2017, ജൂൺ 1, വ്യാഴാഴ്‌ച

വിവാഹത്തിന് ഒരു ഹരിത പ്രൊട്ടോക്കോള്‍

വിവാഹം എന്നത് കേവലം ഒരു ഇവന്‍റ് അല്ല, അത് രണ്ട് വ്യക്തികളെ, രണ്ട് കുടുംബങ്ങളെ ചേരുംപടി ചേര്‍ക്കുന്ന സ്നേഹബന്ധ'ന'മാണ്. വിവാഹം വ്യക്തിജീവിതത്തിലെ ഒരു പ്രധാന സംഭവമാണ്, അത് അവിസ്മരണീയമാക്കേണ്ടതും തന്നെ. പ്രകൃതി വിഭവങ്ങള്‍ പരിമിതമായുപയോഗിച്ചും പാരിസ്ഥിതിക കേടുപാടുകളില്ലാതെയും മിതവ്യയമായും അത് എങ്ങനെ നടത്താം എന്നൊന്നു നോക്കിയാലോ?

വിവാഹാലോചന തുടങ്ങുമ്പോഴേ (അല്ലെങ്കില്‍ വിവാഹ പ്രായം എത്തുമ്പോഴേ)  ഇവ ചിന്തിച്ചോളൂ:

1. വിവാഹത്തിനുള്ള മുന്നൊരുക്കസമയത്ത് കാര്‍ / മറ്റു വാഹന യാത്രകള്‍ പരമാവധി കുറക്കുക, ഒരു ലിസ്റ്റ് തയ്യാറാക്കിയ ശേഷം മാത്രം യാത്ര ചെയ്ത് സാധനങ്ങള്‍ വാങ്ങുക. ഇന്ധനം വിലപ്പെട്ടതാണ്.

2. സാധനങ്ങള്‍ വാങ്ങുവാനുള്ള സഞ്ചികള്‍ കൊണ്ടു പോവുക, പ്ലാസ്റ്റിക്‌ സഞ്ചികള്‍ വീട്ടില്‍ കുന്നു കൂടുന്നത് ഒഴിവാക്കാം.

3. ആഭരണങ്ങള്‍,  തുണികള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ ആവശ്യത്തിന് മാത്രം, ബന്ധുമിത്രാദികള്‍ യൂണിഫോം അണിഞ്ഞു നില്‍ക്കണം എന്ന നിര്‍ബന്ധവും ഒഴിവാക്കാം.

4. പ്രിന്‍റ് ചെയ്ത ആഡംബര ക്ഷണപത്രങ്ങള്‍ ഒഴിവാക്കാം, ഇലക്ട്രോണിക് ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താം, സമ്മാനങ്ങള്‍ കൊണ്ടുവരുന്നത് കുറക്കാന്‍ / ഒഴിവാക്കാന്‍ അപേക്ഷിക്കാം. 

5. വിവാഹത്തിന് വന്നു ചേരുന്ന അതിഥികളുടെ ബാഹുല്യം കണ്ട് സമൂഹം തങ്ങളെ ബഹുമാനിക്കണം എന്ന മാതാപിതാക്കളുടെയും യുവതീയുവാക്കളുടേയും ധാരണ ഒഴിവാക്കാം.

(ഓര്‍ക്കുക, നിങ്ങള്‍ ചെലവാക്കുന്നവ  മാത്രമല്ല വിവാഹത്തിന്‍റെ കണക്കില്‍ വരുന്നത്, മറിച്ച് ആ ദിനം നിങ്ങളോടൊപ്പം ചിലവഴിക്കാനെത്തുന്നവരുടെ സമയവും ഊര്‍ജ്ജവും പണവും കൂടിയാണ്‌).

6. വിവാഹപ്പന്തലില്‍ പ്ലാസ്റ്റിക്‌, തെര്‍മോക്കോള്‍ അലങ്കാരങ്ങള്‍ ഒഴിവാക്കാം. വൈദ്യുതാലങ്കാരങ്ങള്‍ ചുരുക്കാം / ഒഴിവാക്കാം, വൈദ്യുതി ലാഭിക്കാം .

7. അതിഥികളുടെ ഏകദേശം കൃത്യമായ എണ്ണം ഭക്ഷണം ഒരുക്കുന്നവര്‍ക്ക് കൊടുക്കാന്‍ ശ്രമിക്കാം.

