2016, നവംബർ 16, ബുധനാഴ്‌ച

സമ്പന്നര്‍

സമ്പന്നരാണത്രേ, സമ്പന്നര്‍!

ദിവസവും ഉപയോഗിച്ച് തൂര്‍ക്കുന്ന പ്രകൃതി വിഭവങ്ങളുടേയും
പുറം തള്ളുന്ന മാലിന്യത്തിന്‍റെയും കണക്ക് കൂടിയെടുത്ത് നോക്കട്ടെ..

അപ്പൊ കാണാം കളി!

നവംബര്‍ 16, 2016


2016, നവംബർ 15, ചൊവ്വാഴ്ച

ദിശാബോധമില്ലാത്ത ഘോഷയാത്ര




കേരള സംസ്ഥാനം അതിന്‍റെ ഷഷ്ഠിപൂര്‍ത്തി നിറവില്‍ - ചില ചിന്തകള്‍, തിരിച്ചറിവുകള്‍


പഠനം 'ഉയര്‍ന്ന' ജോലിക്ക് വേണ്ടി മാത്രമോ? 
കേരള സംസ്ഥാനത്തിന്‍റെ ഷഷ്ഠിപൂര്‍ത്തി നിറവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. ആര്‍. വി. ജി. മേനോനുമായുള്ള ഒരു സംഭാഷണം മാതൃഭൂമി വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു (ഒക്ടോബര്‍ 9, 2016). കുട്ടികളുടെ അഭിരുചികള്‍ക്ക് ഒട്ടുമേ വിലയില്ലെന്നും എഞ്ചിനീയറിംഗ് മെഡിസിന്‍ കാര്യങ്ങളില്‍ കേവല ഭ്രമം വിട്ട് ഒരു തരം മാനസിക അടിമത്തത്തിലാണ് കേരള ജനതയെന്നും അദ്ദേഹം വീക്ഷിക്കുന്നു. വിദ്യാഭ്യാസ കച്ചവടം, സ്വാശ്രയ സ്ഥാപനങ്ങളുടെ പെരുപ്പം, അവരെല്ലാവരും കൂടി വര്‍ഷാവര്‍ഷം പെരുവഴിയിലറക്കി വിടുന്ന തൊഴിലില്ലാപ്പടയുടെ വലിപ്പം, പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച, അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്‍റെ പ്രസക്തി തുടങ്ങിയ കാലിക വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ സംഭാഷണം എഞ്ചിനീയര്‍മാരേയും ഡോക്ടര്‍മാരേയും മാത്രം പ്രസവിക്കാന്‍ കൊതിക്കുന്ന ഒരമ്മയായി ഒരു ദേശം മാറുന്നതിലുള്ള അപകടം പറഞ്ഞു തരുന്നുണ്ട്. 
ഇപ്പറഞ്ഞതില്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച നമ്മളേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിക്കുകയും അത് എത്രയും സൗജന്യമാക്കാമോ അത്രയും സൗജന്യമായി കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ എന്താണ്? കുട്ടികളില്ലാതെ പലതും പൂട്ടുന്നു. ഒരുപാട് ചര്‍ച്ചകള്‍ ചെയ്ത കാര്യം തന്നെ, വഞ്ചി തിരുനക്കരെ തന്നെയും. നവകേരള മിഷന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പ്രതീക്ഷ ഇല്ലാതില്ല, പക്ഷെ സര്‍ക്കാര്‍ ശ്രമിച്ചതു കൊണ്ടാവുമോ? ഞാനും ശ്രമിക്കേണ്ടേ?


ഗര്‍ഭകാലത്ത് തന്നെ കുട്ടി ആണെന്നോ പെണ്ണെന്നോ ഉറപ്പിച്ച്, കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വയ്ക്കുന്ന അതേ മനോഭാവത്തോടെ തന്നെ കുട്ടിക്ക് രണ്ട് വയസ്സാവുന്നതിനും മുന്‍പേ എല്‍. കെ. ജി., യു. കെ. ജി. സ്കൂളുകള്‍ (അതും ഇംഗ്ലീഷ് മീഡിയം) കണ്ടു വയ്ക്കുകയും അവിടത്തേക്കുള്ള ഡെപ്പോസിറ്റും ഡോണേഷനും സ്വരുക്കൂട്ടുകയും ചെയ്യുന്നു മാതാപിതാക്കള്‍. എല്‍. കെ. ജി. യില്‍ കുട്ടി എത്തിപ്പെട്ടാലോ? രാവിലെ ആറര മുതല്‍, ക്ലാസ് തുടങ്ങുന്ന എട്ടു മണി വരെ സ്കൂള്‍ ബസ്സിലെ ആയക്കും, എട്ടു മുതല്‍ പതിനൊന്നു – പന്ത്രണ്ടു വരെയോ മൂന്ന്- നാല്  മണി വരെയോ ക്ലാസ് ടീച്ചര്‍ക്കും (മിസ്സ്‌ എന്ന്‍ പരിഭാഷ) അതിനു ശേഷം വീണ്ടും സ്കൂള്‍ ബസ്സിലെ ആയക്കും, വീട്ടിലെത്തിയാല്‍ വൈകിട്ട് വരെ അപ്പൂപ്പനും അമ്മൂമ്മക്കും കുട്ടിയുടെ ചാര്‍ജ്ജ് ഏല്‍പ്പിച്ച് താന്താങ്ങളുടെ ഔദ്യോഗിക തിരക്കിലേക്ക് തിരക്കിട്ട് പോകുന്ന രക്ഷാകര്‍ത്തൃത്വം. പിന്നീട് ഒന്നാം ക്ലാസിന്‍റെ കാര്യത്തിലും കുട്ടി പത്താം ക്ലാസിലെത്തുമ്പോഴും പ്ലസ്‌റ്റുവിലെത്തുമ്പോഴും ഇതേ വേവലാതി, ശരാശരി മലയാളിക്ക്!

ഫലമോ? 

ജീവിക്കാന്‍ 'കാശ്, ദുട്ട്, പണം, മണി, മണി' എന്ന്‍ മാത്രം വിശ്വസിക്കുന്ന;  രാഷ്ട്രീയ-സാമൂഹ്യ ബോധം കുറഞ്ഞ ഒരു യുവത. കോളയും കുടിച്ച് ടിവിയില്‍ പ്രീമിയര്‍ ലീഗ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ കറണ്ട് പോയാല്‍ ഫ്യൂസ് പോയതാണെന്ന് പോലും മനസിലാവില്ല അവരില്‍ പലര്‍ക്കും. അടുക്കളയിലെ അല്ലെങ്കില്‍ കക്കൂസിലെ ഒരു ടാപ്പ് കേടായാല്‍ മാറ്റാനറിയില്ല. എല്ലാ അകം-പുറം പണികള്‍ക്കും പണിക്കാരെ തേടുന്ന എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്മാരും അടങ്ങുന്ന ഒരു തലമുറ! അധ്വാനം വേണ്ട പണികള്‍ക്കെല്ലാം തമിഴനോ ബംഗാളിയോ വേണം, എന്നാലോ? അത്യധ്വാനം കൈമുതലാക്കിയിട്ടും കേറിക്കിടക്കാന്‍ കൂര പോലുമില്ലാത്ത അവരെ പരമപുച്ഛമാണ് താനും. തന്‍റെ കിണ്ണത്തിലേക്ക് ആവശ്യമുള്ളതൊക്കെ 'മറുനാട്ടില്‍ നിന്നും വണ്ടി കേറി ഇങ്ങെത്തിക്കൊള്ളും' എന്നുറച്ചു വിശ്വസിച്ച്, തന്‍റെ പേരിലുള്ള മണ്ണ് മുഴുവന്‍ കഷണം കഷണമാക്കി വിറ്റ് കാശാക്കുകയോ, അവിടെ കടം വാങ്ങി, മതിലുകളും കോടികളുടെ രമ്യ ഹര്‍മ്മങ്ങളും പണിഞ്ഞ് അതിനുള്ളില്‍ അടയിരിക്കുകയോ ചെയ്യുന്ന ശരാശരി മലയാളി ധാര്‍ഷ്ട്യം അലങ്കാരമായുണ്ട്. ചരക്ക് ലോറി സമരം പ്രഖ്യാപിച്ചാല്‍, കടള്‍ അടഞ്ഞു കിടന്നാല്‍, എ. ടി. എമ്മുകള്‍ കാലിയായാല്‍, ജീവിതം വഴിമുട്ടുന്ന; തങ്ങളെത്തന്നെ കമ്പോളവ്യവസ്ഥക്ക് തീറെഴുതിക്കൊടുത്ത ജീവിതങ്ങള്‍. മതത്തിന്‍റെയും ജാതിയുടെയും രാഷ്ട്രീയവിശ്വാസങ്ങളുടെയും പേരില്‍ തമ്മില്‍ത്തമ്മില്‍ കൊന്നു തീര്‍ക്കുന്ന ഒരു ജനത. എല്ലാ ജൂണ്‍ അഞ്ചാം തീയതിയും ഒരേ കുഴിയില്‍ത്തന്നെ വൃക്ഷത്തൈകള്‍ വീണ്ടും വീണ്ടും നട്ട് സെല്‍ഫിയെടുക്കുന്ന  പരിസ്ഥിതി സ്നേഹികളായ, ട്രാഫിക് നിയമങ്ങള്‍ അടക്കം ജുഡീഷ്യറിക്ക് പുല്ലു വില കല്‍പ്പിക്കുന്ന യൗവ്വനങ്ങള്‍. 

