ട്. പക്ഷെ ഇതിന്‍റെ തുലനാവസ്ഥ തെറ്റിക്കുന്നത് നമ്മുടെ ഇടപെടലുകളാണ്. കൃഷി ചെയ്യുമ്പോഴും വിവിധ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും അങ്ങനെയങ്ങനെ സകല മേഖലകളിലും, എന്തിനേറെ പറയുന്നു? ചുമ്മാതങ്ങനെ ജീവിക്കുമ്പോഴും നമ്മള്‍ കാര്‍ബണ്‍ പുറത്ത് വിടും. ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് താപനില വര്‍ധിപ്പിക്കും. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളില്‍ 72 ശതമാനവും കാര്‍ബണ്‍ ഡയോക്‌സയ്ഡ് ആണത്രെ.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്ത് വിടുന്ന ഉപകരണങ്ങളിലൊന്നാണ് നമ്മുടെ എയര്‍ കണ്ടീഷണര്‍ (AC). 

വെറുതെ ഇരിക്കുമ്പോള്‍ ചുമ്മാ ഒരു കണക്ക് നോക്കിയാലോ?    

6.7 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമുള്ള ഒരു മുറി 22 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നില നിര്‍ത്താന്‍ 1.5 ടണ്‍ കൂളിംഗ് ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നു എന്ന്‍ കരുതുക. ഈ AC എത്ര കാര്‍ബണ്‍ പുറത്ത് വിടും?

ആ മുറിയിലെ താപവാഹനം (Heat Conduction), വായുസഞ്ചാരം (Ventilation), സൂര്യപ്രകാശം കൊണ്ടുള്ള താപനില (Solar Heat Gain), മുറിയിലെ മറ്റ് വസ്തുക്കളും ഘടകങ്ങളും കൊണ്ടുള്ള താപവര്‍ധനവ് (Internal Heat Gain) എന്നീ മാനകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, AC യുടെ Carbon Emission കണക്കാക്കാം. ശരാശരി 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത AC യുടെ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം പ്രതിദിനം 5.7 കിലോഗ്രാം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 

ശ്രദ്ധിക്കുക, 1.5 ടണ്‍ ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ മുമ്പ് പറഞ്ഞ അളവിലുള്ള മുറിയില്‍ എട്ടു മണിക്കൂര്‍ നേരം പ്രവര്‍ത്തിപ്പിച്ചാല്‍ അത് 5.7 കിലോഗ്രാം കാര്‍ബണ്‍ പുറത്ത് വിടും. 

അപ്പോള്‍ രണ്ട് ലക്ഷം ACകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാലോ?

5.7 കി.ഗ്രാം X 2,00,000 X 3 = 34,20,000 കി.ഗ്രാം!


പറഞ്ഞു വരുന്നത് ഇതാണ്,  
  
റിസര്‍വ്വ് ബാങ്ക് മാര്‍ച്ച് 2017ല്‍ പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്തൊട്ടാകെ 2,08,354 ATMകള്‍ ഉണ്ട്. എല്ലാം തന്നെ ശീതീകരിച്ചവയാണല്ലോ (അല്ലെങ്കില്‍ ക്ഷമിച്ചേക്കുക). ഇത് വല്ല്യേട്ടന്മാരുടെ മാത്രം കണക്കാണ് കേട്ടോ, കുഞ്ഞന്മാരുടേതിന്‍റെ കണക്ക് ഉണ്ടോ ആവോ? 

അവയെല്ലാം കൂടി പുറത്ത് വിടുന്ന കാര്‍ബണ്‍ മുഴ്മന്‍ പിഴിഞ്ഞ് നോക്കിയാല്‍ അത് 34,20,000 കി.ഗ്രാം വരും, ഭൂമിയെ രോഗിയാക്കാന്‍ അതു മതി, മാറാരോഗി! 


2017, മേയ് 14, ഞായറാഴ്‌ച

എല്ലാം ശരിയാവുമായിരിക്കുമല്ലേ?

"പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അതിനു വേണ്ട യാതൊന്നും ഇല്ലാത്തവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. ................. പദ്ധതിയിലൂടെ അവര്‍ക്കും ഇപ്പോള്‍ നന്നായി പഠിക്കാന്‍ കഴിയുന്നു. നല്ലൊരു ഭാവി സ്വപ്നം കാണാന്‍ കഴിയുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഈ വര്‍ഷവും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു."

