2018, മാർച്ച് 28, ബുധനാഴ്‌ച

വേലക്കാരിയായിരുന്താലും നീ എന്‍ മോഹവല്ലി




മുന്നറിയിപ്പ്: ഇതൊരു സിനിമാസ്വാദനമോ നിരൂപണമോ അല്ല. അതിനുള്ള ത്രാണിയൊന്നുമില്ല ഹേ!


'
ഉദാഹരണം സുജാത' ഈയിടെയാണ് സിഡി വാങ്ങിക്കണ്ടത്. निल बटे सन्नाटा എന്ന ഹിന്ദി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫാന്‍റം പ്രവീണും കൂട്ടരും ഒരുക്കിയ ചിത്രം. 2017 സെപ്റ്റംബറില്‍ റിലീസ് ആയ ചിത്രത്തെപ്പറ്റി ഇത്രയും വൈകി എഴുതുന്നതില്‍  കാര്യമുണ്ടോ? എന്ന സംശയമില്ലാതില്ല. എങ്കിലും സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ എന്നതാണ് ഈ എഴുത്തിന് ഏക ചോദന.



മൊത്തത്തില്‍ സിനിമ 'ദ മഞ്ജു വാര്യര്‍ ടൈപ്പ്എങ്കിലും നന്നായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നണി പ്രവര്‍ത്തകര്‍ക്ക് നിറഞ്ഞ അഭിനന്ദനങ്ങള്‍. ചിത്രത്തിന്‍റെ ഗുണപാഠം ഐഎഎസ് കിട്ടിയ ആതിരയുടെ വാക്കുകളായി ക്ലൈമാക്സില്‍ ഉണ്ട്. "എന്തു കൊണ്ട് ഐഎഎസ് തെരഞ്ഞെടുത്തു?" എന്ന ചോദ്യത്തിനുള്ള ആതിരയുടെ മറുപടി ഇങ്ങനെയാണ്: "എനിക്കൊരു വീട്ടുവേലക്കാരിയാവേണ്ടായിരുന്നു". ഗുണപാഠവും നല്ലതു തന്നെ. The Wings of Fire ഉം മറ്റും വായിച്ചു വളരുന്ന കുട്ടികള്‍ക്ക് ഏറ്റം പ്രിയം, പാഷന്‍. ഡോക്ടറുടെ മകള്‍ ഡോക്ടര്‍, എഞ്ചിനീയറുടെത് എഞ്ചിനീയര്‍, അപ്പോള്‍ വേലക്കാരിയുടെത് വേലക്കാരി എന്ന സിദ്ധാന്തം ആതിര ഒരിടത്ത് മുന്നോട്ട് വക്കുന്നുമുണ്ട് .


ഇവിടെ വരുന്നൂ എ മില്ല്യന്‍ ഡോളര്‍ ചോദ്യം:


Why Athira is unmotivated due to the bleak chances she sees in her future?