സാമാന്യവല്‍ക്കരിക്കുകയല്ല, വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അറിവും വിവേകവും മനുഷ്യത്വവും ഉള്ളവര്‍; ഗൌതമിനെപ്പോലെ, മിനോണിനെപ്പോലെ, മിന്റുവിനെപ്പോലെ, സൂര്യകല്ല്യയെപ്പോലെ, വിദ്യാഭ്യാസത്തെ ഉയര്‍ന്ന തലങ്ങളിലേക്കുയര്‍ത്തിയ, അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനത്തിലേക്കെത്തിച്ച ഒരുപാട് പേര്‍;  പരിസ്ഥിതി സഹയാത്രികര്‍; വീടുകളില്‍, സ്കൂളുകളില്‍ മണ്ണറിഞ്ഞു കൃഷി ചെയ്യുന്നവര്‍; അവര്‍ക്ക് വെളിച്ചമായി, തണലായി അവരുടെ മാതാപിതാക്കളും. മതമില്ലാത്ത 'ജീവന്മാരായി' കുട്ടികളെ വളര്‍ത്തുന്നവരും ഇപ്പോളും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നവരും വളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ധാരാളമുണ്ടിവിടെ. 

(ഒന്ന് കൂടി ചേര്‍ക്കട്ടെ, ഞങ്ങളുടെ കുട്ടിയെ മതമില്ലാത്ത, മത–ജാതി പേരു-ചിഹ്നങ്ങളില്ലാത്ത  'ജീവനായി' ജീവിക്കുവാനും സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാനും ഒന്നല്ല, പല തൊഴിലുകള്‍ ഒരു മടിയും കൂടാതെ ചെയ്യാന്‍ കെല്‍പ്പുള്ള, സ്വതന്ത്ര ചിന്തകളുള്ള, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള ഒരു മനുഷ്യനായി ജീവിക്കാന്‍ അവന്‍റെ അമ്മ സമ്മതിക്കും എന്നുറച്ചു വിശ്വസിക്കുന്ന ഞാനുമുണ്ടിവിടെ, അത് 'ഞങ്ങളുടെ' തീരുമാനമായിരിക്കണമെന്ന അത്യാഗ്രഹത്തോടെ തന്നെ. അതിന് വേണ്ടി Invest in the Future എന്ന്‍ പേരിട്ടിരിക്കുന്ന ഒരു അജണ്ടയും ആസൂത്രണത്തില്‍ ഉണ്ട്). 

പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍. കെ. ജി. യിലും യു. കെ. ജി. യിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയും പാവപ്പെട്ടവന്‍റെ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിഷ്ടവും മാറ്റിയെടുക്കേണ്ടവ തന്നെയല്ലേ?

ഇനി അങ്ങനെയല്ല എങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരവും അവിടത്തെ ടീച്ചര്‍മാരുടെ യോഗ്യതകളും, മറ്റ് പ്രൈവറ്റ് സ്കൂളുകളുടേതിനെ അപേക്ഷിച്ച് തുലോം കുറവാണെന്ന് അവരും കൂടെ സര്‍ക്കാരുംമ്മതിക്കട്ടെ.

നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ മാര്‍ക്കറ്റിംങ്ങ് എക്സിക്യുട്ടീവുകളോ?

ഈയിടെയാണ് Helicopter Parenting നെപ്പറ്റി വായിച്ചത്. തങ്ങളുടെ മക്കളുടെ പിറകെ ക്യാമറ കണ്ണുകളുമായി ഒരു Helicopter പോലെ ചുറ്റിയടിച്ച് അവരെ സദാ surveillance ല്‍ ആക്കുന്ന വിദ്യയാണത്. പെണ്‍കുട്ടിയെങ്കില്‍ പറയേണ്ടല്ലോ പുകില്‍! മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കി,  ജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെയാണ് ഇവിടെ ചികില്‍സിക്കേണ്ടത്. 

മലയാളി കപട നാട്യക്കാരനോ?

വേറൊരു സംഭാഷണത്തിലേക്ക് വരാം. മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, ഒക്ടോബര്‍ 9, 2016. അവിടെ ഡോ. എം. ജി. എസ്. നാരായണനാണ്. ജാതിയുടെയും മതത്തിന്‍റെയും മറ്റ് ജീര്‍ണിച്ച സാമൂഹ്യാവസ്ഥകളുടേയും തടങ്കലില്‍, കാപട്യവും ആത്മവഞ്ചനയും വര്‍ധിച്ച അവസ്ഥയില്‍ ഒരു ഹിപ്പോക്രാറ്റായിട്ടാണ് ഓരോ മലയാളിയും തന്‍റെ ജീവിതം ജീവിച്ച് തീര്‍ക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കേരളം ഒരു secular ദേശമല്ല എന്നും രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും വിഭിന്നമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സ്ത്രീകളുടെയും ആദിവാസികളുടേയുമൊക്കെ ഏറെ പരിതാപകരമായ ജീവിതങ്ങള്‍, കേരളം ഒരു ആധുനിക സമൂഹമാവാത്തതിന്‍റെ തെളിവുകല്‍ തന്നെയത്രെ. നമ്മുടെ പൊതുമനോഭാവം സ്ത്രീ-വിരുദ്ധവുമാണ്. സംസ്കാര നവീകരണത്തിനാവശ്യമായ വിദ്യാഭ്യാസത്തിന്‍റെ കുറവും നമ്മുക്കുണ്ടെന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് പക്ഷെ, പുതു തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്.

തന്‍റെ മാത്രം ജീവിതം 'സെറ്റില്‍ ആന്‍ഡ്‌ സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നമാണ് ഇവിടെ ചികില്‍സിക്കപ്പെടേണ്ടത്. അഥവാ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ.  

ഒരു മതത്തിലും ജാതിയിലും പെടാതെയും കക്ഷിരാഷ്ട്രീയത്തിന്‍റെ തണലിലല്ലാതെയും ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും മതത്തിലില്ലാത്ത ജീവന്മാരായിവളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങള്‍ നിഷ്കരുണം തള്ളിക്കളയപ്പെടേണ്ടത് തന്നെ. 


സംസ്കാരത്തെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും അലറിക്കൊണ്ട്; ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ഒറ്റ നൂലില്‍ കെട്ടി, വാക്കുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ഒരു പുതിയ തലമുറയുടെ മുഴുവന്‍ തലച്ചോറിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടത് തന്നെ. 
നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ഈ ഉത്തരവാദിത്തങ്ങള്‍ ശ്രദ്ധിക്കൂ:



It shall be the (fundamental) duty of every citizen of India

1) to promote harmony and the spirit of common brotherhood amongst all the people of India transcending religious, linguistic and regional or sectional diversities; to renounce practices derogatory to the dignity of women; 

2) to develop the scientific temper, humanism and the spirit of inquiry and reform; 

3) to safeguard public property and to abjure violence




2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

I am a bunch of Inertia !