8. പേപ്പര്‍ / പ്ലാസ്റ്റിക്‌ പ്ലേറ്റുകളും ഗ്ലാസ്സുകളും ഒഴിവാക്കാം, പകരം കഴുകി ഉപയോഗിക്കാവുന്നവക്ക് നിര്‍ബന്ധം പിടിക്കാം.

9. ഭക്ഷണം ലളിതമാക്കാം, അതിഥികള്‍ക്ക് ആവശ്യത്തിന് മാത്രം എടുത്ത് / വിളമ്പി കഴിക്കാനുള്ള അവസരം നല്‍കാം,  ഭക്ഷണം പാഴാവുന്നത് തടയാം.

10. കണക്കില്ലാതെ ഭക്ഷണം ഉണ്ടാക്കി, ബാക്കി വരുന്നത്  പൊതിഞ്ഞു കെട്ടി, അടുത്തുള്ള അനാഥാലയത്തിലെയോ ബാലമന്ദിരത്തിലെയോ അന്തേവാസികള്‍ക്കെത്തിച്ച്, ചുളുവിന് പുണ്യം സമ്പാദിക്കുന്നത് ഒഴിവാക്കാം. അവരെക്കൂടെ ക്ഷണിക്കണമെങ്കിലോ, അവര്‍ക്ക് കൂടി ഭക്ഷണം എത്തിക്കണമെങ്കിലോ, നേരത്തെ ആസൂത്രണം ചെയ്യാം. 

11. വെള്ളം പാഴാവുന്നത് തടയാം, കുപ്പിവെള്ളവും ബാരലും ഒഴിവാക്കാം.


12. പ്ലാസ്റ്റിക്‌ സഞ്ചികളില്‍ കയറിയെത്തുന്ന സമ്മാനങ്ങള്‍ അപ്പാടെ നിരസിക്കുകയോ, സഞ്ചിയില്ലാതെ സ്വീകരിക്കുകയോ ചെയ്യാം.

13. താങ്ക്സ് കാര്‍ഡും മിട്ടായികളും ഒഴിവാക്കാം.

14. ഫ്ലക്സ് പ്രിന്‍റ് ബോര്‍ഡുകളും സ്റ്റിക്കറുകളും ഒഴിവാക്കാം.

15. ആഘോഷ ശേഷമുള്ള മാലിന്യങ്ങള്‍ കാര്യക്ഷമമായി സംസ്കരിക്കാം.


16. മൈക്ക് ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം പരമാവധി ഒഴിവാക്കാം.

17. നിങ്ങള്‍ പാലിച്ച കാര്യങ്ങളും, നിങ്ങള്‍ കാണിച്ച കരുതലുകളും വിവാഹപ്പന്തലില്‍ എഴുതി വക്കുക, പ്ലാസ്റ്റിക് പ്ലേറ്റ് ഒഴിവാക്കുന്നത് മാത്രമല്ല ഹരിതചട്ടം.

ഇതൊരു അവസാന പട്ടികയോ, നിയമാവലിയോ അല്ല, നമുക്കൊന്നിച്ച്‌ ചിന്തിക്കാം, ഇനിയും ആശയങ്ങള്‍ കൊണ്ടു വരാം. തീരുമാനങ്ങള്‍ എടുത്ത്, ഇത്രയും മുന്‍കരുതലുകള്‍ എടുത്ത ശേഷം ക്ഷണിച്ചാല്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി പ്രശംസാ പത്രം തരും, ഇത് ഹരിതകേരള മിഷന്‍റെ ഉറപ്പ്.  

(മുന്‍‌കൂര്‍ ജാമ്യം: തന്‍റെ വിവാഹം ഇങ്ങനെയൊക്കെയായിരുന്നോ? എന്ന് ചോദിക്കുന്നവരോട്: 
അല്ല സുഹൃത്തേ. ചിലവ നടന്നു. കാര്യങ്ങള്‍ പലയിടത്തും കൈവിട്ടു പോയിരുന്നു. അനിയന്മാരേ, അനിയത്തിമാരേ, പെട്ടുപോയി സേട്ടന്‍, പെട്ടുപോയി. തല്‍ക്കാലം എന്‍റെ കണ്ണിലെ വടി അവിടെത്തന്നെ ഇരിക്കട്ടെ, നിങ്ങളുടെ കണ്ണിലെ കരടെടുക്കാം).