2018, ഡിസംബർ 8, ശനിയാഴ്‌ച

പിറന്നാൾ മധുരം

ഭയഭക്തി ബഹുമാനങ്ങൾ മാത്രമല്ലാതെ, അമ്മയുമായി തള്ളേ-പുള്ളേ ബന്ധം കാത്തു സൂക്ഷിക്കുന്ന കുട്ടന്മാർക്കായി ഒരു പിറന്നാൾ മധുരം ഇതാ...

അമ്മേം കുട്ടനും കട്ട ഒടക്കാ. പാത്രം തേച്ചും മുറ്റമടിച്ചും അമ്മ വളർത്തിയവനാ.
പറഞ്ഞിട്ടെന്താ?
പത്തിൽപ്പാളിയേപ്പിന്നെ കള്ളുകുടിച്ചും കണ്ണുപറിച്ചും നടപ്പാ. അമ്മക്കിപ്പോഴുമാശ്രയം പാത്രവും മുറ്റവുമൊക്കെത്തന്നെ.

അങ്ങനെ കുട്ടന്റമ്മയുടെ അറുപതാം പിറന്നാൾ വന്നു.

തലേന്ന് കുട്ടനെ സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറക്കിക്കൊണ്ടുവന്ന സുഗതൻ മാഷിന്റ നിർബന്ധം കൊണ്ടു മാത്രം പിറന്നാളിന്റന്ന് Fb സ്റ്റാറ്റസ് അമ്മക്കായി അപ്ഡേറ്റ് ചെയ്യാമെന്നവനേറ്റിട്ടുണ്ട്.

അമ്മയോട് സ്നേഹത്തോടെ ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്യണമെന്നുപദേശിച്ച മാഷിനവൻ കൊടുത്ത വാക്കാണത്. അമ്മക്കും ആഗ്രഹമുണ്ടത്രെ, പിറന്നാൾ ദിവസം കുട്ടനോടൊപ്പം ഒരു സെൽഫിയെങ്കിലുമെടുക്കാൻ.

രാവിലെ സാധാരണ പോലെ തന്നെ എവിടെയോ പോയി ഒന്ന് മോന്തി വീട്ടിൽ വന്നയുടനെ കുട്ടൻ അമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോണുമായി മുറിയിൽക്കയറി.

അമ്മയും അയൽക്കാരും നാട്ടുകാരും മാഷുമൊക്കെ കട്ട വെയ്റ്റിംങ്ങ്, കുട്ടൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമോ?

കുട്ടനാണെങ്കി ദ ധർമ്മസങ്കടം.
എന്തെഴുതണം?

'അമ്മേ' എന്നൊന്ന് വിളിച്ചിട്ട് തന്നെ കാലമെത്രയായി?

'അമ്മയാണ് സ്നേഹം' എന്നിട്ടാലോ?
'അമ്മയാണ് ലോകം' കൊള്ളാമോ?
'അമ്മയാണ് മധുരം' ഇത് ചീറും.

കട്ടക്കിത്തിരി ഇംഗ്ലീഷായാലോ?
ഗൂഗിളിലൊന്ന് ചികഞ്ഞു.

'God could not be everywhere, therefore he made mothers'.

ഉം, ഒന്ന് കൂടി ശരിയാക്കാം.

'All that I am, or hope to be, I owe to my angel mother'.

കൊള്ളാം ഇപ്പോൾ ഒരു ഗുമ്മൊക്കെയുണ്ട്.

ചവറുകൾ!

ഇതൊക്കെ പോട്ടെ, ഹൃദയത്തിന്റെ ഭാഷയിൽത്തന്നെ വേണമൊന്ന്.

പിന്നെയൊന്നും നോക്കിയില്ല, അങ്ങടെഴ്തി. വലിയ ചിന്തകൾക്കിടം കൊടുക്കാതെ അവനത് പോസ്റ്റി.

#നിങ്ങക്കിതെന്നാത്തിന്റെ കേടാ തള്ളേ..#

കുട്ടൻ പുറത്തേക്കിറങ്ങിപ്പോയി.

അപ്ഡേറ്റിന് ആദ്യ ലൈക്കും ഷെയറും അമ്മയുടെ വക.

അമ്മക്ക് സന്തോഷമായി.

അമ്മ പേടിച്ചിരിക്കുകയായിരുന്നു, ഇന്നാളൊരു പോസ്റ്റിൽ കണ്ടപോലെ 'അമ്മയുടെ തലോടൽ ആയിരം മരുന്നിന് തുല്യം' എന്നോ മറ്റോ തെറിച്ചവൻ എഴുതി വച്ചിരുന്നേലെന്താകുമായിരുന്നു?  ബ്ലഡി നൊസ്റ്റാൾജിക് ഫൂൾസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