രംഗം: കെ. എസ്. ആര്‍. ടി. സി. ബസ്സ് യാത്ര, എറണാകുളം - ആലപ്പുഴ

ഞാന്‍ ഇരിക്കുകയാണ്, ബസ്സിന്‍റെ മുന്‍വാതിലിനും മുന്നിലുള്ള സൈഡ് സീറ്റില്‍. തിങ്കളാഴ്ച രാവിലെയായതു കൊണ്ട് നല്ല തിരക്കുണ്ട്. അരൂര് നിന്നും രണ്ട് മദ്ധ്യവയസ്കരായ സ്ത്രീകള്‍ കയറി, സീറ്റിനടുത്ത്‌ വന്നു നിന്നു. ആലപ്പുഴക്കാണെന്നും ടീച്ചര്‍മാരാണെന്നും സംസാരത്തില്‍ നിന്നും മനസ്സിലായി. അവര്‍ക്കിരിക്കാന്‍ ആഗ്രഹമുണ്ട്, എന്നെ ഇടക്കിടക്ക് നോക്കുന്നുമുണ്ട്. എന്‍റെ സഹ സീറ്റര്‍ പഹയന്‍ ഉറക്കത്തിലാണ്. ഞാന്‍ പഹയന്‍ ആദ്യം മുകളിലേക്ക് നോക്കി ഉറപ്പു വരുത്തി 'സ്ത്രീകള്‍' എന്നെഴുതി വച്ചിട്ടില്ല എന്ന്‍. പിന്നീട് ഉറക്കം നടിച്ച് ആലപ്പുഴ വരെ കഴിച്ചു കൂട്ടി.

ഉള്ളിന്‍റെയുള്ളില്‍ നടക്കുന്നതെന്തായിരുന്നുവെന്നോ? എഴുന്നേറ്റ് അവരിലൊരാള്‍ക്ക്   സീറ്റ് കൊടുക്കണം എന്ന കര്‍ത്തവ്യബോധവും എഴുന്നേറ്റു കൊടുത്താല്‍ ആലപ്പുഴ വരെ കുത്തനെ നില്‍ക്കേണ്ടതിന്‍റെ ഗതികേടും തമ്മിലുള്ള വാള്‍പ്പയറ്റ്.

രണ്ടാമത്തേത് ജയിച്ചു, ടീച്ചര്‍മാര്‍ ആലപ്പുഴ വരെ നിന്നു!


ഇങ്ങനെ ചില ജഡത്വങ്ങളുടെ ആകെ രൂപമാണ് ഞാന്‍, I am a bunch of Inertia !

ജൂലൈ 24, 2016

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

പുതുവല്‍സര ബോധ്യങ്ങളിലേക്ക് വീണ്ടും ചെന്നെത്തുന്നു

(അവലംബം: ഫെബ്രുവരി 20 ലെ "ചില ചില പുതുവല്‍സര ബോധ്യങ്ങള്‍" എന്ന പോസ്റ്റ്‌)


എര്‍ത്ത് ഓവര്‍ഷൂട്ട്‌ ഡേ (Earth Overshoot Day) ഈ  മാസം 8 ന് ആയിരുന്നു.

2016 ലെ 365 ദിവസങ്ങള്‍ കൊണ്ട് പുനരുജ്ജീവനം നടക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുള്ള എല്ലാ ഭൗമവിഭവങ്ങളും സേവനങ്ങളും നാം 220 ദിവസങ്ങള്‍ കൊണ്ട് പൊടിച്ചു തീര്‍ത്തു !

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍, തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഞാന്‍ ഉരുവപ്പെട്ടു വരികയല്ലേ?

ജൂലൈ 23, 2016

2016, ജൂൺ 6, തിങ്കളാഴ്‌ച

വെള്ളപ്പൈനും വെള്ളത്തൂവാലയുള്ള കളക്ടറും




പരിസ്ഥിതി ദിനം വിശേഷാല്‍പ്രതി:

കമ്പ്യൂട്ടര്‍ ലാബിന്‍റെ പുറകില്‍ കിഴക്ക് വശത്തായി തോടിനടുത്തുള്ള അണ്ണാര്‍ക്കണ്ണന്മാരുടെ ആ കളിസ്ഥലം വൃത്തിയാക്കിയിട്ടുണ്ടാകുമോ എന്തോ? ഒന്ന് പോയി നോക്കാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു. കുഞ്ഞച്ചന്‍ ചേട്ടനോട് അവിടെയൊക്കെ വൃത്തിയാക്കി, ചില മരങ്ങള്‍ കൂടി നടുവാനുള്ള കുഴികള്‍ എടുത്ത് വയ്ക്കണം എന്ന്‍ സുമേഷ്  മാഷ് അസംബ്ലി കഴിഞ്ഞപ്പോള്‍ പറയുന്നത് കേട്ടിരുന്നു. അവിടം ഇപ്പോള്‍ത്തന്നെ ഒരു കുഞ്ഞു കാട് പോലുണ്ട്. കുഞ്ഞച്ചന്‍ ചേട്ടന്‍ മാഷെ തറപ്പിച്ചൊന്നു നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. അയാള്‍ ബെല്ലടിച്ച് കഴിഞ്ഞ് രാമേട്ടന്‍റെ പുട്ടിനോടും കടലയോടുമുള്ള അരിശം തീര്‍ക്കാന്‍ പോയിട്ടുണ്ടാകും, ഇനി ഉച്ചക്ക് വന്നാല്‍ മതിയല്ലോ, ഇടക്കുള്ള ബെല്ലുകള്‍ അടിക്കാന്‍ 6 സി യിലെ സന്തോഷിനെ ചട്ടം കെട്ടിയിട്ടുണ്ട്, അവന്‍ അതവന്‍റെ ജന്മാവകാശമായി എടുത്തിട്ടുമുണ്ട്.

ചായ കുടിയും മുറുക്കും കഴിഞ്ഞ് കുഞ്ഞച്ചന്‍ചേട്ടന്‍ എപ്പോ വരും ആവോ? കുഴികള്‍ എടുക്കാന്‍ അയാള്‍ തന്നെ മതിയോ? ആഴം വേണ്ടത്ര ഇല്ലാതെ നാളെ മരം നടുവാന്‍ പറ്റുമോ? കേന്ദ്ര വനഗവേഷണ നിലയത്തില്‍ നിന്നും സുമേഷ് മാഷ്‌ കൊണ്ടുവന്ന വെള്ളപ്പൈനാണ് നാളെ നടാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ പശ്ചിമഘട്ടത്തില്‍ മാത്രം  വളരുന്ന ചില പ്രധാന മരങ്ങളില്‍ ഒന്നാണ് Vateria macrocarpa എന്ന് ശാസ്ത്രീയ നാമമുള്ള വെള്ളപ്പൈന്‍. IUCN എന്നോ മറ്റോ പേരുള്ള വലിയ ഒരു സംഘടന അതിനെ Critically Endangered എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നതത്രെ. എന്നു വച്ചാല്‍, അന്യം നിന്നു കൊണ്ടിരിക്കുന്നതും അതീവ ശ്രദ്ധ കൊടുക്കേണ്ടതുമായ മരമെന്നര്‍ത്ഥം. ലവ് സൈന്‍ കീഴോട്ട് നീട്ടി വരച്ചതു പോലെയുള്ള ഇലകളും അറ്റത്ത് ചെറിയ പിങ്ക് നിറത്തോടു കൂടിയ കൂമ്പിയ മൊട്ടുകളും തവിട്ടു നിറത്തില്‍ തെറിച്ചു നില്‍ക്കുന്ന പരാഗതന്തുക്കളോടു കൂടിയ വെള്ളപ്പൂവുകളും ഉള്ള 30 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു മരമാണത്. കോഴിക്കോട് എവിടെയോ പഠിക്കുകയും ഇടയ്ക്കിടെ വീട്ടില്‍ വരുമ്പോള്‍ കാടും മലയും കയറിയിറങ്ങിയ കഥകള്‍ പറയുകയും ചെയ്യുന്ന പ്രസാദേട്ടനാണ് ഇക്കാര്യങ്ങള്‍ പറഞ്ഞു തന്നത്.

പ്രസാദേട്ടനും കൂട്ടുകാരും കൂടി ഇടക്കിടക്ക് പുതിയ ചില ചെടികള്‍ കണ്ടുപിടിക്കാറുണ്ട്, എന്നിട്ട് അതിന് ആരുടെയെങ്കിലും പേരും ഇടും. മിനിഞ്ഞാന്നു കൂടി പത്രത്തില്‍ വാര്‍ത്ത ഉണ്ടായിരുന്നു. പഴശ്ശിരാജാവിന്‍റെയും പ്രസാദേട്ടനെ പഠിപ്പിക്കുന്ന മാഷിന്‍റെയും പേരിലൊക്കെ ചെടികളുണ്ടത്രെ! കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏതെങ്കിലും ഒരു ചെടിക്ക് എന്‍റെ പേരിടണേന്ന്.
അങ്ങനെയെങ്കില്‍ അതിന്‍റെപേര് 'അശ്വതിയാന' എന്നോ മറ്റോ ആയിരിക്കുമെന്നാണ് പ്രസാദേട്ടന്‍ പറയുന്നത്! അതെന്താനയാണാവോ?