നമ്മുടെ ഹൗസ് മെയ്ഡ്സിന്‍റെയും വഴിയും റോഡും ഹോട്ടല്‍ മുറികളും മറ്റും വൃത്തിയാക്കുന്നവരുടേയും പ്രവൃത്തികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും ഇവരുടെ work invisible ആണ്. ദ സോ കോള്‍ഡ് 'വിദ്യാ-സംസ്കാര സമ്പന്നരുടെ 'വൃത്തിഹീനത മായ്ക്കുന്നവരാണിവര്‍. Domestic workers അല്ലെങ്കില്‍ Housekeeping assistants എന്നുമൊക്ക വിളിക്കുന്ന ഇവരില്ലെങ്കില്‍ നാടില്ല. 'എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യമൊക്കെ പറയാന്‍ കൊള്ളാം. പറഞ്ഞു വന്നതിതാണ്. കളക്ടറും ഡോക്ടറും എഞ്ചിനീയറും അധ്യാപകയും/നും വക്കീലും നഴ്സും ആവാന്‍ കൊതിക്കുന്ന പലരേയും കണ്ടിട്ടുണ്ട്.  ഒരു വേലക്കാരിയോ വേലക്കാരനോ ആവാന്‍ എന്തേ ആരും കൊതിക്കാത്തെ? വേലപ്പണി അത്രക്കും മോശമാണോ? അതോ ഇമ്മാതിരി പണികളൊക്കെ കുടുംബശ്രീയെ ഏല്‍പ്പിച്ചുകൊടുത്തു സ്വസ്ഥമായിട്ടിരിക്കാമെന്നു മലയാളി വിചാരിക്കുന്നുവോ? 'വല്ലവന്‍റെയും അടുക്കള നിരങ്ങിയും എച്ചിലെടുത്തും' കഷ്ടപ്പെട്ട് മക്കളെപ്പോറ്റുന്നവര്‍ ജീവിതത്തിലും കഥകളിലും സിനിമയിലും ഇപ്പോഴും നിറയെയുണ്ട്. സ്ത്രീകളായ കഥാപാത്രങ്ങള്‍ മിക്കവരും വിധവകളോ കുടിയന്മാരായ, ഉത്തരവാദിത്തമില്ലാ-ഭര്‍ത്താക്കന്മാരുള്ളവരോ ആയിരിക്കും. ഇവരെക്കണ്ടെത്തി പുതുജീവിതത്തിലേക്കുയര്‍ത്തുന്നതില്‍ കുടുംബശ്രീയുടെ പങ്ക് മറക്കാനാവുന്നതല്ല.


ഇന്നാട്ടില്‍ വേലക്കാരും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമെല്ലാം ഉണ്ടാവുന്നത് by choice അല്ല, by chance (by default) ആണെന്ന് പറഞ്ഞാലത് സത്യം. 'ഇമ്മാതിരി പണിയൊക്കെ ആരെങ്കിലും ചെയ്യട്ടെ, എനിക്കെന്‍റെ സ്വപ്നം, പാഷന്‍' എന്നതല്ലേ ഇന്നത്തെ സാമൂഹ്യപാഠം? ഉന്നതര്‍ക്കും സാധാരണക്കാര്‍ക്കും അന്നമുണ്ടാക്കി വിളമ്പുന്നസമൂഹത്തിന്‍റെ വൃത്തിഹീനത മുഴുവന്‍ മായ്ക്കുന്ന, വീടുകളും തെരുവുകളും എപ്പോഴും വൃത്തിയായിരിക്കണമെന്ന 'ശാഠ്യ'മുള്ള വേലക്കാര്‍ സമൂഹത്തില്‍ ഇപ്പോഴും താഴേക്കിടയില്‍ത്തന്നെയെങ്കില്‍, ഐഡന്‍റിറ്റി ഇല്ലാത്തവരെങ്കില്‍ ആ സമൂഹത്തിന് എന്തോ ചില കുഴപ്പങ്ങളില്ലേ സുഹൃത്തേ?