മാതൃഭൂമി ദിനപ്പത്രം അതിന്‍റെ ഒരു വിദ്യാഭ്യാസ  പദ്ധതിയുടെ പരസ്യം കൊടുത്തപ്പോള്‍, അതിലൂടെ തന്‍റെ വിദ്യാര്‍ഥികളുടെ  അവസ്ഥ വിവരിച്ചിരിക്കുന്നു, ഒരു സര്‍ക്കാര്‍ എല്‍. പി. സ്കൂള്‍ ഹെഡ്മിസ്‌ട്രസ്!


"ഇവിടെ യാതൊന്നും ഇല്ലാ, ഇല്ലാ" എന്ന്‍ സര്‍ക്കാരിനോട് പറഞ്ഞു മടുത്തിട്ടായിരിക്കുമല്ലെ അവസാനം ദിനപ്പത്രം കനിഞ്ഞപ്പോള്‍ ഇത്ര സന്തോഷിക്കുന്നത്?

ഇത് വായിക്കുന്ന, കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള ആരെങ്കിലും തന്‍റെ മക്കളെ  സര്‍ക്കാര്‍ സ്കൂളില്‍ വിടുമോ?


(ഒരുപക്ഷെ, പരസ്യമായത് കൊണ്ട് പത്രക്കാര്‍ തന്നെ കുറച്ച് ഓവറാക്കിയതായിരിക്കുമോ?) 


പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ പുറത്തു നിന്നും സംഭാവന വാങ്ങുന്നത് ശരിയെങ്കില്‍ അത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യുന്നതല്ലേ ഉചിതം? ഓരോരോ സ്കൂളുകളുടെ പേരില്‍ എന്തിന് പരസ്യങ്ങള്‍ വരണം?

എനിക്ക് വളരെയധികം പ്രതീക്ഷയുണ്ട്, നവകേരള മിഷന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍; പിന്നെയുള്ളതോ? 2018-ല്‍ ആമ്പല്ലൂര്‍ ഗവണ്മെന്‍റ് ജൂനിയര്‍ ബേസിക് സ്കൂളിലേക്ക് ഒരു വിദ്യാര്‍ഥിയെ പറഞ്ഞയക്കണമെന്ന അത്യാഗ്രഹവും!

എല്ലാം ശരിയാവുമായിരിക്കുമല്ലേ?

മെയ്‌ 14, 2017

2017, മേയ് 10, ബുധനാഴ്‌ച

നീറ്റായി തോറ്റില്ലേ?



വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ കൊണ്ടും, പൊതുവേ സാമൂഹിക അന്തരീക്ഷത്തോടുള്ള വിരക്തി കൊണ്ടും കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പുറപ്പെട്ടു പോയിരുന്നു. ഇന്ന്‍ ഇത് കുറിച്ചില്ലെങ്കില്‍ ജീവിതം വേസ്റ്റ് എന്ന്‍ തോന്നി. ഞങ്ങളുടെ മകന്‍ അടക്കമുള്ള പുതിയ തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും ഈ മൗനം.


മെഡിസിന് കയറിക്കൂടാന്‍ ശ്രമിക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ വച്ച് ഷര്‍ട്ടും പാന്‍റും വാച്ചും വളയും മാലയും കമ്മലും മുടിയും.... എന്തിന്, അടിവസ്ത്രം വരെ ഉരിയപ്പെട്ടവരേ, നിങ്ങള്‍ക്ക് ചോദ്യപേപ്പര്‍ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരാമായിരുന്നില്ലേ?


പരീക്ഷാ നടത്തിപ്പുകാര്‍ വെട്ടിപ്പുറത്തിട്ട, തങ്ങളുടെ മക്കളുടെ ഉടുതുണിക്കഷ്ണങ്ങളുമായി ഫോട്ടോക്ക് പോസ് ചെയ്ത അമ്മമാരെ, ആ കഷണങ്ങള്‍ സ്കൂളിനു മുന്നില്‍ കൂട്ടിയിട്ട് കത്തിച്ചിട്ട് മക്കളെയും ഇറക്കി വീട്ടില്‍ പൊയ്ക്കൂടായിരുന്നോ?


അഡ്മിറ്റ്‌ കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരീക്ഷയെഴുതാന്‍ പോയത് ശരിയായില്ല എന്ന്‍ പറയാം, പക്ഷെ മനുഷ്യാവകാശങ്ങള്‍  ലംഘിക്കപ്പെട്ടുവെങ്കില്‍?

ഡോക്ടര്‍ ജോലി മാത്രമാണോ ഇവിടെ കിട്ടാനുള്ളത്?

ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും മാത്രം പ്രസവിക്കാനാണോ അമ്മമാര്‍ കൊതിക്കുന്നത്?

(നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന 
Read more at: http://www.mathrubhumi.com/videos/news/news-in-videos/neet-exam-controversy-1.1923428)

മെയ്‌ 10, 2017