പെട്ടെന്നാണ് ഒരു സംശയം തോന്നിയത്, പശ്ചിമഘട്ടത്തില്‍ മാത്രം  വളരുന്ന ഈ വെള്ളപ്പൈന്‍ ടൌണിനോട് ചേര്‍ന്നുള്ള സ്കൂള്‍ വളപ്പില്‍ വളരുമോഉവ്വായിരിക്കും, അതുകൊണ്ടായിരിക്കുമല്ലോ സുമേഷ് മാഷ് അതിന്‍റെ തൈകളും കൊണ്ടുവന്നത്! സ്കൂള്‍ മുഴുവന്‍ ആവേശത്തിലാണ്, നാളെ, ജൂണ്‍ 5, പരിസ്ഥിതി ദിനം. പക്ഷെ അതല്ല കാര്യം, മുഖ്യാതിഥി ആരെന്നറിഞ്ഞോ? മമ്മൂട്ടിയാണ് ! അങ്ങേര് നടുന്ന മരമാണ് ഇനി ഈ സ്കൂളിലെ താരം.

"
കിട്ടീലെയോ ദക്ഷിണ വേണ്ടുവോളം വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനീം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കിയെന്നാലതും നല്‍കിയനുഗ്രഹിക്കാം" 
സന്ദര്‍ഭവും സ്വാരസ്യവും പറയൂ അശ്വതീ.............
ഒരു ചോക്കിന്‍റെ കഷണം മുന്നില്‍ വന്നു വീണപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്, നോക്കുമ്പോള്‍ ജോസഫ്‌ മാഷ് മുന്നില്‍ നില്‍ക്കുന്നു! വെള്ളപ്പൈനും അണ്ണാര്‍ക്കണ്ണനും മമ്മൂട്ടിയും എവിടെപ്പോയൊളിച്ചു?

"
ഈയിടെയായി തനിക്കു തീരെ ശ്രദ്ധയില്ല കേട്ടോ  അശ്വതീ".....എന്താടോ അവിടെ ഇത്ര നോക്കിയിരിക്കാന്‍? " തന്‍റെ ചോദ്യത്തിന് ഉത്തരം കിട്ടില്ല എന്നുറപ്പുള്ള മാഷ്‌ എന്‍റെയടുത്തു നിന്നും തെന്നി.


അങ്ങനെയങ്ങനെ  കാത്തിരുന്ന്‍ ജൂണ്‍ 5 വന്നെത്തി. രാവിലെ 8 മണിക്ക് സ്കൂളിലെത്തിയ ഞങ്ങളെ എതിരേറ്റത് കസവ് മുണ്ടും കുര്‍ത്തയും ധരിച്ച സുമേഷ് മാഷാണ്. പരിപാടിയില്‍ അല്‍പം മാറ്റം ഉണ്ട്, മമ്മൂട്ടി വരില്ല, അതിരപ്പള്ളിയിലെ ഷൂട്ടിംഗ് തീര്‍ന്നിട്ടില്ല, പക്ഷെ വിഷമിക്കേണ്ട, അതിഥിയായി ജില്ലാ കളക്ടര്‍ എത്തും പോലും !

കഷ്ടം മാഷമ്മാരാണത്രേ, മാഷമ്മാര്‍, മമ്മൂട്ടിക്ക് പകരമാവുമോ ഈ കളക്ടര്‍? കുട്ടികള്‍ നിരാശരായി. എങ്കിലും അന്നുച്ചവരെ ക്ലാസ്സില്ല എന്നതിനാല്‍ കുറെയേറെപ്പേരിലും, മരം നടുന്ന ഉത്സാഹത്തില്‍ ഞങ്ങള്‍ വളരെ കുറച്ചു പേരിലും സന്തോഷം ബാക്കി നിന്നു.   ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതം പറഞ്ഞ പരിസ്ഥിതി ക്ലബ്‌ കോ-ഓര്‍ഡിനേറ്റര്‍ സുമേഷ് മാഷ്‌ കലക്കി മറിച്ചു കളഞ്ഞു. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുകയാണത്രെ, ഒരു മരം നടുമ്പോള്‍ അണ്ണാര്‍ക്കണ്ണന്മാരും പറവകളും തുമ്പികളും അടങ്ങുന്ന  ഒരു കൂട്ടം ജീവികള്‍ക്ക് നമ്മള്‍ ജീവിതം കൊടുക്കുകയാണത്രെ! എത്ര മധുരമായ സങ്കല്‍പ്പം?, ഞാന്‍ അതുവരെ അങ്ങനെ ചിന്തിച്ചിട്ടേയില്ലായിരുന്നു.

മരങ്ങളുടെ വിത്തുല്‍പാദനം തുടങ്ങി കാര്‍ബണ്‍ ക്രെഡിറ്റ്‌ വരെ ഉധരിച്ചുള്ള കിടിലന്‍ പ്രസംഗത്തിന്നവസാനം പക്ഷെ മാഷ്‌ തന്നെയേല്‍പിച്ച ദൌത്യം മറന്നു പോയി, കളക്ടറെ സ്വാഗതം ചെയ്തില്ല! പിന്നീട് ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ അധ്യക്ഷന്‍ അത് കൈകാര്യം ചെയ്തു.

കളക്ടര്‍ സാര്‍ സുമേഷ് മാഷെ കടത്തി വെട്ടി, പരിസ്ഥിതിശാസ്ത്രം പ്രധാന വിഷയമായി പഠിച്ച് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം റിയോ ഡി ജനീറോ മുതല്‍ ഹൈദരാബാദ് വരെയുള്ള കഥകള്‍ പറഞ്ഞു. അന്താരാഷ്ട്ര പ്രാധാന്യമുള്ള, COP എന്നോ മറ്റോ പേരുള്ള ഒരു സമ്മേളനത്തിനു കഴിഞ്ഞ വര്‍ഷം  ഇന്ത്യയാണത്രേ ആതിഥ്യമരുളിയത്! പിന്നീടദ്ദേഹം നദികളുടെയും മലകളുടെയും സങ്കടപ്പെടുത്തുന്ന കഥകള്‍ പറഞ്ഞു, മണല്‍ കടത്തുന്ന ടിപ്പര്‍ ലോറികള്‍ പിടിച്ച കഥ പറഞ്ഞു, ഞങ്ങളുടെ പഞ്ചായത്തിലുള്ള പരിസ്ഥിതി കമ്മറ്റിയെപ്പറ്റി പറഞ്ഞു. മരം നട്ടാല്‍ മാത്രം പോര എന്നും അത് വാടാതെ സംരക്ഷിക്കണം എന്നും പറഞ്ഞ് അദ്ദേഹം ഉപസംഹരിച്ചു.


മമ്മൂട്ടി വരാത്തത് നന്നായി, ഇത്രയേറെ കഥകള്‍ കേള്‍ക്കാന്‍ പറ്റിയല്ലോ, അങ്ങേരാണെങ്കില്‍ അതിരപ്പള്ളിയിലെ ഷൂട്ടിംഗ് വിശേഷങ്ങളാവും അധികവും പറയുക.

പരിസ്ഥിതി ദിനാചരണ ഭാഗമായി നടന്ന സ്കൂള്‍തല മത്സരത്തില്‍ ഒന്നാം സമ്മാനര്‍ഹമായ കവിത ഞാന്‍ ചൊല്ലിക്കേട്ടപ്പോള്‍ കളക്ടര്‍ സാര്‍ കയ്യടിച്ചു, പഴയൊരു കവിയായിരുന്നോ എന്ന്‍ തോന്നുന്ന വിധത്തില്‍ അദേഹം എന്‍റെ തലയില്‍ കൈ വച്ചനുഗ്രഹിക്കുകയും ചെയ്തു.