International Labour Organization ന്‍റെ കണക്കനുസരിച്ച് ലോകത്തൊട്ടാകെയുള്ള 67 മില്ല്യന്‍ ഡൊമെസ്റ്റിക് വര്‍ക്കേഴ്സില്‍ 80 ശതമാനവും സ്ത്രീകളാണ്. യുകെ ആസ്ഥാനമായ ഓവര്‍സീസ് ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ODI) നിരീക്ഷിക്കുന്നത്, ഇന്ത്യയില്‍ പലപ്പോഴും ഇവര്‍ 18 മണിക്കൂര്‍ വരെ ജോലിയെടുക്കുന്നവരും പരിതാപകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരുമാണെന്നാണ്. പലരുടേയും സമയത്തിന് (ചിലപ്പോള്‍ ശരീരത്തിനും) വിലയിടുന്നത് തൊഴിലുടമകളാണ്. Functional hierarchy എന്നൊക്കെ വീമ്പു പറയുമെങ്കിലും പലയിടങ്ങളിലും യഥാര്‍ത്ഥത്തില്‍ അടിമ-ഉടമ ബന്ധവുമാണ്. ഡൊമെസ്റ്റിക് വര്‍ക്കേഴ്സിന് മാന്യമായ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിനായി 2015ല്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അത് പാസ്സാക്കപ്പെട്ടിട്ടില്ല എന്നാണറിവ്. ഇവരെ പ്രതിയുള്ള നമ്മുടെ മനോഭാവവും അത്ര പന്തിയല്ല. പുതിയ വീടൊരെണ്ണം പ്ലാന്‍ ചെയ്തപ്പോള്‍ സെര്‍വന്‍റിനായി ഒരു മുറി വേണമെന്ന ശാഠ്യമുണ്ടായിരുന്ന ഒരു വിദ്യാസമ്പന്നയെ എനിക്കറിയാം. ഏറെ സന്തോഷം തോന്നി, പിന്നീട് വീട് പണിതു കണ്ടപ്പോള്‍ കഷ്ടവും. അടുക്കളക്കും ഹാളിനുമിടയില്‍ ജനലുകളേയില്ലാത്തൊരു മുറി! ഇവരെങ്ങനെയെങ്കിലും ജീവിക്കട്ടെയല്ലേ? സിമ്പതിയും എമ്പതിയും ദയാദാക്ഷിണ്യവുമൊന്നുമല്ല ഇവര്‍ക്ക് വേണ്ടത്, മറിച്ച്, മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അന്തരീക്ഷവും ജോലി ആയാസരഹിതമായി ചെയ്യാനുള്ള സാങ്കേതികവിദ്യകളുമാണ്. നമ്മുടെ കുടുംബ-സാമൂഹ്യ സുരക്ഷക്കായി ഹോം നേഴ്സുകള്‍ നല്‍കുന്ന സേവനവും വളരെ വലുതാണ്. നാട്ടില്‍ വൃദ്ധയെ പരിചരിക്കാനെത്തിയ യുവതിയായ ഹോം നേഴ്സ്, ഡ്യൂട്ടിയിലല്ലാത്ത സമയത്ത് കൂട്ടുകാരനുമായി 'കറങ്ങി നടക്കുന്നു' എന്നാരോപിച്ച് അവളെ പറഞ്ഞുവിട്ട വിദ്യാസമ്പന്നരായ ഒരു കുടുംബത്തെയും അവര്‍ക്ക് ന്യൂസുകള്‍ കൃത്യമായി എത്തിച്ചുകൊടുത്തിരുന്ന സദാചാര പോലീസുകാരേയും ഈ സമയത്ത് ഓര്‍മ്മ വരുന്നു.

'
ആലോ അന്ധാരി' എന്ന പുസ്തകവുമായി വന്ന ബേബി ഹല്‍ദാറിനെ ഓര്‍മ്മയുണ്ടോ? തോട്ടിപ്പണി (Manual scavenging) എടുക്കുന്ന ആരുമില്ലീ നാട്ടില്‍ എന്ന് ഭാവിച്ചിരുന്ന നമ്മുടെയിടയിലേക്ക് വിധുവിന്‍റെ മാന്‍ഹോള്‍ ഒരു തീമഴയായി പെയ്തിറങ്ങിയതുമോര്‍ക്കുക. 'തോട്ടിപ്പണി' എന്നുള്ള വാക്ക് തന്നെ പ്രശ്നമാണ്. പല വിദേശരാജ്യങ്ങളിലും വളരെ സൂക്ഷ്മതയോടെയും കാര്യക്ഷമതയോടെയും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അന്തസ്സോടെ നിര്‍വ്വഹിക്കുന്ന ഒരു ജോലിയാണിത്. ഇവിടെ ഈ തൊഴിലുകള്‍ പലപ്പോഴും ജാതി അധിഷ്ഠിതമായി വ്യവഹരിക്കപ്പെടുന്നു എന്നതും തൊഴിലാളികള്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്നതുമാണ് സഫായി കര്‍മ്മചാരി ആന്ദോളന്‍ പോലുള്ള സംഘടനകളുടെ ഉദയത്തിന് കാരണമായത്.


