2012, ജൂൺ 4, തിങ്കളാഴ്‌ച

ഞാനും നടും ഒരു മരം

പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരവും നീതിപൂര്‍വ്വകവുമായ ഉപയോഗവും അവയുടെ സംരക്ഷണവും എന്‍റെ ചുമതലയാണ്, ശീലത്തില്‍ വരുത്തേണ്ട ഒരു സപര്യയുമാണ്. എന്നാല്‍ അതിലുമുപരി അത് ഒരു ഫാഷന്‍ തരംഗമായി മാറിയിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി മരം നടുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും ഉദ്ഘോഷിക്കുന്ന അതേ ലാഘവത്തോടെ തന്നെ സ്വന്തം പുരയിടത്തില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അപ്പുറത്തേക്ക് വലിച്ചെറിയുവാനും വീട് കെട്ടുവാനോ മോടി പിടിപ്പിക്കുവാനോ ആയി അടുത്തുള്ള പുഴയില്‍ നിന്നും മണല്‍ ഊറ്റുവാനും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കാനും വയലേലകള്‍ മണ്ണിട്ടു നികത്തുവാനും തയ്യാറാവുന്ന എന്നെ ഭരിക്കുന്ന വികാരം അല്ലെങ്കില്‍ വിചാരം എന്താണ്? ഒരു പരിസ്ഥിതിദിനം കൂടി വരുന്നു, ഹരിത സാമ്പത്തികവ്യവസ്ഥയാണ് മുദ്രാവാക്യം. പാഷന്‍ ഇല്ലാതെ ഫാഷനു വേണ്ടി മാത്രം ഞാനും നടും ഒരു മരം.

2012, ജൂൺ 3, ഞായറാഴ്‌ച

പൊളിട്രിക്സ് രണ്ട്

എനിക്ക് മനസ്സിലാവാത്തത് ഇതാണ്; ഒരു നേതാവ്‌, ഒരു ലക്ഷം അണികള്‍; നേതാവ്‌ ഒരു ദിവസം കൊണ്ട് മലക്കം മറിഞ്ഞു മറുപാളയത്തില്‍, കൂടെ ബഹുഭൂരിപക്ഷം അണികളും. ഈ അണികളിലൊന്നും സാമാന്യയുക്തിക്ക് ചിന്തിക്കുന്നവര്‍ ഇല്ലേ? അവരുടെയെല്ലാം രാഷ്ട്രീയ ചായ്‌വും ആ ദിവസം തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നുവോ? അപ്രതീക്ഷിതമായി, അതീവ ദു:ഖത്തോടെ (?)സംസ്ഥാനം ഒരു ഉപതെരഞ്ഞെടുപ്പ് നേരിട്ടു, പിറവത്ത്‌. പിന്നെയും കഴിഞ്ഞു ഒന്ന്, ഇന്നലെ. കോടികള്‍ ചെലവാകും ഫലം വരുമ്പോഴേക്കും, കുറെയേറെ പേരുടെ രാപകലില്ലാത്ത അക്ഷീണ പ്രയത്നവും. സാമാന്യയുക്തിയോ നയധാരണയോ ഒന്നുമില്ല, തന്നെ തെരഞ്ഞെടുത്ത 'പൊതുജനക്കഴുതകളെ' പല്ലിളിച്ചു കാട്ടി തെരഞ്ഞെടുപ്പിനു ചെലവായ വിയര്‍പ്പിനും പുത്തനും പുല്ലുവില കല്‍പിച്ചു രാത്രിക്ക് രാത്രി എം. എല്‍. എ. സ്ഥാനം രാജിവയ്ക്കുക, പിറ്റേന്ന് പത്രസമ്മേളനം വിളിച്ചു കൂട്ടി ചത്താലും മറുപാളയത്തിലേക്ക് ഇല്ലെന്ന പ്രസ്താവനയും. പിറ്റേ ആഴ്ചയില്‍ യാതൊരു ഉളുപ്പുമില്ലാതെ മറുപാളയത്തില്‍ മാലയിട്ടു സ്വീകരണത്തില്‍ സന്നിഹിതന്‍! ജനങ്ങളുടെ വിശ്വാസങ്ങളെ, അവകാശങ്ങളെ മുഴുവന്‍ ഹനിച്ചു കൊണ്ട് അവര്‍ അധ്വാനിച്ച് നാടിനു മുതല്‍ക്കൂട്ടുന്ന കോടിക്കണക്കിനു രൂപ ചെലവാക്കാനും മടിശ്ശീലയിലാക്കുവാനും മാത്രം ആര്‍ത്തിയുള്ള ഇക്കൂട്ടരെ ഈ ഒറ്റക്കാരണം കൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമോ? അതിനൊരു 'ശേഷന്‍' ഇവിടെയുണ്ടോ? എനിക്ക് 'അരക്കവി'യായ കുഞ്ഞുണ്ണി മാഷിനെ ഇഷ്ടമാണ്, അദ്ദേഹം പാടിയത് പോലെ, രാക്ഷസനില്‍ നിന്ന് 'രാ' ദുഷ്ടില്‍ നിന്ന് 'ഷ്ട' മായത്തില്‍ നിന്ന് 'യം' ഇതല്ലേ രാഷ്ട്രീയം??