പിന്നീട് കുഞ്ഞച്ചന്‍ചേട്ടന്‍ കമ്പ്യൂട്ടര്‍ ലാബിന്‍റെ പുറകില്‍ പ്രത്യേകം ഒരുക്കിയ കുഴിയില്‍ ഒരു മഹാഗണിയുടെ തൈ കളക്ടര്‍ നട്ടു. കളക്ടറുടെയൊപ്പം നിന്ന്  ഫോട്ടോ എടുക്കാനും അദ്ദേഹത്തിന് കൈ കഴുകുവാന്‍ വെള്ളം എത്തിക്കുവാനും  മാഷമ്മാരുടെ വക ഓട്ടമത്സരമായിരുന്നു. കൈ കഴുകി, പോക്കറ്റില്‍ നിന്നും വെളുത്ത തൂവാലയെടുത്ത് കൈ തുടച്ചു, ഞങ്ങളെ കൈ വീശിക്കാണിച്ച് അദ്ദേഹം കാറില്‍ കയറി പോയി.  ഇനി അദ്ദേഹം ആ വെളുത്ത തൂവാല ഇതേ ആവശ്യത്തിനായി എടുക്കുന്നത് ചിലപ്പോള്‍ അടുത്ത വര്‍ഷം ജൂണ്‍ അഞ്ചിനായിരിക്കും എന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരി പൊട്ടി.

നിന്ന നില്‍പ്പില്‍ തിരിഞ്ഞു നോക്കുമ്പോള്‍, സുമേഷ് മാഷുമുണ്ട്, കുറെ കുട്ടികളുമുണ്ട്, ബാക്കിയെല്ലാവരും പോയിരിക്കുന്നു. പരിസ്ഥിതി ക്ലബ്‌ കോ-ഓര്‍ഡിനേറ്ററായിപ്പോയതിന്‍റെ പേരില്‍ മാഷിനു രക്ഷയില്ല! ഞാന്‍ നടുന്ന തൈയ്യും അതിനുള്ള കുഴിയും നേരത്തെ കണ്ടു വച്ചിരുന്നതിനാല്‍ ആരെയും നോക്കി നിന്നില്ല, ഫോട്ടോഗ്രാഫറെയും.

സൂക്ഷിച്ചു തൈ നട്ട്, വെള്ളവും ഒഴിച്ച്, വെള്ളപ്പൈന്‍ എന്നു വലിയ അക്ഷരങ്ങളില്‍ മരത്തിന്‍റെ പേരും, ചെറിയ അക്ഷരങ്ങളില്‍ എന്‍റെ പേരും തിയ്യതിയും എഴുതിയ ലേബല്‍ അതില്‍ കെട്ടിത്തൂക്കി ഞാന്‍ കൂട്ടുകാരെ സഹായിക്കാന്‍ ഓടി. അവിടെയുമിവിടെയും ഓടി നടന്ന് പതിനൊന്നു മണിയോടെ സുമേഷ് മാഷ് തന്ന കട്ടന്‍ചായയും നുകര്‍ന്നങ്ങനെ ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണവും കഴിച്ചു കൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പിറ്റേ ദിവസത്തെ പ്രമുഖ പത്രത്തില്‍ ഞങ്ങളുടെ പരിപാടിയുടെ ഫോട്ടോ പ്രതീക്ഷിച്ച എല്ലാവരെയും നിരാശരാക്കി, പത്രത്തിന്‍റെ രണ്ടാമത്തെ പേജിലെ  ഒരു മൂലയില്‍ ആ വാര്‍ത്ത ഒടുങ്ങി. ഞാന്‍ എണ്ണി നോക്കി, വാര്‍ത്തകളുടെ എണ്ണം വച്ചു നോക്കിയാല്‍ ഒരു പത്തു ലക്ഷം മരങ്ങളെങ്കിലും ഇന്നലെ ഒരു ദിവസം നാട്ടില്‍ നട്ടിട്ടുണ്ടാകും, നല്ലത്, കാര്‍ബണ്‍ ഫുട്പ്രിന്‍റ് അത്ര കുറയുമല്ലോ!   

ഞാന്‍ നട്ട വെള്ളപ്പൈന്‍റെ തൈ എപ്പോഴും കാണത്തക്ക വിധത്തില്‍ ക്ലാസില്‍ ഇരിപ്പിടം ഒന്ന് മാറി. മൂന്നാമത്തെ ബെഞ്ചിലെ പ്രിയ കൂട്ടുകാരി അപര്‍ണയെ വിട്ട്, അഞ്ചാമത്തെ ബഞ്ചില്‍ അങ്ങേയറ്റത്ത്, സദാ മൂക്കില്‍ തിരിപ്പിടിച്ചുകൊണ്ടിരിക്കുന്ന ഗൗരിയോട് വഴക്കിട്ട് ആ സ്ഥാനം കൈക്കലാക്കി. എങ്കിലും സന്തോഷമുണ്ട്. ക്ലാസെടുക്കുമ്പോഴും ആ വെള്ളപ്പൈനെയും കുറച്ചപ്പുറത്ത് കുട ചൂടി നില്‍ക്കുന്ന വാകയെയും കാണാം. കുറെയേറെ അണ്ണാര്‍ക്കണ്ണന്മാരും പേരറിയാത്ത കുറെ തുമ്പികളും ചിത്രശലഭങ്ങളും! കണക്ക്, സയന്‍സ്, ഭൂമിശാസ്ത്രം, ചരിത്രം, ഇംഗ്ലീഷ് തുടങ്ങിയവ ഛര്‍ദ്ദിക്കുന്ന യന്ത്രമനുഷ്യരില്‍ നിന്നും രക്ഷപ്പെടാന്‍ ഒരവസരം, കണ്ണിനും മനസ്സിനും കുളിരുള്ള ഒരാശ്രയം.

ഒരപകടം കൂടി സംഭവിച്ചു. എപ്പോഴും അങ്ങോട്ട്‌ നോക്കിയിരുന്നിരുന്ന്‍ ആ ഭാഗത്ത്‌ കൂടി ആരെങ്കിലും നടന്നു പോയാല്‍ത്തന്നെ വല്ലാത്തൊരാധി പിടിപെട്ടു തുടങ്ങി. അവര്‍ അതിനെ ചവിട്ടുമോരാമേട്ടന്‍റെ പൂവാലിപ്പശു അവിടെത്തന്നെയാണ് താമസം എന്ന് തോന്നും ചിലപ്പോള്‍. മാസാവസാനം പറ്റു തീര്‍ക്കുന്ന വിധത്തില്‍ ഹെഡ് മാസ്റ്റര്‍ അടക്കമുള്ള മാഷമ്മാര്‍ക്ക് ധാരാളം ചായയും പലഹാരങ്ങളും  കൊടുക്കുന്ന രാമേട്ടന്‍റെ പശുവിനെ ആരവിടുന്ന്‍ ഓടിക്കും?

അവിടെ നട്ട തൈകള്‍ക്കെല്ലാം മുള കൊണ്ട് ഒരു വരി വേലി കെട്ടണം എന്ന്‍ കുഞ്ഞച്ചന്‍ ചേട്ടനോട് പറയണം. ഈ പീരീഡ്‌ ഒന്നവസാനിച്ചിരുന്നെങ്കില്‍ അവിടം വരെ ഒന്ന് പോയി നോക്കാമായിരുന്നു.....

ഓണപ്പരീക്ഷ അടുത്തു വരുന്നു, ഈ അണ്ണാര്‍ക്കണ്ണന്മാര്‍ക്കും തുമ്പികള്‍ക്കും
ഒക്കെ എന്ത് സുഖമാണ്? സ്കൂളില്‍ പോകേണ്ട, ഹോം വര്‍ക്ക് ചെയ്യേണ്ട, പരീക്ഷകള്‍ എഴുതേണ്ട, എപ്പോഴും ആ വാകയില്‍ തന്നെ.

ഒരു ദിവസം രണ്ടാമത്തെ പീരീഡില്‍ കണക്ക് ടെസ്റ്റ്‌ നടക്കുമ്പോഴുണ്ട്, കുറച്ചു പേര്‍ ഒരു ചങ്ങലയും കുറെ വടികളുമായി വാകച്ചുവട്ടില്‍. ചങ്ങല തലങ്ങനെയും വിലങ്ങനെയും പിടിച്ച് അവരെന്തോക്കെയോ കണക്കുകള്‍ കൂട്ടുന്നു, തന്‍റെ വെള്ളപ്പൈനെ ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നു, ഒരു പിടിയും കിട്ടുന്നില്ല. ഇനി അവര്‍ തൈകള്‍ക്ക് മുളവേലി കെട്ടാനായി കുഞ്ഞച്ചന്‍ചേട്ടന്‍ ഏല്‍പിച്ചവരാകുമോ? ആരോടും ചോദിക്കാനും പറ്റിയില്ല.
കൂട്ടുകാരെല്ലാം കണക്ക് ചെയ്ത് മുന്നേറുകയാണ്, ഈ ടെസ്റ്റില്‍ ഞാന്‍ പാസ്സാവില്ല എന്നുറപ്പായി. ഉച്ചയായപ്പോള്‍ സംഗതി അത്ര പന്തിയല്ല എന്ന് തോന്നി . കുറച്ചു പേര്‍ തൂമ്പയും മറ്റുമായി വന്ന് ചില്ലറ പണികള്‍ തുടങ്ങിയിരിക്കുന്നു, കാട് വെട്ടുന്നു, കയറു കെട്ടുന്നു, എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് സ്കൂള്‍ മാനേജരുമുണ്ട്.