സീവേജ്, സെപ്ടിക് ടാങ്ക് തുടങ്ങിയയിടങ്ങള്‍ മനുഷ്യര്‍ സ്വയം കയ്യാല്‍ വൃത്തിയാക്കുന്ന പ്രവൃത്തിയാണ് Manual scavenging. Scavenger എന്ന പദം നമ്മള്‍ പഠിച്ചിട്ടുണ്ട്. ഓര്‍മ്മണ്ടോ? സംഭവം ഒരു പ്രകൃതിപാഠം, പണ്ട് പ്രൈമറി ക്ലാസ്സില്‍ പഠിച്ച ഭക്ഷ്യ ശൃംഖല അഥവാ ഫുഡ് വെബ്. ചുരുക്കിപ്പറയാം. ഭക്ഷണം പാകം ചെയ്യുന്ന ഹരിതകമുള്ള സസ്യജാലങ്ങള്‍ (Autotrophs), അവയെ ഭക്ഷിക്കുന്ന സസ്യാഹാരികള്‍ (Herbivores), അവയെ തിന്നുന്ന മാംസഭോജികള്‍ (Carnivores),  ഇവയെയൊക്കെ ആഹരിക്കുന്ന (Decomposers), ഇതിനിടയില്‍ അന്നം കണ്ടെത്തുന്നതിനോടൊപ്പം പരിസര ശുചീകരണം നടത്തുന്ന Scavengers. ഇവയില്‍ ചിലരില്ലെങ്കില്‍, നമ്മളില്ല. ഇവയിലൊരു വര്‍ഗ്ഗം കൂടിയാലോ കുറഞ്ഞാലോ കുഴപ്പം, ഒരു സന്തുലനാവസ്ഥയില്‍ അങ്ങനെയങ്ങ് പോകുന്നു. കൂടുതലും മനുഷ്യരല്ലാത്തവര്‍. മിക്കവര്‍ക്കും വിശേഷ ബുദ്ധിയില്ലാത്തതിനാല്‍ ശ്രേണീബദ്ധതയും ഉച്ചനീചത്തങ്ങളും പറച്ചിലില്‍ മാത്രം. സിംഹരാജനും പ്രജകളുമെല്ലാം നമ്മുടെ സങ്കല്‍പങ്ങള്‍ മാത്രം.  മതമില്ല, ജാതിയില്ല, ഭാഷയില്ല, ഒരു കൂട്ടര്‍ മുകളിലും വേറൊരു കൂട്ടര്‍ താഴെയുമല്ല, പരസ്പരം കൊന്നും തിന്നും സഹകരിച്ചും ഒരു സൗഹാര്‍ദ ജീവിതം.



ഇത്രയും വെറുപ്പിച്ചില്ലേ? ഇനി കുറച്ച് പ്രതീക്ഷകള്‍ നിറയ്ക്കാം.



ലോകമൊട്ടാകെ (ഇന്ത്യയിലും) ഡൊമെസ്റ്റിക് വര്‍ക്കേഴ്സിന്‍റെ സാമൂഹ്യ നിലവാരം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നതാണ് പുതുവര്‍ത്തമാനം.  MyDidi, BookMyBai, TaskBob, LifeMaidEasy, NanoJobs തുടങ്ങിയ സേവന ദാതാക്കളെ നോക്കൂ. അടുക്കളപ്പണി, കുട്ടികളെയും വൃദ്ധരേയും നോക്കല്‍, തുണി നന, വീടും പരിസരവും വൃത്തിയാക്കല്‍, അങ്ങനെയങ്ങനെയുളള പണികള്‍ക്കൊക്കെ (അവരുടെ തന്നെ ഭാഷയില്‍ നാനോ ജോബ്സ്) പ്രൊഫഷണല്‍സിനെ എത്തിച്ചു കൊടുക്കുന്നവരാണിവര്‍. പുരുഷന്മാരും സ്ത്രീകളുമുണ്ട്  ഇവരുടെ ലിസ്റ്റില്‍. ഈ മേഖലയില്‍  അഭൂതപൂര്‍വമായ വളര്‍ച്ച രേഖപ്പെടുത്തുകയാണ് കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍. അന്തസ്സോടെ പ്രൊഫഷണലായി ചെയ്യാവുന്ന ജോലിയായി മാറിക്കൊണ്ടിരിക്കുന്നു ഇവയെല്ലാം തന്നെ.