പൊളിട്രിക്സ് ഒന്ന്

പത്രത്താളുകളിലെ ഒരു അപകടവാര്‍ത്തകളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നെ അലട്ടാറില്ല; ആണവോര്‍ജ്ജം വേണമോ വേണ്ടയോ എന്ന തര്‍ക്കത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ എന്‍റെ അറിവ്‌ പരിമിതമാണ്. എന്‍റെ കുടുംബത്തില്‍ കണ്ണീരും വെണ്ണീറും എന്നു വീഴുന്നുവോ അന്നു ഞാന്‍ കരയും. എന്‍റെ കിടപ്പാടം നഷ്ടപ്പെടാന്‍ ഇടയായാല്‍ സമരപ്പന്തലില്‍ ഞാന്‍ വരും. സമൂഹത്തിനു വേണ്ടി കളയാന്‍ സമയമോ, ശബ്ദമോ; ഒഴുക്കാന്‍ വിയര്‍പ്പോ കണ്ണീരോ ഇല്ലാത്ത തലമുറയുടെ ഭാഗം തന്നെ ഞാനും എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ മൗനിയാക്കുന്നു. ഈ മൗനം ഒരുനാള്‍ എന്നെ ഭ്രാന്തനാക്കും, അതു വരെ എന്നെ വിശ്വസിച്ച് എന്‍റെ കൂടെ ജീവിക്കുന്നവര്‍ക്ക്‌ വേണ്ടി ഞാന്‍ കണ്ണടച്ച് ഇരുട്ടാക്കിയേ തീരൂ... ജീവിതം സ്വന്തമായി മെനഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമോ, മെന്‍റെറിങ്ങോ, ആശയ സംവാദങ്ങളോ വേണ്ടത്ര ഉള്ള നാടല്ല നമ്മുടേത്. 23 വയസ്സെങ്കിലും ആവണം നമ്മുക്ക് നമ്മുടെതായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ് ഉണ്ടാവാന്‍. യൂറോപ്പിലെയും മറ്റും മാതാപിതാക്കള്‍ മക്കളെ ചെറിയ പ്രായത്തില്‍ തന്നെ സ്വജീവിതം വാര്‍ത്തെടുക്കാന്‍ പഠിപ്പിക്കുന്നു, നമ്മുടെ കോഴികള്‍ ചെയ്യുന്നതിന്‍റെ ഒരു പരിഷ്കൃത രൂപം. ഇവിടെയോ? ഒന്നാലോചിച്ചു നോക്കൂ, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എത്ര മാതാപിതാക്കള്‍ ഉണ്ട്? എത്ര ഏട്ടന്മാരും ഏട്ടത്തിമാരും ഉണ്ട്? എത്ര മാഷുമാര്‍ ഉണ്ട്? സമൂഹത്തിനു വേണ്ടി ചിന്തിക്കുന്നവന്‍/ചിന്തിക്കുന്നവള്‍ (തെറ്റി തെറിച്ചു നടക്കുന്നവന്‍/നടക്കുന്നവള്‍ എന്ന് പരിഭാഷ) കുടുംബത്തിന് എന്നും ഭാരമാണ് അത് കുറച്ചൊക്കെ സമ്മതിക്കാം, പക്ഷെ അവന്‍/അവള്‍ സമൂഹത്തിനു ഭാരമാണ് എന്ന കാമ്പൈനിംഗ് എങ്ങനെ സമ്മതിച്ചു കൊടുക്കും? നന്നായി ജീവിക്കാനോ, അതല്ലെങ്കില്‍ നന്നായി ഒടുങ്ങാനോ കെല്‍പില്ലാത്തവനായി സമൂഹം അല്ലെങ്കില്‍ ചരിത്രം എന്നെ നിര്‍വ്വചിക്കുന്ന അവസ്ഥ അതിവിദൂരതയിലല്ലാതെ ഞാന്‍ പ്രതീക്ഷിക്കുന്നു.. സമൂഹത്തിനു വേണ്ടി ചിന്തിക്കുന്ന, നന്നായി ജീവിക്കാന്‍ കെല്‍പുള്ള കുഞ്ഞനിയന്മാരും കുഞ്ഞനിയത്തിമാരും വളര്‍ന്നു വരുന്നത് ഞാനറിയുന്നു, അവര്‍ക്കു വേണ്ടി ഇത്രയും കുറിക്കുന്നു.