പിറ്റേദിവസം അസ്സെംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ആ ശുഭവാര്‍ത്ത പുറത്തു വിട്ടു, നമ്മുടെ സ്കൂളിന് പ്ലസ്‌ ടു അനുവദിച്ചത്രേ, എല്ലാവരും കയ്യടിച്ചു, ഞാനും. നല്ലതല്ലേ? പത്താം ക്ലാസിനു ശേഷം വേറെ സ്കൂള്‍ അന്വേഷിക്കേണ്ടല്ലോ!

അന്നു മുതല്‍ കമ്പ്യൂട്ടര്‍ ലാബിനു പുറകിലേക്ക് ആരെയും കടത്തി വിടാതായി, അവിടെയാണത്രെ പുതിയ കെട്ടിടം വരുന്നത്, അയ്യോ......
എന്‍റെ ചിന്ത വേറൊരു വഴിക്ക് പോകാന്‍ പക്ഷെ അധികം സമയമെടുത്തില്ല, ഞാനുടനെ സുമേഷ് മാഷിന്‍റെ അടുത്ത് പോയി, മാഷേ നമ്മുടെ മരങ്ങള്‍, നമ്മള്‍ നട്ട തൈകള്‍, എന്‍റെ വെള്ളപ്പൈന്‍, അണ്ണാര്‍ക്കണ്ണന്‍........

അവശതയോടെ എന്നെ ഒന്ന് നോക്കുകയല്ലാതെ അങ്ങേരോന്നും പറഞ്ഞില്ല.

ഞാന്‍ കൂട്ടുകാരുടെ അടുത്ത് കാര്യങ്ങള്‍ പറഞ്ഞു, ജൂണ്‍ 5 ന്‍റെ കാര്യം എല്ലാവരും മറന്ന മട്ടാണ്. പ്ലസ്‌ടു വരുന്നതില്‍ അവര്‍ക്ക് പെരുത്ത് സന്തോഷവും. ഞാന്‍ തനിച്ചായി. എന്‍റെ വെള്ളപ്പൈന്‍ എനിക്ക് നഷ്ടപ്പെടുമോ? ഇവിടെ ഇരുന്നു നോക്കിയാല്‍ അപ്പുറത്തെ തോട് കാണാത്ത രീതിയില്‍ അവിടെ ഒരു കെട്ടിടം വരുമോ? എന്‍റെ ചിന്തകള്‍ അത് മാത്രമായി.......

ഒരു ദിവസം രാവിലെ പതിവ് പോലെ ഞാന്‍ ബെല്ലടിക്കുന്നതിനു മുന്‍പ് എന്‍റെ വെള്ളപ്പൈനെ നോക്കി നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് ചന്തമുക്കിലൂടെ അപ്പുറത്തുള്ള തോട്ടിലേക്ക് ഇടക്ക് കുളിപ്പിക്കാന്‍ കൊണ്ട് പോകുന്ന  ശിവരാമന്‍റെ ആനയെപ്പോലെ കുണുങ്ങി കുണുങ്ങി, മഞ്ഞനിറമുള്ള ഒരു വണ്ടി കയറി വന്നത്. ദൈവമേ, ടൌണില്‍ പോകുമ്പോള്‍ റോഡുപണി നടക്കുന്നിടത്ത് സ്ഥിരമായി കാണാറുള്ള  ജെസിബി!

എന്‍റെ വെള്ളപ്പൈന്‍റെ തൈയ്യടക്കം അവിടെ നില്‍ക്കുന്ന എല്ലാ മരങ്ങളും ഉടന്‍ പോയ്പോവും, എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ. ഞാന്‍ സ്റ്റാഫ്‌ റൂമിലേക്കോടിസുമേഷ് മാഷിനെ അന്വേഷിച്ച്. കാര്യങ്ങള്‍ അറിയുന്ന ആളല്ലേ? കാര്‍ബണ്‍ ക്രെഡിറ്റിനെപ്പറ്റി സംസാരിക്കുന്ന ആളല്ലേ? വീട്ടില്‍ നാല് കാറുകള്‍ വാങ്ങി ഉപയോഗിക്കുന്ന ജ്യോഗ്രഫി ടീച്ചറെപ്പോലുള്ളവരെ ചൂലെടുത്തടിക്കണം എന്ന് പ്രസംഗിക്കുന്ന ആളല്ലേ?   പരിസ്ഥിതി ക്ലബിന്‍റെ ആളല്ലേ? തന്നെ സഹായിക്കാതിരിക്കില്ല.

സഹപ്രവര്‍ത്തകരുടെ കൂടെ ചര്‍ച്ചയിലായിരുന്ന മാഷ്‌ തിരിഞ്ഞു പോലും നോക്കുന്നില്ല. ഉള്ളിലേക്ക് തലയിട്ടു നോക്കിയപ്പോള്‍ ചര്‍ച്ച ചൂടായി വരുന്നു, അടുത്ത മാസാവസാനം താന്‍ എടുക്കാനുദ്ദേശിക്കുന്ന സ്വിഫ്റ്റ് ഡിസയറിന്‍റെ കളര്‍ തെരഞ്ഞെടുക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ് അങ്ങേര്‍!   പരിസ്ഥിതി ക്ലബിന്‍റെ ആളായത് കൊണ്ട് ഗ്രീന്‍ ടിന്‍റ് മതിയെന്ന് മിനി ടീച്ചറും, ഹേയ് അത് പറ്റില്ല, കാറാണെങ്കില്‍ വൈറ്റ് തന്നെ വേണമെന്ന് ജോണ്‍ മാഷും!  ശരിക്കും ദേഷ്യം വന്നു, അങ്ങേര്‍ പച്ചക്കാറും കൊണ്ട് വരുമ്പോഴേക്കും ഇവിടത്തെ  എല്ലാ പച്ചയും അവന്മാര്‍ വെട്ടിച്ചുട്ടിരിക്കും....

ഓടി, ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക്. ഒരു രക്ഷയുമില്ല, ജെസിബി മുതലാളിയുമായി പുതിയ പ്ലസ്‌ ടു കെട്ടിട സമുച്ചയത്തിനെപ്പറ്റിയുള്ള ചര്‍ച്ചയിലാണദ്ദേഹം. തിരിച്ചോടി ലാബിനു പുറകിലെത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ ശരിക്കും തളര്‍ത്തി, മഞ്ഞ തുമ്പിക്കൈ എന്‍റെ വെള്ളപ്പൈന് നേരെ നീളുന്നു. പിന്നെയൊന്നും നോക്കിയില്ല, മൂന്ന്  മാസത്തോളം കണ്ണിലെണ്ണയൊഴിച്ച് ഞാന്‍ കാത്ത എന്‍റെ വെള്ളപ്പൈനു മുകളിലേക്ക് ഒറ്റ വീഴ്ചയാണ്, ജെസിബിയുടെ തുമ്പിക്കൈ എന്‍റെ മുതുക് ഒടിക്കുന്ന വേദനയില്‍ ഞാന്‍ അലറിക്കരഞ്ഞു....

ഞെട്ടി ഉണരുമ്പോള്‍ വെള്ളപ്പൈനില്ല, തുമ്പിക്കയ്യുമില്ല, അടുത്ത് അനിയന്‍ '' പോലെ ചുരുണ്ട് കൂടി സുഖമായിക്കിടന്നുറങ്ങുന്നുണ്ട്. കുളിക്കാനും ഒരുങ്ങാനും ഒരു ഉത്സാഹവും തോന്നുന്നില്ലല്ലോ.