BookMyBai അവരുടെ ഒരു തൊഴിലാളിക്ക് വാഗ്ദാനം ചെയ്യുന്നത് മാസം 16,000 രൂപയും, ആരോഗ്യ പരിരക്ഷയും മറ്റാനുകൂല്യങ്ങളുമാണ് എന്നാണറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലെ ലേബര്‍ ആന്‍ഡ് സ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഹൗസ് ഹോള്‍ഡ് വര്‍ക്കേഴ്സിന്‍റെ കുറഞ്ഞ കൂലി പ്രഖ്യാപിച്ചത്, 8 മണിക്കൂര്‍ ജോലിക്ക് 195 രൂപ. മറ്റു രംഗങ്ങളെ അപേക്ഷിച്ച് വളരെ കുറവ് തന്നെ, എങ്കിലും ഇവര്‍ക്കും സമൂഹം കരുതല്‍ കൊടുക്കുന്നുണ്ടല്ലോ. ഈ രംഗത്ത് demandþsupply gap വളരെ വലുതാണെന്നാണ് വിദഗ്ധാഭിപ്രായം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഡൊമെസ്റ്റിക് വര്‍ക്കേഴ്സിനെ ഇത്തരം സംരംഭങ്ങള്‍ ഒരു Formal Economy യിലേക്ക് കൊണ്ടു വരുമെന്ന് പലരും പ്രത്യാശിക്കുന്നു. പക്ഷെ ഈ സംരഭകരെയൊന്നും കൃത്യമായി നിരീക്ഷിക്കാന്‍ പ്രാപ്തിയുള്ള സംവിധാനങ്ങളൊന്നും തന്നെയില്ല  എന്നതൊരു വലിയ പോരായ്മയാണ്.


ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ International Labour Organization (ILO) നിഷ്കര്‍ഷിച്ചിട്ടുണ്ട്. ILO 2011 ല്‍ DOMESTIC WORKERS CONVENTION നടത്തിയിട്ടുണ്ട്. Womenin Informal Employment: Globalizing and Organizing (WIEGO) തുടങ്ങിയ ചില ആഗോള നെറ്റ് വര്‍ക്കുകള്‍ ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അവരുടെ motto തന്നെ Empowering Informal Workers, Securing Informal Livelihoods എന്നതാണ്.


സ്മാര്‍ട്ട് വീടുകളും യന്ത്രമനുഷ്യരും


അമേരിക്കയിലും ദക്ഷിണ കൊറിയയിലും മറ്റും 'ഒരു വീട്ടില്‍ ഒരു റോബോട്ട്' എന്ന ആശയം വന്നിട്ട് കുറച്ച് കാലമായി. നമ്മളെ തിരിച്ചറിഞ്ഞു വാതില്‍ തുറക്കുന്ന, ഫാനും ലൈറ്റും ഇടാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന, ചായ ഇട്ടു തരുന്ന, തുണിയും പാത്രവും കഴുകുന്ന റോബോട്ടുകള്‍ മാത്രമല്ല, സ്മാര്‍ട്ട് ഹോമുകള്‍ വരെ വിപണി കീഴടക്കാനെത്തുകയാണ്. കേരളത്തിലെ യുവ എഞ്ചിനീയര്‍മാര്‍ അവതരിപ്പിച്ച മാന്‍ഹോള്‍ വൃത്തിയാക്കുന്ന Bandicoot എന്ന യന്ത്രമനുഷ്യനെ ഓര്‍ക്കുന്നില്ലേ? ‘Dehumanizing’ practice ആയ Manual scavenging ഒഴിവാക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നമുക്ക് ശുചിത്വ മിഷനില്‍ പ്രതീക്ഷയര്‍പ്പിക്കാം. ഈ വിഷയത്തില്‍ രണ്ട്  പ്രധാന നിയമങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. Employment of Manual Scavenging andConstruction of Dry Latrines Prohibition Act (1993) ഉം, Prohibition of Employment as ManualScavengers and their Rehabilitation Bill (2013) ഉം.