അന്നുച്ചക്കു ഊണു കഴിക്കുന്നതിനു മുന്‍പ് വാകച്ചോട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു...........
എന്തെങ്കിലും ചെയ്തേ പറ്റൂ. ദൂരെയെങ്ങോ നടന്ന ഒരു സംഭവം പ്രസാദേട്ടന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. ഒരു ഗ്രാമത്തിലുള്ളവര്‍ മുഴുവനും തങ്ങളുടെ എല്ലാമെല്ലാമായ മരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് ആ മരങ്ങള്‍ വെട്ടാന്‍ വന്നവരെ തിരിച്ചയച്ച കഥ. ഏതോ ഒരു പേരും ചെറിയൊരോര്‍മ്മയിലുണ്ട്, സുന്ദര്‍ലാല്‍ ബഹുഗുണ എന്നോ മറ്റോ.. അതിവിടെ നടക്കുമോ? എന്നെപ്പോലൊരു പീക്കിരിപ്പെണ്ണ്‍ മരം ചുറ്റിപ്പിടിച്ചു നിന്നാല്‍ തന്നെ ആളുകള്‍ ചിരിക്കും, കൂട്ടുകാരെക്കൂടി വിളിച്ചാലോ? ഇല്ല വരില്ല ആരും. പിന്നെന്തു ചെയ്യും? ചോറുപാത്രം കയ്യില്‍ പിടിച്ചു കൊണ്ട് ഞാന്‍ അവിടത്തന്നെ നിന്നു. ഉണ്ണാന്‍ ഒരുല്‍സാഹവും തോന്നിയില്ല. ചോറുപാത്രം ഞാന്‍ വെള്ളപ്പൈനിനും എന്‍റെ അണ്ണാര്‍ക്കണ്ണന്‍മാര്‍ തിമര്‍ത്തു കളിക്കുന്ന വാകക്കും ഇടക്ക് വച്ചു.....പതുക്കെ തിരിച്ച് നടന്നു.



സന്ധ്യക്ക് വന്നയുടനെ അച്ഛന്‍ എന്നെ ഒന്ന് ഗൌരവത്തില്‍ നോക്കി, ചോറുപാത്രം കളഞ്ഞിട്ടു വന്നിരുക്കുകയാണെന്ന് അമ്മ കൊളുത്തി കൊടുത്തിട്ടുണ്ടാകും. ഇനി ചോദ്യങ്ങളായി, എവിടെ പോയി? എങ്ങനെ പോയി? കൂട്ടത്തില്‍ ആരെയെങ്കിലും സംശയമുണ്ടോ? പുലിവാലായല്ലോ ദൈവമേ എന്ന്‍ ചിന്തിച്ചിരിക്കുമ്പോഴാണ് അമ്മയുടെ അപ്പച്ചിയുടെ മകളും ഭര്‍ത്താവും വന്നു കയറിയത്. അവരുടെ കല്യാണം കഴിഞ്ഞയാഴ്ചയായിരുന്നു, വിരുന്നിനു വന്നതാണ്. ഹോ ആശ്വാസമായി, ചോറുപാത്ര വിഷയം തല്‍ക്കാലം എല്ലാവരും മറന്നു. ഊണ് കഴിഞ്ഞ് വിരുന്നുകാര്‍ പോയപ്പോഴേക്കും ഞാന്‍ അനിയനൊപ്പം ചുരുണ്ട് ഉറക്കം നടിച്ചു കഴിഞ്ഞിരുന്നു.

പിറ്റേ ദിവസം പറമ്പിന്‍റെ വടക്കേ മൂലക്ക് നിന്നിരുന്ന വാഴയുടെ ഇല വാട്ടി അതിലാണ് അമ്മ ചോറു പൊതിഞ്ഞു തന്നത്. അത് കൊണ്ട് വൈകിട്ട് കുഴപ്പമൊന്നും ഉണ്ടായില്ല, ഇത്തിരി വിശപ്പ്‌ തോന്നിയത് സ്കൂള്‍ വിട്ട് വന്ന്‍, ചായയുടെ കൂടെ ഉപ്പുമാവ് കഴിച്ചപ്പോള്‍ മാറി. സന്ധ്യക്ക് അച്ഛന്‍ വന്നത് പുതിയ ചോറുപാത്രവുമായിട്ടാണ്. മിക്കി മൗസിന്‍റെ പടമുള്ളത്. നല്ല രസമുണ്ട്, പക്ഷെ നാളെ ഉച്ച വരെയേ ആ രസത്തിന്  ആയുസ്സുള്ളുവല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടമായി.   
പിറ്റേന്ന് വൈകിട്ട് സംഗതി സീരിയസ് ആയി. നല്ല വിലയുള്ള ചോറുപാത്രം കളഞ്ഞിട്ടു വന്നവളെ അമ്മ അയല്‍ക്കാര്‍ കേള്‍ക്കെ ചീത്ത വിളിച്ചു, നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ചായയോ പലഹാരമോ തിന്നാതെ മുഖം കനപ്പിച്ചിരുന്നു. അച്ഛന്‍ അന്നെന്നെ മൈന്‍ഡ് ചെയ്തില്ല, തല്‍ക്കാലം രക്ഷപ്പെട്ടു. പിറ്റേന്ന് വീണ്ടും ഇലയില്‍ പൊതിച്ചോറ്. പിന്നെ ശനിയും ഞായറും.

ഞായറാഴ്ച ടൌണില്‍ പോയി വന്ന അച്ഛന്‍ വീണ്ടും കൊണ്ടു വന്നു ഒരു സ്റ്റൈലന്‍ സ്റ്റീല്‍ പാത്രം. തിങ്കളാഴ്ച വൈകിട്ട് അതും കളഞ്ഞു വന്ന എന്നെ  എന്ത് ചെയ്യണമെന്നു ഒരു പിടിയും കിട്ടായ്കയാല്‍, കേസ് അച്ഛന്‍ വരുന്നത് വരെ അമ്മ അവധിക്കു വച്ചു. രാത്രി ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ഛന് ഷെര്‍ലക്ക്‌ ഹോംസിന്‍റെ ബാധ കയറിയത്. ഞാന്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് മുതല്‍ വൈകിട്ട് വീട് പിടിക്കുന്നത്‌ വരെയുള്ള ഓരോ മിനുട്ടും എന്നെക്കൊണ്ട് തന്നെ പറയിച്ചു. പക്ഷെ ഞാന്‍ 'അത്' മാത്രം പറഞ്ഞില്ല. അച്ഛന്‍ സുല്ലിട്ടു.

ഇനി ഒന്ന് കൂടി വാങ്ങിത്തരും, അതും കളഞ്ഞാല്‍ എന്നെയിനി ഈ പരിപാടിക്ക് കിട്ടില്ല എന്ന മട്ടില്‍ സംഭവം തീര്‍പ്പായി, ഞാന്‍ തല്‍കാലം രക്ഷപ്പെട്ടു, അമ്മ പക്ഷെ വെട്ടിലായി, പറമ്പില്‍ ആകെയുള്ള   ഒരു വാഴയില്‍ ഇനി രണ്ടിലകളെയുള്ളൂ....

ബുധനാഴ്ച ഉച്ചക്ക് ചോറുപാത്രം വാകയുടെ ചോട്ടില്‍ വക്കുമ്പോള്‍ ലാബിന്‍റെ മറവില്‍ ആരുടെയോ തല ഉള്ളതായി എനിക്കു തോന്നിയിരുന്നു. ഞാന്‍ എണ്ണി നോക്കി ആകെ 3 ചോറുപാത്രങ്ങളും  4 പൊതികളും, മിക്കി മൗസ് അതാ അവിടെയിരുന്നു എന്നെ നോക്കി കൊഞ്ഞണം കുത്തുന്നു. പൊതികളില്‍ ചിലത് അഴിഞ്ഞ് കിടക്കുന്നു, വികൃതികളായ അണ്ണാര്‍ക്കണ്ണന്മാരുടെ പണിയായിരിക്കും.

ഉച്ചക്ക് ബെല്ലടിച്ച് മിനി ടീച്ചര്‍ മെസ്സപ്പൊട്ടോമിയയുടെ പാഠം തുടങ്ങിയപ്പോള്‍ എനിക്ക് ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വിളി വന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്‍റെ ക്ഷീണം എന്‍റെ കണ്ണുകളിലും നടത്തത്തിലും ഉണ്ടായിരുന്നു.

ഹെഡ്മാസ്റ്ററുടെ മുറി ഒരു കോടതി മുറി പോലെ തോന്നിച്ചു. ക്ലാസ് ഇന്‍ ചാര്‍ജ്ജ് മോളി ടീച്ചര്‍, കുഞ്ഞച്ചന്‍ ചേട്ടന്‍ എന്നിവരുമായി സംസാരിച്ചിരുന്ന മാസ്റ്റര്‍ എന്നെ കണ്ടപ്പോള്‍ അടുത്ത് വിളിച്ച് കസേരയില്‍ ഇരുത്തി.

 "അശ്വതി ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ, ഊണ് കഴിച്ചില്ലേ?" എന്ന് ചോദിച്ചു.

ഉവ്വെന്നുള്ള മറുപടി എന്തോ അങ്ങേര് വിശ്വസിച്ചില്ലെന്ന് തോന്നുന്നു.

"
അശ്വതീ, ഇന്നലെയാണ് കുഞ്ഞച്ചന്‍ അത് കണ്ടു പിടിച്ചത്, നമ്മുടെ കമ്പ്യൂട്ടര്‍ ലാബിനു പുറകിലുള്ള വാകയുടെ ചോട്ടില്‍ കുറെ ചോറുപാത്രങ്ങളും പൊതികളും!"

"
കുഞ്ഞച്ചന്‍ പറയുന്നു, അശ്വതിക്കറിയാം അതെങ്ങനെ അവിടെ വന്നുവെന്ന്, ഉവ്വോ മോളേ?"

ഓഹോ അപ്പോള്‍ ഇന്ന് ലാബിന്‍റെ മറവില്‍ കണ്ട തല ഇതായിരുന്നല്ലേ? ഞാന്‍ കുഞ്ഞച്ചന്‍ ചേട്ടനെ ഒന്നുഴിഞ്ഞു നോക്കി.

"
അശ്വതീ, സമയം പോകുന്നു, ക്ലാസില്‍ പോകണ്ടേ?" മാസ്റ്റര്‍
ഗൗരവത്തിലാണ്.
പക്ഷെ എന്‍റെ പ്രിയ കൂട്ടുകാരി അപര്‍ണയുടെ അച്ഛനായി അഞ്ചു മണിക്ക് ശേഷം അടുത്തറിയാവുന്ന മാസ്റ്ററെ എനിക്കല്‍പം പോലും ഭയമില്ല, മറിച്ച് ഇഷ്ടമേയുള്ളൂ. 
"അശ്വതി ഉത്തരം തന്നില്ലെങ്കില്‍ എനിക്ക് അശ്വതിയുടെ അച്ഛനോടിത് പറയേണ്ടി വരും കേട്ടോ.." സ്നേഹത്തോടെ, മാസ്റ്ററുടെ അവസാന ആയുധ പ്രയോഗം!

ഞാന്‍ മാസ്റ്ററെ നോക്കി, എല്ലാ ദിവസവും വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ചോറ് ആരുമറിയാതെ ലാബിന്‍റെ മറവില്‍ കൊണ്ടു വച്ച്, ഒന്നും അറിയാത്തത് പോലെ നടക്കുന്ന ഇവളുടെ ഉദ്ദേശ്യമെന്തെന്ന്‍ മനസ്സിലാകാതെ അസ്വസ്ഥനാണദ്ദേഹം.

ഞാന്‍ മാസ്റ്ററോട് ചോദിച്ചു,  "മാസ്റ്റര്‍, കഴിഞ്ഞ ജൂണ്‍ അഞ്ചിനു രാവിലെ ഞങ്ങള്‍ മരം നടുവാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ മാസ്റ്റര്‍ പറഞ്ഞതോര്‍മ്മയുണ്ടോ? മരം ഒരു വരമാണെന്നും, ഇപ്പോള്‍ നടുന്ന മരങ്ങള്‍ ഞങ്ങള്‍ അടുത്ത തലമുറയ്ക്ക് നല്‍കുന്ന സമ്മാനമാണെന്നും മറ്റും?"

"
ഉവ്വ്, ഞാനോര്‍ക്കുന്നു അശ്വതീ..."

"
സുമേഷ് മാഷും കളക്ടര്‍ സാറും കാര്‍ബണ്‍ ക്രെഡിറ്റിനെപ്പറ്റി പറഞ്ഞതും ഓര്‍മ്മയുണ്ടോ മാസ്റ്റര്‍?'


"
ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുകയല്ലേ മാസ്റ്റര്‍?"

"
ഉവ്വുവ്വ്, എനിക്കോര്‍മ്മയുണ്ടെല്ലാം"


"
എന്നിട്ടെന്തിനാ മാസ്റ്റര്‍ ആ മരങ്ങളെല്ലാം വെട്ടി അവിടെ ക്ലാസ്സ്‌ മുറി പണിയുന്നത്.........?"

"......
ഞങ്ങള്‍ നട്ട മരങ്ങള്‍ അവിടെത്തന്നെയുണ്ടാവും എന്നുറപ്പ് തരുന്ന ദിവസം മുതല്‍ അവിടെ ചോറുപാത്രങ്ങളും പൊതികളും കാണില്ല മാസ്റ്റര്‍, ഉറപ്പ്...." എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു, ശബ്ദം ഇടറിയിരുന്നു.


(
പിന്നീട് നടന്നത് കഥാകൃത്തിന്‍റെ വാക്കുകളില്‍: മാസ്റ്റര്‍ വിവശതയോടെ സുമേഷ് മാഷെയും കുഞ്ഞച്ചന്‍ ചേട്ടനെയും മാറി മാറി നോക്കുന്നത് അവള്‍ കണ്ടു, സ്കൂളിനു പ്ലസ്‌ ടു അനുവദിച്ച വകയില്‍ അടുത്ത മാനേജ്മെന്‍റ് മീറ്റിംഗില്‍ നടക്കാനിരിക്കുന്ന സെലിബ്രേഷന്‍ പാര്‍ട്ടിയുടെ ഓര്‍മയില്‍ മാസ്റ്റര്‍ ഇരുന്നു പോയിമോളി ടീച്ചറാകട്ടെ, ഈ വിവരം പരിസ്ഥിതി ക്ലബ്ബിന്‍റെ ആളായ തന്‍റെ സഹപ്രവര്‍ത്തകനെ അറിയിക്കാന്‍ ഓടി).

ഞാന്‍ തിരിച്ച് എന്‍റെ സീറ്റില്‍ വന്നിരുന്നു.  മിനി ടീച്ചര്‍ തുടരുകയാണ്. അന്നത്തെ മെസ്സപ്പൊട്ടോമിയ ഇന്നത്തെ ഇറാഖ് ആണത്രേ! ആയിക്കോട്ടെ, എനിക്കെന്താ?

ഞാന്‍ എന്‍റെ സീറ്റിലെത്തി, കണ്ണുകളും മനസ്സും കമ്പ്യൂട്ടര്‍ ലാബിന്‍റെ പുറകിലുള്ള എന്‍റെ സാമ്രാജ്യത്തിലും!
ഭാഗ്യം അണ്ണാര്‍ക്കണ്ണന്‍മാര്‍ അവിടുണ്ട്, രാമേട്ടന്‍റെ പശു കുറച്ചകലെയാണ്. എന്‍റെ വെള്ളപ്പൈന്‍ എന്നോളം ഉയര്‍ന്നുയര്‍ന്നു വരുന്നുണ്ട്, മുള കൊണ്ട് അതിന് ഒരു വരി വേലി ഉടനെ കെട്ടിക്കണം.  ആ വെളുത്ത തൂവാലയുള്ള കളക്ടര്‍ സാറിനെ ഒന്ന് കാണാന്‍ പറ്റുമോ ആവോ? COP എന്നോ മറ്റോ പേരുള്ള ആ മീറ്റിംഗ് ഈ വര്‍ഷം  എവിടെയായിരിക്കുമോ എന്തോ? കഴിഞ്ഞൊരു ദിവസം രാത്രി ടിവിയില്‍ കുറേപ്പേര്‍ ഇരുന്ന് ഗാഡ്ഗില്‍, കസ്തൂരിപശ്ചിമഘട്ടം എന്നൊക്കെ പറഞ്ഞു എന്തോ തര്‍ക്കിക്കുന്നത്‌ കേട്ടു. ഇവര്‍ക്കൊക്കെ എന്‍റെ വെള്ളപ്പൈന്‍ ധാരാളമുള്ള പശ്ചിമഘട്ടത്തിലെന്തു കാര്യം? പ്രസാദേട്ടന്‍ അടുത്ത തവണ വരുമ്പോള്‍ ഒന്ന് കാണണം.

ഐഡിയ! പുതിയൊരു വെള്ളപ്പൈന്‍ കണ്ടുപിടിക്കാന്‍ പറ്റിയാല്‍ അതിന് പ്രസാദേട്ടനോട് പറഞ്ഞ് സ്കൂള്‍ മാനേജരുടെ പേരിടാമായിരുന്നു, പിന്നെ അത് പറിച്ചെറിയാന്‍ അങ്ങേര്‍ക്കു തോന്നുമോ?
ഈ പ്രസാദേട്ടന്‍ എന്താ വരാത്തെ?  

ജൂണ്‍ 6, 2016