സാങ്കേതികവിദ്യകളുടെ വികസനം ഒക്കെ ഉണ്ടെങ്കിലും ചെറു ചെറു ജോലികള്‍ ചെയ്യുന്നവരെ നമുക്ക് പലയിടത്തും ആവശ്യമുണ്ട്. ഇവരെ വിശേഷിപ്പിക്കുന്ന പദങ്ങളും അവരുടെ ഉദ്യോഗപ്പേരും (designation) മാത്രം മാറിയാല്‍ പോരാ, ഇവരോടുള്ള മനോഭാവവും മാറണം. ഇവര്‍ ചെയ്യുന്ന ജോലിയെ ബഹുമാനിക്കാനും ഇവരെ സഹജീവികളായി കാണാനും സാധിക്കണം. ഇവര്‍ക്ക് നല്ല സേവന-വേതന വ്യവസ്ഥകള്‍ വേണം. ഇവരുടെ ജീവിത നിലവാരം മറ്റുള്ളവരോടൊപ്പം തന്നെ ഉയരണം. ആള്‍ക്കൂട്ട അസഹിഷ്ണുതകള്‍ക്കിരയാവുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും മറ്റൊന്നല്ല ഓര്‍മ്മിപ്പിക്കുന്നത്. നമുക്ക് കാത്തിരിക്കാം. കാലം മാറുകയാണ്. ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപക/ന്‍, വക്കീല്‍, പത്രപ്രവര്‍ത്തക/ന്‍, കലാകാരന്‍/കലാകാരി, കര്‍ഷക/ന്‍, കച്ചവടക്കാര്‍ എന്നിവരെപ്പോലെത്തന്നെ ചെറുവേലയെടുക്കുന്നവരും നമുക്ക് വേണം, ഇവര്‍ക്ക് മറ്റെല്ലാവരെയും പോലെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും. ഇവര്‍ക്ക് അന്തസ്സോടെ ജോലി ചെയ്യാന്‍ സഹായകമായ സാങ്കേതിക വിദ്യകളും ഒഴിവാക്കാനാവില്ല. അപ്പോഴേ inclusive development സാധ്യമാകൂ. അങ്ങനെയെങ്കില്‍ ആതിരമാര്‍ (ആതിരന്മാരും) എന്തിന് unmotivated ആവണം? പക്ഷെ ഇതൊന്നും ബാലവേലയെ സാധൂകരിക്കുന്നില്ല കേട്ടോ.






ILOCampaign: Decent Work for Domestic Workers begins at home












വേലക്കാരനോ മെയിഡോ ഒക്കെ default ആയി ഉണ്ടാവട്ടെ എന്നും ഇവരെങ്ങനെയെങ്കിലും ജീവിക്കട്ടെയെന്നുമാണഭിപ്രായമെങ്കില്‍, തല്‍ക്കാലം കണ്ണടച്ചിരുട്ടാക്കാം. പണ്ടെങ്ങാണ്ടോ സേവനദിനത്തില്‍ യുപി സ്കൂളിലെ മൂത്രപ്പുര വൃത്തിയാക്കിയതിന്‍റെ സ്മരണകള്‍ അയവിറക്കിയിരിക്കാം. സ്വന്തം തുണി കഴുകിയിടാത്ത, ഒരു ചായ ഗ്ലാസ്സ് പോലും മോറാനറിയാത്ത ഉത്തമ പുരുഷനായിരിക്കാം. വേലക്കാരുടെയോ അല്ലെങ്കില്‍ (പുതുപ്പെണ്ണിന്‍റെയോ!) സ്നേഹസ്പര്‍ശനത്തിനായി ദാഹിച്ചിരിക്കുന്ന നമ്മുടെ വൃത്തികെട്ട bachelors’ den കളെ ഇവര്‍ക്കായി റിസര്‍വ് ചെയ്യാം. സുജാതമാരുടെ ചേരികളില്‍ സഹതാപം വിതറാം. 

Disclaimer: ഇത് വായിച്ചിട്ട് ഐഎഎസ് മോഹികകളാരെങ്കിലും

unmotivated ആയാല്‍ ഉത്തരവാദി ഇതെഴുതിയവന്‍ മാത്രമായിരിക്കും.

കൂടുതല്‍ വായനക്ക്: